Image

ഇമ്പീച്ച്മെന്റ്: ആക്രമണത്തിന്റെ ഭീതിദമായ ദൃശ്യങ്ങൾ കാട്ടി പ്രോസിക്യൂട്ടർമാർ 

Published on 11 February, 2021
ഇമ്പീച്ച്മെന്റ്: ആക്രമണത്തിന്റെ ഭീതിദമായ ദൃശ്യങ്ങൾ കാട്ടി പ്രോസിക്യൂട്ടർമാർ 

വാഷിംഗ്ടൺ, ഡി.സി, ഫെബ്രുവരി 11: യുഎസ് ക്യാപിറ്റോൾ മന്ദിരത്തിലെ  സെക്യൂരിറ്റി ക്യാമറകൾ, ബോഡി ക്യാമറകൾ, പബ്ലിക്  വീഡിയോ, പേടിച്ചരണ്ട പോലീസ് ഉദ്യോഗസ്ഥരുടെ ഓഡിയോ റെക്കോർഡിംഗുകൾ എന്നിവയിൽ നിന്നുള്ള ഭീതിതമായ ഭാഗങ്ങളാണ്   രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണ വേളയിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്  കുറ്റക്കാരനാണെന്ന് സമർത്ഥിക്കാൻ  പ്രോസിക്യൂട്ടർമാർ  ബുധനാഴ്ച പ്രദർശിപ്പിച്ചത്.

'കലാപത്തിന് പ്രേരിപ്പിച്ചതാണ്'  ട്രംപിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജനുവരി 6 ന് റാലിയിൽ പങ്കെടുത്ത ശേഷം, ട്രംപ് അനുകൂലികൾ  കൂട്ടംചേർന്ന് യുഎസ് ക്യാപിറ്റോൾ മന്ദിരം ആക്രമിക്കുന്ന ദൃശ്യങ്ങൾ കാണാൻ  പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടെങ്കിലും റിപ്പബ്ലിക്കന്മാർ ശ്രദ്ധിക്കാൻ കൂട്ടാക്കിയില്ല. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നതായി അനുകൂലികളെ വിശ്വസിപ്പിച്ച ട്രംപ് അവരോട് ഇതിനെതിരെ പോരാടണമെന്ന് പറഞ്ഞു പടർത്തിയ കനലാണ് ആക്രമണമായി ആളിപ്പടർന്നതെന്നും അവർ വിശദീകരിച്ചു. 

ആറുമണിക്കൂറിലധികം വാദം നീണ്ടു നിന്നു.  യുഎസ് രാഷ്ട്രീയത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ എത്ര ഉള്ളിലേക്ക് കലാപകാരികൾ എത്തിയെന്നതും സമയം രേഖപ്പെടുത്തിയ  വീഡിയോയിലൂടെ ചുവന്ന ഡോട്ടുകൾ ഉപയോഗിച്ച് കൃത്യവും വ്യക്തവുമായി  പ്രോസിക്യൂട്ടർമാർ വാക്കുകൾകൊണ്ട് വരച്ചിട്ടു.  58 ചുവടുകൾകൂടി മുന്നോട്ടുവച്ചിരുന്നെങ്കിൽ അന്ന് കലാപകാരികൾക്ക്  സെനറ്റർമാരുടെ തൊട്ടരികിൽ എത്താമായിരുന്നെന്ന ഞെട്ടിക്കുന്ന വിവരവും  ഒമ്പത് ഇംപീച്ച്‌മെന്റ് മാനേജർമാരിൽ ഒരാളായ എറിക് സ്വാൽവെൽ 100 സെനറ്റർമാരോടുമായി പങ്കുവച്ചു.

അന്നത്തെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെയും ഹൗസ്  സ്പീക്കർ നാൻസി പെലോസിയെയും വധിക്കുകയായിരുന്നു കലാപകാരികളുടെ അജണ്ടയെന്ന് ഹൗസ് മാനേജർമാർ പറഞ്ഞു. കലാപകാരികൾ 'നാൻസി എവിടെ' എന്ന് ആക്രോശിക്കുന്നതിന്റെയും 'പെൻസിനെ തൂക്കിലേറ്റൂ' എന്ന് അലറുന്നതിന്റെയും വീഡിയോ ഈ വാദം ശരിവയ്ക്കുന്നു. 

പെൻസിനെയും മറ്റ് നിയമനിർമ്മാതാക്കളെയും തേടി അവർ ഹാളുകളിൽ ചുറ്റിനടന്നു. 
കാപ്പിറ്റോളിന്റെ  വിശാലമായ മൈതാനത്ത് താൽക്കാലികമായൊരു തൂക്കുമരം പോലും ആ ജനക്കൂട്ടം സ്ഥാപിച്ചു.

 ജനക്കൂട്ടം സെനറ്റിനെ കീഴടക്കി സഭയെയും  നിയമപാലകരെയും ആക്രമിക്കുമ്പോൾ, ട്രംപ് അതൊരു റിയാലിറ്റി ഷോ പോലെ ടിവിയിൽ കാണുകയായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായി ട്രംപിനെ വിളിച്ച ലീഡ് പ്രോസിക്യൂട്ടർ  ജാമി റാസ്കിൻ പറഞ്ഞു. ജനുവരി 6 ലെ കലാപത്തിന്റെ കാഴ്ചക്കാരനായിരുന്നില്ല ട്രംപെന്നും,  സൂത്രധാരനാണെന്നും ഉറച്ച സ്വരത്തിൽ റാസ്‌കിൻ കൂട്ടിച്ചേർത്തു. 

ഇരുപക്ഷവും തങ്ങളുടെ സമാപന പ്രസ്താവനകൾ നടത്തിയ ശേഷം ട്രംപിനെ ശിക്ഷിക്കണോ എന്ന് തീരുമാനമെടുക്കാൻ സെനറ്റ് അടുത്ത ആഴ്ച ആദ്യം വോട്ടിങ് നടത്തും. ട്രംപിനെ ശിക്ഷിക്കാൻ സെനറ്റിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ലഭിക്കേണ്ടത്. അതായത്, 100 അംഗങ്ങളുള്ള സെനറ്റിൽ നിന്ന് 67 വോട്ടുകൾ.  50 ഡെമോക്രറ്റുകളും വോട്ട് ചെയ്താലും 17 റിപ്പബ്ലിക്കന്മാരുടെ കൂടി പിന്തുണ വേണമെന്നർത്ഥം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക