ഭൂമിയോട്
ഇന്ന് നീ വിളറിപ്പോയ ഒരു നീലക്കുത്ത്
നാളെ സൗരയൂഥത്തിലെ പുഴുക്കുത്താകാതിരുന്നാല് ഭാഗ്യം
സൂര്യനോട്
മലയും കടലും നിഷ്കരുണം ഉപേക്ഷിച്ചാലും
ഇരുട്ട് നിന്നെ സ്വീകരിക്കും
പിറന്ന ദിനം തന്നെ മരിക്കാന്‍ കഴിയുന്നത് ഒരു സുകൃതമാണ്
ചന്ദ്രനോട്
വിശക്കുന്ന ബംഗാളിക്ക് നീ ചപ്പാത്തിയാണെങ്കില്‍
വിശക്കുന്ന മലയാളിക്ക് നീ ദോശയാണ്
ആരും ഇപ്പോള്‍ മന്നവേന്ദ്രന്റെ മുഖം നിന്നില്‍ കാണാറില്ല
രാവണനോട്
പത്തു തലയുണ്ടെങ്കിലും നിനക്കൊരു ഹൃദയം മാത്രം
അതില്‍ നീ സീതയെ പ്രതിഷ്ഠിച്ചിരിക്കുന്നു
സ്വന്തം നെഞ്ചില്‍ ഹനുമാന് രാമനെ കുടിയിരുത്തിയപോലെ
ചേമ്പിലയോട്
മഴത്തുള്ളി നിന്റെ പ്രേമഭാജനം
തെക്കു പടിഞ്ഞാറന്‍ കാറ്റ്
പ്രേമത്തിന്റെ മൂന്നാം കോണിലെ വില്ലന്‍
കണ്ണാടിയോട്
എന്നെ ഞാനായി കാണിക്കാന്‍ നിനക്കൊരിക്കലും ആവില്ല
ആകയാല്‍ നിന്റെ മുഖം എന്നും വികൃതമാണ്.
വീടിനോട്
ചുവര് വാതിലായതും വാതില്‍ ചുവരായതും അറിഞ്ഞില്ല
മേല്‍ക്കൂര പാറിപ്പോയതും ഞാനറിഞ്ഞില്ല
ഇപ്പോള്‍ പാമ്പും തേളും പറക്കും തവളകളും മാത്രമാണ് അന്തേവാസികള്‍
കവിയോട്
പല പല കതകിലും നീ മുട്ടി നോക്കും
എന്നാല്‍ നിനക്ക് വേണ്ടി ഒരു വാതിലും തുറക്കപ്പെടില്ല
പറയുന്നതില്‍ ഖേദമുണ്ട്, നിന്റെ ജീവിതം ഛന്ദോബദ്ധമല്ല
മാതൃഭാഷയോട്
നിന്റെ അച്ഛന് തുഞ്ചത്തെഴുത്തച്ഛന്‍
അമ്മ മൗനം