Image

നീതി ലഭിക്കാതെ വാളയാര്‍ (സതീഷ് ടി.എം.കെ.)

Published on 01 March, 2021
നീതി ലഭിക്കാതെ വാളയാര്‍ (സതീഷ് ടി.എം.കെ.)

സ്വന്തം മകള്‍ക്ക് നീതി കിട്ടാന്‍  ഒരു അമ്മ  തല മുണ്ഡനം ചെയ്ത് സമരം ചെയ്യുകയാണ്. തന്റെ മക്കളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന നിരന്തരമായ ആവശ്യങ്ങള്‍ക്ക് ശേഷവും സര്‍ക്കാരും പോലീസും യാതൊരു പ്രതികരണവുമില്ലാതെ, മസ്സാക്ഷി എന്തെന്ന് പോലും അറിയാത്ത പ്രതിമകളായതോടെയാണ് ഇത്തരമൊരു സമരരീതിയിലേയ്ക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തിരിഞ്ഞത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയിലാണ് നീതിക്ക് വേണ്ടി ഈ അമ്മ കേഴുന്നന്നത്, യാചിക്കുന്നത്. മക്കളുടെ വസ്ത്രവും ചെരിപ്പും നെഞ്ചോടടുക്കി വെച്ച് നില്‍ക്കുന്ന ഇവര്‍ ഓരോ പൗരനും മുന്നിലുള്ള ഒരു ചോദ്യചിഹ്നമാണ്.
 
2017 ജനുവരി 13ന് വാളയാറില്‍ 13 വയസ്സുകാരിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് വ്യക്തമാവുന്നു. ഇത് ഗൗരവത്തില്‍ എടുക്കാതിരുന്ന പൊലീസ് നിഷ്‌ക്രിയത തുടരുന്നു. കൃത്യം 51 ദിവസങ്ങള്‍ക്കുശേഷം അനുജത്തിയായ 9 വയസ്സുകാരിയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയപ്പോള്‍ ആണ് കേസ് ചര്‍ച്ചയായി തുടങ്ങിയത്.
9 വയസ്സുകാരിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രക്ഷകര്‍ത്താക്കളുടെ മൊഴിയും ഇതിന് ബലം നല്‍കിയിരുന്നു. അങ്ങനെ വി മധു, ഷിബു, എം മധു, പ്രദീപ്കുമാര്‍, ഒരു 16 വയസ്സുകാരന്‍ തുടങ്ങിയവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ 2017 ജൂണ്‍ 22ന് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ അതില്‍ പതിനാറുകാരന്‍ ഉണ്ടായിരുന്നില്ല. വിചാരണക്കൊടുവില്‍ മൂന്നാംപ്രതി പ്രദീപ്കുമാര്‍ കുറ്റവിമുക്തനായി. പിന്നീട് മറ്റ് മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമായിരുന്നു  കാരണം. വെറും 9 വയസുള്ള പെണ്കുട്ടി ആത്മഹത്യ ചെയ്യുമോ എന്ന ചോദ്യം അപ്പോഴും ബാക്കി.

തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ കേസ് പുനരന്വേഷിക്കണം എന്ന ആവശ്യവുമായി തെരുവിലേക്കിറങ്ങിയത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വാളയാര്‍ കേസ് അന്വേഷണം നടത്തണം എന്നതാണ് മാതാപിതാക്കളുടെ ആവശ്യം. പോലീസിന്റെ കെടുകാര്യസ്ഥതയും അലംഭാവവും വ്യക്തമായതോടെ അന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ചുമതലയായി.  കേസില്‍ ആദ്യം അന്വേഷണം ആരംഭിച്ചത് എസ്.ഐ പി.സി ചാക്കോയുടെ നേതൃത്വത്തിലായിരുന്നു. ഇവര്‍ക്കെതിരെയും നടപടികളുണ്ടായി. 4 മാസങ്ങള്‍ക്കു മുമ്പ് കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു.

നീണ്ട നാല് വര്‍ഷം പകല്‍ പോലെ സത്യം ഉള്ള കേസ് ആയിട്ടുകൂടി, പ്രതികള്‍ കണ്മുന്‍പില്‍ ഉണ്ടായിട്ടുകൂടി ഇരകളായ പെണ്‍കുട്ടികള്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. പ്രമാദമായ അനവധി കേസുകള്‍ വിദഗ്ദ്ധമായി തെളിയിച്ച കേരള പോലീസിന്, രക്ഷിതാക്കള്‍ അടക്കം ഒരുപാട് സാക്ഷികള്‍ ഉണ്ടായിട്ടും ഈ പ്രതികള്‍ക്കെതിരായി തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല- വിചിത്രം തന്നെ.

വാളയാര്‍ മാത്രമല്ല ഇങ്ങനെ ഒട്ടു മിക്ക കേസുകളിലും പ്രതികളെ പിന്തുണയ്ക്കാനും, അവരെ രക്ഷപ്പെടുത്താനും പോലീസുകാരുള്‍പ്പെടെ ഒരുപാടുപേര്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലും ബീഹാറിലുമൊക്കെ നടക്കുന്നത് തന്നെയല്ലേ ഇവിടെയും നടന്നിരിക്കുന്നത്? അവരെ കാപാലികരെന്ന് വിളിക്കുന്ന മലയാളികള്‍ ഈ അധമന്മാരെ എന്ത് പേരില്‍ വിളിക്കും?

പലപേരുകളില്‍ നമ്മള്‍ വിളിച്ചു കൊണ്ടിരിക്കുന്നു പല പീഡനകേസുകളും തെളിവുകളുടെ അഭാവത്തില്‍ എവിടെയൊക്കെയോ വെച്ച്  മറഞ്ഞു പോവുകയാണ്. നിറഞ്ഞ പുഞ്ചിരിയോടു കൂടി പ്രതികള്‍ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇരയും ഇരയുടെ അച്ഛനുമമ്മയും നീതിക്കുവേണ്ടി ഒരായുസ്സ് മുഴുവന്‍ കോടതിയും കേസുമായി നടക്കുന്നു. അവരുടെ കാലം കഴിയുന്നതോടെ ആ കേസും വിസ്മൃതിയില്‍ മായുന്നു.

തെളിയിക്കപ്പെടുന്ന കേസുകള്‍ തന്നെ എത്ര കാലത്തെ വിചാരണക്കൊടുവില്‍ ആണ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കുന്നത്? ഇന്ത്യയില്‍ പോക്‌സോ നിയമം ശക്തമാണെന്ന് പറഞ്ഞിട്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ തല്‍പരര്‍ ആവുന്ന മിക്ക പ്രതികളും സ്വാധീനം ഉപയോഗിച്ച്, എല്ലാ നിയമ സംവിധാനത്തിനെയും കൊഞ്ഞനം കുത്തി രക്ഷപ്പെടുന്നു. കേരളത്തെ മുന്നോട്ട് നയിക്കുന്നു എന്ന് അവകാശപ്പെടുന്ന, ജനങ്ങള്‍ക്ക് പ്രതീക്ഷയോടെ നോക്കിക്കാണുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് കേരളത്തില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി നിര്‍വ്വഹിക്കുന്നത്. മറ്റനേകം കാര്യങ്ങളില്‍ ശക്തമായ, ചാഞ്ചല്യമില്ലാത്ത നിലപാടെടുത്ത പിണറായി എന്തുകൊണ്ട് വാളയാര്‍ കേസില്‍ സ്വയം മറക്കുന്നു? 'ദൃശ്യം 2' എന്ന സിനിമയില്‍ ന്യായാധിപന്‍ തന്നെ പറയുന്ന 'അണ്‍സോള്‍വ്ഡ് കേസസ് പുതുമയുള്ള കാര്യമല്ല' എന്ന ഡയലോഗിനെ അന്വര്‍ഥമാക്കുന്ന യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടാന്‍ ശീലിക്കണോ നമ്മള്‍?

Join WhatsApp News
Ninan Mathulla 2021-03-02 01:24:15
It is good to remember what happened to Sukumara Kurup and who protected him? "Vargheeyatha' is a curse India and Kerala is facing now that is the root cause of it. In some cases,the person investigating the case looks into the race and religion of the defendant. Some politicians and judges also exert influence to protect people they identify as their own race or religion. This is what happened in Sukumara Kurup case. We see that with some cases media and channels give undue importance, and other cases they ignore.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക