Image

നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ

അനിൽ പെണ്ണുക്കര Published on 21 February, 2021
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
പ്രവാസം l പ്രതിഭകൾ 2

വിഭിന്നവും വിപുലവുമായ നമ്മുടെ സംസ്കാരത്തെ പ്രതിബിംബിപ്പിക്കുന്നയാണ് നമ്മുടെ കലകൾ. മാനസികാവും ആദ്ധ്യാത്മികവുമായ നമ്മുടെ പുരോഗതിയുടെ മാനദണ്ഡവും അതുതന്നെയാണ്. മനുഷ്യൻ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി സ്വീകരിച്ച ആദ്യത്തെ മാർഗമാണത്രേ നൃത്തം. അതുകൊണ്ടാണ് നൃത്തത്തെ കലകളുടെ മാതാവായി പരിഗണിച്ചു വരുന്നതും.നൃത്തത്തിന്റെ ലോകത്ത് വിസ്മയം തീർത്ത ഒട്ടനേകം പ്രതിഭകളെ നമുക്കറിയാം. ഭാവമുദ്രകൾ കൂട്ടിച്ചേർത്ത് ആസ്വാദകരിൽ മാസ്മരികതയുടെ അനുഭൂതിയുണ്ടാക്കാൻ കഴിവുള്ള അതുല്യ പ്രതിഭകൾ. മെയ്യും മനസ്സും നൃത്തത്തിനായി സമർപ്പിച്ച് ചടുലമായ നൃത്തചുവടുകൾ കൊണ്ട് പ്രേക്ഷക ഹൃദയത്തിലേക്ക് കടന്നു വന്ന മറ്റൊരു പൊൻതിളക്കം കൂടി മലയാളികൾക്കായി കാലം സമർപ്പിക്കുന്നു ;

റുബീന സുധർമൻ...
നൃത്തമെന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്ന ഒന്നാണ് മോഹിനിയാട്ടം . ഭാവരാഗതാള സംയോജനമായ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കലാരൂപമാണിത്.  കേരളത്തിന്റെ തനത് ലാസ്യ നൃത്തകലാരൂപം കൂടിയാണ്  മോഹിനിയാട്ടം. റുബീന സുധർമൻ എന്ന നർത്തകി അടുത്തറിയാൻ ശ്രമിച്ചതും മോഹിനിയാട്ടത്തെയാണ് .

ചെറുപ്പം മുതൽക്കേ നൃത്തം അഭ്യസിച്ചു വന്ന റുബീന സുധർമൻ ഇന്ന് മോഹിനിയാട്ടത്തിൽ  അത്ഭുതപ്രതിഭയായി മാറിയിരിക്കുകയാണ്. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ നൃത്തത്തോടുള്ള അഭിനിവേശം പിന്നീട് ആരാധനയായി മാറിയതോടെ നാല് വയസ്സുമുതൽ അഭ്യസിച്ചു വന്ന നൃത്തം തന്നെയാണ് ഇനിയുള്ള പഠനവിഷയം എന്ന് തീരുമാനിച്ചു. എട്ടാം വയസ്സിൽ ബാംഗ്ലൂരിലേക്ക് കൂടുമാറിയ റുബീന ശ്രീമതി വസുധ റാവുവിന്റെ  ശിക്ഷണത്തിൽ കലാവാരിധി എന്ന ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നൃത്തപഠനം തുടർന്നു. മാധ്യമങ്ങളുടെ വലിയ പിന്തുണയോടുകൂടിയ അരങ്ങേറ്റത്തിന് ശേഷം ഒട്ടനേകം വേദികളിൽ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. ഗുരു വസുധ റാവുവിന്റെ ആശിർവാദത്തോടെ നിരവധി  നൃത്തനാടകങ്ങളിൽ വേഷമിടാൻ സാധിച്ചു. പുരന്തര ദാസ, കൃഷ്ണ ലീല, ശീല ബാലിക അവയിൽ പ്രധാനപ്പെട്ടവയാണ്. ഭരതനാട്യത്തിൽ തുടർപഠനത്തിനായി ശ്രീ ബി. ആർ. തുളസിറാമിന്റെ കീഴിൽ നൃത്തം അഭ്യസിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തോടെ 1996 ൽ ഭരതനാട്യത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി ചെയ്ത റുബീന, "വിദുഷി " എന്ന പദവി നാലാം റാങ്കോടുകൂടി നേടിയെടുത്തു.

മോഹിനിയാട്ടത്തിലേക്കുള്ള റുബീനയുടെ മാറ്റം വളരെ പെട്ടെന്നായിരുന്നു. കലാമണ്ഡലം ജയലക്ഷ്മി ടീച്ചറുടെ കീഴിലാണ് മോഹിനിയാട്ടം അഭ്യസിച്ചു വന്നത്. മോഹിനിയാട്ടത്തിലെ അതുല്യ പ്രതിഭകളായ ശ്രീമതി പല്ലവി കൃഷ്ണന്റെ  ശിക്ഷണത്തിൽ ഇപ്പോഴും മോഹിനിയാട്ടം പഠിക്കുന്നുണ്ട് .   നൃത്തത്തിലെ വിശാലമായ അറിവുകൾ പ്രിയപ്പെട്ട ഗുരുവിന്റെ ശിക്ഷണത്തിൽ  ഗ്രഹിക്കാൻ കഴിഞ്ഞത് റുബീനയുടെ ജീവിതത്തിൽ ഒരു വലിയ  വഴിത്തിരിവായി. ഒരു നർത്തകി എന്നതിനോടൊപ്പം തന്നെ ഒരു നൃത്ത അധ്യാപികയായും റുബീന തിളങ്ങി നിന്നു .  

സിങ്കപ്പൂരിലും  അമേരിക്കയിലും  നൃത്തത്തിൽ അതിയായ താല്പര്യം ഉള്ള കുട്ടികളെ ഒന്നിച്ചു ചേർത്ത് "വേദിക പെർഫോമിങ് ആർട്സ് " എന്ന ആശയത്തിനു രൂപം നൽകി. പിന്നീടുള്ള 16 വർഷത്തോളം സിങ്കപ്പൂരിലും, ഇന്ത്യയിലും, ന്യൂജെഴ്‌സിയിലുമൊക്കെയായി പ്രായഭേദമന്യേ കുട്ടികളെ  നൃത്തം പഠിപ്പിച്ചു വരുന്നു . സിങ്കപ്പൂരിലെ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നൃത്ത അധ്യാപികയായി സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചു. ന്യൂജെഴ്‌സിയിലെ "നാട്യസംഗമം" എന്ന പെർഫോമിങ് ഗ്രൂപ്പിലെ അംഗമായ റുബീന സിങ്കപ്പൂരിലെ പ്രശസ്തമായ നിരവധി നൃത്തമത്സര വേദികളിൽ വിധികർത്താവായി പങ്കെടുത്തു.

പ്രിയദർശനി ഗോവിന്ദ്, നരേന്ദ്ര കുമാർ ലക്ഷ്മിപതി, നീന പ്രസാദ്,  അശ്വതി ശ്രീകാന്ത്, കലാമണ്ഡലം ക്ഷേമവതി തുടങ്ങീ ഇതിഹാസ നർത്തകരുടെ നൃത്ത  ശില്പശാലകളിലും റുബീന സജീവമാണ് .നർത്തകി, നൃത്തഅധ്യാപിക എന്നീ വേഷങ്ങൾക്ക് പുറമെ ഒരു എഴുത്തുകാരി കൂടിയുണ്ട് റുബീന എന്ന ഈ കലാകാരിക്കുള്ളിൽ. നൃത്തവുമായി ബന്ധപ്പെട്ട ഒട്ടനേകം ലേഖനങ്ങൾ ,അഭിമുഖങ്ങൾ  ഇതിനോടകം തന്നെ വിവിധ മാധ്യമങ്ങളിൽ  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ശാസ്ത്രീയമായ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി "വേദി " എന്ന പേരിൽ ഒരു പരിപാടി കൊണ്ടു വരാനും റുബീനക്ക് കഴിഞ്ഞു. 

ഒട്ടനേകം വേദികളിൽ അരങ്ങു തകർത്ത റുബീനയെ തേടി ഒട്ടനേകം പുരസ്‌കാരങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. 2016 ൽ Recipient of Global Achievers അവാർഡും 2017 ൽ Recipient of Aryabhatta International അവാർഡും കരസ്തമാക്കി. നൃത്തവും അധ്യാപനവും തുല്യപ്രാധാന്യത്തോടെ മുന്നോട്ടു കൊണ്ടു പോവുകയാണിപ്പോൾ. നാട്ടിൽ പഠിച്ച രീതി തന്നെ ന്യൂജേഴ്സിയിലെ തന്റെ ശിഷ്യകൾക്കും പകർന്നു നൽകുകയാണ് റുബീന . ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും പുലർത്തുന്ന എല്ലാ അച്ചടക്കവും തന്റെ ശിഷ്യരേയും പഠിപ്പിക്കയാണ് ഈ നർത്തകി .ഇപ്പോൾ ഓൺലൈൻ ക്ലാസ് ആണ് നടക്കുന്നതെങ്കിലും ചിട്ടയോടെ അത് നടത്തുന്നു .ചെറിയ ബാച്ചുകളായി തിരിച്ച് നേരിട്ട് ക്ളാസുകൾ എടുക്കുന്ന രീതിയിൽ തന്നെ ഓൺലൈൻ ക്‌ളാസുകളും മുന്നോട്ടു കൊണ്ടുപോവുകയാണ് റുബീന .

 നൃത്തത്തെ കേവലം ഒരു കലാരൂപം മാത്രമായി കാണാതെ ഒരു സംസ്കാരത്തിന്റെ മുഖമുദ്രയായി സ്വീകരിക്കാൻ നമ്മെ പഠിപ്പിക്കുകയാണ് റുബീന സുധർമൻ എന്ന ഈ കലാകാരി. പലപ്പോഴായി നമ്മൾ മറക്കുന്ന നമ്മുടെ സംസ്കാരവും പൈതൃകവും നമ്മളിലേക്ക് തിരിച്ചു വരാൻ ഇത് സഹായകമാകുമെന്ന് റുബീനയുടെ പ്രവർത്തനങ്ങളും അതിലെ സത്യസന്ധതയും തെളിയിക്കുന്നു .
നാട്യ സംസ്കാരത്തിന്റെ മുഖമുദ്രയായി റുബീന സുധർമൻ
Join WhatsApp News
Babitha Dinesh 2021-02-25 08:10:37
Pleasure to know you personally.. You are an excellent dancer & a wonderful person!!Always happy to see you flourishing in your field of dance .. keep it up Ruby 👏🏻👏🏻😍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക