Image

യു .ഡി. എഫ് കപ്പുയർത്താൻ കാപ്പൻ : ആൻസി സാജൻ

Published on 13 February, 2021
യു .ഡി. എഫ് കപ്പുയർത്താൻ കാപ്പൻ : ആൻസി സാജൻ
കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്ന് പാലായിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ 2937 വോട്ടിനാണ് വിജയിച്ചത്. പാലാ നിയോജക മണ്ഡലത്തിൽ കെ.എം.മാണിയോട് മൂന്നുതവണ ഏറ്റുമുട്ടി പരാജയമറിഞ്ഞ ആളാണ് മാണി സി കാപ്പൻ. മൂന്നാം ഘട്ടത്തിൽ  കെ. എം.മാണിക്ക് വൻ ഭീഷണി ഉയർത്തിയ കാപ്പൻ നാലാം തവണ പാലായിൽ വിജയരഥമേറി. 
അന്ന് ജോസ്.കെ.മാണിയും പി.ജെ ജോസഫും പിളരാതെ യു.ഡി.എഫിലും കാപ്പൻ എൽ ഡി എഫിലുമായിരുന്നു. എൽ ഡി എഫിന്റെ പേരിലാണ്  വിജയിക്കുള്ള കപ്പുയർത്തിയതെങ്കിലും കെ.എം.മാണിയുടെയും ജോസ്.കെ.മാണിയുടെയും അപ്രതിരോധ്യത തകർത്ത വമ്പൻ പ്രതീകമായി ഉയരുകയായിരുന്നു മാണി സി കാപ്പൻ.
കാലം പോകെ ജോസും ജോസഫും വഴി പിരിയുകയും ഇടത് വലത് കൂടാരങ്ങളിൽ ചേക്കറുകയും ചെയ്തത് നമ്മൾ കണ്ടു. എന്നാൽ കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം ജോസഫിനെ പിന്നിലാക്കി ഉണർവ്വിലേക്ക് തിരികെ വന്നു. യു.ഡി.എഫിന് കരുത്തേകുന്ന പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതിരുന്ന ജോസഫ് വിഭാഗം അവർക്ക് വമ്പിച്ച നിരാശയാണ് പകർന്നു കൊടുത്തത്. ജോസ് കെ മാണി ഘടകത്തെ ഇടതുപക്ഷം കൂടുതൽ ചേർത്തു നിർത്തുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന കാലത്ത് മാണി.സി. കാപ്പനെയും എൻ സി പിയെയും ഒഴിവാക്കുന്ന രാഷ്ട്രീയമാണ് മാർക്സിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള എൽ ഡി എഫിന്റേത്. തിരഞ്ഞെടുപ്പ് അടുക്കുന്ന സമയങ്ങളിലെല്ലാം ചെറിയ പാർട്ടികൾ തലയുയർത്തി നിന്ന് അവകാശം പറയുന്ന കാഴ്ച പതിവാണ്. പാലാ വിട്ടൊരു കളിക്ക് ജോസ് കെ മാണി തയ്യാറാവില്ല. അതുപോലെ കാലങ്ങൾ കാത്ത് പൊരുതി നേടിയ വിജയം കളഞ്ഞുകുളിക്കാൻ മാണി സി കാപ്പനും ഒരുങ്ങില്ല. പാലായിൽ കാപ്പനെക്കാൾ ശക്തനായൊരു സ്ഥാനാർത്ഥി യു.ഡി.എഫിന് കിട്ടാനുമില്ല.
രാഷ്ട്രീയം കളമറിഞ്ഞു പെരുമാറേണ്ട കളിയാണ്. എൻ.സി. പി മുഴുവനായി വരാൻ ആ പാർട്ടിയുടെ ആരോഗ്യം സമ്മതിക്കുന്നില്ലെന്നാലും യു.ഡി.എഫിന് കാപ്പനെ കിട്ടിയാൽ മതി. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം മുഴുവനും ചലനമുണ്ടാക്കാൻ കഴിയുന്ന ഒരു വരവായിരിക്കുമത്.
പുതിയ കൊട്ടും കുരവയുമില്ലെങ്കിൽ പിന്നെ തിരഞ്ഞെടുപ്പ് മാമാങ്കങ്ങൾക്ക് എന്തോന്ന് ചേല് ? എൽ ഡി എഫ് ,യു. ഡി.എഫ്, ബി.ജെ.പി  ഫൈനൽ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തു വരുമ്പോൾ അന്തം വിടാൻ തയാറായിരിക്കുകയാണ് കേരളത്തിലെ ജനങ്ങൾ.ആര് ആരൊക്കെയാണെന്നും ഏത് ഏതൊക്കെയാണെന്നും കണ്ടറിഞ്ഞ് ആഹ്ളാദം കൊള്ളാൻ ഒരുങ്ങിയിരിക്കുക..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക