Image

കോവിഡ് കവർന്ന 5 ലക്ഷം ജീവന് പ്രസിഡന്റിന്റെ ശ്രദ്ധാഞ്ജലി; ജൂണിൽ 6 ലക്ഷമാകും 

മീട്ടു Published on 23 February, 2021
കോവിഡ് കവർന്ന 5 ലക്ഷം ജീവന് പ്രസിഡന്റിന്റെ ശ്രദ്ധാഞ്ജലി; ജൂണിൽ 6 ലക്ഷമാകും 

ജോ ബൈഡന്റെ ഉദ്ഘാടന ചടങ്ങിന്റെ തലേരാത്രി, ലിങ്കൺ മെമ്മോറിയൽ റിഫ്ലെക്റ്റിംഗ് പൂളിൽ കോവിഡ് ബാധിച്ച് മരിച്ച 400,000 അമേരിക്കക്കാർക്കായി ദേശീയ വിലാപ ചടങ്ങ് നടത്തുകയും പ്രതീകാത്മകമായി 400 ദീപങ്ങൾ തെളിക്കുകയും ചെയ്തിരുന്നു. യുഎസിലെ  കോവിഡ് മരണസംഖ്യ തിങ്കളാഴ്ച വൈകുന്നേരം 500,000 ൽ എത്തി. മരണമടഞ്ഞ എല്ലാവരേയും ഓർമ്മിക്കണമെന്ന് പ്രസിഡന്റ്  ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട്, വീണ്ടുമൊരു അനുസ്മരണ ശുശ്രൂഷ നടത്തി.

വൈറ്റ് ഹൗസ്  സൗത്ത് ലോണിൽ (പുൽത്തകിടി) നിന്ന്  ബാൽക്കണി വരെ നീളുന്ന വഴിത്താരയിൽ മെഴുകുതിരികളാൽ ചുറ്റപ്പെട്ട ബൈഡനും  വൈസ് പ്രസിഡന്റ് കമല ഹാരിസും ഒരു നിമിഷം ഒന്നും സംസാരിക്കാതെ അമേരിക്കക്കാരുടെ ദുഃഖം നെഞ്ചിലേറ്റി നിന്നു. പിന്നീട് രോഗശാന്തിയുടെ പ്രതീക്ഷ പകരുന്ന ആശ്വാസവാക്കുകൾ പങ്കുവച്ചു.

അമേരിക്കയിൽ ജനിച്ചവരോ കുടിയേറിവന്നവരോ എന്നതല്ല, അമേരിക്കയിൽ അവാസന ശ്വാസം എടുത്തവർ എന്നതിന് ഊന്നൽ നൽകിക്കൊണ്ടാണ് മരണപ്പെട്ടവർക്ക് ബൈഡൻ ശ്രദ്ധാഞ്ജലി അർപ്പിച്ചത്.

അടുത്ത അഞ്ച് ദിവസത്തേക്ക് ഫെഡറൽ പതാകകൾ പകുതി താഴ്ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകമഹായുദ്ധങ്ങളിലും വിയറ്റ്നാം യുദ്ധത്തിലും മരണമടഞ്ഞ അമേരിക്കക്കാരുടെ എണ്ണം കൂട്ടിയാൽ പോലും കോവിഡ് കവർന്നെടുത്ത ജീവനുകളുടെ അത്ര വരില്ലെന്ന് ബൈഡൻ പറഞ്ഞു.

 തന്റെ സ്വകാര്യ സങ്കടങ്ങളെക്കുറിച്ച് പ്രസിഡന്റ് പലപ്പോഴും സംസാരിക്കാറുണ്ട്. മകൻ ബ്യൂ 2015 മെയ് മാസത്തിൽ നാല്പത്തിയാറാം വയസ്സിൽ മരണപ്പെട്ടതിന്റെയും  ആദ്യ ഭാര്യയെയും മകളെയും  1972 ൽ വാഹനാപകടത്തിൽ നഷ്ടപ്പെട്ടതിന്റെയും വേദന പങ്കുവച്ചുകൊണ്ട്, ഉറ്റവർ നഷ്ടപ്പെട്ട ഓരോ അമേരിക്കക്കാരന്റെയും ദുഃഖത്തിന്റെ കാഠിന്യം തനിക്ക്  മനസിലാക്കാൻ  സാധിക്കുമെന്ന് ബൈഡൻ പറയാറുണ്ട്.

ഓരോ ദിവസവും കോവിഡ് മരണങ്ങളുടെ എണ്ണം ഉയരുന്നുണ്ടെങ്കിൽപോലും, രാജ്യത്തുടനീളം പുരോഗതിയുടെ ലക്ഷണങ്ങളുണ്ട്. 
ജനുവരി പകുതി മുതൽ,  ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പുതിയ കേസുകളുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 40 ശതമാനത്തിലധികം കുറയുകയും ജനുവരി 8 ന്റെ ഉയർന്ന കണക്കുകളെ അപേക്ഷിച്ച് 70 ശതമാനം കുറയുകയും ചെയ്തതായി ന്യൂയോർക് ടൈംസ് ഡാറ്റാബേസ് വ്യക്തമാക്കുന്നു.

മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും, പ്രതിരോധ കുത്തിവയ്പ്പുകളുടെ വിതരണം ത്വരിതപ്പെടുത്തിയതും രോഗികളുടെ എണ്ണം കുറയ്ക്കാൻ സഹായകമായിട്ടുണ്ടെന്ന്    വിദഗ്ദ്ധർ വിലയിരുത്തുന്നു. രാജ്യത്തെ 12 ശതമാനം ആളുകൾ വാക്സിന്റെ ഒരു  ഡോസ് വീതവും, 5 ശതമാനം പേർ ഇരുഡോസുകളും സ്വീകരിച്ചത് ഏറെ ആശ്വാസകരമാണ്.

ഒരു വര്‍ഷം തികയും മുൻപേ കോവിഡ് മരണസംഖ്യ 5 ലക്ഷം കടന്നു 

 2020 ഫെബ്രുവരി 29 ന് കാലിഫോർണിയയിലാണ് അമേരിക്കയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 50 പിന്നിട്ട ഒരാളാണ് അന്ന് മരണപ്പെട്ടത്. ആദ്യ കോവിഡ് മരണത്തിന്റെ ഒന്നാം വാർഷികത്തിന് ഒരാഴ്‌ച ബാക്കി നിൽക്കെ രാജ്യത്തെ കോവിഡ് മരണസംഖ്യ 5 ലക്ഷം കടന്നിരിക്കുകയാണ്.
 ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം, വിയറ്റ്നാം യുദ്ധം എന്നിവയിൽ നഷ്ടപ്പെട്ട അമേരിക്കക്കാരുടെ എണ്ണം കൂട്ടിയാൽ പോലും ഒരു വർഷത്തിനുള്ളിൽ കോവിഡ് കവർന്നെടുത്തത്ര വരില്ല. 
 ട്രംപ് ഭരണകൂടം  നടത്തിയ തെറ്റായ നടപടികളുടെ തുടർച്ചയാണ് ഈ ദുരന്തമെന്നാണ് വിലയിരുത്തുന്നത്.

 ഓരോ മണിക്കൂറിലും 150- ലധികം ആളുകൾ കോവിഡിന് കീഴടങ്ങുന്ന സാഹചര്യത്തിലാണ്, ജോ ബൈഡൻ അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ ഉദ്ഘാടനത്തിന് ഒരാഴ്ച മുമ്പ് പ്രതിദിന കോവിഡ് മരണം യുഎസിൽ 4,400 എന്ന റെക്കോർഡിലെത്തി.

ബൈഡൻ പ്രസിഡൻസിയിലേക്ക് എത്തി ഒരു മാസം പിന്നിട്ടപ്പോൾ തന്നെ, പുതിയ കേസുകളിൽ കുറവ് പ്രകടമായി തുടങ്ങി.  നാലാമതൊരു കോവിഡ് കുതിപ്പുകൂടി ഉണ്ടാകാനുള്ള സാഹചര്യം  ഒഴിവാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബൈഡന്റെ കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ്. ജൂലൈ മാസത്തോടെ 300 മില്യൺ അമേരിക്കക്കാരെ വാക്സിനേറ്റ് ചെയ്യാനുള്ള പദ്ധതിക്കൊപ്പം വിദ്യാർത്ഥികൾക്ക്  വിപുലീകരിച്ച  ഹൈബ്രിഡ് ക്ലാസുകളുമായി സ്കൂളുകൾ തുറക്കാൻ ആവശ്യമായ സജ്ജീകരണങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്.

 ബൈഡൻ അധികാരമേറ്റ ശേഷം വൈറ്റ് ഹൗസിൽ ആരംഭിച്ച കോവിഡ് ബ്രീഫിങ് ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതിനും അവരിൽ അവബോധം സൃഷ്ടിക്കുന്നതിനും മികച്ച രീതിയിൽ സഹായകമായി. ഒരാഴ്ചയിൽ  മൂന്ന് കോവിഡ് -19 ബ്രീഫിംഗുകളാണ് ഉള്ളത്. ആളുകളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന ചോദ്യോത്തര സെഷനുകളാണ് ഇതിന്റെ ഹൈലൈറ്റ്.

 യുഎസിലെ കോവിഡ് കേസുകൾ അഞ്ച് ആഴ്ചയായി കുറഞ്ഞുവരുന്നതിന്റെ കാരണം മാസ്ക് ധരിക്കുന്നതും, സാമൂഹിക അകലം പാലിക്കുന്നതും, പ്രതിരോധ കുത്തിവയ്പ്പുകളുടെ വിതരണം ത്വരിതപ്പെടുത്തിയതും ആണെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

കുട്ടികൾക്ക് നൽകുന്ന വാക്സിനുകൾക്കായുള്ള പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്നും അധികം വൈകാതെ എത്തിച്ചേരുമെന്നും ബൈഡന്റെ മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റോണി ഫൗച്ചി വ്യക്തമാക്കി.

 12 വയസ്സ് വരെ പ്രായമുള്ളവരിലാണ് ഫൈസർ പരീക്ഷണം നടത്തിവരുന്നത്. ഏപ്രിലിൽ, 5- 12 വയസ് വരെയുള്ള കുട്ടികളിലും വാക്സിൻ പഠനം നടത്താനാണ് കമ്പനിയുടെ പദ്ധതി. ഇതിന്  കുറഞ്ഞത് ഒരു വർഷമെടുക്കും. 
കുട്ടികളിൽ വാക്സിൻ സുരക്ഷിതമാണോയെന്നറിഞ്ഞ്  അതിന്റെ  ഫലപ്രാപ്തിയും  രോഗപ്രതിരോധ പ്രതികരണവും താരതമ്യപ്പെടുത്തി ആയിരിക്കും അന്തിമ തീരുമാനം.

ഈ വർഷം ജൂണിൽ യു എസിലെ കോവിഡ് മരണസംഖ്യ 600,000 കടക്കുമെന്ന്  വാഷിംഗ്ടൺ സർവകലാശാലയിൽ നിന്നുള്ള ഒരു പ്രവചന മാതൃകയിൽ പറയുന്നു. നിയന്ത്രണങ്ങൾ‌ ലഘൂകരിക്കാൻ‌ നിരവധി സംസ്ഥാനങ്ങൾ തുടങ്ങിയതുകൊണ്ട് ‌മരണനിരക്ക് ഇതിനേക്കാൾ ഉയർന്നേക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക