Image

ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് ചെന്നിത്തല 

Published on 23 February, 2021
ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് ചെന്നിത്തല 

തിരുവനന്തപുരം: ഇഎംസിസിയുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാന ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്.  കേരളത്തിന്റെ കടല്‍ കൊള്ളയടിക്കാന്‍ നയം തിരുത്തിയതടക്കം 2018 മുതല്‍ ഗൂഢാലോചന നടന്നുവരികയായിരുന്നെന്നും ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

അസന്റില്‍ വെച്ച് ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് റദ്ദാക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ ഒന്നും പറഞ്ഞിട്ടില്ല. ഇഎംസിസിക്ക് പള്ളിപ്പുറത്ത് നല്‍കിയ നാല് ഏക്കര്‍ സ്ഥലം തിരികെ വാങ്ങാനും നടപടി ആയിട്ടില്ല. മത്സ്യനയത്തില്‍ തിരുത്തലുകള്‍ വരുത്തിയതില്‍ ഒരു നടപടിയും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പദ്ധതി ഏതു സമയവും തിരികെ വരാം എന്ന അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഇഎംസിസിയുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി രണ്ട് തവണ ചര്‍ച്ച നടത്തിയതായി തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചതെന്ന് കമ്പനി പറയുന്നു.  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പച്ചക്കള്ളമാണ് മുഖ്യമന്ത്രി ഇക്കാര്യത്തില്‍ പറയുന്നത്.

ഫിഷറീസ് മന്ത്രി ചര്‍ച്ച നടത്തിയെന്ന രേഖകള്‍ പുറത്തുവിട്ടപ്പോള്‍ അതനുസരിച്ച്  പുതിയ നുണകള്‍ പറയുകയാണ്. 

സംസ്ഥാന മത്സ്യ നയത്തില്‍ വരുത്തിയ മാറ്റംതന്നെ പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടുള്ള ഗൂഢാലോചനയാണ്. 2018 ഏപ്രിലില്‍ ഫഷറീസ് മന്ത്രി ന്യൂയോര്‍ക്കില്‍ വെച്ച് ഇഎംസിസിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മത്സ്യനയത്തില്‍ മാറ്റംവരുത്തിയത്.  

ഇഎംസിസി മാത്രമല്ല ലോകത്തിലെ മറ്റുചില വന്‍കിട കുത്തക കമ്പനികള്‍ക്കൂടി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില പ്രമുഖ ഭക്ഷ്യവിതരണ മാര്‍ക്കറ്റിങ് കമ്പനികളും പിന്നിലുണ്ടെന്ന് സംശയിക്കണം. ഇഎംസിസിയുടെ പള്ളിപ്പുറം പ്ലാന്റില്‍ സംസ്‌കരിക്കുന്ന മത്സ്യം ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനികളുടെ വന്‍കിട സ്‌റ്റോറേജുകളിലേയ്ക്കാണ് പോകുന്നത്. അവര്‍ക്കത് കയറ്റുമതി ചെയ്യാനും ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാനും കഴിയും. നൂറുകണക്കിന് കോടി രൂപയുടെ ലാഭമാണ് ഇതിലൂടെ ലഭിക്കുക.

പ്രതിപക്ഷം ഇപ്പോള്‍ ഇത് പുറത്തു കൊണ്ടുവന്നില്ലായിരുന്നെങ്കില്‍ മന്ത്രിസഭ പദ്ധതിക്കുള്ള അംഗീകാരം നല്‍കുമായിരുന്നു. മൂന്നോ നാലോ വര്‍ഷംകൊണ്ട് തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കേരള തീരത്തെ കൊള്ളയടിച്ചു കൊണ്ടുപോകുമായിരുന്നു. ഇപ്പോഴും ഉപകരാര്‍ റദ്ദാക്കിയതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ മത്സ്യത്തൊഴിലാളികൾ വഞ്ചിക്കപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗം സർക്കാർ ഇല്ലാതാക്കുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. യു.ഡി.എഫ് സംഘടിപ്പിച്ച ഐശ്വര്യ കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

see also

ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനി: കേന്ദ്രമന്ത്രി വി.മുരളീധരൻ

ആഴക്കടൽ മൽസ്യബന്ധനം: ഫോമാ ചർച്ച ചെയ്തു

മീൻ  പിടുത്തവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡോ. എം.വി. പിള്ള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക