Image

ജോലിയെവിടെ,കൂലിയെവിടെ സര്‍ക്കാരേ...? (ഉയരുന്ന ശബ്ദം-29: ജോളി അടിമത്ര)

Published on 14 February, 2021
ജോലിയെവിടെ,കൂലിയെവിടെ സര്‍ക്കാരേ...? (ഉയരുന്ന ശബ്ദം-29: ജോളി അടിമത്ര)
''കഷ്ടപ്പെട്ട് മക്കളെ പഠിപ്പിച്ചിട്ട് ഒരു കാര്യവുമില്ല.മുദ്രാവാക്യം മുഴക്കാന്‍ പഠിച്ചാല്‍ മതി,അവര് രക്ഷപ്പെട്ടോളും.അല്ലേല്‍ അവരടെ അച്ഛനെങ്കിലും  കൊടീം പിടിച്ചു നടക്കണം '',പറയുന്നത് എന്റെ പരിചയക്കാരിയുടെ സഹോദരി.

പാവപ്പെട്ടവളാണ്.ഭര്‍ത്താവിന് തടിപ്പണി,ഭാര്യയ്ക്ക് തുന്നല്‍പ്പണി.രണ്ടു മക്കള്‍.മൂത്തവന്‍ പ്‌ളസ്സ് ടു.മകള്‍ എട്ടാം ക്‌ളാസ്സിലും.അവരിങ്ങനെ പറയാന്‍ കാരണമുണ്ട്.തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തില്‍ പങ്കെടുക്കാന്‍ അവരുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകനും പോയിട്ടുണ്ട്. സമരക്കാരുടെ പ്രതിഷേധവും പൊലീസിന്റെ കൈയ്യൂക്കും ടിവിയില്‍ കണ്ട് മനസ്സു മടുത്തുപോയി  പറഞ്ഞുപോയതാണ്.

''നാത്തൂന്റെ മകന്‍ വീടിന്റെ പ്രതീക്ഷ ആയിരുന്നു.റാങ്ക് ലിസ്റ്റിലുണ്ടെന്നൊക്കെ വലിയ സന്തോഷത്തിലാണ് അവന്‍ പറഞ്ഞിരുന്നത്.അവന് 38 വയസ്സായി.ഇനി എന്നു ജോലി  കിട്ടാനാ.കിട്ടിയാല്‍ എത്ര നാള്.എന്നു വച്ച് കല്യാണം കഴിക്കാതിരിക്കാന്‍ പറ്റൂല്ലല്ലോ.രണ്ടു മക്കളുമായി.ഒരു കടയില്‍ ജോലിക്കുപോയാ അവനിപ്പോ കുടുംബം പോറ്റുന്നത് ''.
ഇത് കേരളത്തിന്റെ മൊത്തം സങ്കടക്കാഴ്ചയാണിപ്പോള്‍.

കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‌സി എഴുതി റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയിട്ട് ഒരു കാര്യവുമില്ലെന്ന് വന്നാല്‍ ...പ്രതീക്ഷ നഷ്ടപ്പെടുന്ന  യൗവ്വനക്കാരുടെ അല്ല ,മദ്ധ്യവയ്‌സ്‌ക്കരുടെ നാടാണ് കേരളം.സര്‍ക്കാര്‍ ജോലി കാത്തിരുന്ന് മൂത്തുനരച്ചുപോയവരുടെ നാട്.ജീവിതത്തിന്റെ നാല്‍ക്കവലയില്‍ പകച്ചുനില്‍ക്കുന്നവരെക്കൊണ്ട് ഭാരതം നിറയുന്ന കാഴ്ച.

ഉത്തരേന്ത്യന്‍ കര്‍ഷകഗ്രാമങ്ങളില്‍നിന്നുയര്‍ന്ന നിലവിളി മൂന്നാം മാസത്തിലേക്കു കുതിക്കയാണ്.കര്‍ഷകനു വേണ്ടാത്ത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം എങ്ങുമെത്തുന്നില്ലെങ്കിലും വിട്ടുവീഴ്ചയ്ക്ക് തെല്ലും തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍.കര്‍ഷകരുടെ നിലവിളിയ്ക്ക് ,കാലപ്പഴക്കത്താല്‍ പുതുമ നഷ്ടപ്പെട്ട് അതൊരു  സാദാ കരച്ചിലായി മാറുകയാണ്.കര്‍ഷക പ്രതിഷേധത്തിനൊപ്പം നില്‍ക്കുന്ന പ്രമുഖര്‍ക്കും കൂച്ചുവിലങ്ങിടുന്ന സങ്കടകരമായ കാഴ്ചകളില്‍ ജനാധിപത്യം നടുങ്ങുന്നു.

കേരളത്തില്‍ തലസ്ഥാന നഗരിയില്‍ അതിലേറെ ജീവന്‍മരണ പോരാട്ടം അരങ്ങു തകര്‍ക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.പട്ടിണിക്കാരായ നൂറുകണക്കിന് അച്ഛനമ്മമാരുടെ പ്രതീക്ഷയായ മക്കള്‍ തെരുവില്‍ മണ്ണെണ്ണയൊഴിച്ചും പട്ടിണി കിടന്നും ആത്മഹത്യാശ്രമം നടത്തിയും പോരാടിയിട്ട് തെല്ലും കുലുക്കമില്ലാതെ സര്‍ക്കാര്‍.എല്ലാവര്‍ക്കും മക്കളെ എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരുമാക്കാന്‍ പറ്റില്ലല്ലോ.പഠിച്ചിറങ്ങിയ എഞ്ചിനിയര്‍മാരും  എംബിഎ ക്കാരും ജോലി കിട്ടാതെ വലയുന്ന കാഴ്ചയുമുണ്ട്.പിഎസ്സ് സി റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയാല്‍  പ്രതീക്ഷയുടെ വേലിയേറ്റമായി.വര്‍ഷങ്ങള്‍ കഴിയുന്നതോടെ  പ്രതീക്ഷയുടെ വേലിയിറക്കമായി.

മൂക്കില്‍പല്ലുവന്ന  യുവത്വങ്ങളുടെ ഏങ്ങലടി ശബ്ദമാണ് നാമിപ്പോള്‍ കേള്‍ക്കുന്നത്.അത് നാടകമാണെന്ന് ഉളിപ്പില്ലാതെ വിളിച്ചുകൂവുന്നത് നമ്മുടെ വോട്ടു യാചിച്ചുവാങ്ങി കസേരയിലിരിക്കുന്നവരാണെന്ന് മറക്കേണ്ട.കണ്ണീരിനെ പ്രഹസനമെന്നു പുശ്ചിക്കുന്ന നേതാക്കളുടെ അഹംഭാവം.തിരഞ്ഞെടുപ്പ് ആ സന്നമായ ഘട്ടത്തില്‍പ്പോലും അധികാരം തലയ്ക്കു പിടിച്ച് മത്തായിപ്പോയവര്‍.   വീട്ടിലെ ഞെരുക്കങ്ങളും  കുഞ്ഞുമക്കളുടെ ഭാവിയും ഓര്‍ത്ത് ആധിപിടിച്ചാണ് വയനാട്ടില്‍നിന്നും കാസര്‍കോട്ടുനിന്നും ഇടുക്കിയില്‍നിന്നുമൊക്കെ അനന്തപുരിയില്‍ വന്ന് സമരത്തില്‍ പങ്കാളികളാകുന്നതെന്ന യാഥാര്‍ഥ്യം എന്തേ ഓര്‍മിക്കുന്നില്ല.ഒരു ഓട്ടോ  ഡ്രൈവറുടെ ഭാര്യയായ ലയ രാജേഷ്  സമരവേദിയില്‍ പൊട്ടിക്കരഞ്ഞത് നാട്ടുകാരെ കാണിക്കാനല്ലായിരുന്നു,തൊഴിലില്ലായ്മയുടെ ഗതികേടിലായിരുന്നു എന്ന് മനസ്സിലാക്കാത്ത ജനനായകര്‍ നമ്മള്‍ക്കെന്തിനാണ് എന്ന് പൊതുജനം ചിന്തിക്കേണ്ടതുണ്ട്.

സെക്രട്ടേറിയറ്റിനു മുന്നിലെ സമരത്തിനിടെ മണ്ണെണ്ണ  ശരീരത്തിലൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പാലക്കാട് പെരുവെമ്പ് സ്വദേശി കെ.കെ.റിജു ഭാര്യയ്ക്കുവേണ്ടിയാണ് സമരത്തിനെത്തിയത്..ഭാര്യ സനൂജ വയനാടു ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് പട്ടികയില്‍  259-ം റാങ്കുകാരിയാണ്.ഒന്‍പതും നാലും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളുളളതിനാല്‍ സനൂജ വീട്ടില്‍ത്തന്നെ നില്‍ക്കുകയായിരുന്നു.അങ്ങനെയാണ് ഭാര്യയ്ക്കു പകരം റിജു എത്തിയത്.ചിറ്റൂരില്‍ ചെരിയൊരു സ്ഥാപനം നടത്തി കഷ്ടിച്ചു കഴിഞ്ഞു കൂടുന്ന കുടുംബമാണ് . റാങ്ക് പട്ടികയില്‍പ്പെട്ട എല്ലാവരെയും നിയമിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കുന്നതിനൊപ്പം കഴിഞ്ഞ തവണ നടത്തിയതിന്റെ അത്രയെങ്കിലും നിയമനങ്ങള്‍ ഉണ്ടാകണമെന്ന ആവശ്യമാണ് സമരക്കാര്‍ക്കുള്ളത്.

ഏതു സര്‍ക്കാര്‍ വന്നാലും കേരളനാട്ടിലെ കോരന് കഞ്ഞി കുമ്പിളില്‍ത്തന്നെ.ഇടതു സര്‍ക്കാറിന്‍രെ പിന്‍വാതില്‍ നിയമനത്തെപ്പറ്റി വാതോരാതെ യാത്രയില്‍'ഐശ്വര്യ 'മായി വിളമ്പുന്നവരുടെ കൈയ്യില്‍ ഭരണം കിട്ടിയാലും ഗതി ഇതുതന്നെയാണ്. ഭരണത്തിലിരിക്കുന്നവന്റെ അനുയായികള്‍ക്കും ഒപ്പം നില്‍ക്കുന്നവനും ശിങ്കിടികള്‍ക്കും ജോലിയും കൂലിയുമുണ്ട്.പിഎസ്സ്‌സി നോക്കുകുത്തിയാവുമ്പോള്‍ പ്രതീക്ഷ നഷ്ടമാകുന്നത് രാഷ്ട്രീയമില്ലാത്തവനാണ്.

എട്ടരലക്ഷം പേര്‍കൂടി...

തൊഴില്‍ നഷ്ടപ്പെട്ട് വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ 8,33,550 പേരാണെന്ന് കണക്കുകള്‍.ഗള്‍ഫ് രാജ്യങ്ങളുള്‍പ്പടെ വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് 7,18,420 പേരും മറ്റു സംസ്ഥാനത്തുനിന്ന് 1,15,130 പേരുമാണ് കേരളത്തില്‍ തിരിച്ചെത്തിയത്.വൈകാതെ ഇത് പത്തുലക്ഷം കഴിയുമെന്നാണ് നിഗമനം.കോവിഡില്‍  തിരിച്ചു സ്വന്തം നാട്ടിലേക്കു വന്നത് 25 ലക്ഷം പേരാണ്.നോര്‍ക്കയുടെ കണക്കാണിത്.
തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്ന സാഹചര്യമാണ് കേരളത്തിലിപ്പോള്‍.അതിനിടയിലാണ് പിടിച്ചു നില്‍ക്കാനുള്ള പോരാട്ടം.റാങ്ക് ഹോള്‍ഡേഴ്‌സിനെക്കാള്‍ ജോലിനേടാന്‍ ഒരു പിന്‍വാതിലാണ് നല്ലതെങ്കില്‍ ..... 

കഷ്ടപ്പെട്ട്  ഒരുപാട് പഠിക്കുന്നതിനെക്കാള്‍ നല്ലത് ഉഴപ്പന്‍മാരായി വളരുന്നതാണെന്ന ഒരു സന്ദേശം കൂടെയാണ് പൊതു സമൂഹത്തിന് പിന്‍വാതില്‍ നിയമനത്തിലൂടെ നല്‍കുന്നത്.കുട്ടിക്കുരങ്ങന്‍മാരുണ്ടെങ്കിലേ ചൂടു ചോറില്‍ കൈയ്യിട്ടുവാരാന്‍ ആളെ കിട്ടൂ എന്ന് നേതാക്കള്‍ക്കറിയാം.ഒന്നുമറിയത്തില്ലെങ്കിലും പരീക്ഷാഹാളില്‍ വെറുതെ ചെന്ന് കുത്തിയിരുന്ന് മടങ്ങിയാല്‍ മതി.ബാക്കിയൊക്കെ വേണ്ടപ്പെട്ടവര്‍ ചെയ്‌തോളും.ചെറുപ്പത്തിലേ ഏതെങ്കിലും  ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുക,കൊടിപിടിച്ച് അടിയുണ്ടാക്കി തെക്കു വടക്കു നടക്കുക,സ്വന്തം പാര്‍ട്ടി അധികാരത്തിലേറിയാല്‍ ഉദ്യോഗം ഉറപ്പ്.പിറകിലെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കയാണല്ലോ.മാറിമാറി വരുന്ന എല്ലാ സര്‍ക്കാറുകളും ഇതേ നയം തന്നെയാണ് വച്ചുപുലര്‍ത്തുന്നത്.കണ്ണിലെണ്ണയൊഴിച്ച് ശരിക്കു പഠിച്ചു പാസ്സാകുന്നവന്‍ പമ്പരവിഡ്ഡി.അവന്‍ മണ്ണെണ്ണയും പെട്രോളും ഒഴിച്ച് നിരാശകളെ ആത്മാഹൂതിയാക്കാന്‍ നിരത്തിലിറങ്ങേണ്ട ഗതികേട്.
മാധ്യമങ്ങള്‍ ഇത്തിരിയൊക്കെ ബഹളം വയ്ക്കുമായിരിക്കും.അതു കഴിഞ്ഞ് എല്ലാം കെട്ടടങ്ങും.ജനം മറക്കും.കാരണം പൊതുജനം കഴുതയാണല്ലോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക