Image

പ്രവാസി മലയാളികളോട് കാണിക്കുന്ന അനീതിക്കെതിരെ ഒ.ഐ.ഒ.പി. മൂവ്മെന്റ് ഓവർസിസ് കമ്മിറ്റി പ്രതിഷേധിച്ചു

ജയ്‌സണ്‍ മാത്യു Published on 27 February, 2021
പ്രവാസി മലയാളികളോട് കാണിക്കുന്ന അനീതിക്കെതിരെ  ഒ.ഐ.ഒ.പി. മൂവ്മെന്റ് ഓവർസിസ് കമ്മിറ്റി  പ്രതിഷേധിച്ചു
ടൊറോന്റോ : കൊറോണായുടെ  പേരിൽ പ്രവാസിമലയാളികളോട്  കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങൾ കാണിക്കുന്ന  അനീതിക്കും  ചൂഷണം ചെയ്യലിനുമെതിരെ  വിവിധ രാജ്യങ്ങളിലുള്ള  OIOP മൂവ്മെന്റ് ഓവർസിസ് കമ്മിറ്റികൾ  കടുത്ത പ്രതിഷേധം അറിയിച്ചു .

പ്രവാസികൾക്ക് ഇരുട്ടടിയാകുന്ന  അധിക  ബാധ്യത വരുത്തുന്ന പി.സി .ആർ . ടെസ്റ്റ് ഒഴിവാക്കുകയോ  സൗജന്യമാക്കുകയോ  ചെയ്യണമെന്ന്  OIOP മൂവ്മെന്റ് ഓവർസീസ് പ്രസിഡന്റ് ബിബിൻ പി . ചാക്കോ , സെക്രട്ടറി ജോബി എൽ.ആർ,  കാനഡ  നാഷണൽ   കമ്മറ്റി  പ്രസിഡണ്ട്   കെ .എം .തോമസ്, യു എസ്‌  എ   നാഷണൽ കമ്മിറ്റി പ്രസിഡന്റ്  ബേബി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു .

ഗൾഫ് രാജ്യത്തു 72 മണിക്കൂർ സമയപരിധിയിലുള്ള പി. സി.ആർ നെഗറ്റീവ് ഫലം കയ്യിൽവെച്ച് മണിക്കൂറുകൾക്കകം നാട്ടിലെത്തിയാൽ വീണ്ടും പണം കൊടുത്തു എയർപോർട്ടിൽ അടുത്ത പരിശോധനക്ക്  വിധേയരാകേണ്ടിവരൂന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം വിദേശത്തു നിന്നും മടങ്ങി വരുന്ന പ്രവാസികൾക്ക് കൂനിന്മേൽ  കുരുവായി മാറിയിരിക്കുകയാണ് .

കോവിഡ് മൂലം ജോലി നഷ്ടപ്പെടവർ , ശമ്പളം വെട്ടികുറക്കപെട്ടവർ , ബിസിനസ് പ്രതിസന്ധിയിലായവർ , സന്ദർശക വിസയിൽ പോയി മടങ്ങുന്നവർ തുടങ്ങി മോശം അവസ്ഥയിൽ അടിയന്തിരമായി നാട്ടിലെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും , പ്രവാസികളോടുള്ള  ഈ വഞ്ചനാ  ഉത്തരവ് പിൻവലിക്കുകയോ അല്ലങ്കിൽ ചെലവ് സർക്കാർ വഹിക്കുകയോ ചെയ്യണമെന്നും  വിവിധ രാജ്യങ്ങളിലുള്ള  കമ്മിറ്റികൾ   ആവശ്യപ്പെട്ടു .  . കെ .എം .തോമസ് (കാനഡ ),  ബേബി ജോസഫ്  (യു എസ് എ ),    ജൂഡ്സ് ജോസഫ് (ഇറ്റലി), സാജൻ വർഗീസ് (ഇസ്രായേൽ ), അബ്ദുൾ ഹമീദ് (കുവൈറ്റ്) , പയസ് തലക്കോട്ടൂർ (ഒമാൻ),സിനോജ്‌ (യു .എ .ഈ ), ജോബി എലിയാസ് (ഖത്തർ), സിറിയക് കുരിയൻ (സൗദി അറേബ്യ) , ബിജു എം .ഡാനിയേൽ (ബഹ്‌റൈൻ ), തുടങ്ങിയ  പതിനൊന്നു രാജ്യങ്ങളിലെ നാഷണൽ കമ്മിറ്റി പ്രസിഡന്റുമാരും  മറ്റു പ്രതിനിധികളും   സൂമിലൂടെ  നടത്തിയ ഈ  പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.

പ്രവാസികൾക്ക്  കടുത്ത നിയന്ത്രണങ്ങൾ  ഏർപ്പെടുത്തുകയും  സ്വദേശികൾക്കു യാതൊരു നിയമങ്ങളും ബാധകമല്ലെന്നതരത്തിൽ  അയഞ്ഞ സമീപനം  സ്വീകരിക്കുകയും   ചെയ്യുന്ന ഗവണ്മെന്റുകളുടെ   ഇരട്ടത്താപ്പ്  നയം  യാതൊരു വിധത്തിലും ഉൾക്കൊള്ളാനാവില്ലെന്നും  അവർ  പറഞ്ഞു. കേരളത്തിലേക്ക്  കൊറോണ പടർത്തുന്ന  വാഹകരായി  പ്രവാസികളെ ചിത്രീകരിക്കുകയും  സ്വന്തം നാട്ടിലേക്കുള്ള  അവരുടെ  വരവ്  ദുർഘടം പിടിച്ചതാക്കുകയും ചെയ്തതിലുള്ള  ദുഖവും  അവർ പങ്കുവെച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക