Image

മഴയെ പ്രണയിച്ചവൾ (കവിത: ശ്രുതി കെ.എസ്)

Published on 18 February, 2021
മഴയെ പ്രണയിച്ചവൾ (കവിത: ശ്രുതി കെ.എസ്)
കുഞ്ഞുടുപ്പിൽ
മഴയിലേക്ക്
ഇറങ്ങിയോടിയവളെ
പനി പിടിക്കുമെന്ന് ശകാരിച്ചു.
അച്ഛൻ വാങ്ങികൊടുത്ത
കുഞ്ഞിക്കുടയിൽ
മഴയിലിറങ്ങിയപ്പോഴും
അസുഖം വരുമെന്നും
വഴുതി വീഴുമെന്നും
പറഞ്ഞടക്കിപ്പിടിച്ചു.

മഴ നനയാൻ കൊതിച്ചവൾ
ജനലരികിലൂടെത്തുന്ന
കാറ്റിനോട് കൊതി പറഞ്ഞു.
ആരും കാണാതെയവ
മഴത്തുള്ളികളെ അവൾക്ക് നേരെ
കുടഞ്ഞെറിഞ്ഞു.

ഉണക്കാനിട്ട തുണി,
വിരിച്ച നെല്ല്,
അടയ്ക്ക,
മുളക്...
മഴയിലേക്കിറങ്ങിയോടാൻ
സൂത്ര പകർച്ചകൾ.
കുടയില്ലാതെ മഴയിൽ!
കാണുന്നവർക്കെന്ത്
തോന്നുമെന്നുഗ്രശാസനം
വീണ്ടും വിലക്കുകൾ..!

എന്നിട്ടും,
മഴയോടുള്ള അടങ്ങാത്ത
പ്രണയം കൊണ്ടാണ്
കണ്ണിൽ പെയ്ത
തോരാമഴകൾ പലപ്പോഴും
തളംകെട്ടി നിർത്തിയത്.

കലങ്ങി നീലിച്ച കണ്ണുകൾക്കും,
ചോര കക്കിയ മൂക്കിനും
മഴയെ പഴിച്ചില്ല.
തേങ്ങലുകൾ
മഴച്ചാറ്റലിലൊളിച്ചു.
രക്തം വാർന്നൊഴുകുമ്പോൾ
രാത്രിമഴ നിശബ്ദമായിരുന്നു...
മണ്ണിന്റെ ഗന്ധം കൊണ്ട്
മാംസം കരിയുന്ന മണത്തെ
പുതുമഴ മുക്കികളഞ്ഞു...
അലമുറകളെ മഴയിരമ്പൽ
കൊണ്ട് പോയി...

പുലർച്ചെ ഉമ്മറപ്പടിയിൽ,
ഒച്ചയില്ലാതെ മഴത്തുള്ളികൾ
അവൾക്ക് മേൽ വീണുകൊണ്ടിരുന്നു.
എന്നത്തേയും പോലെ
പ്രണയിനിയായവൾ മഴയിലുതിർന്നു.
വെളുക്കുവോളം
മഴ കൊണ്ടതാണത്രേ
ശരീരമാകെ ചീർത്തു പോയത്.
പെയ്യാൻ വെമ്പിയൊരു മഴക്കാറ്
ശ്വാസം കിട്ടാതെ അവിടമാകെ
നട്ടം തിരിഞ്ഞു.
പെയ്യാതെ പോയ പെരുമഴ..!
മഴയെ പ്രണയിച്ചവൾ (കവിത: ശ്രുതി കെ.എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക