Image

രണ്ടില ജോസിന് തന്നെ, ജോസഫിന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി

Published on 22 February, 2021
രണ്ടില ജോസിന് തന്നെ, ജോസഫിന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി
രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. പിജെ ജോസഫിന്റെ അപ്പീല്‍ തള്ളിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്താണ് പിജെ ജോസഫ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഡിവിഷന് ബെഞ്ച് ശരിവെച്ചു. കമ്മീഷന്റെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന്് ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഡിവിഷന്‍ ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്ത ജോസ് കെ മാണി പാര്‍ട്ടിയെ ഇത് കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതികരിച്ചു. യഥാര്‍ത്ഥ പാര്‍ട്ടി തന്റേതാണെന്ന് തെളിയിക്കുന്നതാണ് വിധിയെന്നും ജോസ് കെ മാണി പറഞ്ഞു.  

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച്് തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈ കോടതി സിംഗിള്‍ ബെഞ്ചും ഉത്തരവിട്ടത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയതോടെ ശക്തമായ തിരിച്ചടിയാണ് പിജെ ജോസഫ് വിഭാഗത്തിനുണ്ടായിരിക്കുന്നത്. കഴിഞ്ഞ പാല ഉപതിരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് പൈനാപ്പില്‍ ചിഹ്നത്തിലായിരുന്നു കോരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മാണി കോണ്‍ഗ്രസ് തോല്‍ക്കുകയും ചെയ്തിരുന്നു. 

പാര്‍ട്ടി പിളര്‍ന്നശേഷവും ചിഹ്നത്തെ ചൊല്ലി ഇരുപക്ഷവും തര്‍ക്കം രൂക്ഷമായി തന്നെ തുടരുകയും ചെയ്തു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം മരവിപ്പിച്ച് താല്‍ക്കാലികമായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യം ജോസ് കെ മാണിക്ക് ടേബിള്‍ ഫാനും പിജെ ജോസഫ് വിഭാഗത്തിന് ചെണ്ടയുമാണ് ചിഹ്നമായി അനുവദിച്ചിരുന്നത്. പിന്നീട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്ത് പിജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. തുടര്‍ന്ന് ഇടത് പക്ഷത്തിനൊപ്പം ചേര്‍ന്ന ജോസ് കെ മാണി വിഭാഗം രണ്ടില ചിഹ്നത്തിലും ജോസഫ് വിഭാഗം ചെണ്ട ചിഹ്നത്തിലുമാണ് മത്സരിച്ചത്.

 ജോസ് കെ മാണി വിഭാഗത്തിന് മികച്ച പ്രകടനം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കഴ്ച്ചവെയ്ക്കാനായെങ്കിലും ജോസഫ് പക്ഷത്തിന് കാര്യമായ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. ജോസ് കെ മാണിയുടെ പിന്തുണയോടെ കോട്ടയം ഉള്‍പ്പെടുന്ന മധ്യകേരളത്തില്‍ ഇടതുമുന്നണി ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച്ചവെയ്ക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക