Image

സ്വര്‍ഗ്ഗത്തില്‍ (കവിത: ആറ്റുമാലി)

Published on 11 February, 2021
സ്വര്‍ഗ്ഗത്തില്‍ (കവിത: ആറ്റുമാലി)
ഭാഗ്യം! കതകടയ്ക്കും മുമ്പേ
ഞാനകത്തു കടന്നു.
ഏറ്റം പിന്നിലാണെങ്കിലും
ഇരിക്കാനിടം കിട്ടി.
എത്രനാള്‍ വെളിയില്‍
കാത്തു നിന്നു!
പിന്നിലുണ്ടായിരുന്നവര്‍
കയറിപ്പോകുമ്പോള്‍
നോക്കി നിന്നതേയുള്ളൂ

മുന്‍ നിരയില്‍ അയാളെ കണ്ട്
ഞാന്‍ അമ്പരന്നു.
എന്റെ നാട്ടുകാരന്‍.
ഒരു മിടുക്കനാണെന്ന്
ആരും പറഞ്ഞറിവില്ല.
വെറും മണ്ടനാണെന്ന്
എനിക്കും അഭിപ്രായമില്ല.
എങ്കിലും എന്നെപ്പോലെ
ഒരു നാട്ടുപ്രമാണി ആണോ.
ചുറ്റുവട്ടത്തിനപ്പുറം
നാലാളറിയുമോ.
ദാന ധര്‍മ്മിഷ്ഠനാണോ.
പൊതുസമ്മതനാണോ,
സമ്പന്നന്‍?, വാഗ്മി?, സ്ഥാനി?
ഹെയ്, ഒന്നുമല്ല!
പിന്നെ, ഇതെങ്ങനെ സംഭവിച്ചു?
ആര്‍ക്കോ തെറ്റു പറ്റിയിരിക്കുന്നു!
നോക്കൂ, പത്രോസ് അയാള്‍ക്ക്
ഹസ്തദാനം ചെയ്യുന്നു!
മിഖായേല്‍ അടുത്തെത്തി
അയാളെ ആശ്ശേഷിക്കുന്നു!
"എന്തൊക്കെയാണിത്!'
അടുത്തിരിക്കുന്ന ഭക്തനോട്
ഞാന്‍ ചോദിച്ചു.
ആ ജ്ഞാനി വിശദീകരിച്ചു:
"ഇവിടെല്ലാം തലകീഴാണ്!
ചട്ടങ്ങളെല്ലാം ഒരു വകയാണ്!
ഞാന്‍ തന്നെ ഇവിടെയാണോ
ഇരിക്കേണ്ടത്?
നാട്ടില്‍ ആരെങ്കിലും
എന്റെ മുന്നില്‍ ഇരിക്കുമോ?
മുന്‍നിരക്കാരുടെ നേട്ടങ്ങള്‍
പ്രകീര്‍ത്തിക്കുന്നത് കേട്ടില്ലേ?
അവര്‍ ഭൂമിയില്‍ ആരേയും
അറിഞ്ഞു ദ്രോഹിച്ചിട്ടില്ലത്രേ!'

"ഹോ'! എന്തൊരു വലിയ കാര്യം!

"ഇതൊക്കെ തന്നെ
ഇവിടെ വലിയ കാര്യങ്ങള്‍!
സ്വര്‍ഗ്ഗത്തിലെത്താന്‍
കുറുക്കുവഴി  ഉണ്ടായിരുന്നു!
നമ്മളതു ഗൗനിച്ചില്ല.
ഇനി പറഞ്ഞിട്ടെന്തു കാര്യം!'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക