Image

യുഎസ് പീസ് കോറിന് തിങ്കളാഴ്ച 60 വയസ്സ് തികയുന്നു

മൊയ്തീന്‍ പുത്തന്‍ചിറ Published on 01 March, 2021
യുഎസ് പീസ് കോറിന്  തിങ്കളാഴ്ച 60 വയസ്സ് തികയുന്നു

ന്യൂയോര്‍ക്ക്: 1961 മാര്‍ച്ച് 1 ന് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ പീസ് കോര്‍പ്‌സ് 141 രാജ്യങ്ങളിലേക്ക് 240,000 സന്നദ്ധ പ്രവര്‍ത്തകരെ അയച്ചു. ഈ സംഘടന 1960 കളിലെ ആദര്‍ശവാദികളുടെ ഒരു ഐക്കണായി മാറി.

വിദ്യാഭ്യാസം, ആരോഗ്യം, കമ്മ്യൂണിറ്റി സാമ്പത്തിക വികസനം, കൃഷി, പരിസ്ഥിതി, യുവജന വികസനം എന്നിവയില്‍ സഹായിച്ചുകൊണ്ട് ചെറുപ്പക്കാരായ കോളേജ് വിദ്യാഭ്യാസമുള്ള, അല്ലെങ്കില്‍ പരിചയസമ്പന്നരായ അമേരിക്കക്കാരെ വികസ്വര രാജ്യങ്ങളിലേക്ക് അയച്ചുകൊണ്ട് സമാധാനവും ധാരണയും വളര്‍ത്തുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം.

1960 ഒക്ടോബര്‍ 14ന് തന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, മിഷിഗണ്‍ സര്‍വകലാശാലയിലെ സ്റ്റുഡന്റ്‌സ് യൂണിയനില്‍ കെന്നഡി പ്രസംഗിച്ചപ്പോഴാണ് പീസ് കോര്‍പ്‌സ് എന്ന ആശയം ഉടലെടുത്തത്. പ്രസംഗത്തിനിടെ അദ്ദേഹം വിദ്യാര്‍ത്ഥികളോട് തങ്ങളുടെ രാജ്യത്തെ സേവിക്കാന്‍ തയ്യാറാണോ എന്നും ചോദിച്ചു. വികസ്വര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതിലൂടെ സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ കഴിയുമോ എന്നും ചോദിച്ചു. “ഡോക്ടര്‍മാരാകാന്‍ പോകുന്ന നിങ്ങളില്‍ എത്ര പേര്‍ ഘാനയില്‍ നിങ്ങളുടെ ജീവിതം ചെലവഴിക്കാന്‍ തയ്യാറാണ്? സാങ്കേതിക വിദഗ്ധരോ എഞ്ചിനീയര്‍മാരോ, നിങ്ങളില്‍ എത്രപേര്‍ വിദേശ സേവനത്തില്‍ ജോലി ചെയ്യാനും ലോകമെമ്പാടും നിങ്ങളുടെ ജീവിതം ചെലവഴിക്കാനും തയ്യാറാണ്?” കെന്നഡി ചോദിച്ചു.

“കേവലം ഒന്നോ രണ്ടോ വര്‍ഷം സേവനമനുഷ്ഠിക്കുക മാത്രമല്ല, നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആ രാജ്യങ്ങളിലേക്ക് സംഭാവന ചെയ്യാനുള്ള നിങ്ങളുടെ സന്നദ്ധതയെ ആശ്രയിച്ചിരിക്കും ആ രാജ്യത്തിന്റെ പുരോഗതി. നിങ്ങളില്‍ എത്ര പേര്‍ക്ക് അതിനു കഴിയുമെന്നാണ് എന്റെ ചോദ്യം. അമേരിക്കക്കാര്‍ സംഭാവനകള്‍ നല്‍കാന്‍ തയ്യാറാണെന്ന് എനിക്കറിയാം. പക്ഷെ, ഈ ശ്രമം മുമ്പുണ്ടായിരുന്നതിനേക്കാള്‍ വളരെ വലുതായിരിക്കണം,” അദ്ദേഹം പറഞ്ഞു.

ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ പീസ് കോര്‍പ്‌സ് 55 രാജ്യങ്ങളിലേക്ക് 14,000 വോളന്റിയര്‍മാരെ അയച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പീസ് കോര്‍പ്‌സ് പ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ ചില പ്രത്യേകതകള്‍ 1997 ല്‍ 32 വോളന്റിയര്‍മാരെ ദക്ഷിണാഫ്രിക്കയിലേക്ക് അദ്ധ്യാപകരായി അയച്ചതാണ്. ആ രാജ്യത്തേക്ക് പോയ ആദ്യത്തെ സന്നദ്ധപ്രവര്‍ത്തകരാണവര്‍.

പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല 1994ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോഴാണ് അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റനോട് രാജ്യത്തെ സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ സഹായം ആവശ്യപ്പെട്ടത്.

1995 ല്‍, ലൂയിസ് ചുഴലിക്കാറ്റ് നാശനഷ്ടങ്ങളുണ്ടാക്കിയപ്പോള്‍ പീസ് കോര്‍പ്‌സ് വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കാന്‍ സന്നദ്ധപ്രവര്‍ത്തകരെ അയച്ചു. ആ അനുഭവം പീസ് കോര്‍പ്‌സ് റെസ്‌പോണ്‍സ് പ്രോഗ്രാമിലേക്ക് നയിച്ചു, അത് “ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഹ്രസ്വകാല, കേന്ദ്രീകൃത, മാനുഷിക സേവനം” നല്‍കുന്നു.

അടുത്തിടെ, കൊറോണ വൈറസ് മഹാമാരി പീസ് കോര്‍പ്‌സിനെ ശക്തമായി ബാധിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍, വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം അത് പ്രവര്‍ത്തിച്ചിരുന്ന 60 ലധികം രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും അതിന്റെ 7,000 വോളന്റിയര്‍മാരെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

പീസ് കോര്‍പ്‌സിന്റെ 61ാം വര്‍ഷം എങ്ങനെയായിരിക്കുമെന്ന് വ്യക്തമല്ല. പക്ഷേ ഒരു വക്താവ് പറയുന്നതനുസരിച്ച്, ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തിലോ താല്‍ക്കാലിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്.

“പീസ് കോര്‍പ്‌സ് ഞങ്ങളുടെ അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഞങ്ങള്‍ എത്ര ദൂരം പിന്നിട്ടിരിക്കുന്നുവെന്നും ഞങ്ങളെ സംബന്ധിച്ച് ഇത് അഭൂതപൂര്‍വമായ സമയമാണെന്നും എന്നെ ഓര്‍മ്മപ്പെടുത്തുന്നു,” ആക്ടിംഗ് പീസ് കോര്‍പ്‌സ് ഡയറക്ടര്‍ കരോള്‍ സ്പാന്‍ പറയുന്നു. “കഴിഞ്ഞ 60 വര്‍ഷങ്ങള്‍ ഈ ചരിത്ര നിമിഷത്തിനായി ഞങ്ങളെ ശരിക്കും ഒരുക്കുകയായിരുന്നു. ലോകത്തിന്റെ എല്ലാ കോണുകളിലും സ്പര്‍ശിച്ച ഒരു മഹാമാരിയുടെ സമയത്ത്, നാമെല്ലാവരും ഒന്നാണെന്ന് വ്യക്തമാക്കുന്നു. അടുത്ത 60 വര്‍ഷത്തേക്ക് എത്തിനോക്കുമ്പോള്‍, സമാധാനവും സൗഹൃദവും വളര്‍ത്തുന്നതിനുള്ള, കഠിനാധ്വാനം ചെയ്യാന്‍ സന്നദ്ധരായ, ലോകമെമ്പാടുമുള്ള സുമനസ്സുകളുടെ ഒരു സമൂഹമായി പീസ് കോര്‍പ്‌സ് തുടരുമെന്ന് എനിക്കുറപ്പാണ്,” കരോള്‍ പറഞ്ഞു.


യുഎസ് പീസ് കോറിന്  തിങ്കളാഴ്ച 60 വയസ്സ് തികയുന്നുയുഎസ് പീസ് കോറിന്  തിങ്കളാഴ്ച 60 വയസ്സ് തികയുന്നുയുഎസ് പീസ് കോറിന്  തിങ്കളാഴ്ച 60 വയസ്സ് തികയുന്നുയുഎസ് പീസ് കോറിന്  തിങ്കളാഴ്ച 60 വയസ്സ് തികയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക