Image

ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ചേര്‍ത്തലയില്‍ ബി.ജെ.പി ഹര്‍ത്താലിനിടെ അക്രമം

Published on 25 February, 2021
ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം:ചേര്‍ത്തലയില്‍ ബി.ജെ.പി ഹര്‍ത്താലിനിടെ അക്രമം

ആലപ്പുഴ ചേര്‍ത്തലയ്ക്ക് സമീപം വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍  കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച   ബി.ജെ.പി ഹര്‍ത്താലിനിടെ  വ്യാപക അക്രമം. അഞ്ചു കടകള്‍ തകര്‍ക്കുകയും മൂന്നെണ്ണത്തിന് തീവെക്കുകയും ചെയ്തു. 


എസ്.ഡി.പി.ഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി സുനീര്‍, എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്റെ പച്ചക്കറിക്കട എന്നിവയും തീവെച്ചവയില്‍ ഉള്‍പ്പെടും. വാഹനങ്ങളും തല്ലിത്തകര്‍ത്തു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്ബ് ചെയ്യുന്നുണ്ട്.


ആര്‍.എസ്.എസ് നാഗംകുളങ്ങര ശാഖ പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം വൈകിട്ടോടെ വിലാപയാത്രയായി നാട്ടിലെത്തിക്കും.


അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പാണാവള്ളി സ്വദേശി റിയാസ്, അരൂര്‍ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസര്‍, എഴുപുന്ന സ്വദേശി അനസ്, വയലാര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍, ചേര്‍ത്തല സ്വദേശികളായ സുനീര്‍, ഷാജുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.


സംഘര്‍ഷത്തില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വയലാര്‍ സ്വദേശി കെ.എസ്. നന്ദു(22)വിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയിലായിരുന്നു സംഭവം. ഉച്ചക്ക് എസ്.ഡി.പി.ഐ പ്രചരണ ജാഥക്കിടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ വൈകിട്ട് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പ്രതിഷേധ പ്രകടനവും നടത്തി. സ്ഥലത്ത് ചേര്‍ത്തല പോലീസ് കാവല്‍ ഉണ്ടായിരുന്നു.


പ്രകടനങ്ങള്‍ക്കു ശേഷം പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെയാണ് സംഘര്‍ഷവും ആക്രമണവും ഉണ്ടായത്. ഇരുവിഭാഗവും തമ്മില്‍ കല്ലേറും കൂട്ടത്തല്ലുമുണ്ടായി. ഇതിനിടെയാണ് നന്ദു കൃഷ്ണയ്ക്ക് വെട്ടേറ്റത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക