Image

ജോൺസൻ & ജോൺസന്റെ സിംഗിൾ-ഡോസ് വാക്സിന് പച്ചക്കൊടി

മീട്ടു ‌ റഹ്മത്ത് കലാം Published on 24 February, 2021
ജോൺസൻ & ജോൺസന്റെ സിംഗിൾ-ഡോസ് വാക്സിന് പച്ചക്കൊടി

see also: ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ; ഗവേഷണ തലവൻ മലയാളി ഡോ. മത്തായി മാമ്മൻ

ജോൺസൻ & ജോൺസന്റെ സിംഗിൾ-ഡോസ് കൊറോണ വൈറസ് വാക്സിന്  ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ ) അടിയന്തര അനുമതി നൽകും. വാക്സിൻ സുരക്ഷിതമെന്ന് എഫ്.ഡി.എ വ്യക്തമാക്കി 

ഫൈസറിന്റെയും  മോഡേണയുടെയും വാക്‌സിനുകൾക്കൊപ്പം മൂന്നാമതൊരു വാക്‌സിൻ  കൂടി അടിയന്തിര ഉപയോഗ അനുമതി നൽകുന്നതിന് ശുപാർശ ചെയ്യുമെന്ന് ഏജൻസി ബുധനാഴ്ച വ്യക്തമാക്കി.  മഹാമാരിക്കെതിരെയുള്ള പോരാട്ടത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. 

നിലവിൽ ഒറ്റ ഡോസിൽ കോവിഡിനെതിരെ ഫലപ്രദമായ ഒരേയൊരു വാക്സിനാണ് ജോൺസൺ ആൻഡ് ജോണ്‍സൺ കമ്പനിയുടേത്.

കോവിഡിനെതിരെ  ജെ & ജെ വാക്സിൻ 66 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി എഫ്ഡി‌എ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ഫൈസറിന്റെയും മോഡേണയുടെയും ഫലപ്രാപ്തി 94 ശതമാനം ആണെങ്കിലും അവ രണ്ടു ഡോസ് സ്വീകരിക്കേണ്ടതുണ്ട്.

ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ജെ & ജെ യുടെ വാക്സിന്റെ  ക്ലിനിക്കൽ ട്രയൽ 44,000 ത്തോളം പേരിൽ നടത്തിയിട്ട് കാര്യമായ സുരക്ഷ ആശങ്കകളൊന്നും ഉണ്ടായില്ലെന്നതാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്യാൻ കാരണമെന്ന് ഏജൻസി അധികൃതർ പറഞ്ഞു.

വാക്‌സിനുകളുടെയും അനുബന്ധ ബയോളജിക്കൽ പ്രൊഡക്റ്റ്സ് അഡ്വൈസറി കമ്മിറ്റിയുടെയും വിദഗ്ധർ ഉൾപ്പെടുന്ന പാനലാണ് അടിയന്തിര ഉപയോഗത്തിനായി ജെ & ജെ വാക്സിൻ  ശുപാർശ ചെയ്യുന്നത്. വെള്ളിയാഴ്ച നടക്കുന്ന യോഗത്തിന് മുന്നോടിയായാണ്  എഫ്ഡിഎ വാക്സിന്റെ വിശകലനവിവരങ്ങൾ  പുറത്തുവിട്ടത്.
ഉപദേശക സമിതിയുടെ  ശുപാർശകയെത്തുടർന്നാണ്  ഡിസംബറിൽ എഫ്ഡി‌എ മോഡേണ, ഫൈസർ വാക്സിനുകൾക്ക് അടിയന്തര അനുമതി നൽകിയത്

ന്യൂയോർക്കിൽ ജെ & ജെ യുടെ ഇൻ-ഹോം വാക്സിനേഷൻ മാർച്ചിൽ 

മാർച്ച് അവസാനത്തോടെ രാജ്യത്ത്   20 മില്യൺ  കോവിഡ് -19  വാക്സിനുകൾ ലഭ്യമാകുമെന്ന് ജോൺസൺ & ജോൺസൺ പറഞ്ഞു. നിലവിൽ അംഗീകാരം ലഭിച്ച ഫൈസറിൽ നിന്നും മോഡേണയിൽ നിന്നും ഈ വാക്സിൻ വ്യത്യസ്തമാകുന്നത് പ്രതിരോധത്തിന്  ഒരൊറ്റ ഡോസ് മതി എന്നതുകൊണ്ടാണ്. മാത്രമല്ല, സംഭരിക്കാനും എളുപ്പമാണ്. ന്യൂയോർക് സിറ്റിയിൽ ഡോർ ടു  ഡോർ സേവനം ഒരുക്കാനും ജോൺസൺ ആൻഡ് ജോൺസണ് പദ്ധതിയുണ്ട്.

വീട്ടിൽ  നിന്ന് പുറത്തുപോകാൻ കഴിയാത്ത ആളുകൾക്ക് ഇൻ-ഹോം വാക്സിനേഷൻ ഉപകരിക്കുമെന്നു മേയർ ബിൽ ഡി ബ്ലാസിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 'മാസത്തിലൊരിക്കൽ മുതിർന്നവർക്കായി വീടുതോറുമുള്ള വാക്സിനേഷൻ നടത്താൻ ഞങ്ങൾ ഉടൻ തയ്യാറെടുക്കും.' മേയർ   പറഞ്ഞു.

യു എസ് ഹൗസ് ഉപസമിതിക്ക് ജെ ആൻഡ് ജെ സമർപ്പിച്ച സമ്മതപത്രം അനുസരിച്ച്, അടുത്ത മാസം ആദ്യം തന്നെ വീട്ടിൽ പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാകുന്ന സംവിധാനം ന്യൂയോർക്കിൽ ആരംഭിക്കാമെന്ന് സിറ്റി ഹെൽത്ത് കമ്മീഷണർ ഡേവ് ചൊക്സ്സി പറഞ്ഞു.

ഫെബ്രുവരി 4 നാണ്  ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (എഫ് ഡി എ) അംഗീകാരത്തിനായി ജെ & ജെ വാക്സിൻ  അപേക്ഷ സമർപ്പിച്ചത്.

അടിയന്തിര അംഗീകാരത്തിന് ശേഷം, 4 മില്യൺ ഡോസുകൾ ഉടൻ കയറ്റി അയയ്ക്കാൻ തയ്യാറാണെന്ന് ജോൺസൺ & ജോൺസൺ വീപ്പ്  ഡോ. റിച്ചാർഡ് നെറ്റിൽസ് വ്യക്തമാക്കി.
ജൂൺ അവസാനത്തോടെ 100മില്യൺ  ഡോസുകൾ തയ്യാറാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മാർച്ച് അവസാനത്തോടെ, ഫൈസർ 120മില്യൺ ഡോസും, മോഡേണ 100മില്യൺ ഡോസും എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം മൂന്നാം പാദത്തോടെ യുഎസിനായി 110 മില്യൺ ഡോസുകൾ നൽകാമെന്ന് നോവവാക്സ് അറിയിച്ചു. 300 മില്യൺ ഡോസുകൾ നൽകാമെന്ന്  ഓക്സ്ഫോർഡ്-ആസ്ട്രസെനെക്ക വാക്സിനും ഉറപ്പുനൽകി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക