Image

നിയമസഭപിടിക്കാന്‍ അരയും തലയും മുറുക്കുന്ന മുന്നണികള്‍ (സനൂബ് ശശിധരന്‍)

Published on 13 February, 2021
നിയമസഭപിടിക്കാന്‍ അരയും തലയും മുറുക്കുന്ന മുന്നണികള്‍ (സനൂബ് ശശിധരന്‍)
തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ഇനി ബാക്കി നില്‍ക്കുന്നത്. ഇനിയുള്ള മാസങ്ങള്‍ മൂന്നണികള്‍ക്ക് നിര്‍ണായകമാണ്. പോയ അഞ്ച് വര്‍ഷം നടത്തിയതു നടത്താനാവാതെ പോയതുമായ എല്ലാ പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്തുകഴിഞ്ഞു. ഇനി തന്ത്രങ്ങള്‍ മെനയേണ്ട നാളുകളാണ്. ഭരണം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും നില മെച്ചപ്പെടുത്താനുമെല്ലാം മുന്നണികള്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഓരോ വോട്ടും ഉറപ്പിക്കാന്‍ കേരള പര്യടനങ്ങളും മേഖല ജാഥകളും ഗൃഹസന്ദര്‍ശനവുമെല്ലാം ഇവയില്‍ പെടുന്നു. മതമേലധ്യക്ഷന്‍മാരേയും സമുദായനേതാക്കളേയുമെല്ലാം കാണുന്ന പതിവ് കലാപാരിപാടികളും മുന്നണി നേതാക്കള്‍ തുടങ്ങിക്കഴിഞ്ഞു. ആഗ്രഹിച്ചത്ര സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നുള്ള മുന്നണി മാറ്റമെന്ന പതിവ് കലാപരിപാടി മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. നിലവിലെ സാഹചര്യത്തില്‍ എന്‍സിപി എന്ന ഒരു പാര്‍ട്ടിമാത്രമാണ് മുന്നണിമാറ്റം നടത്തിയേക്കുമെന്ന അഭ്യൂഹം ഉയര്‍ത്തുന്നുള്ളു.  

ജനക്ഷേമം ഇടത് സര്‍ക്കാര്‍
......
തോമസ് ഐസക്കിന്റെ 12 ആമത് ബജറ്റ് തന്നെയാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യപടിയെന്ന് നിസംശയം പറയാം. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ തോമസ് ഐസക്ക് സാധാരണഗതിയില്‍ ജനപ്രിയബജറ്റ് എന്ന സ്ഥിരം തിരഞ്ഞെടുപ്പ് നമ്പര്‍ ഇറക്കാറില്ല. പക്ഷെ ഇത്തവണത്തെ ബജറ്റ് ഒരേ സമയം ജനപ്രിയമാക്കുന്നതിനും ഐസക്ക് ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ കൂട്ടിയത് സര്‍ക്കാരിന്റെ തുടര്‍ഭരണം ലക്ഷ്യമിട്ടുള്ള ഏറ് തന്നെയാണ്. സര്‍ക്കാര്‍ അധികാരമേറുമേമ്പോള്‍ നാമമാത്രമായിരുന്ന ക്ഷേമപെന്ഷന്‍ അവസാന വര്‍ഷമെത്തിയപ്പോഴേക്കും രണ്ടായിരത്തോളമാക്കിയത് ഇടത് സര്‍ക്കാരിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്്തിരുന്നു. ഇത് നിയമസഭയിലും ആവര്‍ത്തിക്കാനാണ് പെന്‍ഷന്‍ തുക വീണ്ടും ഉയര്‍ത്തിയത്. വീട്ടമ്മമാര് എന്ന വലിയ വിഭാഗത്തിന് തൊഴിലും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന ബജറ്റിലൂടെ നിക്ഷ്പക്ഷമതികളെന്ന് പൊതുവേ വിലയിരുത്തുന്ന വലിയൊരു വിഭാഗത്തിന്റെ കൈയ്യടി നേടാനും ഐസക്കിന് സാധിച്ചു. തീരുന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഘട്ടംഘട്ടമായി കുറച്ചുവരുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതി പ്രഖ്യാപനം സ്ത്രീകളുടെ വലിയ പിന്തുണയാണ് ഉറപ്പാക്കിയത്. ഓര്‍ക്കുക, കേരളത്തില്‍ ഇത്തവണ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം വളരെ കൂടുതലാണ്. ശബരി മല പ്രശ്‌നത്തില്‍ ഇടതുമുന്നണിക്ക് ഏറ്റവും കൂടുതല്‍ നഷ്ടമായതും സ്ത്രീകളുടെ പിന്തുണയാണ്. ബജറ്റിലെ പ്രഖ്യാപനങ്ങളിലൂടെ ഐസക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഇവരെയാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികള്‍, കുറഞ്ഞ ചിലവില്‍ ഇന്റര്‍നെറ്റ്, തുടങ്ങിയ പ്രഖ്യാപനങ്ങളിലൂടെ യുവാക്കളേയും ഒപ്പം നിര്‍ത്താനും ഐസക്ക് ശ്രദ്ധവെച്ചിട്ടുണ്ട്.
ബജറ്റിന് പുറത്ത് സര്‍ക്കാരിനെ ജനം എങ്ങനെ വിലയിരുത്തുന്നുവെന്നതിനും സിപിഎം ഇത്തവണ പ്രധാന്യം കൊടുക്കുന്നുണ്ട്. സിപിഎമ്മിന്റെ ഗൃഹസന്ദര്‍ശനം അതിന്റെ ഭാഗമാണ്. ഓരോ വീടുകളിലും കയറിയിറങ്ങി സര്‍ക്കാരിനെ കുറിച്ചുള്ള വീട്ടുകാരുടെ ഫീഡ് ബാക്ക് കളക്റ്റ് ചെയ്യുന്നത് അവരുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ തന്നെയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ നല്ല വിജയം നേടാനായത് തീര്‍ച്ചയായും ഇടതുപക്ഷത്തിനെ കൂടുതല്‍ ആത്മവിശ്വാസം പകരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ജില്ലകളില്‍ പര്യടനം നടത്തി പ്രധാനവ്യക്തികളോടും സംഘടനപ്രതിനിധികളോടുമെല്ലാം നേരിട്ട് സംവധിച്ചതും തിരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗം തന്നെയാണ്. തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടനം നല്‍കിയ ആതമവിശ്വാസം തന്നെയാണ് ഇതിന് വഴിതുറന്നത്. പിന്നാലെ ഇടതുമുന്നണി രണ്ട് മേഖല ജാഥകള്‍ പ്രഖ്യാപിച്ചതും സര്‍ക്കാരിന്റെ നേട്ടം ജനങ്ങളിലെത്തിക്കാനുള്ള ശ്രമത്തിന്റേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റേയും ഭാഗമാണ്.
സീറ്റ് ചര്‍ച്ചയെന്ന അടുത്ത കടമ്പയിലേക്ക് കടക്കുമ്പോഴും ഇടതുമുന്നണിക്ക് വലിയ തലവേദനയുണ്ടാകാനിടയില്ല. എന്‍സിപി എന്ന പാര്‍ട്ടി ഉയര്‍ത്തുന്ന പ്രതിഷേധംമാത്രമാണ് ഇടതുമുന്നണിക്കകത്തെ ചെറിയപ്രശ്‌നം. പാലാ സീറ്റിനെ ചൊല്ലി എന്‍സിപി മുന്നണി വിട്ടാലും നിലവിലെ സാഹചര്യത്തില്‍ ഇടതുമുന്നണിക്ക് ക്ഷീണം സംഭവിക്കില്ല. എന്‍സിപി പിളര്‍ന്നാലും ശശീന്ദ്രപക്ഷം ഇടതമുന്നണിക്കൊപ്പം നില്‍ക്കുമെന്നതും നേട്ടമായി തന്നെ കാണാം. പാലയില്‍ ജോസ് കെ മാണി വിഭാഗം ഒപ്പം ചേരുന്നതിനാല്‍ മാണി സി കാപ്പന്റെ നിലപാട് തിരിച്ചടിയാകില്ലെന്ന് തന്നെയാണ് സിപിഎം കരുതുന്നത്. എന്‍സിപി മുന്നണി വിട്ടാല്‍ കുട്ടനാട് ഉള്‍പ്പടെയുള്ള സീറ്റുകള്‍ സിപിഎമ്മിന് ഏറ്റെടുക്കാമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്.  (ഏറ്റവും ഒടുവിലത്തെ വിവരമനുസരിച്ച് പാലയുടെ കാര്യത്തില്‍ വലിയ പൊട്ടിത്തെറിക്ക് ഇപ്പോള്‍ സ്‌കോപ്പില്ലെന്നാണ്. ജോസ് കെ മാണി പാലയ്ക്ക് പകരം കടുത്തുരുത്തിയിലേക്ക് മാറിയാല്‍ പ്രശ്‌നം പരിഹരിക്കപ്പെടും. അതേസമയം തന്നെ പാലയില്‍ മാണി സി കാപ്പന്‍ തന്നെ മത്സരിച്ചാല്‍ ജോസ് വിഭാഗം കാല് വാരുമോയെന്നതും ചിന്തിക്കേണ്ടതാണ്). ജോസിന്റെ വരവ് മധ്യകേരളത്തില്‍ ഇടതുമുന്നണിക്ക് സ്വാധീനം ശക്തമാക്കിയിട്ടുണ്ട്്. പ്രത്യേകിച്ച് കൃസ്ത്യന്‍ ബെല്‍റ്റുകളില്‍. സഭയുമായി അത്രനല്ല ബന്ധമില്ലാത്ത ഇടതുപക്ഷത്തിന് ജോസ് കെ മാണിയുടെ വരവ് ഈകാര്യത്തില്‍ ഗുണമാണ് ചെയ്തിട്ടുള്ളത്. സഭയുമായി ജോസ് കെ മാണിക്ക് നല്ലബന്ധമുണ്ടെന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇടതുമുന്നണിക്ക് സീറ്റ് ഉയര്‍ത്താന്‍ സഹായിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. അതിനാല്‍ തന്നെ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയെ ചെറുതായി പിണക്കാനും സിപിഎം മടിക്കില്ല. കാഞ്ഞിരപ്പള്ളി സീറ്റിനെ ചൊല്ലി സിപിഐയും ജോസ് കെ മാണി വിഭാഗവും തമ്മില്‍ തര്‍ക്കം ഉടലെടുത്താലും സിപിഎം ജോസ് കെ മാണിക്കൊപ്പം നിലനിന്നാലും അത്ഭുതപ്പെടേണ്ടതില്ല.

കപ്പിത്താനെ മാറ്റി ഐക്യമുന്നണി
......
തദ്ദേശതിരഞ്ഞെടുപ്പിലെ തോല്‍വിയോടെ കപ്പിത്താനെ തന്നെ മാറ്റിയാണ് യുഡിഎഫ് രംഗത്തിറങ്ങുന്നത്. പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്ക് പകരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആണ് ഹൈക്കമാന്റ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇത്രയും കാലം ഉറങ്ങികിടന്ന ഉമ്മന്‍ ചാണ്ടി അതോടെ സജീവമായിക്കഴിഞ്ഞു. മുന്നണിയിലെ ഘടകകക്ഷികളുമായി  ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ചടുലമായ നീക്കമാണ് ഉമ്മന്‍ ചാണ്ടി നടത്തുന്നത്. ദേവലോകത്തെത്തി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായും കണിച്ചുകുളങ്ങരയിലെത്തി വെള്ളാപ്പള്ളി നടേശനുമായെല്ലാം ഇതിനോടകം ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞു. വരും നാളുകളില്‍ എന്‍എസ്എസ്, മുസ്ലീം സംഘടനകള്‍, മറ്റ് സഭാമേലധ്യക്ഷന്‍മാരുമായെല്ലാം ഉമ്മന്‍ ചാണ്ടി ഓടി നടന്ന് കൂടിക്കാഴ്ച്ച നടത്തുമെന്നുറപ്പ്. ഘടകക്ഷിയായ മുസ്ലീം ലീഗ് നേതൃത്വത്തെ നേരില്‍കണ്ട് സീറ്റ് വിഭജനത്തില്‍ തര്‍ക്കം ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ക്കും ഉമ്മന്‍ ചാണ്ടി തുടക്കമിട്ടുകഴിഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് അകത്ത് പതിവുപോലെ അടിയും തൊഴുത്തില്‍കുത്തും ചെളിവാരിയെറിയലുമെല്ലാം അരങ്ങേറി. തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റിന് പരസ്യമായി വാര്‍ത്താസമ്മേളനത്തില്‍ പരിഭവിക്കേണ്ടി വന്നതും ചോട്ടാനേതാക്കളടക്കം തെറിവിളിയുമായി രംഗത്തെത്തിയതുമെല്ലാം കോണ്‍ഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ തോല്‍വി സമ്മതിച്ചെന്ന പ്രതീതിയുണ്ടാക്കി. നിയമസഭ തിരഞ്ഞെടുപ്പിലെ സാധ്യതകളെ ഇല്ലാതാക്കുന്നത് കേരളത്തില്‍ കോണ്‍ഗ്രസിനെ തന്നെ ഇല്ലാതാക്കുമെന്ന മുന്നറിയിപ്പൊന്നും നേതാക്കള്‍ ചെവികൊള്ളാന്‍ പോലും തയ്യാറായില്ല. തന്റെ മണ്ഡലത്തിന് പുറത്ത് പ്രചാരണത്തിന് പോകില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ തന്നെ പരസ്യമായി ആവര്‍ത്തിച്ചതും പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വത്തിന് മാത്രമായിരിക്കുമെന്ന് നേതാക്കളുടെ പ്രതികരണവുമെല്ലാം കോണ്‍ഗ്രസ് ഗ്രൗണ്ടിലിറങ്ങാതെ തന്നെ പരാജയം സമ്മതിച്ചുവെന്ന് സാധാരണ ജനത്തെകാണ്ട് പോലും പറയിപ്പിച്ചു. പിന്നാലെ മുന്നണിയുടെ ചുക്കാന്‍ ഏറ്റെടുക്കാന്‍ ലീഗ് ശ്രമിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും തിരിച്ചടിയായി. ഈ സമയത്താണ് കഴിഞ്ഞ അഞ്ച് വര്ഷവും പ്രതിപക്ഷത്തിരുന്ന രമേശ് ചെന്നിത്തലയെ മാറ്റി പകരം ഉമ്മന്‍ചാണ്ടിയെ ഗ്രൗണ്ടിലിറക്കി കളിക്കാന്‍ ദേശിയ നേതൃത്വം തീരുമാനിച്ചത്. മുന്‍ അധ്യക്ഷന്‍മാരെയെല്ലാം ഉള്‍പ്പെടുത്തി പത്തംഗ തിരഞ്ഞെടുപ്പ് മേല്‍നോട്ടസമിതിയെ നിയോഗിച്ച്തും ഇതിന്റെ ഭാഗമാണ്. അപ്പോളും പാര്‍ട്ടിയിലെ സ്ഥാനമോഹികള്‍ കളിനിര്‍ത്തിയിട്ടില്ല എന്നതാണ് വസ്തുത. മത്സരിക്കാനുള്ള കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ നീക്കവും പകരം കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി നല്‍കാനുള്ള നീക്കവും താന്‍ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി പിന്നാലെ സൂചിപ്പിക്കുന്നതുമെല്ലാം പ്രശ്‌ന്ങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന സൂചനകളാണ് നല്‍കുന്നത്.
സീറ്റ് വിഭജനം യുഡിഎഫില്‍ വലിയ തലവേദന സൃഷ്ടിക്കാനിടയില്ല. ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുന്നതും അതിനെ എങ്ങനെ മുന്നണി കൈകാര്യം ചെയ്യുമെന്നുമാത്രമാണ് കണ്ടറിയേണ്ടത്. ശശി തരൂര്‍ എന്ന പ്രൊഫഷണല്‍ രാഷ്ട്രീയക്കാരന്് ഇത്തവണ സംസ്ഥാന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ അവസരം നല്‍കിയിരിക്കുന്നുവെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പിലെ പ്രതീക്ഷ നല്‍കുന്ന കാര്യം. പക്ഷെ തലനരച്ച കോണ്‍ഗ്രസിലെ ഗ്രൂപ്പുക്കാര്‍ അദ്ദേഹത്തോട് എങ്ങനെ സഹകരിക്കുമെന്നതാണ് കണ്ടറിയേണ്ട വിഷയം.

പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുന്നുവെന്നത് യുഡിഎഫിന്, പ്രത്യേകിച്ച് ലീഗിന് കരുത്ത് പകരും. പക്ഷെ നിരന്തരം സ്ഥാനം രാജിവച്ചുകൊണ്ട് ഒരു തിരഞ്ഞെടുപ്പില്‍ നിന്ന് മറ്റൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ രീതി എങ്ങനെ ജനങ്ങളോട് വിശദീകരിക്കുമെന്നത് ലീഗിനും യുഡിഎഫിനും വെല്ലുവിളിയാകും. തദ്ദേശ തിരഞ്ഞെടുപ്പിലെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം യുഡിഎഫിന് വരുത്തിവെച്ച നഷ്ടം വലുതാണ്. വെല്‍ഫെയറുമായുള്ള ബന്ധം വിശദീകരിച്ച് തന്നെ നേതാക്കള്‍ തിരഞ്ഞെടുപ്പ് സമയത്ത് ക്ഷീണിച്ചിരുന്നു. ചിലര്‍ തള്ളിയും ചിലര്‍ തലോടിയും നടത്തിയ പ്രതികരണങ്ങള്‍ നേതാക്കളില്‍ തന്നെയുള്ള അഭിപ്രായഭിന്നത് പുറത്തുകൊണ്ടുവന്നു. അതിനാല്‍ ത്‌ന്നെ ഇക്കാര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കരുതലോടെമാത്രമേ ഐക്യമുന്നണി നീങ്ങുകയുള്ളു. വെല്‍ഫെയറുമായുള്ള ബന്ധം അത്ര വെല്‍ഫെയര്‍ കൊണ്ടുവന്നില്ലെന്ന് തന്നെയാണ് മുന്നണിയിലെ വിലയിരുത്തലും.

തല്ലൊഴിയാതെ ബിജെപി
........
എന്‍ഡിഎ ക്യാമ്പില്‍ കാര്യമായ നീക്കുപോക്കുകളൊന്നും തന്നെ ഇതുവരേയും തുടങ്ങിയിട്ടില്ല. ബിജെപിയിലെ അടിതീരാതെ മറ്റ് കാര്യങ്ങളിലേക്ക് കടക്കാനാവാത്ത സ്ഥിതിയാണ് കേന്ദ്രം ഭരിക്കുന്ന മുന്നണിയിലേത്. കഴിഞ്ഞതവണ നേമത്ത് മാത്രം വിജയിച്ച ബിജെപി ഇത്തവണ 5-7 വരെ സീറ്റുകള്‍ ലക്ഷ്യം വെക്കുന്നുണ്ട്. ലോക്‌സഭയിലെ മികച്ച് പ്രകടനവും തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലമെച്ചപ്പെടുത്തിയതുമെല്ലാം വിലയിരുത്തിയാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ പുതിയ സഖ്യകക്ഷിയായി എത്തിയ ബിഡിജെഎസ് കാര്യമായ നേട്ടം ഉണ്ടാക്കികൊടുത്തില്ല എന്നതും കാര്യമായി ചലനം സൃഷ്ടിക്കാനാവുന്ന മറ്റ് ഘടകകക്ഷികള്‍ കേരളത്തില്‍ ഇല്ല എന്നതും എന്‍ഡിഎക്ക് തലവേദനയാണ്. വി മുരളീധരപക്ഷവും പികെ കൃഷ്ണദാസ് പക്ഷവും തമ്മിലുള്ള ഭിന്നത ഏറ്റവും രൂക്ഷമായിരിക്കുന്ന സമയത്ത് തന്നെയാണ് നിയമസഭ തിരഞ്ഞെടുപ്പ് എന്നതും ബിജെപിയുടെ സാധ്യതകള്‍ ഇല്ലാതാക്കുന്നുണ്ട്. ശോഭ സുരേന്ദ്രന്‍, ജെ എസ് പത്മകുമാര്‍, പി വേലായുധന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം സംസ്ഥാന നേതൃത്വുമായി കലഹിച്ച്് സംസ്ഥാന നേതൃയോഗത്തില്‍ പോലും പങ്കെടുക്കാതെ വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരഹരിക്കാന്‍ കേന്ദ്രനേതൃത്വവും വേണ്ടവിധത്തില്‍ ശ്രമങ്ങള്‍ നടത്തിയിട്ടില്ല എന്നതും വിചിത്രമാണ്. ബംഗാളിനും അസമിനും നല്‍കുന്നതിന്റെ നാലിലൊന്ന് പ്രാധാന്യം പോലും ബിജെപി ഇതുവരേയും കേരളത്തിന് നല്‍കിയിട്ടുമില്ല. നേതൃനിരയിലെ അസ്വാരസ്യങ്ങള്‍ പരഹരിച്ച് തിരഞ്ഞെടുപ്പിന് ഇറങ്ങാന്‍ ബിജെപിക്ക് മുന്നില്‍ ഇനി അധികം സമയമില്ല എന്നതും ഈ നിയമസഭയില്‍ ബിജെപിയുടെ വലിയ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന് വിലങ്ങുതടിയാകും.
കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പികെ കൃഷ്ണദാസ്, എംടി രമേശ് തുടങ്ങിയ വലിയനേതാക്കളെയെല്ലാം ഇത്തവണയും പാര്‍ട്ടിക്ക് ശക്തികൂടുതലുള്ള മണ്ഡലങ്ങളില്‍ ഇറക്കി മത്സരിപ്പിക്കാനാണ് ആലോചന. ഇതിനുപുറമെ സുരേഷ് ഗോപി, കൃഷ്ണകുമാര്‍ തുടങ്ങിയ സിനിമാതാരങ്ങളേയും ജേക്കബ് തോമസ് , ടി പി സെന്‍കുമാര്‍, ആനന്ദബോസ് തുടങ്ങിയ പഴയ ഐപിഎസ് - ഐഎഎസ് ഉദ്യോഗസ്ഥരേയും മത്സരരംഗത്തിറക്കാനും ബിജെപി പദ്ധതിയിടുന്നുണ്ട്.

കളി ആരംഭിക്കുമ്പോള്‍ തന്നെ സ്വര്‍ണക്കടത്തും ഡോളര്‍കടത്തും സോളാറിലെ പീഢനവുമെല്ലാം ഗ്രൗണ്ടിലിറങ്ങിക്കഴിഞ്ഞു. സോളാറിലെ പീഢനം അന്വേഷിക്കാന്‍ സിബിഐയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുമ്പോള്‍ സൂര്യാഘാതമേല്‍ക്കുന്നത് കൂടുതലായും കോണ്‍ഗ്രസിനെയാണ്. ഉമ്മന്‍ ചാണ്ടിമുതല്‍ ഹൈബി ഈഡന്‍ വരെയുണ്ട് പീഢനകേസില്‍ പ്രതിസ്ഥാനത്ത്. രമേശ് ചെന്നിത്തലയെ വെട്ടി അവസാന ലാപ്പില്‍ നേതൃസ്ഥാനത്തേക്ക് കയറിവന്നതിന് ഐ ഗ്രൂപ്പ് നല്‍കിയ പൂഴിക്കടകനാണ് സോളാര്‍ കേസെന്ന്് ദോഷൈകദൃക്കുകള്‍ അടക്കം പറയുന്നുമുണ്ട്. ബിജെപിയില്‍ ദേശിയ ഉപാധ്യക്ഷന്‍ അബ്ദുള്ളകുട്ടിയും സോളാറില്‍ പൊള്ളിയാണ് ഇരിക്കുന്നത്. ഇടത്പക്ഷത്തെ ബേബിയായ ജോസ് കെ മാണിക്കും പണികിട്ടും. അതിനാല്‍ തന്നെ ജോസ് ഇക്കാര്യത്തില്‍ അതൃപ്തനാണ്. അഞ്ച് വര്‍ഷം ഒന്നും ചെയ്യാതിരുന്നിട്ട് അവസാനം കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതം മാത്രമാണെന്നാണ് യുഡിഎഫിന്റെ വാദം. ലൈഫ് മിഷനിലും സ്വര്‍ണക്കടത്തിലുമെല്ലാം സിബിഐ ഏറെ വിശ്വസിക്കുന്ന കോണ്‍ഗ്രസിന് പക്ഷെ സോളാറില്‍ അതില്ലതാനും. ഇടതുപക്ഷവും ഇക്കാര്യത്തില്‍ കളംമാറിയിട്ടുണ്ട്.

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കുമെന്ന പതിവ് പ്രഖ്യാപനം ഇത്തവണയും ഉണ്ടായിട്ടുണ്ട്. ഏതെല്ലാം പാര്‍ട്ടികള്‍ ആ വാക്ക് പാലിക്കുമെന്ന് കണ്ടറിയണം. ഇടതുമുന്നണിയിലെ സിപിഎമ്മും സിപിഐയും ഇതിനോടകം തന്നെ മാനദണ്ഡങ്ങള്‍ വ്യക്താ്ക്കി കഴിഞ്ഞു. സിപിഐയിലെ മന്ത്രിമാരാരും ഇത്തവണ മത്സരിക്കാനിറങ്ങില്ല. മൂന്ന് തവണ മത്സരിച്ചവര്‍ ഇത്തവണ വഴിമാറികൊടുക്കും. സിപിഎമ്മും രണ്ടിലേറെ തവണ മത്സരിച്ചവരെ മാറ്റി നിര്‍ത്തും. ചലര്‍ക്കുമാത്രം മണ്ഡലത്തിലെ വിജയസാധ്യത നോ്ക്കി ഇളവ് നല്‍കും. ലീഗില്‍ വനിതകളെ കുറിച്ച് ചിന്തയേ വേണ്ടെന്ന സൂചന പാര്ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വനിത ലീഗിന്റെ യോഗത്തില്‍ തന്നെ നല്‍കിക്കഴിഞ്ഞു. കോണ്‍ഗ്രസ് 5 തവണ വിജയിച്ചവരും 2 ലേറെ തവണ തുടര്‍ച്ചയായി പരാജയപ്പെട്ടവരും മത്സരിക്കണ്ട എന്ന നിലപാടിലാണ്. സാധാരണഗതിയില്‍ ഇതൊരു പ്രഹസനമായി മാത്രമേ കോണ്‍ഗ്രസില്‍ അവസാനിക്കാന്‍ സാധ്യതയുള്ളു. സീറ്റ് ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ ഇടതുപക്ഷത്തേക്ക് മാറാന്‍ നോക്കി ഒടുവില്‍ സ്ഥാനം നല്‍കാമെന്ന വാഗ്ദാനത്തില്‍ കോംപ്രമൈസ് ചെയ്ത കെവി തോമസ് മാഷിനെ പോലുള്ള നിരവധി പേരാണ് ആ പാര്‍ട്ടിയിലുള്ളത്.

യഥാര്‍ത്ഥ ഫൈനല്‍ തുടങ്ങുന്നേയുള്ളു. രണ്ട് പ്രളയവും കൊവിഡും നിപ്പയുമെല്ലാം കഴിഞ്ഞ അ്ഞ്ച് വര്‍ഷക്കാലം കേരളത്തെ വിറപ്പിച്ചാണ് കടന്നുപോയത്. ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനം തന്നെയാകും ഇടതുമുന്നണി മുന്നോട്ട് വെക്കുന്ന പ്രോഗസ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം കൊണ്ട് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ 95 ശതമാനത്തിലേറെയും സാക്ഷാത്ക്കരിച്ചുവെന്നാണ് ഇടതുപക്ഷം ജനത്തിന് മുന്നില്‍ അവകാശപ്പെടാന്‍ പോകുന്നത്. പുതിയത് അവതരിപ്പിക്കാനും അത് നടപ്പിലാക്കാനുമായി ഭരണതുടര്‍ച്ചയെന്ന ആവശ്യവും. അതേസമയം സ്വര്‍ണക്കടത്തും ഡോളര്‍ക്കടത്തുമെല്ലാമാണ് യുഡിഎഫിന് പറയാനുള്ളത്. ബിജെപിക്കാകട്ടെ ശബരിമലയും ആചാരസംരക്ഷണവും കേരളത്തിന്‍രെ വികസനമെല്ലാം കേന്ദ്രത്തിന്റെ പദ്ധതികളും പണവുമാണെന്ന വാദവും. ഇവരില്‍ ആരെ ജനം വിശ്വസിക്കുമെന്നതാണ് അറിയേണ്ടത്. ഇടതുപക്ഷത്തില്‍ തന്നെ ജനം വിശ്വാസമര്‍പ്പിച്ചാല്‍ അത് ചരിത്രമാകും. കേരളത്തിലെ ആദ്യഭരണതുടര്‍ച്ചയെന്ന ചരിത്രം. യുഡിഎഫില്‍ വിശ്വാസമര്‍പ്പിച്ചാല്‍ അത് പതിവ് കാഴ്ച്ചയാകും. ബിജെപി ഭരണം പിടിക്കില്ലെന്നതില്‍ ആര്‍ക്കും സംശയമില്ല, പക്ഷെ എത്രമണ്ഡലങ്ങളിലെ ജയപരാജയം നിര്‍ണയിക്കുന്നതില്‍ ബിജെപി നിര്‍ണായകമാവുമെന്നതും ജനത്തിന്റെ ഹിതം അനുസരിച്ചിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക