Image

കണക്കുക്കൂട്ടല്‍ പിഴച്ച് എല്‍ഡിഎഫ്; കരപറ്റി യുഡിഎഫ്

ജി.കെ. Published on 16 June, 2012
കണക്കുക്കൂട്ടല്‍ പിഴച്ച് എല്‍ഡിഎഫ്; കരപറ്റി യുഡിഎഫ്
അങ്ങനെ സംസ്ഥാന രാഷ്ട്രീയം ഏറേ നാളായി ആകാംക്ഷയുടെയും ആശങ്കയുടെയും വീര്‍പ്പടക്കി കാത്തിരുന്ന നെയ്യാറ്റിന്‍കരയിലെ വോട്ടുപെട്ടി തുറന്നിരിക്കുന്നു. യുഡിഎഫിലേക്ക് പോകുന്നതിലും ഭേദം ആത്മഹത്യ ചെയ്യുകയാണെന്ന് വിളിച്ചുപറഞ്ഞ ആര്‍.ശെല്‍വരാജ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അതും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് നിയമസഭയിലെത്തുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് നിയമസഭയിലെ പ്രതിപക്ഷ ബെഞ്ചിലിരുന്ന് എതിര്‍ശബ്ദമുയര്‍ത്തിയ ശെല്‍വരാജ് ഇനി യുഡിഎഫിന്റെയും കുഞ്ഞൂഞ്ഞിന്റെയും വക്താവായി അബ്ദുള്ളകുട്ടിയ്‌ക്കൊപ്പം നിയമസഭയിലിരുന്ന് കൈയടിക്കും. ശെല്‍വരാജിന്റെ ഓരോ കൈയടിയും കൊള്ളുന്നത് ഇടതുമുന്നണിയുടെയും പ്രത്യേകിച്ച് സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തിന്റെ കരണത്താണെന്ന് മാത്രം. കണക്കൂട്ടല്‍ എല്ലാം പിഴച്ച് എല്‍ഡിഎഫ് നില്‍ക്കുമ്പോള്‍ അഞ്ചാം മന്ത്രി വിവാദത്തെത്തുടര്‍ന്നുണ്ടായ നാണക്കേടിന്റെ നടുക്കടലില്‍ നിന്നാണ് യുഡിഎഫ് വിജയത്തിന്റെ കരപറ്റിയിരിക്കുന്നത്.

ഒഞ്ചിയം സംഭവം വഴി പതിഞ്ഞ പാപക്കറ നെയ്യാറ്റിന്‍കരയില്‍ കഴുകിക്കളയാമെന്ന സിപിഎമ്മിന്റെയും പ്രത്യേകിച്ച് അതിലെ ഔദ്യോഗികപക്ഷത്തിന്റെയും പ്രതീക്ഷയാണ് ശെല്‍വരാജിന്റെ വിജയത്തിലൂടെ നെയ്യാറിലൂടെ ഒഴുകിപോയത്. പിറവത്ത് യുഡിഎഫ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുകയായിരുന്നുവെന്ന മുട്ടാപ്പോക്ക് പറഞ്ഞ് തടിതപ്പിയ എല്‍ഡിഎഫിന് ആ നമ്പര്‍ ഇവിടെ ഇറക്കാനാവില്ല. കാരണം സിപിഎമ്മിലെ ഒരുവിഭാഗത്തിന്റെ ഏകാധിപത്യ പ്രവണതകളില്‍ പ്രതിഷേധിച്ച്(എന്നാണ് പറയപ്പെടുന്നതെങ്കിലും) ഇറങ്ങിവന്ന ശെല്‍വരാജിനെ തന്നെയാണ് ജനങ്ങള്‍ വീണ്ടും തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് പറഞ്ഞയച്ചിരിക്കുന്നത്. ഇതോടെ എംഎല്‍എമാരില്‍ ആരെങ്കിലും മുള്ളാന്‍ പോയാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിയുകയും ചെയ്തു.

പിന്നില്‍ നിന്നു കുത്തി എതിര്‍പാളയത്തിലേക്ക് പോയ ശെല്‍വരാജിനോടു നെയ്യാറ്റിന്‍കരയില്‍ കണക്കു തീര്‍ക്കുക എന്നത് സിപിഎം അതിന്റെ രാഷ്ട്രീയ-സംഘടനാ ലക്ഷ്യമായിത്തന്നെ കണ്ടതാണ്. ഒരുപക്ഷെ എ.പി.അബ്ദുള്ളക്കുട്ടിയെ തോല്‍പ്പിക്കാന്‍ പോലും പാര്‍ട്ടി ഇത്രയെറെ വിയര്‍പ്പൊഴുക്കി കാണില്ല. അഞ്ചാം മന്ത്രിവിവാദത്തില്‍ തുടക്കത്തിലുണ്ടായിരുന്ന മുന്‍തൂക്കം ടി.പി.ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ഒറ്റ രാത്രിയോടെ മാറിമറിഞ്ഞു. എത്ര ചിട്ടയോടെയുള്ള തിരഞ്ഞെടുപ്പു പ്രവര്‍ത്തനവും, പക്ഷേ അന്തിമമായി പൊതു രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്നതിന്റെ ക്ലാസിക് ഉദാഹരണമായി നെയ്യാറ്റിന്‍കരയിലെ ഇടതുമുന്നണിയുടെ പരാജയം.

അഞ്ചാം മന്ത്രി വിവാദത്തിലുണ്ടാക്കിയ മുറിവുണക്കാന്‍ വിജയം യുഡിഎഫിന് അനുഗ്രഹമാകുമെന്നൊന്നും ഇപ്പോള്‍ പറയാനാവില്ല. കാരണം വോട്ടെണ്ണിക്കഴിഞ്ഞ് 24 മണിക്കൂര്‍ തികയും മുമ്പെ വിജയത്തിന്റെ തിളക്കം കുറഞ്ഞുപോയതില്‍ ലീഗിനെതിരെ കെ.മുരളീധരന്‍ രംഗത്തുവന്നിട്ടുണ്ട്. എങ്കിലും വിജയം യുഡിഎഫിന് ഒരു പരിധിവരെ മൃതസഞ്ജീവനി തന്നെയാണ്. മുന്നണിക്ക് ഏറെ ചീത്തപ്പേര് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ബാലകൃഷ്ണപിള്ള -ഗണേഷ്കുമാര്‍ തര്‍ക്കം പരിഹരിക്കാന്‍ ഈ വിജയം കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.

എന്നാല്‍ എല്‍ഡിഎഫില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. പരാജയത്തിന്റെ കാരണങ്ങള്‍ പേര്‍ത്തും പേര്‍ത്തും പരിശോധിക്കാനിരിക്കുന്നതേയുള്ളു. മണിയുടെ വിവാദ പ്രസംഗമാണ് പരാജയത്തിന് കാരണമെന്ന് വി.എസ്.സഖാവ് നേരത്തെ കണ്‌ടെത്തിയിട്ടുണ്‌ടെങ്കിലും അതുമാത്രമല്ല വോട്ടെടുപ്പ് ദിവസം ചന്ദ്രശേഖരന്റെ വീട്ടിലേക്ക് വിഎസ് നടത്തിയ സന്ദര്‍ശനവും വോട്ടര്‍മാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്‌ടെന്ന് ഔദ്യോഗികപക്ഷത്തോട് അടുത്തിടെയായി അത്ര പഥ്യമില്ലാത്ത തോമസ് ഐസക് തന്നെ വിളിച്ചുപറഞ്ഞു കഴിഞ്ഞു. വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശത്തെക്കുറിച്ച് ഐസകിന്റെ നിലപാട് ഇതാണെങ്കില്‍ പിന്നെ ഔദ്യോഗികപക്ഷ നിലപാട് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു.

പിബി അംഗങ്ങളുടെ സാന്നിധ്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ഈ മാസം ചേരുമ്പോള്‍ മണി മാത്രമാകില്ല പ്രതിക്കൂട്ടില്‍ എന്ന് ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ഔദ്യോഗികപക്ഷമിപ്പോള്‍. എന്നാല്‍ ചന്ദ്രശേഖരന്‍ വധവും അതിനെത്തുടര്‍ന്ന് പിണറായി ആവര്‍ത്തിച്ച കൂലംകുത്തി പരാമര്‍ശവും മണിയുടെ വിവാദ പ്രസംഗവും ചന്ദ്രശോഖരന്‍ വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഏരിയാ സെക്രട്ടറി വരെയുള്ളവരുടെ അറസ്റ്റുമെല്ലാം കണ്ടില്ലെന്ന് നടിച്ച് ഒഞ്ചിയം സന്ദര്‍ശനത്തിന്റെ പേരില്‍ മാത്രം തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ലെന്ന നിലപാടായിരിക്കും വി.എസ്. സ്വീകരിക്കുക. ഇക്കാര്യത്തില്‍ ഇടതുമുന്നണിയ്ക്കകത്ത് വി.എസിന് സിപിഐയുടെ ഉറച്ച പിന്തുണയുണ്ട്. ഇടുക്കിയില്‍ സിപിഐക്കാര്‍ക്ക് മണി ചതുര്‍ഥിയാണെന്ന കാരണം അതിന് പിന്നിലുണ്‌ടെങ്കിലും മണിയുടെ വിവാദ പ്രസംഗം കാരണം നെയ്യാറ്റിന്‍കരയില്‍ വിചാരിച്ച ഭൂരിപക്ഷം ലഭിക്കില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ നേരത്തെ പറഞ്ഞുവെച്ചത് ഇക്കാര്യത്തില്‍ വിഎസിനുള്ള പരിചയാണ്.

വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനം വി.എസ്.പക്ഷ വോട്ടുകള്‍ മരവിപ്പിക്കാനിടയാക്കി എന്ന് ഔദ്യോഗികപക്ഷം ആരോപിക്കുമ്പോള്‍ സിപിഎം ബിജെപിക്ക് വോട്ടു മറിച്ചുവെന്ന ഗുരുതര ആരോപണമായിരിക്കും വി.എസ്. ഉന്നയിക്കുക. ബിജെപി നേതാവ് പി.പി.മുകുന്ദന്‍ വെളിപ്പെടുത്തിയ സിപിഎം-ബിജെപി അടവുനയവും എം.വിജയകുമാര്‍ വോട്ടുകള്‍ ബിജെപിക്ക് മറിച്ചുവെന്ന ശെല്‍വരാജിന്റെ ആരോപണവും ഔദ്യോഗികപക്ഷത്തിനെതിരെ വി.എസ് ആയുധമാക്കും.

അതേസമയം, നാളെ നേതൃയോഗങ്ങള്‍ ആരംഭിക്കുമ്പോള്‍ ഈ തോല്‍വി ആര്‍ജവത്തോടെയുള്ള വിചാരണയ്ക്കു വഴിയൊരുക്കുമെന്നു പ്രതീക്ഷിക്കുന്നവരും സിപിഎമ്മിലുണ്ട്. ഈ വിധി പാര്‍ട്ടിതല പരിഹാരക്രിയകളെയും സ്വാധീനിക്കുമെന്ന കാര്യത്തില്‍ രണ്ടുതരമില്ല. നിയമസഭാ സമ്മേളനം കൂടുന്നതിനിടയിലാണ് ഈ വിധിയെന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം നാണക്കേടിന്റെ ആഴം കൂട്ടുന്നതാണ്. തങ്ങളുടെ പഴയ സഖാവ് തിങ്കളാഴ്ച യുഡിഎഫ് ബെഞ്ചില്‍ വിജയഹാസവുമായി ഇരിക്കുന്ന കാഴ്ച സിപിഎം സഹിക്കേണ്ടിവരും.

മൂന്നാം സ്ഥാനത്തായെങ്കിലും പാര്‍ട്ടിയുടെ മനോവീര്യം ഉയര്‍ത്താന്‍ പോന്ന പ്രകടനമാണ് ഒ. രാജഗോപാലിലൂടെ ബിജെപി കാഴ്ചവച്ചതെന്ന് പറയാതിരിക്കാനാവില്ല. രണ്ടു മുന്നണികള്‍ക്കും വോട്ടു കുറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് 20% കൂടി എന്ന് അവര്‍ക്ക് അഭിമാനി­ക്കാം.
കണക്കുക്കൂട്ടല്‍ പിഴച്ച് എല്‍ഡിഎഫ്; കരപറ്റി യുഡിഎഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക