Image

തിരശ്ശീലക്ക് പിന്നില്‍ (ജയശ്രീ രാജേഷ്)

ജയശ്രീ രാജേഷ് Published on 02 March, 2021
തിരശ്ശീലക്ക് പിന്നില്‍ (ജയശ്രീ രാജേഷ്)
ഞായറാഴ്ചകളില്‍  അയല്‍പക്കത്തെ വീട്ടില്‍  ടിവി യില്‍ വരുന്ന മലയാളം സിനിമ കാണാന്‍  വീട്ടില്‍ അമ്മ ഏല്‍പ്പിക്കുന്ന പണിയെല്ലാം തീര്‍ത്തു നാല് മണിയാകാന്‍ ക്ലോക്കിലേക്ക് നോക്കിയിരിക്കുന്ന ഒരു കുട്ടിക്കാലം ഉണ്ട് ഓര്‍മ്മയില്‍ ഇന്നും. അന്ന് കണ്ടിരുന്ന സിനിമകളില്‍ ഒരിക്കല്‍ പോലും നല്ല സിനിമ ചീത്ത സിനിമ  എന്ന വേര്‍തിരിവ്  ഉണ്ടായിട്ടില്ല മനസ്സില്‍.

കലകളെല്ലാം മഹത്തരമായ  മൂല്യബോധങ്ങള്‍  സമൂഹത്തിനു നല്കുന്നവ തന്നെയാണ്. എങ്കിലും ജനകീയമായ ഒരു കല എന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് സിനിമ തന്നെ. സിനിമ കാണാന്‍ ഇഷ്ടപെടാത്തവരായി  ആരും തന്നെ ഉണ്ടെന്നു തോന്നുന്നില്ല. പ്രത്യേകിച്ചും മലയാളികള്‍.  എല്ലാ റിലീസ് പടങ്ങളും അതേ ദിവസം തന്നെ പോയി കാണുന്ന ഒരു കൂട്ടുകാരിയുണ്ട് എനിക്ക്.

 തിയേറ്ററില്‍  രണ്ടര മണിക്കൂര്‍ പോപ്‌കോണും കൊറിച്ചിരിക്കുന്ന പ്രേക്ഷകര്‍ ആണ് സിനിമയുടെ ഭാവി നിശ്ചയിക്കുന്നത്  എന്നാണ് ഇന്നത്തെ ഒരു വിശ്വാസം.  

ഒരാളുടെ മനസ്സില്‍ ഉടലെടുക്കുന്ന കഥാബീജം തൊട്ട് തുടങ്ങി സംവിധായകനും പ്രൊഡ്യൂസറും ഓരോ ചെറിയ വേഷങ്ങള്‍ വരെ ചെയ്ത അഭിനേതാക്കളും ലൈറ്റ് ബോയ് മുതല്‍  ക്ലീനിംഗ് തൊഴിലാളി വരെ ഒട്ടനവധി പേരുടെ മാസങ്ങള്‍ അല്ലെങ്കില്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ നീളുന്ന ഊണും ഉറക്കവും വെടിഞ്ഞുള്ള അധ്വാനത്തിന്റെ പരിസമാപ്തിയാണ് തീയേറ്ററിലെത്തുന്ന സിനിമകള്‍.  ഒരു കൂട്ടം ആളുകളുടെ സ്വപ്നങ്ങളേയും പ്രതീക്ഷകളേയും രണ്ടര മണിക്കൂര്‍ കൊണ്ട്  വിലയിരുത്തി പ്രേക്ഷകര്‍ ബാഡ് സര്‍ട്ടിഫിക്കറ്റ് എഴുതി പതിപ്പിച്ചു കൊടുക്കുമ്പോള്‍ അതിനു പിന്നിലുള്ള എത്രയോ പേരുടെ സ്വപ്നങ്ങള്‍ക്ക്, ഒഴുക്കിയ വിയര്‍പ്പിന്  നിമിഷങ്ങള്‍ കൊണ്ട് ഒരു  വിലയുമില്ലാതാകുന്നു എന്നത് ഒരു സത്യം കൂടിയാണ്.

ഒരു കഥ പറഞ്ഞു ഫലിപ്പിക്കുന്ന രീതി പല സംവിധായകര്‍ക്കും പലതായിരിക്കും. അതവരുടെ മനോധര്‍മ്മമാണ്. സമൂഹത്തിനു   തെറ്റായ സന്ദേശം നല്കുന്നു എന്ന തെറ്റിദ്ധാരണ പരത്തി എഴുതി തള്ളപ്പെട്ട് എത്രയോ നല്ല സിനിമകള്‍  വെളിച്ചം കാണാതെ കെട്ടിപൂട്ടി കിടക്കുന്നു. 

എത്രയോ സിനിമകള്‍ സമൂഹത്തിന്റെ വളര്‍ച്ചക്കുതകുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നവയായിട്ടുള്ളവ ഉണ്ട്. പക്ഷെ ഒരിക്കല്‍ പോലും അത്തരം സന്ദേശങ്ങള്‍  ഉള്‍ക്കൊണ്ട് ഞാന്‍ നാളെ മുതല്‍ അങ്ങനെയേ ചെയ്യൂ എന്ന് പ്രതിജ്ഞ എടുക്കുന്ന ഒരു ജനതയെ  നാം ഇതു വരെ കണ്ടിട്ടില്ല. ഇഷ്ടപ്പെടുന്ന പ്രമേയങ്ങള്‍ കണ്ടു കഴിഞ്ഞാലും ഏറിയാല്‍  രണ്ടു ദിവസം  മനസ്സില്‍ തങ്ങി നില്‍ക്കും എന്നതിലുപരി  നായകനെയോ നായികയെ യോ അനുകരിച്ച്‌സമൂഹ സേവനത്തിനിറങ്ങുന്ന  ഒരു പ്രേക്ഷകനെയും ഇന്ന് കാണാന്‍ കഴിയില്ല.  

എവിടെ ഒരു പോസിറ്റീവ് ഉണ്ടോ അവിടെ നെഗറ്റീവ് ഉണ്ടായിരിക്കും.  വിവിധ വീക്ഷണ കോണുകളില്‍ കൂടി നോക്കി   പ്രേക്ഷകനെ തൃപ്തിപെടുത്താനുതകുന്ന രീതിയില്‍ തങ്ങളുടെ കഴിവുകള്‍ പരമാവധി ഉപയോഗിച്ചാണ് ഒരു സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന  എല്ലാവരും അതിന്റെ വിജയത്തിനായി പരിശ്രമിക്കുന്നത്.


സിനിമയുടെ  വര്‍ണ്ണലോകം വളരെ വിശാലമാണ്. നമ്മള്‍ കാണുന്ന വെളുത്ത  സ്‌ക്രീനിന് പിന്നില്‍ മറഞ്ഞിരിക്കുന്ന കരിപടര്‍ന്ന ഒത്തിരി പേരുടെ  സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ട്.  ഒരു സിനിമയുടെ പരാജയത്തില്‍ ചിലര്‍ക്ക് ജീവിതം തന്നെ തകര്‍ന്നു പോയെന്നു വരാം.

സിനിമയെ ഒരുപാട് സ്‌നേഹിക്കുന്ന ഒരാള്‍ ചിലവ് ചുരുക്കിയുള്ള ഷോര്‍ട്ട് ഫിലിം ഒക്കെ ചെയ്തിട്ടുള്ളതാണ് ഇദ്ദേഹം.  അദ്ദേഹത്തിന് വളരെയധികം ഇഷ്ടപ്പെട്ട പ്രമേയമുള്ള ഒരു ഷോര്‍ട്ട് ഫിലിം ചെയ്‌തെടുക്കാന്‍ അദ്ദേഹം മുടക്കിയത്  സാധാരണ ഒരു ഷോര്‍ട്ട് ഫിലിം ന് ചിലവാകുന്നതിലും എത്രയോ ഇരട്ടി . അത്രത്തോളം വ്യാപ്തിയോടെ ആണത് ചെയ്തിരിക്കുന്നത്. പക്ഷെ ഇപ്പോള്‍ സിനിമ  എന്നു പറഞ്ഞാല്‍ വീട്ടില്‍ എതിര്‍പ്പാണ്. കാരണം ആ കലയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം അത് മഹത്തരമാക്കാന്‍ എത്ര വേണമെങ്കിലും അദ്ദേഹം ചിലവാക്കും. അത്  സമൂഹത്തിലെ  സാധാരണക്കാരായ  ആ കുടുംബത്തിന് പിന്നീട് ഒരു ബാധ്യത ആയി തീരുമെന്ന ഒരു ജീവിത യാഥാര്‍ത്ഥ്യവും. 


സമയം കൈയ്യില്‍ പിടിച്ചോടുന്ന തിരക്കേറിയ ജീവിത യാത്രയില്‍ ഇത്തിരി നേരം  കഥാപാത്രങ്ങളും സംവിധായകനും സൃഷ്ടിച്ചെടുത്ത മുഹൂര്‍ത്തങ്ങളിലൂടെ മനസ്സിനെ മേയാന്‍ വിട്ട് ഇത്തിരി നേരം തളര്‍ന്ന മനസ്സിന്റെ ക്ഷീണം മറക്കാം 

വേണമെന്നോ വേണ്ടെന്നോ തീരുമാനിക്കാന്‍ ഓരോ പ്രേക്ഷകനും അവകാശമുണ്ട്.   ഇന്ന് ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുന്ന നമുക്ക് റീവ്യൂ യും ട്രെയ്ലറും എല്ലാം നമ്മുടെ മുന്നില്‍ ഉണ്ടെങ്കില്‍ പിന്നെ വെറുതെ ഒരു ബാഡ്  സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍  വേണ്ടി എന്തിന് സമയം കളയണം. 

എല്ലാവര്‍ക്കും ഒരേ ശരികള്‍ അല്ല എന്നത് പോലെ തന്നെ നല്ലതും ചീത്തയും ഓരോ പ്രേക്ഷകനിലും വ്യത്യസ്തം തന്നെ ആണ്. നമ്മുടെ കാഴ്ചപ്പാടിലൂടെ മാത്രം മറ്റുള്ളവരെ കാണാതെ അവരെ അവരായി കാണാന്‍ കഴിഞ്ഞാല്‍  ഒട്ടുമിക്ക വിയോജിപ്പുകളും യോജിപ്പുകളിലേക്ക് വഴിമാറും.

ജീവിതം ഒരു സിനിമ തന്നെയാണ്.  രണ്ടു മണിക്കൂറില്‍ ഒരു സിനിമയുടെ ബാഹ്യലോകത്തെ വിലയിരുത്താതെ സിനിമയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് അതിന്റെ നല്ല രസങ്ങളെ ഉള്‍ക്കൊള്ളും പോലെ ജീവിതത്തിലും ഒരു മനുഷ്യനെ ആഴത്തില്‍ മനസ്സിലാക്കുകയും അയാളിലെ നന്മകള്‍ മാത്രം ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ ദൃഢമാകും ജീവിതം സുന്ദരമാകും.

തിരശ്ശീലക്ക് പിന്നില്‍ (ജയശ്രീ രാജേഷ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക