Image

രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുന്നുവെന്ന് ശശികല

Published on 03 March, 2021
രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുന്നുവെന്ന് ശശികല
ചെന്നൈ: താന്‍ രാഷ്ട്രീയും പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുകയാണെന്ന്  തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വി.കെ.ശശികല വ്യക്തമാക്കി.

ഡിഎംകെയെ തറപറ്റിച്ചു അണ്ണാഡിഎംകെ സര്‍ക്കാരിനെ തിരികെ കൊണ്ടുവരാന്‍ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണമെന്ന് അനുയായികള്‍ക്കായി പുറത്തിറക്കിയ പ്രസ്താവനയില്‍ അവര്‍ അറിയിച്ചു.

‘ജയ ജീവനോടെ ഇരുന്നപ്പോള്‍ പോലും ഞാന്‍ അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ല. അവര്‍ മരിച്ചു കഴിഞ്ഞപ്പോഴും അങ്ങനെ ചെയ്യില്ല. ഞാന്‍ രാഷ്ട്രീയും പൊതുപ്രവര്‍ത്തനവും അവസാനിപ്പിക്കുകയാണ്. ജയയുടെ പാര്‍ട്ടി ജയിക്കട്ടെയെന്നും അവരുടെ പാരമ്പര്യം തുടരട്ടെയെന്നും പ്രാര്‍ഥിക്കുന്നു’– ശശികല വ്യക്തമാക്കി.

അനധികൃത സ്വത്തു സമ്പാദന കേസില്‍ അറസ്റ്റിലായ ശശികല നാലു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് ഫെബ്രുവരിയില്‍ ചെന്നൈയില്‍ തിരികെയെത്തിയത്. രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രസ്താവനയില്‍ ശശികല അറിയിച്ചിരുന്നു. ശശികല തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നും വരെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ശശികലയുടെ പിന്മാറ്റം അണ്ണാ ഡിഎംകെയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് ഊര്‍ജമേകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക