Image

കന്യാസ്ത്രീ മഠങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികൾക്ക് റേഷൻ കാർഡ് (ആൻസി സാജൻ)

Published on 15 February, 2021
കന്യാസ്ത്രീ മഠങ്ങളിലെയും അഗതി മന്ദിരങ്ങളിലെയും അന്തേവാസികൾക്ക് റേഷൻ കാർഡ് (ആൻസി സാജൻ)
കന്യാസ്ത്രീ മഠങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികൾക്ക് റേഷൻ കാർഡ് എന്ന അത്യന്തം സന്തോഷമുണർത്തുന്ന വാർത്തയാണ് ഇന്നത്തെ കുറിപ്പിനാധാരം. ആശ്രമങ്ങൾ , ക്ഷേമാശുപത്രികൾ, ക്ഷേമ സ്ഥാപനങ്ങൾ എന്നിവയിലെ അന്തേവാസികൾക്കുള്ള ഇൻസ്റ്റിറ്റ്യൂഷൻ കാർഡിന്റെ സംസ്ഥാന തല വിതരണ ഉദ്ഘാടനം  കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ മന്ത്രി നിർവഹിക്കുന്നു.
ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് പൊതുവിതരണ സമ്പ്രദായപ്രകാരമുള്ള റേഷൻ വിഹിതം ലഭിക്കുന്നതിനു വേണ്ടിയാണ് സർക്കാർ പുതിയ റേഷൻ കാർഡ് അനുവദിക്കുന്നത്. ബ്രൗൺ നിറമായിരിക്കും ഇത്തരം റേഷൻ കാർഡുകൾക്ക് .
കേരളത്തിൽ കോട്ടയം ജില്ലയിലാണത്രെ കന്യാസ്ത്രീ മഠങ്ങളും അഗതിമന്ദിരങ്ങളും മറ്റും ഏറ്റം കൂടുതലുള്ളത്. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഊർജ്ജിത നടത്തിപ്പാണ് ലക്ഷ്യം. 10.90 രൂപ നിരക്കിൽ 2 കിലോ അരിയും , ലഭ്യത അനുസരിച്ച് 1 കിലോ ആട്ടയും എല്ലാ മാസവും കിട്ടും.
അഗതികളും സ്ത്രീകളും കന്യാസ്ത്രീകളും എല്ലാം ഒരുപോലെയാണെന്ന് തോന്നുന്നു. മുമ്പേ തന്നെ ഗൃഹനാഥകളെ കാർഡുടമകളാക്കിയത് ഓർക്കുമല്ലോ. മാസത്തിൽ ഒരു പ്രാവശ്യം റേഷൻ കടവരെയെങ്കിലും സർവ്വസ്വതന്ത്രമായി എല്ലാവരുടെയും സമ്മതാനുഗ്രഹങ്ങളോടെ സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് പെണ്ണുങ്ങൾക്ക് ഇതുവഴി ലഭിക്കുക. അവരുടെ വിരലടയാളം രേഖപ്പെടുത്താതെ ഒരു പിടി അരിയോ ഗോതമ്പോ ഒരു തുള്ളി മണ്ണെണ്ണയോ റേഷൻ കടക്കാരൻ തരില്ല.
പറഞ്ഞു വരുന്നത് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് പേരും വീട്ടു പേരുമൊക്കെ ഉണ്ടെങ്കിലും സ്വന്തമായ സ്വതന്ത്രമായ  ഒരു കൈവശരേഖ  ഉണ്ടായിരുന്നില്ല. പുറം രാജ്യങ്ങളിലൊക്കെ പോയി സിറ്റിസൺഷിപ്പ് കിട്ടുമ്പോൾ എത്ര മാത്രം ആനന്ദവും ആശ്വാസവും ആളുകൾക്ക് കിട്ടും എന്നത് പോലെയാണിതും; സ്വന്തമായൊരു റേഷൻ കാർഡ്.
 സ്ത്രീകളുടെ ഒരു ദീർഘദൂര മുന്നേറ്റത്തിന് സഹായമാകുന്ന നല്ല പരിഷ്കാരമാണിത്. സ്വന്തമായ വേറെ യാതൊന്നുമില്ലാത്തവർക്ക് ഈ രാജ്യത്ത് ലഭിക്കുന്ന അവകാശ രേഖ. വേരറുത്ത് വേരറ്റ് മാറ്റപ്പെട്ടവർക്കുള്ള സമ്മാനം. അകത്ത് നിൽക്കുന്ന വളർച്ച മുരടിച്ച ബോൺസായ് മരങ്ങൾക്കുള്ള അപ്രതീക്ഷിത സ്വാതന്ത്ര്യം. മാസത്തിൽ കിട്ടുന്ന 2 കിലോ അരിയുടെ കഞ്ഞിയും ലഭ്യത പോലെ കിട്ടുന്ന ആട്ടയുടെ ചപ്പാത്തിയും ഇനി ഇവർക്ക് സ്വന്തം.
പുതിയ ചുവടുവയ്പുകൾ വലിയ മാറ്റങ്ങൾ തുറക്കട്ടെ.
ഇതിനിടയിൽ തികച്ചും ദൗർഭാഗ്യകരമായ മറ്റൊരു വാർത്തയും റേഷൻ കാർഡ് വാർത്തയുടെ പേജിലുണ്ട്.
കന്യാസ്ത്രീ പാറമടയിൽ മരിച്ച നിലയിൽ ...
26 വർഷം മുമ്പ് കന്യാസ്ത്രീ ആയ അവർ കാക്കനാട്ടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിൽസയിലായിരുന്നുവെന്ന് പോലീസും കോൺന്റ് അധികൃതരും പറയുന്നു.
സാധാരണ സ്ത്രീകൾക്കു പോലും ഡിപ്രഷൻ ഒഴിഞ്ഞ നേരമില്ല. റേഷൻ കാർഡ് കിട്ടുന്നത് കൊണ്ട് കുറച്ച് സമാധാനം കിട്ടിയാൽ അത്രയും നല്ലത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക