Image

ജോയൻ കുമരകം, 84, അന്തരിച്ചു

Published on 27 February, 2021
ജോയൻ കുമരകം, 84, അന്തരിച്ചു

കാലിഫോർണിയ: പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ ശ്രീ ജോയൻ കുമരകം അന്തരിച്ചു. 84 വയസ്സായിരുന്നു  ദീർഘകാലമായി കാലിഫോർണിയയിൽ നഴ്സിംഗ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. 

ഇന്നലെ രാത്രി ആയിരുന്നു അന്ത്യമെന്ന് അദ്ദേഹം താമസിക്കുന്ന ഹേയ്‌വാർഡിലെ ലാൻഡ്മാർക്ക് നഴ്‌സിംഗ് ഹോം ഉടമയും എഴുത്തുകാരനും നടനുമായ റ്റ തമ്പി ആന്റണി പറഞ്ഞു. നിലത്തു വീണു കിടക്കുകയായിരുന്നു. ഓരോ രണ്ട് മണിക്കൂറിലും സ്റ്റാഫ് പോയി നോക്കുന്നതാണ്. ചിലപ്പോൾ ഇങ്ങനെ സംഭവിക്കാറുമുണ്ട്. ഇപ്രാവശ്യം പക്ഷെ എഴുന്നേൽക്കുകയുണ്ടായില്ല.

തമ്പി ആന്റണിയുടെ ഭാര്യ പ്രേമ ആന്റണിയും പള്ളിക്കാരും സ്ഥലത്ത്  എത്തിയിട്ടുണ്ട്. നേരത്തെ തന്നെ  ക്രിമേഷൻ    ആണ് ജോയ്ൻ താല്പര്യം  പ്രകടിപ്പിച്ചിരുന്നത്.

ഏതാനും ദിവസം മുൻപാണ് അദ്ദേഹത്തിന്റെ എണ്പത്തിനാലാം ജന്മദിനം  ആഘോഷിച്ചത്. അന്ന്  സംസാരിച്ചില്ലെങ്കിലും ഹൃദയസ്പൃക്കായ ഒരു മറുപടി ഇ-മലയാളിയിൽ അദ്ദേഹം എഴുതിയിരുന്നു.

1937 ഫെബ്രുവരി നാലാം തീയതി  കുമരകം ലക്ഷമിച്ചിറയിൽ പൊതുവിക്കാട്ട്  പി.എം. മാത്യുവിന്റെയും   കാനം പരപ്പളിതാഴത്തു പുത്തൻപുരയിൽ  അന്നമ്മ മാത്യുവിന്റേയും അഞ്ചുമക്കളിൽ  രണ്ടാമനായി ജനിച്ചു.

സഹോദരർ: പരേതയായ അമ്മുക്കുട്ടി ചാക്കോ (കങ്ങഴ വണ്ടാനത്തു വയലിൽ) പി.എം. മാത്യു (പൊതുവിക്കാട്ട്, കുമരകം) മോളി ജേക്കബ് (ചെരിപ്പറമ്പിൽ, വെള്ളൂർ, പാമ്പാടി)  ജോർജ് മാത്യു (പൊതുവിക്കാട്ട്, കുമരകം) 

കാനം സി.എം.എസ്  സ്കൂൾ , കുമരകം ഗവൺമെന്റ് സ്കൂൾ, കുമരകം ഹൈസ്കൂൾ - തേവര കോളജ് , CMS കോളേജ്, കോട്ടയം  എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.  

യൂത്ത് കോൺഗ്രസ്, ഓർത്തഡോക്സ് മൂവ് മെന്റ് ബാലജനസഖ്യം തുടങ്ങിയ തട്ടകങ്ങളിൽ ആണ്  ജോയൻ  പൊതു പ്രവർത്തനം ആരംഭിച്ചത്.

ചെറുപ്പകാലത്ത് ലഭിച്ച ഇഴയടുപ്പമുള്ള കുടുംബ സാഹചര്യങ്ങൾ ജോയനെ പുസ്തക വായനയിലേക്ക് കൂടുതൽ അടുപ്പിച്ചു. രവീന്ദ്ര നാഥ ടാഗോറിന്റെ ഗീതാഞ്ജലി വായിക്കുക വഴി ടാഗോറിന്റെ ഒരു കടുത്ത ആരാധകനായി മാറി.

ഇതിനോടകം അനിയൻ അത്തിക്കയം ചീഫ്  എഡിറ്റർ ആയിരുന്ന ബാലകേരളം മാസികയിൽ പ്രവർത്തിക്കുകയും , സീയോൻ സന്ദേശം മാസികയിൽ, ‘സ്വർഗ്ഗത്തിലേക്കൊരു കത്ത്’  എന്ന തന്റെ ആദ്യ കഥ പ്രസിദ്ധികരിക്കുകയും ചെയ്തു.

തുടർന്ന് ബാലകേരളം, ബാലമിത്രം, കുട്ടികളുടെ ദീപിക എന്നീ മാസികകളിൽ  ധാരാളം കഥകൾ പ്രസിദ്ധികരിക്കപ്പെട്ടു.

1965 ൽ മലയാള മനോരമ പത്രത്തിൽ എഡിറ്റോറിയൽ വിഭാഗത്തിൽ ഒൻപതു മാസത്തോളം പരിശീലനം നേടി.

കൂടാതെ കേരളം ഭൂഷണം, ഭാവന, പൗരധ്വനി  - എന്നീ മാധ്യമ  സ്ഥാപനങ്ങളിൽ എഡിറ്റർ ആയി.
  
സ്വപ്നം  കാണുന്ന സോമൻ, വയലിലെ ലില്ലി തുടങ്ങി അറുപതില്പരം ബാല സാഹിത്യ രചനകൾ മലയാള ഭാഷയ്ക്ക് നൽകി. പുതുവത്സരയപ്പൂപ്പന്റെ പൂക്കൂട 1963 ൽ എൻ.ബി.എസ്  ബുക്ക്സ് പബ്ലിഷ് ചെയ്യുകയും  സംസ്ഥാന  ബാല സാഹിത്യ അവാർഡ് നേടുകയും ചെയ്തു.

ഡി.സി. ബുക്ക്സ് സമ്മാനപ്പെട്ടിയിലൂടെ പ്രസിദ്ധികരിച്ച  - കവിയമ്മവന്റെ ഗ്രാമത്തിൽ എന്ന രചന പിൽക്കാലത്തു ഹൃസ്വ  സിനിമയായി നിർമ്മിക്കപ്പെട്ടിരുന്നു.

പതിനെട്ടു വയസ്സുള്ളപ്പോൾ അഖില കേരള ബാലജന സഖ്യത്തിന്റെ മത്സരത്തിൽ ഏറ്റവും മികച്ച പ്രാസംഗികനുള്ള സമ്മാനം നേടി.

തുടർന്ന് യൂത്ത് കോൺഗ്രസ് മത്സര വേദിയിലും തേവര കോളേജിൽ പഠിക്കുമ്പോൾ ഇന്റർ കോളീജിയറ്റ് മത്സരത്തിലും മികച്ച പ്രാസംഗികനുള്ള സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 

സുകുമാർ അഴിക്കോട് ,കെ എം തരകൻ , വേളൂർ  കൃഷ്ണൻകുട്ടി, കാർട്ടൂണിസ്റ് സുകുമാർ തുടങ്ങിയ സാഹിത്യ നായകന്മാരോട് അടുത്ത സഹവാസം പുലർത്താൻ ജോയന് കഴിഞ്ഞു.

ഓർത്തഡോക്‌സ് സഭയുടെ ഔദ്യോഗിക പ്രസിദ്ധികരണമായ മലങ്കര സഭയിൽ കുഞ്ചിച്ചായന്റെ കത്തുകൾ എന്ന പംക്തി ഇരുപത്തിയഞ്ചോളം വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഇത് ജോയന് വളരെ പ്രസിദ്ധിയും സ്വീകാര്യതയും നേടിക്കൊടുത്തു.

റവ. ഡോ. കെ എം ജോർജ് , പൗലോസ്  മാർ ഗ്രീഗോറിയോസ്,  കാലം ചെയ്ത മാത്യൂസ് മാർ ബർണബാസ്,. മാർത്തോമാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവ തുടങ്ങിയ സമുദായ നേതാക്കന്മാരോടും വളരെ അടുത്ത സംസർഗം കാത്തു സൂക്ഷിക്കാൻ ജോയൻ ശ്രദ്ധിച്ചിരുന്നു.

അനിതരസാധാരണമായ വാക്ചാതുരിയും, ചരിത്രത്തിലും, രാഷ്ട്രീയ- സാംസ്‌കാരിക - സാമുദായിക രംഗങ്ങളിലും  ഉള്ള ആഴമേറിയ പരിജ്ഞാനവും ചുരുങ്ങിയ സമയം കൊണ്ട് ജോയനെ  പൊതുജനങ്ങൾക്കിടയിൽ വലിയ സമ്മതിയുള്ള ആളാക്കി മാറ്റി. പ്രസിദ്ധമായ മാരാമൺ കൺവെൻഷനിലും ജോയന്റെ പ്രസംഗം അലയടിച്ചു.

ജി സുകുമാരൻ നായർ- NSS കോളേജ് പ്രിൻസിപ്പൽ; VK  സുകുമാരൻ നായർ - വൈസ് ചാൻസിലർ  കേരള യൂണിവേഴ്സിറ്റി; TKG നായർ - മനോരമ അസി. എഡിറ്റർ ; KV മാമൻ - മനോരമ അസി. എഡിറ്റർ; പദ്മൻ  - മനോരമ വീക്കിലി എഡിറ്റർ (EV കൃഷ്ണപിള്ളയുടെ മകൻ);  സംവിധായകൻ അരവിന്ദൻ; സാധു മത്തായിച്ചൻ - മാങ്ങാനം ക്രൈസ്തവാശ്രമം സ്ഥാപകൻ എന്നിവരോടുള്ള അടുത്ത സൗഹൃദം ജീവിതത്തെ വളരെ സ്വാധിനിച്ചു

അമ്പലപ്പുഴ രാമവർമ- CMS കോളേജ്; പ്രൊഫെസർ മാത്യു ഉലകംതറ- തേവര കോളജ്; ഫാദർ അജയൂസ് - തേവര കോളേജ്; പീറ്റർ ജോൺ കല്ലട, സിസ്റ്റർ ജൊവാൻ ചുങ്കപ്പുര തുടങ്ങിയവർ ജോയന്റ് ജീവിതത്തിന് ഊർജവും കരുത്തും നല്കിയവരായി ജോയൻ സ്മരിക്കുന്നു.

തന്റെ ചെറുപ്പകാലത്ത് മദ്യാസക്തനായിരുന്ന ജോയൻ പിൽക്കാലത്ത് അതിൽ നിന്നും മോചിതനായി മദ്യ വിമുക്തിക്കു വേണ്ടി സംഘടനാ പ്രവർത്തനങ്ങളുമായി സജീവമായി.

1980-ൽ അമേരിക്കയിൽ എത്തിയതിനു ശേഷം അമേരിക്കയിലും കാനഡയിലും അങ്ങോളമിങ്ങോളമുള്ള മലയാളി സദസ്സുകളിൽ ജോയൻ ഒരു സ്ഥിര സാന്നിധ്യമായി മാറി. ആളുകൾ ജോയന്റെ പ്രസംഗം കേൾക്കാൻ ദൂരെ സ്ഥലങ്ങളിൽ നിന്നും കേട്ടറിഞ്ഞു എത്തുമായിരുന്നു.

ജോബോട്ട് ഇന്റർനാഷണൽ എന്ന പേരിൽ ന്യൂ യോർക്കിൽ ആരംഭിച്ച പുസ്തക പ്രസാധക കമ്പനിയിലൂടെ ഏഴ് പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു.

ജീവിത സായാഹ്നത്തിൽ കാലിഫോർണിയായിൽ വിശ്രമ ജീവിതം നയിക്കുന്ന ജോയൻ, നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുമായി പരിചയപ്പെട്ടത് വഴിത്തിരിവായി കാണുന്നു. തമ്പി ആന്റണിയുടെയും  ഭാര്യ പ്രേമ ആന്റണിയുടെയും ഉടമസ്ഥയിൽ വളരെ ഉന്നതമായ പ്രവർത്തിക്കുന്ന പരിചരണ കേന്ദ്രത്തിലാണ് ജോയൻ ഇപ്പോൾ താമസിചിരുന്നത് 

ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി -ജോയൻ കുമരകം

ജോയൻ കുമരകം - സാഹിത്യ നഭോമണ്ഡലത്തിലെ വെള്ളി വെളിച്ചം (സിബി ഡേവിഡ്)

അക്ഷര തോണിയിൽ ജോയൻ കുമരകം ( സി ജോർജ്)

ആയുരാരോഗ്യങ്ങള്നേരുന്നു ഞാന്‍ (മാര്ഗരറ്റ് ജോസഫ് )

ജോയൻ കുമരകം  എന്ന പ്രതിഭ (തോമസ് കളത്തൂർ)

നന്മയുടെ പ്രകാശം പരത്തുന്ന കഥാകാരനു ആശംസ (സുധീർ പണിക്കവീട്ടിൽ)

കവിയമ്മാവന്റെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയനു   ജന്മദിനാശംസകൾ (ഡോ. തോമസ് പാലക്കൽ)

ശതാഭിഷിക്തനാകുന്ന സാഹിത്യകാരൻ ജോയൻ കുമാരകത്തിനു ആശംസകൾ

Join WhatsApp News
Babu Parackel 2021-02-27 19:46:04
Heartfelt condolences. Truly we miss him.🙏🏻
സാംസി കൊടുമൺ 2021-02-27 20:23:30
വീചാരവേദിയുടെ പ്രണാമം
രാജു തോമസ് 2021-02-27 20:45:35
അദ്ദേഹം രോഗാവസ്ഥയിലായിരുന്നെങ്കിലും, ഇത്രവേഗം മരിച്ചുപോകുമെന്ന് ഇക്കഴിഞ്ഞ 4-ന് തന്റെ ചില ഉറ്റമിത്രങ്ങൾ Zoomവഴി സംഘടിപ്പിച്ച ജന്മദിനാഘോഷത്തിൽ സംബന്ധിച്ചവരാരും കരുതിക്കാണില്ല. പണ്ടൊരിക്കൽ , യോങ്കേഴ്‌സിൽ താമസിക്കുമ്പോൾ, പാതയോരത്തു വീണുപോയ ശ്രീ ജോയൻ ഇത്രയും കാലം ജീവിച്ചത് തമ്പി ആന്റണിയുടെയും പ്രേമയുടെയും കാരുണ്യവും സ്നേഹവും കാരണമാണ് . സ്നേഹനിധിയായ ആ പ്രതിഭ അധികം വേദനിച്ചുകഷ്ടപ്പെട്ടില്ലല്ലോ എന്നുചിന്തിച്ച് നമുക്ക് പരസ്‌പരം ആശ്വസിപ്പിക്കാം.
josecheripuram 2021-02-27 21:14:43
Dear Joyan, you will be missed very deeply, May your soul rest in peace.
Philip cherian 2021-02-27 21:30:35
Our sincerest heartfelt condolences. RIP
വിദ്യാധരൻ 2021-02-27 22:30:56
"ചാരുത്വം തികയും സുമങ്ങളെയുടൻ വീഴ്ത്തുന്നു പൂവല്ലികൾ; ചോരും മാധുരിയാർന്ന പക്വനിറയെ- ത്തള്ളുന്നു വൃക്ഷങ്ങളും ; പാരും കൈവെടിയുന്നു പുത്രരെയഹോ പാകാപ്തിയിൽ -ദോഷമായ്‌ - ത്തീരുന്നുവോ ഗുണമിങ്ങവറ്റ കഠിന ത്യാഗം പഠിപ്പിക്കയോ " (പ്രരോദനം -ആശാൻ) ജ്ഞാനത്തിൽ സ്ഫുടം ചെയ്തെടുത്ത കളങ്കരഹിതമായ ചെറു പുഞ്ചിരിക്കൊണ്ട് ആരുടേയും ഹൃദയം കവർന്നിരുന്ന ആ മഹാത്മാവിന് പ്രണാമം. -വിദ്യാധരൻ
Thomas K Varghese (Thomas Kalathoor) 2021-02-27 23:12:52
സ്നേഹനിധിയും, വഞ്ചനയും കപടവുമില്ലാത്ത, സഹൃദയനുമായിരുന്നു ജോയൻ. രണ്ടോ മൂന്നോ ദിവസം മുൻപ് ഫോണിലൂടെ അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോൾ " പഴയതിലും ആരോഗ്യ പൂർണനായി, താങ്കൾ" എന്നൊരു അഭിനന്ദനവും രേഖപ്പെടുത്തി. ഈ വാർത്ത ദുഃഖിപ്പിക്കുക മാത്രമല്ല, ഞ്ഞടുക്കുക കൂടി ചെയ്തു. സാഹിത്യ കുസുമങ്ങളെ വിരിയിച്ചു, അതിന്റെ സൗരഭ്യം ലോകമെമ്പാടും പരത്തി ഒരു കിനാവായ ലോകജീവിതത്തിൽ നിന്നും ശോഭനമായ പാരത്രീക ജീവിതത്തിലേക്ക് അദ്ദേഹം കടന്നു പോയിരിക്കുന്നു. അതിനാൽ " കണ്ണേ മടങ്ങുക ...ക്കരിഞ്ഞും അലിഞ്ഞും ആശു മണ്ണാകു മീ മലര് വിസ്മൃതമാകുമിപ്പോൾ'''"(വീണപൂവ്). അന്ത്യാഭിവാദനങ്ങൾ !
ജോണ്‍ വേറ്റം 2021-02-27 23:49:59
സാഹിത്യവേദിയിലും നിറഞ്ഞ സൌഹൃദം പകര്‍ന്ന, ജോയന്‍ കുമരകത്തെ സ്നേഹാദരങ്ങളോടെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു!
teresa antony 2021-02-28 00:51:50
May his soul rest in peace. We are happy to remember that his 84th birthday was celebrated with great love and affection. The day he died he called me at 8am ny time to enquire about my welfare. We would talk on the phone often and he always talked about antonycheton . He probably had a premonition about his end and so he called many of his friends as if to say goodbye. We will miss him . My grateful thanks to Thambi and Prema for making Joyans retirement days so comfortable. Let us celebrate his life
P T Paulose 2021-02-28 01:14:55
നുയോർക്ക് സർഗ്ഗവേദിയുടെ ആത്മബന്ധുവായ ജോയൻ കുമരകത്തിന് ആദരാഞ്ജലികൾ...
എ സി ജോർജ്ജ് 2021-02-28 01:47:13
അമേരിക്കൻ മലയാളികളുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു വ്യക്തിയാണ് അന്തരിച്ച ശ്രീ ജോയൻ കുമരകം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. എൺപതുകളിൽ അമേരിക്കയിലെത്തിയശേഷം ഇവിടത്തെ മലയാളി പ്രസ്ഥാനങ്ങളിൽ ഒരു നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ശ്രീ ജോയൻ കുമരകത്തിൻറെ നർമ്മത്തിൽ ചാലിച്ച കാര്യമാത്രപ്രസക്തമായ പ്രഭാഷണങ്ങൾ ആ കാലയളവിൽ വിവിധ മലയാള സദസ്സുകളിൽ അരങ്ങേറി. കേരളത്തിൽ ആയിരുന്നപ്പോഴും ഭാഷ സാഹിത്യരചനകളിൽ, പ്രസ്ഥാനങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു. എല്ലാവരോടും സൗഹൃദത്തോടെ, സ്നേഹത്തോടെ ഇടപെട്ടിരുന്ന അദ്ദേഹം നിരവധി ബാലസാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. ഒരുകാലത്ത് മദ്യം ധാരാളം കഴിച്ചിരുന്ന അദ്ദേഹം, പിന്നീട് അത് ഉപേക്ഷിക്കുകയും, മദ്യവർജ്ജന പ്രസ്ഥാനത്തിൻറെ ഒരു മുന്നണി പോരാളി ആകുകയും ചെയ്തു. അദ്ദേഹത്തിൻറെ നൈർമല്യമുള്ള ഒരു ഫലിതം ഇന്നും ഓർത്തുപോകുകയാണു " മേൽത്തരം പട്ടയടിച്ചു ഞാൻ മേല്പട്ടക്കാരനായി".. കാലിഫോർണിയിൽ ആയിരുന്നു അദ്ദേഹത്തിൻറെ അന്ത്യമെങ്കിലും ഏറെക്കാലം അദ്ദേഹം ജീവിച്ചത് ന്യൂയോർക് ഭാഗത്താണ്. അദ്ദേഹത്തെ പറ്റിയുള്ള ജ്വലിക്കുന്ന ഓർമ്മകൾക്കു മുമ്പിൽ ശ്രീ ജോയൻ കുമരകത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.
Raju Mylapra 2021-02-28 01:59:47
നാലു ദശാബ്ദത്തോളം ഒരു പോറലുപോലും ഏൽക്കാത്ത ഒരു സുഹൃത്ബന്ധത്തിന്റെ അന്ത്യം. പ്രിയ കുടുംബസുഹൃത്തും, പ്രശസ്ത സാഹിത്യകാരനും, വാഗ്മിയുമായ ആയ ജോയൻ കുമരകത്തിനെക്കുറിച്ചു നല്ല ഓർമ്മകൾ മാത്രം. ദുഖത്തോടെ, പ്രാർത്ഥനയോടെ --- ആദരാഞ്ജലികൾ.. ആല്മാവിനു നിത്യശാന്തി നേരുന്നു.
Thomas T Oommen 2021-02-28 03:40:31
പ്രിയ ജോയൻ കുമരകം ഇത്ര വേഗം കടന്നുപോകുമെന്നു അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിച്ച വേളയിൽ നാം ഓർത്തില്ല. എല്ലാം ദൈവ നിശ്ചയം. അദ്ദേഹത്തെ ശുശ്രൂഷിച്ച പ്രിയ തമ്പി ആന്റണിയോടും പ്രേമയോടും നന്ദി പറയട്ടെ. അദ്ദേഹത്തിന്റെ നല്ല ഓർമ്മകൾ നമുക്ക് പ്രചോദനമാവട്ടെ.
John C. Mathew 2021-02-28 07:41:37
Rest in peace. Please pray for us
Thomas Koovalloor 2021-02-28 13:12:28
The legacy of Joyan Kumarakom has left on MALAYALEES are unmatched by any words that can be written. He made a difference in so many lives. I am thankful to have been a Malayali learning and growing from him. I met him in 1996 UNDIVIDED FOKANA CONVENTION IN DALLAS. I still his Speech and he is one of the Great Orators I ever met in my life. My sincere Gratitude to Mrs. Prema Antony and Mr. Thampy Antony for taking care of Joyan Kumarakom like a VIP until the end. God bless you all those who cared Joyan Kumarakom who did everything for uplifting MALAYALEES. May Joyan’s departed Soul Rest In Peace.
J. Mathews 2021-02-28 17:28:44
Sincere condolences! A writer who DID NOT get the honor he deserved! Let time honor him. J. Mathews.
Sasidharan 2021-02-28 18:43:02
സദ്ഗതിദായിന്യൈ നമഃ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക