Image

കോവിഡ് സുഖപ്പെട്ടവർക്കു വേണ്ടി നഴ്‌സിംഗ് ഹോമുകൾ 

Published on 11 February, 2021
കോവിഡ് സുഖപ്പെട്ടവർക്കു വേണ്ടി നഴ്‌സിംഗ് ഹോമുകൾ 

ന്യു യോർക്ക്: കോവിഡിൽ നിന്ന് കരകയറിയ ശേഷം ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുന്ന നഴ്സിംഗ് ഹോം അന്തേവാസികളെ പാർപ്പിക്കാൻ ന്യൂയോർക്കിൽ രഹസ്യമായി ' കോവിഡ് ഒൺലി നഴ്സിംഗ് ഹോമുകൾ'  കോമോ ഭരണകൂടം സ്ഥാപിച്ചതായി സംസ്ഥാന ആരോഗ്യ കമ്മീഷണർ ഹോവാർഡ് സക്കർ ബുധനാഴ്ച സംസ്ഥാന നിയമസഭയ്ക്ക് അയച്ച 16 പേജുള്ള കത്തിലൂടെ  വെളിപ്പെടുത്തി. നഴ്സിംഗ് ഹോമുകൾക്ക് മേൽനോട്ടം വഹിക്കുന്ന കമ്മിറ്റികളുടെ മേധാവികളായ  നിയമനിർമ്മാതാക്കൾ സമർപ്പിച്ച നിരവധി ചോദ്യങ്ങൾക്ക് മറുപടി ആയിട്ടാണ് സക്കർ ഇക്കാര്യം അറിയിച്ചത്.

കൊറോണ പൊട്ടിപ്പുറപ്പെട്ട ഏറ്റവും മോശമായ സമയത്ത് - സുഖം പ്രാപിച്ച ആയിരക്കണക്കിന്  രോഗികളെ ആശുപത്രികളിൽ നിന്ന് മോചിപ്പിച്ച് നഴ്സിംഗ് ഹോമുകളിലേക്ക് അയച്ചപ്പോൾ ആൻഡ്രു കോമോയും ആരോഗ്യവകുപ്പും കടുത്ത വിമർശനത്തിന് വിധേയരായിരുന്നു.

 വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ അപര്യാപ്തതയും സ്റ്റാഫുകളുടെ ക്ഷാമവും കാരണം സംസ്ഥാന ആരോഗ്യ വകുപ്പ് സമ്മർദ്ദം ചെലുത്തിയതിനെത്തുടർന്ന് അന്ന് (മാർച്ച് 25) നഴ്സിംഗ് ഹോമിൽ രോഗം ഭേദമായി എത്തുന്നവരെയോ പുതിയതായി പ്രവേശിക്കുന്നവരെയോ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയിരുന്നില്ലെന്നും ചില നഴ്സിംഗ് ഹോം ഓപ്പറേറ്റർമാരും തുറന്നുപറഞ്ഞു.

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത്:

ഫെഡറൽ സർക്കാരിന്റെ പങ്കാളിത്തത്തോടെ ഇന്ന് ഞങ്ങൾ രണ്ടു മാസ് വാക്സിനേഷൻ സൈറ്റുകൾ സാമൂഹികമായി ദുർബലരായ കമ്മ്യൂണിറ്റികൾക്കു വേണ്ടി തുറക്കുകയാണ്. ക്വീൻസിലെ യോർക്ക് കോളജ്, ബ്രൂക്ലിനിലെ മെഡ്ഗാർ എവർസ്  കോളേജ് എന്നിവിടങ്ങളിലാണ് രണ്ട് സൈറ്റുകൾ സ്ഥാപിക്കുക. ഈ രണ്ട് സൈറ്റുകളിലൂടെ എട്ട് ആഴ്ച കാലയളവിൽ ഒരു ദിവസം ഏകദേശം 3,000 ന്യൂയോർക്കുകാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും. ഈ ശ്രമം വിപുലീകരിക്കുന്നതിനും സംസ്ഥാനത്തൊട്ടാകെയുള്ള ദുർബലരായ ന്യൂയോർക്കുകാർക്ക് വാക്സിൻ പ്രവേശനം മെച്ചപ്പെടുത്തുന്നതിനും  FEMAയുമായും സിഡിസിയുമായും പ്രവർത്തിക്കുന്നു.  വാക്സിനുകളുടെ ലഭ്യത വർദ്ധിപ്പിക്കാൻ നമ്മൾ മുൻപേ ശ്രമം നടത്തിത്തുടങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിന് ബൈഡൻ ഭരണകൂടത്തോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

* ഫെബ്രുവരി 23 ന് പരിമിതമായ കാണികളുമായി സ്റ്റേഡിയങ്ങൾ വീണ്ടും തുറക്കാൻ കഴിയും. ബഫല്ലോ ബിൽസ് ടെസ്റ്റിംഗ് പ്രോഗ്രാമിന്റെ വിജയത്തെത്തുടർന്ന്, 10,000 അല്ലെങ്കിൽ അതിൽ കൂടുതൽ ശേഷിയുള്ള പ്രധാന സ്റ്റേഡിയങ്ങളിൽ  കായിക- വിനോദ പരിപാടികൾ പരിമിതമായ കാണികളെ ഉൾക്കൊള്ളിച്ച് നടത്താൻ അനുവദിക്കും. കോവിഡ് പരിശോധന നടത്തിയവർക്ക് മാത്രമായിരിക്കും പ്രവേശനം.  മാസ്ക് ധരിക്കുന്നതും  സാമൂഹിക അകലം പാലിക്കുന്നതും  പോലുള്ള സംസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കണം. 
 
* ആശുപത്രികളിൽ പ്രവേശിതരായവരുടെ എണ്ണം 7,593 ആയി കുറഞ്ഞു. 176,750 ആളുകളെ പരിശോധിച്ചതിൽ 7,101 പേരുടെ ഫലം പോസിറ്റീവായി. പോസിറ്റിവിറ്റി നിരക്ക്: 4.02 ശതമാനം. ഐസിയുവിലെ രോഗികളുടെ എണ്ണം: 1,423. മരണപ്പെട്ടത്:  136 പേർ.
 
*  സംസ്ഥാനത്തിന് അനുവദിച്ച ആദ്യ ഡോസുകളിൽ 93 ശതമാനവും വിതരണം പൂർത്തിയാക്കി.
 
* ന്യൂയോർക്കിൽ ഇതുവരെ  34 മില്യണിലധികം കോവിഡ് ടെസ്റ്റുകൾ നടത്തി. ന്യൂയോർക്കാന്  പരിശോധനയിൽ മുന്നിട്ടുനിൽക്കുന്നത്‌ , ഒരാഴ്ചയ്ക്കുള്ളിൽ നമ്മൾ  ഒരു മില്യൺ ടെസ്റ്റുകൾ നടത്തി. നിങ്ങളുടെ ആരോഗ്യവും ചുറ്റുമുള്ളവരുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുള്ള മികച്ച മാർഗമാണ്  പതിവായി കോവിഡ്  പരിശോധന നടത്തുന്നത്. നിങ്ങൾ കോവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിലോ   വൈറസ് ബാധിച്ചിരിക്കാമെന്ന് വിശ്വസിക്കുന്നെങ്കിലോ പരിശോധന നടത്തുക. നിങ്ങളുടെ സമീപമുള്ള ടെസ്റ്റിംഗ് ലൊക്കേഷനിൽ  സൗജന്യ അപ്പോയിന്റ്മെന്റ് എടുക്കുന്നതിന് നിങ്ങൾക്ക് 1-888-364-3065 എന്ന നമ്പറിൽ വിളിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക