Image

കാനഡയ്ക്ക് മോദി കോവിഡ് വാക്സിൻ  വാഗ്ദാനം ചെയ്തു;  അസ്വാരസ്യങ്ങൾ അവസാനിച്ചു 

Published on 11 February, 2021
കാനഡയ്ക്ക് മോദി കോവിഡ് വാക്സിൻ  വാഗ്ദാനം ചെയ്തു;  അസ്വാരസ്യങ്ങൾ അവസാനിച്ചു 

ടൊറന്റോ, ഫെബ്രുവരി 11: ഇന്തോ-കാനഡ ചേംബർ ഓഫ് കൊമേഴ്‌സും (ഐസിസിസി) മറ്റ്  ഇന്തോ-കനേഡിയൻ സംഘടനകളും കാനഡയ്ക്ക് കോവിഡ് -19 വാക്സിൻ നൽകുമെന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനത്തെ സ്വാഗതം ചെയ്തു.

മഹാമാരി, സാമ്പത്തിക വീണ്ടെടുക്കൽ, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ച നടത്തി. 
കാനഡ ആവശ്യപ്പെടുന്ന അളവിൽ  കോവിഡ് വാക്സിനുകൾ വിതരണം ചെയ്യാൻ ഇന്ത്യ പരമാവധി ശ്രമിക്കുമെന്ന് ട്രൂഡോയ്ക്ക്  ഉറപ്പ് നൽകിയതായി ട്വീറ്റിലൂടെ മോദി അറിയിച്ചു.

ഫൈസറിന്റെയും മോഡേണയുടെയും 1.1 മില്യൺ ഡോസുകൾ മാത്രമാണ് ഇതുവരെ കാനഡയ്ക്ക്  ലഭിച്ചത്.  വാക്സിനുകളുടെ ലഭ്യതക്കുറവ് ട്രൂഡോയുടെ പ്രതിച്ഛായയ്ക്ക് ജനങ്ങൾക്കിടയിൽ മങ്ങലേല്പിച്ചിരുന്നു.
ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച് ഡിസംബറിൽ ട്രൂഡോ പ്രസ്താവന ഇറക്കിയതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധത്തിന് തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ മോദിയെ വിളിക്കാനുള്ള ട്രൂഡോയുടെ ശ്രമത്തെ ഇന്തോ-കനേഡിയൻ വ്യാപാര സംഘടനകൾ സ്വാഗതം ചെയ്തു.

ഉഭയകക്ഷി ബന്ധത്തിൽ ഇത് ഒരു വലിയ സംഭവവികാസമാണെന്ന് ഇന്തോ-കാനഡ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് വിജയ് തോമസ് പറഞ്ഞു. രണ്ട് പ്രധാനമന്ത്രികളും തമ്മിലുള്ള ഫോൺ ചർച്ച ഒരു പുതിയ പങ്കാളിത്തത്തിന്റെ തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇത് ഒരു മികച്ച സംഭവവികാസമാണ്. ഇന്ത്യയിലെ കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ച് അടുത്തിടെയുള്ള കനേഡിയൻ പ്രസ്താവനകൾ മൂലമുണ്ടായ  അസ്വസ്ഥതകളും ഇതോടെ പരിഹരിക്കാനാകും.  കാനഡയിൽ നിന്നുള്ള ചരക്കുകൾ, യൂറിയ, എയ്‌റോസ്‌പേസ് ഭാഗങ്ങൾ, ജല സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള വലിയ വിപണിയാണ് ഇന്ത്യ.  ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പ്രസ്താവനകൾ പുറപ്പെടുവിക്കുന്നതിനേക്കാൾ  വ്യാപാരത്തിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.' ഒട്ടാവ ആസ്ഥാനമായുള്ള ഓവർസീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ ആൻഡ് കാനഡ (ഒഫിക്) പ്രസിഡന്റ് ശിവ് ഭാസ്‌കർ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക