Image

കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ

Published on 18 February, 2021
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന  പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
യാഥാർത്ഥ്യങ്ങളെക്കാൾ തീവ്രമായി സ്വപ്നങ്ങളുടെ ലോകത്ത് അഭിരമിച്ചൊരു കുട്ടിക്കാലമായിരുന്നു റോസ് മേരിയുടേത്. നീണ്ട പകൽവേളകളിൽ ബദാം മരത്തിന്റെ ചുവട്ടിലും മൾബറി മരത്തിന്റെ താഴത്തെ കൊമ്പിലും വീടിനു ചുറ്റും ചിതറിക്കിടക്കുന്ന പാറച്ചെരിവുകളിലുമിരുന്ന് കനവുകളിൽ മുഴുകിയൊരു കുട്ടി. അന്നത്തെ കൽപ്പനകൾക്കു തീരെയും സ്ഥിരതയുണ്ടായിരുന്നില്ല. ശക്തമായ കാറ്റടിച്ചാൽ പാറിപ്പോകുന്ന മേഘങ്ങളെപ്പോലെയായിരുന്നു അവ.
കുട്ടിക്കാലത്ത് ഒരു പുണ്യവതിയാകാൻ ആഗ്രഹിച്ചു മരിയ ഗൊരേത്തി എന്ന് മാമ്മോദീസാപ്പേര് വിളിക്കപ്പെട്ട റോസ് മേരി.
എന്നാൽ, തുർഗനീവിന്റെയും പുഷ്കിന്റെയും മോപ്പസാങിന്റെയും പുസ്തകങ്ങളുടെ മാസ്മരികലോകത്ത് കണ്ടുമുട്ടിയ എസ്മറാൾഡമാരും മാഷമാരും ഗ്രിഗറിയെപ്പോലുള്ള ധീരയോദ്ധാക്കളും റോസ്മേരിയെ പതുക്കെ പുറത്തേയ്ക്കു നയിച്ചു. വർണ വസ്ത്രങ്ങളണിഞ്ഞ് വിരുന്നുകളിലും നൃത്തോൽസവങ്ങളിലും പങ്കെടുക്കുന്ന, മിടിക്കുന്ന ഹൃദയത്തോടെ വള്ളിക്കുടിലുകളിൽ കാമുകരെ കാത്തിരിക്കുന്ന സുന്ദരാംഗിമാരുടെ ലോകവും മഞ്ഞുമീട്ടുന്ന വഴികളിലൂടെ അശ്വാരൂഢരായ ധീരയോദ്ധാക്കളോടൊപ്പം പലായനം ചെയ്യുന്ന കാമിനിമാരും റോസ് മേരിയുടെ മനക്കാഴ്ചകളിൽ നിറഞ്ഞു.
ഹ്രസ്വായുസുകളെങ്കിലും ചേതോഹരവും ഹൃദയഹാരിയുമായ ജീവിതാഭിലാഷങ്ങളുടെ കൂടെയവർ യാത്ര ചെയ്തു.
പതഞ്ഞു കവിഞ്ഞ ദ്രാക്ഷാരസം നിറഞ്ഞ സ്ഫടികചഷകം പോലെയായിരുന്നു റോസ് മേരിക്ക് കവിതകൾ. ഒഴിയാതെ തുളുമ്പി നിന്നിരുന്നു അത്. ഇടിവെട്ടുമ്പോൾ കൂണ് മുളയ്ക്കും പോലെ ഓരോ ആഘാതത്തിലും കവിത വിരിഞ്ഞിരുന്നു. തീവ്രനൊമ്പരത്തിൽ നിന്നു പിറക്കുന്നവ.
മനസ്സിന്റെ മുറിവുകളിൽനിന്നു കിനിയുന്ന രുധിരമാണെന്റെ കവിത എന്ന് അവർ എഴുതിയിട്ടുണ്ട്. പങ്കുവയ്ക്കപ്പെടാത്ത വേദകളിൽ നിന്നും തലനീട്ടിയെത്തുന്ന ജീവിതം തന്നെ കവിത.
ചാഞ്ഞു ചെയ്യുന്ന മഴ , വേനലിൽ ഒരു പുഴ , വാക്കുകൾ ചേക്കേറുന്നിടം എന്നിങ്ങനെ കവിതാ സമാഹാരങ്ങളും വൃശ്ചികക്കാറ്റു വീശുമ്പോൾ, ചെമ്പകം എന്നൊരു പാപ്പാത്തി തുടങ്ങി ഗതകാല സ്വപ്ന വിഷാദങ്ങൾ ചേർത്തൊരുക്കിയ ലേഖന സമാഹാരവും അവർ മലയാളത്തിന് നൽകി.
പാറത്തോട് എന്ന തന്റെ ഗ്രാമത്തെയും അവിടുത്തെ കുന്നുകളെയും പുൽമേടുകളെയും കിഴക്കുദിക്കിന്റെ അന്നവും വെള്ളവുമായ പാൽമരങ്ങളെയും അവർ സ്നേഹിച്ചു. റബർമരക്കാടുകളിൽ ഋതുഭേദങ്ങളുണർത്തുന്ന വ്യതിയാനങ്ങളത്രയും കാവ്യാത്മകമായി പങ്കുവച്ച റോസ്മേരി കുന്നിൻ മുകളിലെ കണ്ണാടി ജാലകങ്ങളുള്ള അച്ഛന്റെ തറവാട്ട് വീടും അവിടെ പുലർന്നിരുന്ന താളമിയന്ന ജീവിതവും എന്നും ഹൃദയത്തിൽ ചേർത്തു വച്ചു. 
കോഴിക്കോടൻ സൗഹൃദ സദസ്സുകൾ പോലെ കാഞ്ഞിരപ്പള്ളിക്കാരുടെ പാട്ടും ലഹരിയും വറുത്തിറച്ചിയുടെ ആസ്വാദ്യതയും തരളചിത്തരായ അവരുടെ നിർമ്മല സായന്തനങ്ങളും പരിചാരകരും അയൽക്കാരും എല്ലാം ചേർന്നൊരു സ്നേഹക്കൂട് ഉള്ളിൽ കുരുക്കിയിട്ടു നടന്നു റോസ്മേരി.
തിരുവനന്തപുരത്തിന്റെ നഗരവിശാലതയിൽ മുഴുകുമ്പോഴും ദൂരെനിൽക്കുന്നൊരു വിശുദ്ധ ചിത്രമായി ആ ഗ്രാമ്യാനുഭൂതികൾ അവരെ മാടിവിളിച്ചു. തന്റെ ഗ്രാമവും ഏറെ മാറിപ്പോയെങ്കിലും .
കുറെക്കാലമായി എഴുത്തു ജീവിതത്തിൽ നിന്നും മാറി നടക്കുകയാണ് റോസ്മേരി. ആത്മാർത്ഥതയില്ലാതെ കോമ്പസിഷൻ എഴുതും പോലെ കവിതയെഴുതാനാവില്ല. ഒരു കുന്നിൻ മുകളിൽ നിന്നെന്നപോലെ നോക്കുമ്പോൾ ജീവിതം അത്ര വലിയ രസമുള്ള കാര്യമായി തോന്നുന്നില്ല. ചിന്തിക്കാത്തവർക്ക് അത് ശുഭപര്യവസായിയായി തോന്നും. ഭാഗ്യജന്മങ്ങൾ ... റോസ്മേരി പറയുന്നു.
അനുരഞ്ജനങ്ങൾക്ക് മെരുങ്ങാതെ സ്വന്തം സ്വപ്നങ്ങൾ നടത്തിയെടുക്കുന്ന പുതിയ തലമുറയെ ഓർത്ത് റോസ്മേരി സന്തോഷിക്കുന്നു.
'എന്റേതു പോലെയുള്ളവരുടേത് വേറൊരു ലോകമായിരുന്നു. തോറ്റുപോയെന്നു തോന്നുന്നില്ല. സ്വാതന്ത്ര്യത്തിന്റെ സ്നേഹരഹിതമായ ലോകം എനിക്കു വേണ്ട. മേൽക്കൂരയില്ലാത്ത ജീവിതം എനിക്കു പറ്റില്ല. വീടിനെ ആവുന്നത്ര മനോഹരവും വാസയോഗ്യവുമാക്കാൻ അതിർത്തി കാവൽക്കാരൻ ഉറങ്ങാതെ കാവലിരിക്കും പോലെ ഞാനിരിക്കുന്നു. 
വർഷങ്ങൾക്കുമുമ്പ് ടാഗോർ തീയറ്ററിന്റെ ആരവങ്ങൾക്കിടയിൽ വയലാർ അവാർഡ് ഏറ്റുവാങ്ങിയ മാധവിക്കുട്ടി, രാജസദസ്സിലെ നർത്തകിയാണ് താനെന്നും നൃത്തം ചെയ്തു തളർന്ന താൻ തന്റെ ചിലങ്കകൾ റോസ്മേരിക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും പറഞ്ഞിരുന്നു. മഴ ,ശ്ശ് ... ഒച്ചയുണ്ടാക്കരുത് എന്നീ കവിതകൾ വായിച്ചതിന്റെ അനുഭൂതിയിലാണ് മാധവിക്കുട്ടി തന്റെ ചിലങ്കകൾ റോസ് മേരിക്കു കൊടുത്തത്.
മധുചഷകം കൈയിൽനിന്നു വഴുതി വീഴും വരെ കവിത കൊണ്ട് ആടുകയും പാടുകയും ചെയ്തിരുന്നു അക്കാലത്ത് റോസ്മേരി. സ്നേഹമായിരുന്നു ആ കവിത. തേൻപാളികളടരുംപോലെ വായനക്കാരിലേക്കത് കിനിഞ്ഞിറങ്ങി. ആസ്വാദകർക്കുവേണ്ടിയാണ് തന്റെ എഴുത്ത് എന്ന് അവർ പറയുന്നു.
ഇടയ്ക്കിടെ ചില ചടങ്ങുകൾക്കൊക്കെ റോസ്മേരിയെത്തുമ്പോൾ ആളുകൾ ആഹ്ളാദത്തോടെ അടുത്തെത്തി കുശലം പറയുന്നു. എഴുതാത്തതെന്ത് ? എന്ന് തിരക്കുന്നു. സാഹിത്യ സ്നേഹികൾ റോസ്മേരിയെ മറക്കുന്നില്ലെന്നർത്ഥം.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് ആദരപൂർവം ആ കൈകളിൽ ചേർത്തു വച്ചത് മലയാളത്തിന്റെ മുഴുവൻ മനസ്സുമായാണ് .
കേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന  പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻകേരള സാഹിത്യ അക്കാഡമി സമഗ്ര സംഭാവന  പുരസ്കാരം റോസ്മേരിക്ക് : ആൻസി സാജൻ
Join WhatsApp News
Rajalakshmi 2021-02-18 07:35:51
അഭിനന്ദനങ്ങൾ എഴുത്തുകാരിക്കും വാങ്മയചിത്രകാരിക്കും ❣️❣️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക