Image

ജാതി, മത രാഷ്ട്രീയവും വിഭാഗീയതയും അരങ്ങു വാഴുമ്പോൾ: സിൽജി ജെ ടോം

സിൽജി ജെ ടോം Published on 17 February, 2021
ജാതി, മത രാഷ്ട്രീയവും വിഭാഗീയതയും അരങ്ങു വാഴുമ്പോൾ: സിൽജി ജെ ടോം
'ദൈവത്തിന്റെ സ്വന്തം നാടി'നെ പൊതിഞ്ഞു നിന്നിരുന്ന സ്‌നേഹബന്ധങ്ങളുടെയും  സാഹോദര്യത്തിന്റേയുമൊക്കെ നല്ലൊരു പങ്ക് ഈ നാട്ടിൽ നിന്ന് പടിയിറങ്ങിപ്പോയിരിക്കുന്നു.  എന്ന് മുതലാണ് വർഗീയതയുടെയും മതാന്ധതയുടെയും മൂടുപടമിട്ട കപട സ്നേഹത്തിന്റെ ആശ്ലേഷത്തിലേക്ക് നമ്മുടെ പ്രിയപ്പെട്ട നാട് ഓടിയടുത്തത് എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . 

മതേതരവും സാമൂഹ്യ മാറ്റത്തിലൂന്നിയതുമായ പുരോഗമന രാഷ്‌ട്രീയത്തിന്റെ ദൗർബല്യം മുതലെടുത്ത്  വര്‍ഗീയതയുടെ രാഷ്‌ട്രീയം കേരളക്കരയിലും  ശക്തി പ്രാപിക്കുകയാണ്  എന്നതിൽ രണ്ടുപക്ഷമില്ല  .  

തീർച്ചയായും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലകൾ തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ . അവയുടെ നയങ്ങളും പരിപാടികളുമാണ് രാഷ്ട്രീയത്തിന്റെ ശക്തിയും ദൗർബല്യവും. 

ഇന്ന്  കേരളത്തിന്‍റെ അന്തരീക്ഷം വർഗീയവും ജാതിയവുമായ ആക്ഷേപങ്ങളും ആരോപണങ്ങളുംകൊണ്ട് അപകടകരമാംവിധം മലിനമായിരിക്കുന്നു. കേരളത്തെ ഇങ്ങനെയൊക്കെ ആക്കിത്തീർത്തതിൽ  നമ്മുടെ സമകാലീന രാഷ്ട്രീയത്തിനും  പങ്കുണ്ടെന്ന് പറയാതെ വയ്യ.

നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന്‌ വ്യത്യസ്‌തമായി പ്രാദേശിക ഘടകങ്ങളിലൂന്നിയുള്ള ജനവിധിക്ക്‌ മുന്‍ഗണനയുള്ള  തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജാതി-മത ധ്രുവീകരണത്തെ കേന്ദ്രീകരിച്ചുള്ള പുത്തൻ  സാധ്യതകള്‍ തേടുന്നതില്‍ നമ്മുടെ മുഖ്യധാരാ പാര്‍ട്ടികളെല്ലാം  മുന്നിലുണ്ടായിരുന്നുവെന്നത് നാം കണ്ടതാണ് . 
 
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സ്ഥാനാർഥി നിർണയം തൊട്ട്, ജാതി മത സമവാക്യങ്ങൾ കേരള രാഷ്ട്രീയത്തിൽ വഹിക്കുന്ന പങ്ക് പ്രധാനമാണ് . എങ്ങനെയും  അധികാരത്തിൽ വരുക, അവിടെ എന്തുമാർഗവും ഉപയോഗിച്ചു തുടരുക എന്നതാണ്  മിക്ക രാഷ്‌ട്രീയ പാർട്ടികളുടെയും  നേതാക്കളുടെയും കാഴ്ചപ്പാട് .

ഒന്നേകാൽ നൂറ്റാണ്ടിന്  മുൻപ് സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ച വേളയിൽ ഇവിടുത്തെ അവസ്ഥ കണ്ട് അദ്ദേഹം ഈ നാടിനെ  വിശേഷിപ്പിച്ചത് 'ഭ്രാന്താലയ'മെന്നായിരുന്നുവെങ്കിൽ ഇന്നും സ്ഥിതിഗതികളിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വസ്തുത. 

സ്നേഹം മറന്ന, മതേതരത്വത്തിന്റെ നൈര്മല്യത്തെ മറന്ന് കാപട്യത്തിന്റെ മൂടുപടമിട്ട ഒരു സമൂഹമാണ് ഇവിടെ രൂപപ്പെട്ടുവരുന്നത് . സ്‌നേഹസമൃദ്ധമായ ഒരു പൊതുജീവിതം കേരളത്തിന് നഷ്ടപ്പെട്ട് തുടങ്ങിയിട്ട്  ഒന്നു രണ്ടു പതിറ്റാണ്ടുകളെങ്കിലുമായി. 

ഒരു രാജ്യത്തിന്‍റെ ജനാധിപത്യ ക്രമത്തിന്റെ മൂല്യാധിഷ്ടിതമായ നിലനിൽപിന് രാഷ്‌ട്രീയ കക്ഷികളുടെ രാഷ്‌ട്രീയ ധാർമികതയുമായി ബന്ധമുണ്ട് . അധികാര രാഷ്‌ട്രീയം   മൂല്യാധിഷ്ഠിതമായെങ്കിൽ മാത്രമേ രാജ്യത്തെ ജനാധിപത്യത്തിലും നന്മ നിറയൂ .

 എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ നിയമസഭാ  മണ്ഡലമായിരുന്ന വാഴൂരിൽ തിരഞ്ഞെടുപ്പ് അങ്കത്തിന് ഇറങ്ങിയിരുന്ന സ്ഥാനാർത്ഥികളെക്കുറിച്ചു ചോദിക്കുമ്പോൾ മണ്ഡലത്തിലെ ജാതി രാഷ്ട്രീയ സമവാക്യങ്ങളെ കുറിച്ച് എന്റെ പിതാവ് കോൺഗ്രസ്(ഐ) പ്രവർത്തകനായിരുന്ന ഇ എം ജോൺ ചമ്പക്കര വിശദീകരിച്ചു തന്നിരുന്നത് ഓർക്കുന്നു. അന്നുമുണ്ടായിരുന്നു വീറും വാശിയും വിഭാഗീയതയുമൊക്കെ  എന്ന് കൃത്യമായി അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വാശിയേറിയ പ്രവർത്തനത്തിൽ നിന്നും ഞാനോർത്തെടുക്കുന്നു . പക്ഷെ വിഭാഗീയചിന്തകൾ എന്റെ നാടിനെയും രാജ്യത്തെയും ഇത്രയേറെ കാർന്നു തിന്നിരുന്നില്ല അന്നൊന്നും . ഇന്ന് എനിക്ക് ഏറെ വിഷമമുണ്ട്,  രാഷ്ട്രീയ മതമാത്സര്യങ്ങളും അക്രമങ്ങളും ചോര വീഴ്‌ത്തുന്ന എന്റെ നാടിനെയോർത്ത് , വിഭാഗീയതയുടെയും  മതാന്ധതയുടെയും പിടിയിലമർന്ന പ്രിയ ഭാരതാംബയെയോർത്ത് . 

ജാതിയും മതവും നിറഞ്ഞുനിൽക്കുന്ന ഇന്നത്തെ രാഷ്ട്രീയ, തിരഞ്ഞെടുപ്പുരംഗങ്ങൾ  വലിയ  ആശങ്കയുയർത്തുന്നു. 

  മതപരമായ   ചിന്തകളെ  തുറന്നമനസോടെ സ്വീകരിക്കുന്ന നാടായാണ് ഒരുകാലത്ത് കേരളം അറിയപ്പെട്ടിരുന്നത്. സംസ്കാരങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും ഇവിടെ ഇഴചേർന്നു നിന്നു.   സഹിഷ്ണുതയുള്ളതും മതേതരവുമായിരുന്നു ഈ നാടിൻറെ സംസ്കാരം . ഇന്ന് പക്ഷെ കേരളത്തിൽ മാത്രമല്ല , രാജ്യത്താകെ വിഭാഗീയതയുടെ വിഷ രേണുക്കൾ വീണുപടർന്നിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്നു .ജനമനസുകളിലാകെ ഭയം പടരുന്നു . ഏറെ ആശങ്കയുണ്ട് , എങ്ങോട്ടാണ് പ്രിയ ഭാരതമേ നിന്റെ പോക്ക് . 

രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി നിര്ണയത്തിലൊക്കെ മത, ജാതി വിഭാഗങ്ങളുടെ സ്വാധീനം കണ്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.  അതാത് മണ്ഡലങ്ങളിലെ പ്രബലമായ മത, ജാതി വിഭാഗങ്ങളുടെ എണ്ണവും സ്വാധീനവും  അനുസരിച്ച് സ്ഥാനാർഥികളെ നിശ്ചയിക്കുകയാണ് പൊതുവെ കണ്ടു വരുന്ന രീതി .  
ആസന്നമായിരിക്കുന്ന  തെരഞ്ഞെടുപ്പിലും കഴിഞ്ഞുപോയ തദ്ദേശ ഇലക്‌ഷനിലും  റേഷൻ കിറ്റുകൾ, വീടു  പണിക്കുള്ള സാമ്പത്തിക സഹായം, പെൻഷനുകൾ, വിവിധ  ക്ഷേമ പദ്ധതികൾ തുടങ്ങിയവയും വോട്ടർമാരെ ആകർഷിക്കുന്ന മാനദണ്ഡങ്ങളായി  കടന്നുവരുന്നുവെന്നത് സ്വാഗതാർഹമാണ്.   അഴിമതികഥകളും സ്ത്രീ കേന്ദ്രീകൃത പീഡന , അഴിമതികേസുകളുമൊക്കെ   ഈ തിരഞ്ഞെടുപ്പിലും കടന്നുവരുന്നുണ്ട് . എന്നിരുന്നാലും മിക്ക  തെരഞ്ഞെടുപ്പുകളിലും ജാതി-സാമുദായിക ഘടകങ്ങളാണ് നിർണായകമാകാറുള്ളത് . ഒരു പാർട്ടിയും ഇതിൽ നിന്നും വ്യത്യസ്തമല്ലന്നതാണ് ഖേദകരം .  

 കേരളത്തിലെ മൂന്ന് മുന്നണികളും തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാമുദായികമായ തന്ത്രങ്ങൾ സ്വീകരിക്കുന്നുണ്ട് .  കേരള സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള എല്ലാ തെരഞ്ഞെടുപ്പ് നിലപാടുകളും. ചെറിയ  രാഷ്ട്രീയ ലാഭങ്ങൾ ഉണ്ടാകുമെങ്കിലും ഇത്തരം  നേട്ടങ്ങൾ സമൂഹത്തിൽ വിഭാഗീയതക്കിടയാക്കും. ഭൂരിപക്ഷ, ന്യൂനപക്ഷ രാഷ്ട്രീയ  ധ്രുവീകരണങ്ങള്‍ക്കുള്ള  ശ്രമങ്ങള്‍  തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടായത് നമ്മൾ കണ്ടതാണ് . 

സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതു സംബന്ധിച്ച വിഷയം  ഇത്തവണത്തെ   തെരഞ്ഞെടുപ്പിലും  ചർച്ചാ വിഷയമാകുന്നുണ്ട്.

 സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംവരണത്തെ എതിർത്തതിനാൽ മുസ്‌ലിം ലീഗും ഭൂരിപക്ഷ സമുദായവും തമ്മിൽ തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ന്യൂനപക്ഷ സമുദായത്തിന്‍റെ ആനുകൂല്യങ്ങൾ വിതരണം ചെയ്യപ്പെടുന്നതിൽ ക്രൈസ്തവരും മുസ്‌ലിംകളും തമ്മിൽ  അഭിപ്രായ വ്യത്യാസമുണ്ട്. ആനുകൂല്യങ്ങളിൽ 80 ശതമാനവും മുസ്‌ലിം സമുദായമാണ് കൈക്കലാക്കുന്നതെന്ന ക്രൈസ്തവ നേതാക്കളുടെ ആക്ഷേപങ്ങൾക്ക് ഇനിയും പരിഹാരമായിട്ടില്ല .

മുസ്ലിം തീവ്രവാദത്തിന്റെ പുതിയ മുഖമെന്ന് വിമര്ശിക്കപ്പെടുന്ന  വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ  തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കിയ ‌ യുഡിഎഫ്‌ നിലപാട് പാർട്ടിക്കുള്ളിൽ പോലും ശക്തമായി വിമർശി ക്കപ്പെട്ടിരുന്നു .  മതേതര സ്വഭാവം നിലനിർത്താൻ ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്ന് പൊതുവെ കരുതപ്പെടുന്ന  കോൺഗ്രസ് , മുസ്ലിം ലീഗുമായി ചേർന്ന്  അവതരിപ്പിച്ച  ന്യുനപക്ഷ വർഗീയതയുടെ മുഖമുള്ള പുതുമോഡൽ കൂട്ടുകെട്ട് തുടക്കത്തിലേ തകർന്നത് നാടിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നന്നായി. 

സ്വാതന്ത്ര്യാനന്തര കാല ത്ത്‌ ഇന്ത്യൻ ജനാധിപത്യവും ജനങ്ങളും എത്രകണ്ടു വളർന്നു എന്ന് ചിന്തിക്കേണ്ടതാണ് . രാഷ്‌ട്രീയ കക്ഷികൾ വോട്ടുകൾ നേടുന്നതിനും അധികാരത്തിൽ എത്തുന്നതിനും വേണ്ടി സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും  വിമർശനാത്മകമായി പരിശോധിക്കേണ്ടതാണ്. രാഷ്‌ട്രീയ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങളും പങ്കുവെക്കുന്ന തെറ്റായ സന്ദേശങ്ങൾ  പരിശോധിക്കേണ്ടതുണ്ട്. 

മതത്തിന്റെയും വര്‍ഗീയ വേർതിരിവുകളുടെയും അടിസ്ഥാനത്തില്‍ ജനത്തെ വിഭജിക്കുന്ന രാഷ്ട്രീയം തൊണ്ണൂറുകള്‍ക്ക് ശേഷമാണ്  ഇന്ത്യയില്‍ പ്രകടമായി കാണുന്നതെന്ന് തോന്നുന്നു . ആഗോളാടിസ്ഥാനത്തില്‍ തന്നെ സംഭവിച്ച ഒരു മാറ്റത്തിന്റെ ഭാഗമായാണിതെങ്കിലും  ഇന്ത്യയില്‍ അത് വളരെ വ്യക്തമായി ശക്തി പ്രാപിച്ചു .  സാമൂഹിക ബന്ധങ്ങളെ തുടച്ചുനീക്കി  വ്യക്തികളുടെ സ്വാർത്ഥപരമായ വളർച്ച മാത്രമാണീ രാഷ്ട്രീയം  ലക്ഷ്യമിടുന്നത്‌ . 

രാഷ്‌ട്രീയത്തെ കാർന്നുതിന്നു നശിപ്പിക്കുന്ന തിന്മയുടെ വൈറസുകളെ തുടച്ചുനീക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.  തെരഞ്ഞെടുപ്പുകൾ ഇന്ന്  ഓരോ വ്യക്തിയെയും തന്‍റെ മതവും ജാതിയുമൊക്കെ  ഓർമപ്പെടുത്തുന്നുവെങ്കിൽ പിന്നെ നാം കൊട്ടിഘോഷിക്കുന്ന മതേതരത്വത്തിന്റെ പ്രസക്തി എവിടെയാണ്. മതമൗലികവാദ സംഘടനകളുമായും മറ്റും തിരഞ്ഞെടുപ്പ്  സഖ്യം  ഉണ്ടാക്കുന്നതിൽനിന്നു മുഖ്യധാരാ രാഷ്ട്രീയ മുന്നണികൾ ഇനിയെങ്കിലും പിൻവാങ്ങേണ്ടിയിരിക്കുന്നു  

Join WhatsApp News
സത്യ,ധർമ്മാദി, വെടിഞ്ഞിടിന... 2021-02-17 10:41:43
പൊതുജനത്തിലെ ഭൂരിഭാഗം ആൾക്കാരും അവർ എന്തായിരിക്കുന്നുവോ അതിൻപ്രകാരം ആണ് വസ്തുതകളെ വിലയിരുത്തുന്നതും വീഷിക്കുന്നതും. സ്വന്തം ജാതി, മതം എന്നിവയെ ഉപേക്ഷിച്ചു മാനവികത ഉള്ളവർക്കേ സത്യം കാണുവാൻ സാധിക്കയുള്ളു, അങ്ങനെയുള്ള മനോഭാവം ഉള്ളവർക്കേ സമൂഹത്തിൽ സമാധാനം ഉണ്ടാക്കുവാനും സാധിക്കു!. സത്യ,ധർമ്മാദി, വെടിഞ്ഞിടിന പുരുഷനെ ക്രുദ്ധനാം സർപ്പത്തേക്കാൾ എത്രയും പേടിക്കേണം; അതാണ് നാടിൻറ്റെ അവസ്ഥ. -andrew
amerikkan mollakka 2021-02-18 22:12:56
അസ്സലാമു അലൈക്കും സിൽജി സാഹിബ. വല്ലപ്പോഴും ഇ മലയാളിയിൽ എയ്തുന്ന ഇങ്ങടെ കയമ്പുള്ള ലേഹനങ്ങൾ ഞമ്മള് ബായിക്കാറുണ്ട്. പടച്ചോനാണേ കേരളം ദൈവത്തിന്റെ നാടല്ല എന്ന് ഞമ്മള് ബിശ്വസിക്കുന്നു. അത് രാഷ്ട്രീയ ഇബ്‌ലീസുകളുടെ, കൈക്കൂലി പിശാചുക്കളുടെ, കാമ ബെറിയന്മാരുടെ , തട്ടിപ്പു ഹമുക്കുകളുടെ നാടാണ്. അബടെ ഇബ്‌ലീസിന്റെ ബട്ടക്കളി നടക്കും. ഒന്നും നന്നാകാൻ പോകുന്നില്ല,.ഇങ്ങളെപോലുള്ളവർ ഇനി മുതൽ ദൈവത്തിന്റെ നാട് എന്ന് എയ്തരുത്. ഇൻഷാ അള്ളാ സാഹിബ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക