മനുഷ്യനെ മയക്കുന്ന മതങ്ങള്‍ (ലേഖനം: പി. ടി. പൗലോസ്)
EMALAYALEE SPECIAL
21-Feb-2021
EMALAYALEE SPECIAL
21-Feb-2021

''ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോട് പറഞ്ഞു നമ്മളിന്ന് രുചിച്ച ചോരക്ക് ഒരേ രുചി''
കുരീപ്പുഴ ശ്രീകുമാര്‍ എന്ന സാംസ്‌കാരിക വിപ്ലവകാരി വര്‍ഗീയ വിഷം ചീറ്റുന്ന അണലി പറ്റങ്ങള്‍ക്കു നേരെ എറിഞ്ഞ അറിവിന്റെ അമ്പുകളാണിത്. ഫാന്റസി കഥകളിലെ നായകന്മാരെപ്പോലെ മനുഷ്യന്‍ സൃഷ്ടിച്ച ദൈവങ്ങളെ മാറ്റി നിറുത്തി മനുഷ്യന്റെ മഹിമയെ മഹത്വീകരിച്ചപ്പോള്‍ വര്‍ഗീയ വാദികള്‍ കുരീപ്പുഴയെ കടന്നാക്രമിച്ചു. കുരീപ്പുഴക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ അതേറ്റെടുത്തു. അതൊരു സാംസ്‌കാരിക വിപ്ലവത്തിന്റെ അല്ലെങ്കില്‍ പരിവര്‍ത്തനത്തിന്റെ പടപ്പുറപ്പാട് ആകട്ടെ എന്നാശംസിച്ചു കൊണ്ട് മതം എന്ന വിഷ ജലത്തില്‍ കാലങ്ങളായി മുങ്ങി താഴുന്ന മന്ദ ബുദ്ധികളായ മനുഷ്യ ജന്മങ്ങളെക്കുറിച്ച് അല്പം .
2017 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കാണക്കനുസരിച്ചു ഭാരതത്തിലെ ജനസംഖ്യയില്‍ 74 .33 ശതമാനം ഹിന്ദുക്കള്‍, 14 .20 ശതമാനം മുസ്ലിങ്ങള്‍, 5 .84 ശതമാനം ക്രിസ്തിയാനികള്‍, 5 .63 ശതമാനം മറ്റുള്ളവര്‍. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത പാവങ്ങളുടെ കണക്കില്ല. പട്ടിണി കൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ കണക്കില്ല. വീടില്ലാത്തവന്റെയും തുണിയില്ലാത്തവന്റെയും തൊഴിലില്ലാത്തവന്റെയും കണക്കില്ല. എന്നാലിവിടെ ഹിന്ദുവിന്റെ കണക്കു വേണം. മുസ്ലിമിന്റെ കണക്കു വേണം. ക്രിസ്തിയാനിയുടെ കണക്കു വേണം. ഒരു സംശയം. നമ്മുടെ രാജ്യത്തു ഹിന്ദുവും മുസ്ലിമും ക്രിസ്തിയാനിയും മറ്റു മതങ്ങളും മാത്രമേയുള്ളൂ. മനുഷ്യരായ ഇന്‍ഡ്യക്കാരില്ലേ ?
മതങ്ങളും ദൈവങ്ങളും മനുഷ്യ സൃഷ്ടികളാണ്. അവയുടെ വേരുകള്‍ ആഴ്ന്നിറങ്ങി മനുഷ്യ ഹ്രദയങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് . ''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് '' എന്ന് പറഞ്ഞ കാറല്‍ മാക്‌സിന്റെ അനുയായികള്‍ ആള്‍ദൈവങ്ങളെ ആലിംഗനം ചെയ്യുമ്പോള്‍ , പളനിയില്‍ തല മുണ്ഡനം ചെയ്യുമ്പോള്‍, മല ചവിട്ടാന്‍ കെട്ടു നിറക്കുമ്പോള്‍ നമുക്ക് ചിന്തിക്കാം മതം എത്ര മാത്രം മനുഷ്യനെ മന്ദബുദ്ധികള്‍ ആക്കിയെന്ന് . എല്ലാ മതക്കാര്‍ക്കും മതമില്ലാത്തവര്‍ക്കും തുല്യ അധികാരമുള്ള ഇന്ത്യയിലെ രാഷ്ട്രീയ ഭരണ ചക്രം ഒരു പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിലൂടെ തിരിയുമ്പോള്‍ കാണേണ്ടതല്ലാത്ത കാഴ്ചകള്‍ക്ക് മുന്‍പില്‍ നമുക്ക് കണ്ണുകളടക്കേണ്ടി വരുന്നു. പശുവിനെ ദൈവമാക്കുമ്പോള്‍, ഗോമാംസം തിന്നുന്നവനെ അടിച്ചുകൊല്ലുമ്പോള്‍ , നഗ്നരായ സന്ന്യാസിമാരുടെ ലിംഗം തൊട്ടു വണങ്ങുന്ന ഭരണ കര്‍ത്താക്കളെ കാണുമ്പോള്‍, ലിംഗ പൂജ നടത്തി സംതൃപ്തരാകുന്ന ആര്‍ഷ ഭാരതത്തിലെ കുല സ്ത്രീകളെ കാണുമ്പോള്‍. ആയിരമായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറത്തെ ആര്‍ഷ ഭാരത സംസ്‌കാരം കൊട്ടി ഘോഷിക്കുന്ന ഹൈന്ദവ മതത്തിന്റെ വക്താക്കളെന്ന് വീമ്പിളക്കുന്നവരോട് ഒരു ചോദ്യം ? നിങ്ങളെങ്ങോട്ടാണ് ? പച്ച മാംസം തിന്നും കല്ല് കൊണ്ട് കാട്ടുതീ ഉണ്ടാക്കിയ മനുഷ്യന്റെ അപരിഷ്‌ക്രത യുഗത്തിലേക്കോ ? ഉത്തരം കാണില്ല. കാരണം നിങ്ങള്‍ മതത്തിന്റെ ലഹരിയില്‍ മയങ്ങി കിടക്കുകയാണ്. നിങ്ങളുടെ നേതാക്കള്‍ക്ക് ചെങ്കോട്ടയില്‍ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെങ്കില്‍ വര്‍ഗീയ വിഷം നിങ്ങളുടെ സ്വതന്ത്ര ചിന്തയെ തളര്‍ത്തിയിരിക്കണം. ഒരു ചോദ്യം കൂടി. നിങ്ങളെങ്ങനെയാണ് ഹൈന്ദവമതത്തിന്റെ വക്താക്കളായത് ? മതപരമായ ഒരു ഭൂതകാലം ഇന്ത്യക്കില്ല. ആര്യന്മാരുടെയും ഇന്‍ഡോ പാര്‍ഥിയന്‍സിന്റെയും ബാക്ടറിയന്‍ ഗ്രീസുകാരുടെയും ശാകന്മാരുടെയും കുശാനന്മാരുടെയും ഒക്കെ നാനാതരം സംസ്‌കാരധാരകളുടെ വ്യാമിശ്രമായ കൂടിക്കലരുകളെ മതപരമായി തെറ്റിദ്ധരിക്കപ്പെട്ടതല്ലേ പ്രാചീന ഇന്ത്യയുടെ ഹൈന്ദവമതം. ബ്രിട്ടിഷുകാര്‍ അതിനെ വളം വച്ച് വളര്‍ത്തി.
സ്വര്‍ഗ്ഗത്തിന്റെ നേരവകാശികള്‍ എന്ന് പറയുന്ന ക്രിസ്തിയാനികള്‍ക്ക് വഴി പിഴച്ചവരെ സ്വര്‍ഗത്തിലേക്ക് വഴി കാട്ടുന്ന ചൂണ്ടുപലകകളായ ആത്മീയത്തൊഴിലിളികള്‍ ഉണ്ട്. ദൈവത്തിന്റെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് മുതലാളിമാരും. ഇവര്‍ക്കെല്ലാം ഓശാന പാടുന്ന ഒരു പറ്റം സാംസ്‌കാരിക നായകന്മാരും യജമാനന്റെ തീന്‍ മേശയില്‍ നിന്നും എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ക്കായി കാത്തുകിടക്കുന്നു . അപ്പോള്‍ അഭയ കേസിലെ പ്രതിക്ക് അവാര്‍ഡ് കിട്ടും. വേദപാഠ ക്ലാസ്സിനു പോകുന്ന ശ്രേയമാരുടെ ജഡങ്ങള്‍ കുളങ്ങളില്‍ പൊങ്ങും. സത്‌നാംസിംഗുമാരുടെ പ്രേതങ്ങള്‍ വഴിയോരങ്ങളില്‍ നിത്യകാഴ്ചയാകും. അരമനകളിലും ആരധനാമഠങ്ങളിലും അറപ്പില്ലാതെ അരങ്ങേറുന്ന ലൈംഗീക വൈകൃതങ്ങള്‍ വേറിട്ടൊരു കാഴ്ചയാവില്ല. തിരുസഭക്ക് ഇളക്കം വരാതെ ആ വിശുദ്ധ പാപങ്ങള്‍ അതീവ രഹസ്യമായി വത്തിക്കാന്റെ അകത്തളങ്ങളില്‍ നൂറ്റാണ്ടുകളോളം സൂക്ഷിക്കപ്പെടും.
ലോകപ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‌സിനോട് 2010 ല്‍ തന്റെ ന്യൂസിലാന്‍ഡ് - ഓസ്‌ട്രേലിയ സന്ദര്‍ശന വേളയില്‍ ഒരു കൂട്ടം പത്രലേഖകര്‍ ചോദിച്ചു ''താങ്കള്‍ ബൈബിളിനെ മാത്രം വിമര്‍ശിക്കുന്നു. എന്തുകൊണ്ട് ഇസ്ലാമിനെ വിമര്‍ശിക്കുന്നില്ല ''. ഡോക്കിന്‍സിന്റെ മറുപടി ഇതായിരുന്നു ''എനിക്ക് ഇസ്ലാമിനെ ഭയമാണ് ''. അതാണ് ഇസ്ലാമിന് എതിരെയുള്ള ശക്തിയായ വിമര്‍ശനം എന്ന് അവര്‍ പിറ്റേദിവസത്തെ പത്രങ്ങളില്‍ എഴുതി. ഭയപ്പെടേണ്ട മതത്തില്‍ ഭീകരത അല്ലാതെ മൂല്യങ്ങള്‍ ഉണ്ടാകില്ലല്ലോ.
മതം എന്നും മനുഷ്യനെ സങ്കുചിതമാക്കിയിട്ടേയുള്ളു. സ്വതന്ത്രമായി ചിന്തിക്കാന്‍ അവകാശമുണ്ടാവില്ല. നമ്മള്‍ മതത്തിലേക്ക് ജനിച്ചു വീഴുകയാണ്. നമ്മളറിയാതെ തന്നെ മതം നമ്മളില്‍ അടിച്ചേല്പിക്കപ്പെടുന്നു മതത്തില്‍ നന്മയുണ്ട് എന്ന കാരണത്താല്‍. എല്ലാ മത ഗ്രന്ഥങ്ങളിലും അവ എഴുതപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളനുസരിച്ചു നന്മയും തിന്മയും ഉണ്ട്. മതഗ്രന്ഥങ്ങള്‍ സാഹിത്യ സൃഷ്ടികളാണ്. വിശ്വാസപരമായി ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ നമ്മള്‍ മയക്കത്തില്‍ നിന്നും സ്വതന്ത്ര ചിന്തയോടെ ഉണരണം.
ഹൈന്ദവമതത്തിന് ആധുനിക യുഗചിന്തയുടെയും മാനവികതയുടെയും പുതിയ മുഖം കൊടുത്ത സ്വാമി വിവേകാനന്ദന്‍ ഒരു മതത്തെയും തള്ളിപറഞ്ഞില്ല. ഹിന്ദുവാണെങ്കില്‍ ഒരു നല്ല ഹിന്ദുവാകൂ, മുസ്ലിമാണെങ്കില്‍ ഒരു നല്ല മുസ്ലിമാകൂ, ക്രിസ്ത്യന്‍ ആണെങ്കില്‍ ഒരു നല്ല ക്രിസ്ത്യന്‍ ആകൂ. സര്‍വോപരി ഒരു നല്ല മനുഷ്യന്‍ ആകൂ. എന്നാലിന്ന് ഗോമാംസം തിന്നുന്നവനെ ത്രിശൂലത്തില്‍ കുത്തിയെറിഞ്ഞു ഗോമാതാവിനെയും കൊണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കാവി വസ്ത്ര ധാരികളുടെ പടയോട്ടത്തില്‍ ഹിന്ദു മതത്തിന് മാനവികതയുടെ പുതിയ മുഖം കൊടുക്കുവാന്‍ ശ്രമിച്ച കാവിയുടുത്ത ഗുരുവിനെ മറന്നു.
ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞത് പോലെ അരുതായ്മകളുടെ അങ്കത്തട്ടുകള്‍ പൊളിച്ചടുക്കി സമൂഹത്തിന്റെ സമസ്ത മേഖലകളിലും മനുഷ്യത്വത്തിന്റെ കൈയൊപ്പ് പതിഞ്ഞ ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമാണ് നമുക്കാവശ്യം. അത് ഒരു സാംസ്‌കാരിക പരിവര്‍ത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതാകട്ടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നമ്മുടെ സ്വപ്നവും
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments