Image

പാമ്പും കോണിയും - നിർമ്മല - നോവൽ -32

Published on 06 February, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ -32
കാനഡയിൽ വന്ന കാലത്ത് എടുത്ത പടത്തിൽ അവളുടെ പൂവു ചേർത്തുപിടിച്ച മുഖവും നന്നായിട്ട് ഓർമ്മയുണ്ട്. പിന്നെ എപ്പോഴാണവളുടെ മുഖം അവസാനമായി കണ്ടതെന്ന് ഈപ്പൻ ചൂഴ്ന്ന് ആലോചിച്ചു.
തെയ്യാമ്മ അപ്പോഴും ലോൺ ഓഫീസറുടെ കുടുംബ ചിത്രത്തിലും ഭിത്തിയിലെ കൗതുകകരമായ ക്ലോക്കിലുമൊക്കെ കണ്ണോടിക്കുകയായിരുന്നു. അവളുടെ കണ്ണുകൾ ഒരിക്കൽപോലും തന്നിലേക്കു വഴുതി വീഴുന്നില്ലെന്ന് ഈപ്പൻ അൽഭുതത്തോടെ അറിഞ്ഞു.
പരീക്ഷണപൂർവ്വം അയാൾ അവളോട് ഉച്ചഭക്ഷണത്തെപ്പറ്റി ചോദിച്ചു. ഒന്നും വേണ്ട എന്നൊരു ഉത്തരം മറ്റെങ്ങോ കണ്ണുപായിച്ച് തെയ്യാമ്മ പറഞ്ഞപ്പോൾ അയാൾക്കു ഭയം തോന്നിയോ, അതോ പുച്ഛമോ ?
നേഴ്സിന്റെ ശമ്പളത്തിലുള്ള പുച്ഛം. ഒരു വീടു മറിക്കുമ്പോൾ അയാൾക്കു കിട്ടുന്നത് എത്രയാണെന്നുതന്നെ ഈ വിഡ്ഢി നേഴ്സിനറിയില്ല.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ പാമ്പും കോണിയും തുടരുന്നു....
               ......           .......      ......
ഈപ്പന് മലയാളസിനിമകളോടും പാട്ടിനോടും അഭിനിവേശമില്ല. പക്ഷേ, ഈനാശുവാണു പറഞ്ഞത് ശങ്കരാഭരണം സിനിമ സ്കൂൾ ഓഡിറ്റോറിയത്തിൽ കാണിക്കുവെന്ന് . സിനിമയെപ്പറ്റിയും സംഗീതത്തെപ്പറ്റിയും ഈനാശു ഇടവിടാതെ പറഞ്ഞത് ഈപ്പൻ ശ്രദ്ധയോടെ കേട്ടു. അയാൾക്ക് ഈനാശുവിന്റെ ആവേശത്തിൽ അത്ഭൂതവും തോന്നി.
ഇറച്ചി ഉലർത്തിയ പാത്രം വീണ്ടും നിറയ്ക്കാൻ ഭാവിച്ച് തെയ്യാമ്മ ഊണുമുറിയിലേക്ക് ചെന്നു. അവൾ ഈനാശുവിനോടു നേരിട്ടു ചോദിച്ചു :
- ഏതു സ്കൂളിലാ സാറെ അതു കളിക്കുന്നത്? എത്ര മണിക്കാ ?
ഈനാശു തെയ്യാമ്മയുടെ കൗതുകത്തിലേക്കു പൂർണ്ണമായും തിരിഞ്ഞു.
തെലുങ്കരും തമിഴരും കൂടിയ ഏതോ സംഗീതസഭക്കാരാണു സംഘടിപ്പിക്കുന്നത്. അവർ എല്ലാ ഇന്ത്യക്കാരുടെ ഇടയിലും വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഓഡിറ്റോറിയത്തിന്റെ ഫീസും മറ്റു ചെലവുകളും ഒപ്പിച്ചെടുക്കാൻ പറ്റിയാൽ തന്നെ ഭാഗ്യം.
- ടിക്കറ്റിനെത്ര രൂപയാ സാറേ?
ആ ചോദ്യം തീർച്ചയായും ഈപ്പന് ഇഷ്ടമായില്ല. അയാളുടെ മുഖം ചുവന്നു. മൂക്ക് കുറച്ചൊന്നു വികസിച്ചു. നോക്കാതെ ന്നെ എല്ലാം തെയ്യാമ്മയ്ക്കു കാണാം. പക്ഷേ, ഈനാശുസാർ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിയാണു സംസാരിക്കുന്നത്. ഒരു ചെറിയ ചോദ്യത്തിന് നാലുമുഴം നീളമുള്ള ഉത്തരങ്ങളാണ് ആ തടിച്ച ചുണ്ടിൽനിന്നും വീണുകൊണ്ടിരിക്കുന്നത്. തെയ്യാമ്മയുണ്ടാക്കിയ പുളിശ്ശേരിയുടെയും ബീൻസുതോന്റെയും ഉലത്തിറച്ചിയുടെയും സുഖമറിഞ്ഞ നാവാണ്  തെയ്യാമ്മയോടു കരുമുരാ വിശേഷങ്ങൾ പറയുന്നത്. ഈപ്പന്റെ മൂക്കും മുഖവും തക്കാളിയോ താമരപ്പൂവോ ആയിക്കോട്ടെ , ആർക്കു ചേതം!
തെയ്യാമ്മയ്ക്ക് ആ സിനിമ കണ്ടേ മതിയാവൂ. ചുവന്ന സാരിയുടുത്ത് ,സ്വർണവളകൾകൊണ്ട് കൈകൾ പൊതിഞ്ഞ് , റ്റിറ്റിയെ ഭംഗിയുള്ള ഉടുപ്പിടുവിച്ച്, ടിജുവിന്റെ മുടി വശത്തേക്കു ചീകിയൊതുക്കി ഈപ്പനെയുംകൊണ്ട് തെയ്യാമ്മ സിനിമയ്ക്കു പോയി. കാലത്തെ തുടങ്ങിയ ഒരുക്കം ഈപ്പന് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല.
- ചീപ്പ് ഇന്ത്യൻ സിനിമാസ്. ഈനാശുസാറിനിതെന്തിന്റെ കേടാ ?
അയാൾ പക്ഷേ, ആരോടു പരാതി പറയാനാണ്.
- സിനിമ ഡാഡി.. സിനിമ!
കുട്ടികളും അയാളുടെ സ്വൈര്യം കെടുത്തുന്നുണ്ട്. പക്ഷേ, സിനിമ തുടങ്ങി അധികം കഴിയുന്നതിനു മുമ്പേ ടിജു ഉറങ്ങി.റ്റിറ്റി ബോറടിക്കുന്നുവെന്നു പരാതിപ്പെട്ടു.
- ഇതിന്റെ ആവശ്യമുണ്ടായിരുന്നോ , വീട്ടിലിരിക്കാമായിരുന്നു.
ഈപ്പൻ പല്ലു കടിച്ചു. മഞ്ചു ഭാർഗ്ഗവി തെയ്യാമ്മയെ ആശ്വസിപ്പിച്ചു.
ഓം ഓം ഓംകാര നാദാനുസന്ധാന ... ശങ്കരാഭരണമു , തെയ്യാമ്മ പാട്ടുകൾ ഓർമ്മിച്ചെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആദ്യവരികൾക്കപ്പുറത്തേക്ക് കടക്കാൻ കഴിയാതെ പൊട്ടിപ്പോയ റെക്കോഡു പോലെ അവളുടെ ചുണ്ടുകൾ കറങ്ങിക്കൊണ്ടിരുന്നു.
- ഓം ഓം ഓങ്കാര നാദാനു ...ശങ്കരാഭരണമോ
റ്റിറ്റിയും ഏറ്റു പാടിക്കൊണ്ടിരുന്നു.
പക്ഷേ, റ്റിറ്റിയുടെ ടീച്ചർ ഈപ്പനോടു പരാതിപ്പെട്ടു. കുട്ടി ദേശീയ ഗാനം തെറ്റി പാടുന്നു. ഓ കാനഡയെ അവൾ ഓം കാനഡ എന്നു ചൊല്ലുന്നു.
തെയ്യാമ്മ കുടുകുടാന്നു ചിരിച്ചു. ഓർത്തോർത്തു ചിരിച്ചു. അടക്കി വെക്കാൻ പറ്റാതെ ചിരിച്ചു.
- ഒരു ഓം കാനഡാക്കാരി!
അടുക്കളയിൽ കറങ്ങാൻ വന്ന മകളെ അവൾ ഓമനിച്ചു. ഈപ്പന് കൂടുതൽ വെറുപ്പാണു തോന്നിയത്.
ഈപ്പന്റെ വീടിന്റെ മോർട്ട്ഗേജ് തീരാറായിരിക്കുന്നു. ബാക്കി നിൽക്കുന്ന കടം അടച്ചു തീർക്കാൻ ഈപ്പന് സാധിക്കും. വെറുതെ പലിശ കൊടുക്കുന്നതിൽ കാര്യമില്ല. കടമെടുത്തിരിക്കുന്നത് തെയ്യാമ്മയുടെ പേരിലാണ്. ഈപ്പന്റെ പേരിൽ ബിസിനസ് കടങ്ങളുണ്ട്. കടങ്ങളല്ല , ചില വീടുകൾ വരെ അയാൾ വാങ്ങും. പണിതീർത്ത് വിൽക്കുന്നതുവരെ വീടും കടവും ഈപ്പന്റെ പേരിലായിരിക്കും. അതുകൊണ്ട് സ്വന്തം വീടിന്റെ കടം സ്ഥിരജോലിക്കാരിയുടെ വരുമാനത്തിന്റെ ജാമ്യത്തിലാണ്.
ബാങ്കിൽ പോവണം. ചില പേപ്പറുകൾ ഒപ്പിടണം. അത്രയും തന്നെ തെയ്യാമ്മയോടു പറയാൻ ഈപ്പനു മടിതോന്നി. സംസാരിക്കാനുള്ള അവളുടെ ആവേശം അയാൾക്കിഷ്ടമല്ല. തെയ്യാമ്മ എല്ലാ ഉത്തരവും ആവർത്തിക്കുന്നത് ഈപ്പനെ ക്ഷോഭിപ്പിക്കും.
ഇല്ലില്ല
ഒണ്ടൊണ്ട്
വേണ്ട വേണ്ട
വേണം വേണം
വരുന്നുണ്ട് വരുന്നുണ്ട്
കഴിച്ചു കഴിച്ചു
മോർട്ട്ഗേജ് ഓഫീസറുടെ മുറിയിൽ ലോൺ അടച്ചു തീർക്കുന്നതിന്റെ ഗർവ്വോടെ ഇരിക്കുമ്പോൾ ഈ നിമിഷം അടയാളപ്പെടുത്തേണ്ടതാണെന്ന് ഈപ്പനു തോന്നി. വീടിന്റെ കടം പൂർണ്ണമായി അടച്ചുതീർത്തിരിക്കുന്നു ! എത്ര വർഷമായി അധ്വാനിക്കുന്നു. ഈ നിമിഷം ആഘോഷിക്കാനുള്ളതാണ്.
- ബേൾ ദ മോർട്ഗേജ് പാർട്ടി.
അവസാനത്തെ കടവും അടച്ചു കഴിഞ്ഞുള്ള മാസം ഒരു ആഘോഷം അമേരിക്കക്കാരുടെ ശീലമാണ്. ബാങ്കിന്റെ കടബാധ്യത കാണിക്കുന്ന പേപ്പർ കത്തിച്ചുകൊണ്ട് , തിന്നും കുടിച്ചും കൂത്താടിയും അധ്വാന ഫലത്തിന്റെ നാഴികക്കല്ല് അടയാളപ്പെടുത്തുന്നു.
അങ്ങനെയൊരു പാർട്ടി നടത്തുന്ന കാര്യം ആലോചിക്കാൻ വേണ്ടി ഈപ്പൻ തെയ്യാമ്മയുടെ നേരേ തിരിഞ്ഞു. അപ്പോഴാണ് അയാൾ ഭാര്യയുടെ മുഖം ശ്രദ്ധിച്ചത്. എന്നാണീ വരകളൊക്കെ ഇവളുടെ മുഖത്തു വന്നതെന്ന് അയാളൽഭുതപ്പെട്ടു. ആദ്യം വെള്ളയും പിന്നെ ചുവപ്പും സാരികളിൽ മുങ്ങി അവൾ കല്യാണ ദിവസം നിന്നത് സത്യമായും അയാൾക്ക് ഓർമ്മയുണ്ട്.
കാനഡയിൽ വന്ന കാലത്ത് എടുത്ത പടത്തിൽ അവളുടെ പൂവു ചേർത്തുപിടിച്ച മുഖവും നന്നായിട്ട് ഓർമ്മയുണ്ട്. പിന്നെ എപ്പോഴാണവളുടെ മുഖം അവസാനമായി കണ്ടതെന്ന് ഈപ്പൻ ചൂഴ്ന്ന് ആലോചിച്ചു.
തെയ്യാമ്മ അപ്പോഴും ലോൺ ഓഫീസറുടെ കുടുംബ ചിത്രത്തിലും ഭിത്തിയിലെ കൗതുകകരമായ ക്ലോക്കിലുമൊക്കെ കണ്ണോടിക്കുകയായിരുന്നു. അവളുടെ കണ്ണുകൾ ഒരിക്കൽപോലും തന്നിലേക്കു വഴുതി വീഴുന്നില്ലെന്ന് ഈപ്പൻ അൽഭുതത്തോടെ അറിഞ്ഞു.
പരീക്ഷണപൂർവ്വം അയാൾ അവളോട് ഉച്ചഭക്ഷണത്തെപ്പറ്റി ചോദിച്ചു. ഒന്നും വേണ്ട എന്നൊരു ഉത്തരം മറ്റെങ്ങോ കണ്ണുപായിച്ച് തെയ്യാമ്മ പറഞ്ഞപ്പോൾ അയാൾക്കു ഭയം തോന്നിയോ, അതോ പുച്ഛമോ ?
നേഴ്സിന്റെ ശമ്പളത്തിലുള്ള പുച്ഛം. ഒരു വീടു മറിക്കുമ്പോൾ അയാൾക്കു കിട്ടുന്നത് എത്രയാണെന്നുതന്നെ ഈ വിഡ്ഢി നേഴ്സിനറിയില്ല.
                          തുടരും...
പാമ്പും കോണിയും - നിർമ്മല - നോവൽ -32പാമ്പും കോണിയും - നിർമ്മല - നോവൽ -32
Join WhatsApp News
Renu Sreevatsan 2021-02-09 13:29:54
ഗംഭീരമായി തുടരുന്നു. Loved the way of writing..👌👌
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക