Image

പ്രണയമഴച്ചാറ്റൽ (വാലെന്റൈൻ വിശേഷം: ആൻഡ്രു സി)

Published on 13 February, 2021
പ്രണയമഴച്ചാറ്റൽ (വാലെന്റൈൻ വിശേഷം: ആൻഡ്രു സി)
മനസ്സിൽ പ്രണയമുള്ളവർക്ക് എന്നും വാലന്റൈൻ ദിവസം തന്നെ. എന്നാലും ലോകമെമ്പാടും ആഘോഷിക്കുന്ന ഈ ദിവസത്തിൽ എന്റെ മനസ്സിലും ഒരു പ്രണയമഴപെയ്യാൻ തയ്യാറായി നിൽക്കുന്നു.  കൗമാരയൗവ്വന  കാലത്തേക്ക് ഓടുന്ന ഞാൻ കുടയെടുത്തിട്ടില്ല.  കുളിരുള്ള മഴത്തുള്ളികൾ എന്നെ കോരിത്തരിപ്പിക്കുന്നു. വർണ്ണക്കുട  പോലെ എത്ര സുന്ദരമായ മുഖങ്ങൾ ചുറ്റിലും നിൽക്കുന്നു. അതിലൊന്നിന്റെ കീഴിൽ പോയി മഴനനയാതെ നിൽക്കണോ എന്നാലോചിക്കുമ്പോൾ എനിക്ക് പരിസരബോധം വരുന്നു. വാട്സാപ്പ് കുതിരക്കുളമ്പടി പോലെ ശബ്‌ദിക്കുന്നു. ഓർമ്മയുടെ പൂക്കാലം വിരുന്നുവരികയാണ്. തിരക്കിട്ടു കൂട്ടുക്കാർ അയക്കുന്ന പ്രണയദിന ആശംസകൾ. ഫോണിന്റെ മുഖതിരശീലയിൽ അവരൊക്കെ തെളിയുന്നു. കാലം അവരെ മാറ്റിയെങ്കിലും ഓർമ്മയിൽ അവരുടെ മറക്കാത്ത നല്ല മുഖങ്ങൾ.  ഇന്നത്തെപോലെ ചുണ്ട് ചുവപ്പിക്കാത്ത , ഫേഷ്യൽ ചെയ്യാത്ത, മുടി മുറിക്കാത്ത ശാലീന സൗന്ദര്യങ്ങൾ.

പഴയകാല സ്മരണകൾ അയവിറക്കുന്നത് ഒരു അനുഭൂതിയാണ്. മധുരസ്വപനങ്ങൾ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി പുഞ്ചിരിതൂകികൊണ്ട് വരുന്ന സുന്ദരിമാർ ഒരു പുലർകാല ഉന്മേഷം എപ്പോഴും പകർന്നുതന്നിരുന്നു. പെൺകുട്ടികളെ കാണുമ്പോൾ ഒരു പ്രണയമഴച്ചാറ്റൽ ഉണ്ടാകും.സ്നേഹത്തിന്റെ തൂവ്വാല  കൊണ്ട് അതു പരസ്പരം ഒപ്പിയെടുക്കുമ്പോൾ അനിർവ്വചനീയമായ ഒരു വികാരമാണുണ്ടാകുക. കുടുംബം, കുട്ടികൾ അങ്ങനെ ഉത്തരവാദിത്വം പെരുമഴയാകുമ്പോൾ പഴയ മഴ ചാറ്റലുകൾ ഒന്ന് തൊട്ടുരുമ്മിപ്പോകുക സാധാരണമാണ്. വാട്സാപ്പും ഫെയ്‌സ്‌ബുക്കും ആ പ്രണയകാലം  പുനർജനിപ്പിക്കുന്നു. ജീവിതം ഹൃസ്വമാണ്. മതവും അനാവശ്യമായ സദാചാരബോധങ്ങളും ഒരിക്കലും നല്ല നിമിഷങ്ങളെ നശിപ്പിക്കാൻ അനുവദിക്കരുത്. അതുകൊണ്ട് പ്രണയദിനം ആഘോഷിക്കുക.

കലാലയ ജീവിതം ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ്.  കൗമാരയൗവ്വനകാലത്തെ ഭൂരിപക്ഷ സമയവും ചിലവഴിക്കുന്നത് അവിടെയാണ്. അതുകൊണ്ട് അവിടത്തെ ജീവിതം എന്ന് പറയുന്നതിൽ തെറ്റില്ല.  പ്രണയദിനത്തിൽ എല്ലാവരും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്. ചിലരുടെ സന്ദേശങ്ങളിൽ ദ്വയാർത്വങ്ങൾ ഉണ്ട്. എല്ലാവരും ജീവിതപങ്കാളികളെ കണ്ടുമുട്ടിയവർ. എന്നിട്ടും അവർക്കും പഴയകാലത്തേക്ക് ഒന്ന് തിരിച്ചുപോകാൻ മോഹം. അതിൽ രസകരമായ ഒരു നേരമ്പോക്ക്  ഇവിടെ പങ്കു വയ്ക്കട്ടെ.


“സ്കൂൾ റീയൂണിയൻ സമയത്ത് അയാൾക്ക് പഴയ ഗേൾഫ്രണ്ടിന്റെ ഫോൺ നമ്പർ കിട്ടി.
അന്ന് നേരിൽ കണ്ടപ്പോൾ ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.
അടുത്ത ദിവസം തന്നെ ഫോണിൽ മെസേജ് അയച്ചു.
How are you dear baby?
ഉടൻ മറുപടി വന്നു.
അമ്മയുടെ കല്യാണം കഴിഞ്ഞു.
മാമനും പോയി കല്യാണം കഴിക്ക് മാമാ
എനിക്ക് ഓൺ ലൈൻ ക്ലാസ് നടക്കുന്നു
Please don't disturb.”

ഒരു കാര്യം അപ്പോഴാണ് ഗൗരവമായി ചിന്തിച്ചത്. ജീവിതത്തിലെ ചില ഘട്ടങ്ങളിൽ നമ്മൾ ആരുടെയെങ്കിലുമൊക്കെ ആയി പോകും. എന്നു വച്ചാൽ നമ്മുടെ സ്വാതന്ത്ര്യത്തിനു അതിരുകൾ ഉണ്ടാകുന്നു. അരുതുകൾ രൂപപ്പെടുന്നു. അമ്മയുടെ പൂർവ്വകാമുകനായിരിക്കുമെന്നു ധരിക്കുന്ന പെൺകുട്ടി അയാളെ പരിഹസിക്കുന്നു.  ജീവിതം ഒരു നാടകം തന്നെ. ഏതു റോളും അഭിനയിക്കാൻ കഴിവ് വേണം. പക്ഷെ പലപ്പോഴും പലരുടെയും ജീവിതത്തിന്റെ തിരക്കഥയും, സംഭാഷണവും, സംവിധാനവും ആരോ ചെയ്യുന്നു.
അവർക്ക് ലൈറ്റ്, കാമറ, ആക്ഷൻ എന്ന ആജ്ഞ കേട്ട് ആരോ പറയുന്നത് ചെയ്യുക തന്നെ.

കോളേജ് കാമ്പസ്സിലേക്ക് മനസ്സ് പറക്കുമ്പോൾ മാവ് പൂത്ത് പാടാൻ കൊതിക്കുന്ന പൂങ്കുയിലിനെപോലെയുള്ള അക്ഷമ. പ്രണയ ശീതളമായ ഒരു അന്തരീക്ഷം അവിടെ ഒരുങ്ങുന്നു. ചില നിമിഷങ്ങൾ അങ്ങനെ നമുക്ക് സ്വന്തമാകുന്നു. കാതോർക്കുമ്പോൾ "അശോകാ.." എന്ന് വിളികേൾക്കാം. സ്വന്തം പേരിനേക്കാൾ കാമുകിമാർ നൽകിയ പേരിനു ഇപ്പോഴും ചെറുപ്പം. അവരെല്ലാം എവിടെ എന്ന് നിരാശപ്പെടുമ്പോഴാണ് ഫേസ് ബുക്കും വാട്സാപ്പും വരുന്നത്. ഇതാ വീണ്ടും ആ സുവർണ്ണകാലം.  താരുണ്യസ്വപനങ്ങൾ തളിരിടുന്നു.  ഏകപത്നി-ഏകപതി വൃതങ്ങളെ കുറിച്ച് അപ്പോഴാണ് ഓർക്കുക. ഹൃദയം നിറയും പ്രണയം വളരുമ്പോൾ എങ്ങനെ അത് ഒരാളിൽ മാത്രം ഒതുങ്ങി നിൽക്കും. അറിഞ്ഞുകൂടാ. ചിലപ്പോഴെല്ലാം  മനസ്സ് വേലി ചാടാറുണ്ട്. വേലി നമ്മൾ തന്നെ കെട്ടുന്നത്കൊണ്ട് ഉയരം കുറവാണ്. അതുകൊണ്ട് മുറിവും പറ്റാറില്ല.

അപ്പോഴതാ ഒരു സന്ദേശം " ഫ്രീ ആണോ".  ആണെന്ന് മനസ്സ് പറയുമ്പോൾ ബുദ്ധി ഉപദേശിക്കുന്നു. ഫ്രീ അല്ല. നിങ്ങൾ ചങ്ങലയിലാണ്.  നിങ്ങളെ സമൂഹം പൂട്ടിയിരിക്കുന്നു. അതിന്റെ താക്കോൽ സമൂഹം സൂക്ഷിക്കുന്നു. അതുകൊണ്ട്  മെസ്സേജ് കണ്ടില്ലെന്നു നടിക്കുക.  ജീവിതം ഒരു നടനമാണ്.  സ്വപ്നങ്ങൾ എളുപ്പം പൂക്കുമെങ്കിലും കായാകാറില്ല. ഇങ്ങനെ പ്രണയദിനങ്ങൾ വന്നിട്ടും വലിയ കാര്യമില്ല. ആരോ പറഞ്ഞപോലെ ഇതൊക്കെ കൗമാരക്കാർക്ക് ചോക്ലേറ്റ് തിന്നാൻ, അവർ മോഹിക്കുന്ന ഏതെങ്കിലും പെൺകുട്ടികൾക്ക് പൂക്കൾ കൊണ്ടുകൊടുക്കാൻ. മുതിർന്നവർക്ക് ഒന്ന് നെടുവീർപ്പിടാൻ.... ഓർമ്മകൾ അയവിറക്കാൻ വെറുതെ മോഹിക്കാൻ അതെ "വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കാൻ മോഹം.

എല്ലാവര്ക്കും സന്തോഷകരമായ പ്രണയദിനം നേരുന്നു.

പ്രണയമഴച്ചാറ്റൽ (വാലെന്റൈൻ വിശേഷം: ആൻഡ്രു സി)
Join WhatsApp News
വിദ്യാധരൻ 2021-02-14 06:02:48
പ്രണയത്തിന്റെ പഴയകാല സമരണകൾ! അത് ജീവിതാന്ത്യംവരെയും നിലനില്ക്കും ചിലപ്പോൾ 'അലർമെത്തയിൽ കിടന്നുരുളും' "അനുരാഗത്തിന്റെയലർമെത്ത തന്മേ- ലവശ ഞാൻ കിടന്നുരുളുമ്പോൾ അവിടുന്നെന്നുടെയരികിലെത്തി ,ഞാൻ സുഖസുഷുപ്തിയിൽ മുദിതയായ് അകളങ്കമെന്റെ ഹൃദയമങ്ങേക്കാ- യടിമവെച്ചു ഞാൻ ചാരിതാർത്ഥ ഒരു മിന്നലങ്ങു മറവായി, പെട്ടെ- ന്നിരുളിൻ കംബള വിരിവീണു കരകയാണുന്നുമുതലീ ഞാൻ തവ കഴലിനെ കണ്ടു തൊഴുതീടാൻ" (ഹൃദയാഞ്ജലി -ഇടപ്പള്ളി ) -വിദ്യാധരൻ
RAJU THOMAS 2021-02-14 15:00:48
നന്നായി, രസിച്ചു. അഭിനന്ദനം. എന്നാലും പഹയാ, ഇതൊക്കെ ഇപ്പോഴും ഓർക്കുന്നത് ശരിയല്ല. ഓർമ്മകളെ പിടിച്ചുനിർത്താനാവില്ലല്ലൊ! അപ്പോ, ഇതാണു കാര്യം!
Sudhir Panikkaveetil 2021-02-14 18:11:51
ശ്രീ ആൻഡ്രുസ് പ്രണയത്തിന്റെ രാജകുമാരനാണ്. അദ്ദേഹം ജീവിതത്തെ കൗതുകത്തോടെ നോക്കി കാണുമ്പോൾ ഭൂതവും വർത്തമാനവും ഒന്നായി കാണുന്നു. പ്രണയിനികൾ തൊട്ടടുത്ത് നിൽക്കുന്ന പ്രതീതി അനുഭവപ്പെടുന്നു. അപ്പോഴാണ് മുന്നിലൂടെ കലണ്ടറുകൾ മാറിമറിഞ്ഞ കാഴ്ച്ച. അപ്പോൾ പ്രണയത്തിന്റെ മഴച്ചാറ്റൽ ഏറ്റു ഓർമ്മകളുടെ പട്ടുതൂവാല തേടുന്നു. പ്രണയിക്കുക പ്രിയപ്പെട്ട .ചങ്ങാതി..കാലം എന്നും താങ്കൾക്ക് മുന്നിൽ തോറ്റിട്ടേയുള്ളു. അഭിനന്ദങ്ങൾ !
Vayanakaran 2021-02-15 01:50:16
പ്രണയം മനസ്സിലുള്ളവർ നന്മയുള്ളവരാണ്. ശ്രീ ആൻഡ്രുവിനു അത് ധാരാളം ഉള്ളതായി കാണുന്നു. ആരോ ഒരാൾ ശ്രീ ആൻഡ്രുവിനെ നിരീശ്വരനായി കണക്കാക്കികൊണ്ട് കമന്റ് ഇട്ടിരുന്നു. നിരീശ്വരൻ എന്ന വാക്കിനു ആ കമന്റ് post ചെയ്ത ആളുടെ നിർവചനം ബൈബിൾ കണ്ണടച്ച് വിശ്വസിക്കാത്തവൻ എന്നായിരിക്കും. അയാളെ നമുക്ക് പിന്നീട് വിചാരണ ചെയ്യാം. ശ്രീ ആൻഡ്രു പ്രണയലേഖനം നന്നായിരുന്നു. പരമപണ്ഡിതനായ രാജു സാർ പോലും അഭിനന്ദിച്ചു . എന്റെയും വിനീതമായ അഭിനന്ദനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക