Image

ഗ്രോസറി ജീവനക്കാര്‍ക്ക് കോവിഡ്-19 വാക്‌സീന്‍ ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യം(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 February, 2021
ഗ്രോസറി ജീവനക്കാര്‍ക്ക് കോവിഡ്-19 വാക്‌സീന്‍ ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യം(ഏബ്രഹാം തോമസ്)
യു.എസില്‍ പല സംസ്ഥാനങ്ങളിലും കോവിഡ്-19 ന് എതിരായ പ്രതിരോധ കുത്തിവയ്പുകള്‍ സുഗമമായി നടന്നുവരുന്നു. എന്നാല്‍ മറ്റു ചില സംസ്ഥാനങഅങളില്‍ അത്രഅടുക്കോടും ചിട്ടയോടും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന് പരാതിയുണ്ട്. വാക്‌സീനുകളുടെ ദൗര്‍ലഭ്യതയാണ് പ്രധാന പ്രശ്‌നം. മുന്‍ഗണനാ പട്ടികയെകുറിച്ചും പരാതിയുണ്ട്. ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സ്, അദ്ധ്യാപകര്‍ എന്നിവരുടെ ശ്രേണിയിലേയ്ക്ക് അനര്‍ഹര്‍ കടന്നു കയറി എന്ന് പരാതിയുണ്ട്. ചില സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചിലര്‍ പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചപ്പോള്‍ ഇതിന് തയ്യാറായിട്ടില്ലാത്ത വലിയ വിഭാഗമുണ്ട്. ഈ ക്ലിനിക്കുകളിലെത്തുന്ന രോഗികള്‍ നേരിടുന്ന ഭീഷണി വളരെ വലുതാണ്. ഇപ്പോള്‍ ഫ്രണ്ട്‌ലൈന്‍ ഫുഡ് ഇന്‍ഡസ്ട്രി ജീവനക്കാര്‍ തങ്ങളില്‍ പലരും കൂടുതലായി കോവിഡ് രോഗികളായി മാറുന്നു, തങ്ങള്‍ക്ക് മുന്‍ഗണനയില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കണം എന്നാവശ്യപ്പെട്ടിരിക്കുകയാണ്. യുണൈറ്റഡ് ഫുഡ് ആന്‍ഡ് കമേഴ്‌സിയല്‍ വര്‍ക്കേഴ്‌സ് തങ്ങള്‍ക്ക് തുടര്‍ന്നും ഹസാര്‍ഡ് പേയും ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.
 
ഈ യൂണിയനില്‍ 13 ലക്ഷം ഗ്രോസറി, മീറ്റ് പാക്കിംഗ്, ഫുഡ് പ്രോസസിംഗ് ജീവനക്കാരുണ്ട്; കോവിഡ്-19 ഇപ്പോഴും രൂക്ഷമായിരിക്കുന്നതിനാല്‍ രോഗം പടര്‍ന്ന് പിടിക്കുന്നതും മരണവും കുറവില്ലാതെ തുടരുന്നു. എന്നാല്‍ തൊഴില്‍ ഉടമകള്‍ തൊഴില്‍ സ്ഥലങ്ങളില്‍ ഈ യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കുകയാണ്. എസെന്‍ഷ്യല്‍ വര്‍ക്കേഴ്‌സിനുള്ള ഭീഷണി മഹാമാരിയുടെ ആദ്യനാളുകളെക്കാള്‍ രൂക്ഷമായി തുടരുകയാണെന്ന് യു.എഫ്.സി.ഡബ്‌ളിയൂവിന്റെ പ്രസിഡന്റ് മാര്‍ക് പെറോണ്‍ പറഞ്ഞു. 400 ഫ്രെണ്ട്‌ലൈന്‍ വര്‍ക്കേഴ്‌സ് കോവിഡ്-19 മൂലം മരിച്ചു. 77,600 പേര്‍ രോഗബാധിതരായി.
 
ഹ്യൂസ്റ്റണ്‍ മേഖലയിലെ ക്രോഗര്‍ സ്‌റ്റോര്‍ ജീവനക്കാരി ഡോണ്‍ ഹാന്‍ഡ് ക്രിസ്മസിന് ശേഷം ഹ്യൂസ്റ്റണ്‍ മേഖലയില്‍ മാത്രം 500 ക്രോഗര്‍ ജീവനക്കാര്‍ക്ക് കോവിഡ് പിടിപെട്ടു എന്ന് പറഞ്ഞു. മഹാമാരി ഒഴിഞ്ഞുപോയി എന്ന മട്ടിലാണ് ക്രോഗര്‍ പെരുമാറുന്നത്. ടെക്‌സസിലെ നേതാക്കള്‍ തങ്ങളെ കയ്യൊഴിഞ്ഞത് പോലെയാണ് അനുഭവപ്പെടുന്നത്.
13 സംസ്ഥാനങ്ങള്‍ മുഴുവനുമായോ ഭാഗികമായോ ഗ്രോസറി ജീവനക്കാരെ ഇപ്പോള്‍ വാക്‌സിനേറ്റ് ചെയ്യണമെന്ന് പറയുന്നു. അലബാമ, അരിസോണ, കാലിഫോര്‍ണിയ, ഡെലവെയര്‍, ഹവായ്, ഇല്ലിനോയി, കാന്‍സസ്, കെന്റകി, മെരിലാന്‍ഡ്, നെബ്രാസ്‌ക, ന്യൂയോര്‍ക്ക്, വെര്‍ജിനിയ, വയോമിംഗ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. ന്യൂയോര്‍ക്ക് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ മീറ്റ് പാക്കിംഗ് ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ യോഗ്യതയും ന്ല്‍കിയിട്ടുണ്ട്.
 
ക്രോഗര്‍ കോവിഡ് 19നെതിരെ വാക്‌സിനേഷന്‍ നടത്തുന്ന തങ്ങളുടെ ജീവനക്കാര്‍ക്ക് 100 ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. വാള്‍മാര്‍ട്ട് തങ്ങളുടെ ജീവനക്കാരെ പ്രതിരോധ കുത്തിവയ്പിന് നിര്‍ബന്ധിക്കുകയില്ലെന്ന് പറഞ്ഞു. ജീവനക്കാര്‍ക്ക് സ്വന്ത ഇഷ്ടപ്രകാരം വാക്‌സിനേഷന്‍ എടുക്കാം. വാക്‌സീന്‍ എടുത്ത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്ന ജീവനക്കാര്‍ക്ക് മൂന്നു ദിവസംവരെ പെയ്ഡ് ലീവ് നല്‍കുമെന്ന് കമ്പനി പറഞ്ഞു.
ക്രോഗര്‍ 2020 ല്‍ ലാഭം മൂന്നിരട്ടി നേടിയെങ്കിലും മെ്‌യ് യില്‍ ഹസാര്‍ഡ് പേ നിര്‍ത്തലാക്കുകയാണ് ചെയ്തതെന്ന് പെറോണ്‍ ചൂണ്ടിക്കാട്ടി. ഗ്രോഗര്‍ ഓരോ മണിക്കൂര്‍ വേതന ഫ്രെണ്ട് ലൈന്‍ ജീവനക്കാരനും 100 ഡോളര്‍ ക്രെഡിറ്റും 1,000 ഫ്യൂയല്‍ പോയിന്റുകളും ന്ല്‍കുകയാണെന്ന് പറഞ്ഞു.
 
ടെക്‌സസില്‍ ചൊവ്വാഴ്ച പുതിയ 12,966 കേസുകള്‍ ഉള്‍പ്പെടെ 13,523 കോവിഡ്-19 രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. 301 മരണങ്ങള്‍കൂടി ചേര്‍ത്ത് ആകെ മരണം 39,001 ആയി. സ്‌റ്റേറ്റിന്റെ കേസ് ടോട്ടല്‍ 25,04,556 ആയി. ടെക്‌സസ് ഹോസ്പിറ്റലുകളില്‍ 9,401 രോഗികളായി. ഇവയില്‍ ഡാലസ്-ഫോര്‍ട്ട് വര്‍ത്ത് മേഖലയില്‍ 2,543 രോഗികളുണ്ടായി. നോര്‍ത്ത് ടെക്‌സസിലെ ഹോസ്പിറ്റല്‍ മേഖലയിലെ രോഗികളില്‍ 15.7% കോവിഡ്-19 ബാധിതരാണ്. 15% ആണ് ഉയര്‍ന്ന രോഗനിരക്കായി സംസ്ഥാനം കണക്കാക്കുന്നത്. സംസ്ഥാനം നല്‍കുന്ന വിവരം അനുസരിച്ച് 25,49,120 പേര്‍ ടെക്‌സസില്‍ കോവിഡ്-19 വാക്‌സീനിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചു. 8,42,870 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചു പ്രതിരോധശേഷി ഉറപ്പിച്ചു.
 
ടറന്റ കൗണ്ടിയില്‍ 893 കേസുകളും 36 മരണങ്ങളും ഉണ്ടായി. മരണപ്പെട്ടവര്‍ മിക്കവരും 50 കളില്‍ ഉള്ളവരാണ്. എന്നാല്‍ ഫോര്‍ട്ടുവര്‍ത്ത്കാരനായ 10 വയസുള്ള ബാലനും ഇവരില്‍ ഉള്‍പ്പെടുന്നു.
 
മരണശിക്ഷ കാത്ത് കഴിഞ്ഞിരുന്ന യോര്‍ഗ് വില്ലനോവ(66) കോവിഡ്-19 ബാധിച്ച് ഗാല്‍വസ്റ്റണ്‍ ഹോസ്പിറ്റലില്‍ മരിച്ചു. യു.എസില്‍ ഇതുവരെ 2,359 തടവുകാര്‍ കൊറോണ വൈറസ് മൂലം മരിച്ചതായി അസോസിയേറ്റഡ് പ്രസും മാര്‍ഷല്‍ പ്രോജക്ടും അറിയിച്ചു. ടെക്‌സസില്‍ 187 തടവുകാരും 37 ജീവനക്കാരും ഇതുവരെ കോവിഡ്-19 മൂലമോ ബന്ധപ്പെട്ട മററ് അസുഖങ്ങള്‍ മൂലമോ മരിച്ചു എന്ന് ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ജസ്റ്റീസ് പറയുന്നു.
 
ഗ്രോസറി ജീവനക്കാര്‍ക്ക് കോവിഡ്-19 വാക്‌സീന്‍ ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യം(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക