Image

സേതു നരിക്കോട് എന്ന ഭാഷാസ്‌നേഹി (ജെ. മാത്യൂസ്)

Published on 17 February, 2021
സേതു നരിക്കോട് എന്ന ഭാഷാസ്‌നേഹി (ജെ. മാത്യൂസ്)
1998-ല്‍ റോച്ചസ്റ്ററില്‍ (തുഞ്ചന്‍പറമ്പ്) വച്ചു നടന്ന ഫൊക്കാന സമ്മേളനത്തിനു മുന്നോടിയായി ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച സാഹിത്യ ശില്പശാല. മഹാകവി ചെറിയാന്‍ കെ. ചെറിയാന്‍ ചര്‍ച്ചകള്‍ നയിക്കുന്നു. ലാനയുടെ മുന്‍ പ്രസിഡന്റ് മനോഹര്‍ തോമസ് മുഖ്യ സംഘാടകന്‍. പ്രൊഫസര്‍ കെ.എം. തരകന്‍, സി. രാധാകൃഷ്ണന്‍, പുതുശേരി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ക്ലാസ് എടുക്കുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വന്നെത്തിയ ഇരുനൂറിലധികം ഭാഷാസ്‌നേഹികള്‍ രണ്ടു പകലും മൂന്നു രാത്രിയും നീണ്ടു നിന്ന സാഹിത്യ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. പിന്‍നിരയില്‍ ഒരാള്‍, ഒട്ടും തന്നെ സംസാരിക്കാതെ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു. നോട്ടു ബുക്കില്‍ ചിലതൊക്കെ കുറിക്കുന്നുണ്ടായിരുന്നു. സ്വന്തം കാമറയില്‍ ഫോട്ടോ എടുക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. അടുത്തറിഞ്ഞപ്പോഴാണ് ആദരണീയനായ സേതു നരിക്കോടാണ് അദ്ദേഹമെന്നറിഞ്ഞത്. ഭാഷാസ്‌നേഹിയും, സാഹിത്യപ്രേമിയുമായ 'വലിയ മലയാളി'. അന്നത്തെ ചര്‍ച്ചകളുടെ സംഗ്രഹം ഫോട്ടോകളോടുകൂടി ഒരു ബുക്ക്‌ലെറ്റായി അദ്ദേഹം തന്നെ സ്വന്തം പ്രസില്‍ -സന്ധ്യാ പ്രസില്‍- അച്ചടിച്ച്, 1998-ലെ ഫൊക്കാന കണ്‍വന്‍ഷനില്‍ വിതരണം ചെയ്തു!

മലയാള ഭാഷയുടേയും കലാരൂപങ്ങളുടേയും നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും സേതു നരിക്കോട് നല്കിയിട്ടുള്ള സംഭാവനകള്‍ എത്ര വിലപ്പെട്ടതാണെന്ന് അധികമാര്‍ക്കും അറിഞ്ഞുകൂടാ. പരസ്യപ്പലകകളില്‍ സ്വന്തം പടം പതിപ്പിച്ച് കീര്‍ത്തി നേടാന്‍ വ്യഗ്രത കാണിക്കാത്ത ഒരു നിശബ്ദ ഭാഷാസ്‌നേഹി ആയിരുന്നു സേതു നരിക്കോട്. പ്രവര്‍ത്തിച്ചിട്ടുള്ള ഒരു സംഘടനയുടേയും നേതൃത്വം പിടിച്ചുപറ്റാനുള്ള ആവേശം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് അന്യമായിരുന്നു.

മലയാളികളുടെ അച്ചടിശാല (പ്രസ്) ഒന്നുംതന്നെ ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹം സന്ധ്യാപ്രസ് സ്ഥാപിച്ചത്. വ്യാകരണത്തെറ്റില്ലാതെ, അക്ഷരപ്പിശക് കൂടാതെ, കുത്തും കോമയുമൊക്കെ ഇടേണ്ടിടത്തിട്ട് അച്ചടിക്കാനുള്ള തികഞ്ഞ ഭാഷാപരിജ്ഞാനം സേതു നരിക്കോടിനു സ്വായത്തമായിരുന്നു. അതുകൊണ്ടുതന്നെ ഭാഷാ പ്രവര്‍ത്തകരുടെ വിശ്വാസം അതിവേഗം നേടിയെടുക്കാന്‍ സന്ധ്യാ പ്രസിനു കഴിഞ്ഞു. അമേരിക്കയിലെ കുട്ടികളെ മലയാളം പഠിപ്പിക്കാന്‍ ഉപകരിക്കുന്ന ആദ്യത്തെ മലയാള പാഠപുസ്തകം - മലയാളം ബുക്ക് -1- അച്ചടിച്ചത് സന്ധ്യാ പ്രസിലാണ്. സമുചിതമായ ചിത്രങ്ങളും, സുവര്‍ണ ലിപികളും ചേര്‍ത്തുള്ള ആ പാഠപുസ്തകം തയാറാക്കിയതും സേതു നരിക്കോട് തന്നെ. അമേരിക്കയിലെ ചില മലയാളം സ്കൂളുകളില്‍ സേതു നരിക്കോടിന്റെ പുസ്തകമാണ് ഇന്നും പ്രാരംഭ പാഠപുസ്തകം.

കുട്ടികളെ മലയാളം പഠിപ്പിക്കുന്ന കാര്യത്തില്‍ അതീവ തത്പരനായിരുന്നു അദ്ദേഹം. സ്വന്തം വീട്ടില്‍ തന്നെ അദ്ദേഹം അതു നടപ്പാക്കി. സ്വന്തം മകളെ - സന്ധ്യയെ- മലയാളവും നൃത്തകലകളും അഭ്യസിപ്പിച്ചിരുന്നു. സന്ധ്യാ പ്രസിന്റെ ബെയിസ്‌മെന്റില്‍ മലയാളം ക്ലാസുകള്‍ നടത്തിയിരുന്നു. സ്വന്തം സ്ഥാപനത്തില്‍ തന്നെ സ്വന്തം ചെലവില്‍ ഒരു മലയാളം പള്ളിക്കൂടം!

കേരള സമാജം, സര്‍ഗവേദി, എന്‍.ബി.എ തുടങ്ങിയ സംഘടനകള്‍ക്ക് അദ്ദേഹത്തിന്റെ സഹായ സഹകരണങ്ങള്‍ പ്രചോദനം നല്‍കിയിട്ടുണ്ട്.

വായന ആയിരുന്നു സേതുവിന്റെ ഏറ്റവും പ്രിയപ്പെട്ട വിനോദം. വിനോദത്തെക്കാളുപരി, വായന ഗൗരവമുള്ള ഒരു അനുഷ്ഠാനമായിരുന്നു അദ്ദേഹത്തിന്. നാലായിരത്തിലധികം മലയാളം പുസ്തകങ്ങളുള്ള ധന്യമായ ഒരു വായനശാല അദ്ദേഹത്തിനുണ്ടായിരുന്നു. വീട്ടിലെ ഏറ്റവും നല്ല വിസ്തൃതമായ ഒരു മുറിയിലായിരുന്നു അദ്ദേഹത്തിന്റെ പുസ്തകപ്പുര. പ്രത്യേകം പണികഴിപ്പിച്ച അലമാരകളില്‍ ഒരേ രീതിയില്‍ ബയിന്റ് ചെയ്ത പുസ്തകങ്ങള്‍ നിധിപോലെ അദ്ദേഹം സൂക്ഷിച്ചിരുന്നു. ഈ പുസ്തകങ്ങള്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഗുരുകുലം മലയാളം ഗ്രന്ഥശാലയ്ക്കുവേണ്ടി ആ പുസ്തകങ്ങള്‍ ഏറ്റെടുക്കണമെന്ന് എന്നോട് അദ്ദേഹം ആവശ്യപ്പെട്ടു. ഞാനും എന്റെ സഹോദരി നിര്‍മ്മലയും (മാലിനി) കൂടി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. ആ പുസ്തകങ്ങളുടെ ചിട്ടയോടെയുള്ള ക്രമീകരണം ഞങ്ങളെ അദ്ഭുതപ്പെടുത്തി. ആ ഓരോ പുസ്തകത്തോടുമൊപ്പം, സേതു നരിക്കോട് എന്ന "വലിയ മല യാളി'യുടെ ഭാഷാസ്‌നേഹം പതിഞ്ഞിരുന്നു. കനിവേറിയ ആ ഗ്രന്ഥോപഹാരം വിലമതിക്കാനാവാത്ത നിക്ഷേപമായി ഞങ്ങള്‍ കണക്കാക്കുന്നു.

2017-ല്‍ ലാനയുടെ പത്താം ദൈ്വവാര്‍ഷിക സമ്മേളനം ന്യൂയോര്‍ക്കില്‍ അരങ്ങേറി. മലയാള ഭാഷയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും ശ്രീ സേതു നരിക്കോട് നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകളെ ആദരിച്ചുകൊണ്ട്, മലയാളം പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ശ്രീ. ജേക്കബ് റോയ് ആശംസകള്‍ നേര്‍ന്നു. സുപ്രസിദ്ധ സാഹിത്യകാരനായ ശ്രീ പി.എഫ്. മാത്യു, സേതുവിന്റെ സമാനതകളില്ലാത്ത ഭാഷാ സേവനങ്ങളെ പരിഗണിച്ചുകൊണ്ട്, പാരിതോഷികം നല്‍കി അദ്ദേഹത്തെ ആദരിച്ചു.

ഇന്ന്, സേതു നരിക്കോട് നമ്മോടൊപ്പമില്ല. അദ്ദേഹം തയാറാക്കി, അദ്ദേഹത്തിന്റെ സന്ധ്യാ പ്രസില്‍ സ്വന്തം ചെലവില്‍ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്ത മലയാളം ബുക്ക് -1, ഇന്ന്, അമേരിക്കയിലെ പല മലയാളം സ്കൂളുകളിലേയും കുട്ടികളുടെ കൈവശമുണ്ട്. ആ പാഠപുസ്തകങ്ങളിലൊരിടത്തുപോലും അതു തയാറാക്കിയ സേതു നരിക്കോടിന്റെ ഫോട്ടോ ഇല്ല! പക്ഷെ, അതിലെ ഓരോ അക്ഷരത്തിലും ആ 'വലിയ മലയാളി'യുടെ  ഭാഷാസ്‌നേഹത്തിന്റെ തിളങ്ങുന്ന നിറപ്പകിട്ടുണ്ട്. കുട്ടികള്‍ ക,ഖ.ഗ,ഘ ഉച്ചരിക്കുമ്പോള്‍ മുഴങ്ങി കേള്‍ക്കുന്നത് ശ്രീ സേതു നരിക്കോടിന്റെ ഹൃദയത്തുടിപ്പാണ്. അങ്ങനെ നമ്മേടൊപ്പം ജീവിക്കുകയാണ് ആ 'വലിയ മലയാളി'- ശ്രീ. സേതു നിരിക്കോട്.

- ജെ. മാത്യൂസ്

സേതു നരിക്കോട് എന്ന ഭാഷാസ്‌നേഹി (ജെ. മാത്യൂസ്)സേതു നരിക്കോട് എന്ന ഭാഷാസ്‌നേഹി (ജെ. മാത്യൂസ്)
Join WhatsApp News
Nandakumar Chanayil 2021-02-18 15:25:09
Thank you so much for your graceful recollections and kind thoughts- The bereaved family
Mathai P Das 2021-02-18 16:21:16
J.Mathew sarnde writings are always inspirational. I remember the occasion in Westchester It was so good .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക