Image

നിയമ സഭ തെരഞ്ഞെടുപ്പിൽ ബി .ജെ പി. ചരിത്രം തിരുത്തുമോ? (എബി മക്കപ്പുഴ)

Published on 05 March, 2021
നിയമ സഭ തെരഞ്ഞെടുപ്പിൽ ബി .ജെ പി. ചരിത്രം തിരുത്തുമോ? (എബി മക്കപ്പുഴ)

കേന്ദ്ര നേതൃത്വം  ആഗ്രഹിക്കുന്നതുപോലെ കേരളത്തിൽ ബി ജെ പി ഭരിക്കും എന്ന പ്രഖ്യാപനം അടുത്തു വരുന്ന തെരഞ്ഞെടുപ്പിൽ അസാധ്യമാണെകിൽ പോലും, രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു കൊണ്ടുള്ള ഒരു വമ്പൻ മുന്നേറ്റം പ്രതീക്ഷിക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങളും, വോട്ടിന്റെ ശതമാനവും നമുക്ക് ഒന്ന് വിലയിരുത്താം. ശരിക്കുള്ള കണക്കു കൂട്ടലിലൂടെ തന്നെയാണ് എന്റെ ഈ രാഷ്ട്രീയ പ്രവചനം!

പതിനാലാം നിയമസഭയിലേക്ക് 91 സീറ്റുകള്‍ അതായത് 65 ശതമാനം സീറ്റുകള്‍ നേടിയാണ് 2016 ല്‍ ഇടതു ജനാധിപത്യ മുന്നണി കേരളത്തില്‍ ആധിപത്യം ഉറപ്പിച്ചത്.

അധികാരത്തിൽ നിന്നും തള്ളപ്പെട്ട ഐക്യ ജനാധിപത്യ മുന്നണിക്ക് 34 ശതമാനം സീറ്റും (47 എണ്ണം). ബി.ജെ.പി.ക്ക് ഒരു സീറ്റുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ ലഭ്യമായത്.

എന്നാല്‍ സീറ്റുകളുടെ എണ്ണവും ശതമാനവും, വോട്ടര്‍മാര്‍ ഓരോ മുന്നണിക്കും നല്‍കിയ വോട്ടിന്റെ അളവും തമ്മിൽ വ്യത്യസ്തത കാട്ടുന്നുണ്ട്. 65% സീറ്റുകള്‍ നേടിയ ഇടതുമുന്നണിക്ക് 43.42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ 34% സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് മുന്നണിക്ക് 38 ശതമാനവും ഒരു ശതമാനം  സീറ്റു നേടിയ ബി.ജെ.പിക്ക് 15 ശതമാനവും വോട്ടു നേടി. സീറ്റുകളുടെ എണ്ണം സൂചിപ്പിക്കുന്ന അന്തരം, വോട്ടിന്റെ അളവിൽ ഇല്ല എന്ന് മനസ്സിലാക്കാം.

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍  അമ്പതു ശതമാനം വോട്ട് നേടിയിരിക്കണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിലുള്ള ഒരു അന്തരം ഉണ്ടാവില്ലായിരുന്നു

ഇന്ത്യൻ തെരഞ്ഞെടുപ്പ്  സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുന്ന സംവിധാനം ആണ് പിന്തടർന്നു പോകുന്നത്. ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനത്തില്‍ താഴെയാണ് വോട്ടെങ്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്ന രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് മാത്രമായി 'ഫൈനല്‍ റൗണ്ട്' വോട്ടിംഗ് നടത്തി വിജയിയെ പ്രഖ്യാപിക്കുന്ന രീതി ആയിരുന്നുവെങ്കിൽ പല തെരഞ്ഞെടുപ്പ് വിജയങ്ങളൊക്കെ തിരുത്തപ്പെട്ടേനേ

ഇടതുമുന്നണിയും കോണ്‍ഗ്രസ് മുന്നണിയും മാത്രമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു ദ്വികക്ഷി സമ്പ്രദായത്തിലേക്ക് ബി.ജെ.പി. നേതൃത്വം നല്‍കുന്ന മൂന്നാം മുന്നണി അതിന്റെ സാന്നിദ്ധ്യം വളരെ വ്യക്തമായി തെളിയിച്ചു  കഴിഞ്ഞു.  

തുല്യശക്തികളെന്ന നിലയില്‍ കഴിഞ്ഞിരുന്ന ഇടതു വലതു മുന്നണികളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വലതു മുന്നണി ദുര്‍ബലമാകുന്നതും ബി.ജെ.പി. മുന്നണി മുമ്പൊരിക്കലുമില്ലാത്തവിധം വളർന്നു പന്തലിക്കുന്നതായും കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ മനസിലാക്കാം.

കഴിഞ്ഞ കാലഘട്ടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ബി ജെ പി നേടിയെടുത്ത വളർച്ച ഒന്ന് ശ്രദ്ധിക്കു.    
2006 (നിയമസഭ) - 4.67;  2009 (ലോകസഭ) - 6.40 2011; (നിയമസഭ) - 6.7 2014' (ലോകസഭ) - 10.8 2016; (നിയമസഭ) - 15.02
കോണ്‍ഗ്രസ് മുന്നണി ഓരോ തവണയും പിന്നോട്ട് പോകുന്ന ചരിത്രവും
2009 - 47.73
2011 - 45.89
2014 - 41.12
2016 - 38.08
ഇടതുമുന്നണി 49 ശതമാനത്തിൽ നിന്നും 43 ലേക്കുള്ള വീഴ്ചയും    
2006 - 48.63
2011 - 44.99
2016 - 43.42

ബി.ജെ.പി.യുടെ വളര്‍ച്ച കേരളത്തിലെ രണ്ടു പ്രധാന മുന്നണികളെയും ബാധിച്ചെങ്കിലും കോണ്‍ഗ്രസ് മുന്നണിക്കാണ് വലിയ നഷ്ടമുണ്ടായതെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

2021 തെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ കണക്കുകളെ മാറ്റിയെഴുതി ചില റെക്കോർഡ് വിജയങ്ങൾ നേടിയെടുക്കുമെന്നാണ് സൂചന. കേന്ദ്രഭരണം ബി.ജെ.പി. നിലനിര്‍ത്തുന്ന കാലം മുഴുവന്‍ ബി.ജെ.പി. സഖ്യത്തിന്റെ സ്വാധീനം കുറയാനിടയില്ല.ഇപ്രാവശ്യം ബി ജെ പി നേതൃത്വം വമ്പൻ സ്രാവുകളെയാണ് തിരഞ്ഞെടുപ്പ് ഗോഥയിലേക്കു ഇറക്കുന്നത്. കെ സുരേന്ദ്രൻ 35 സീറ്റു കിട്ടിയാൽ കേരള നിയമ സഭ ഭരിക്കുമെന്ന് പറഞ്ഞതു വെറും വാക്കായി എടുക്കരുത്.

കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. അധികാര ദുർവിനിയോഗം നടത്തിയ കോൺഗ്രസിനെ സ്വകരിക്കണമോ? ഏകാധിപത്യ സ്വാഭാവമുള്ള ഇടതിനെ തുണക്കണമോ? അതോ ഒരു പരീക്ഷണമെന്ന നിലയിൽ ബിജെ.പിയെ ചേർക്കണമോ?

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം കണക്കാക്കി ഒരു മുന്നണിയും കൂടുതൽ ആവേശം കാട്ടേണ്ട. അവിടെ കണ്ടത് വ്യക്തികളുടെ സ്വാധീനവും, രാഷ്ട്രീയം മറന്നുള്ള വിജയ ഫലങ്ങൾ  ആയിരുന്നു.
ഇടതു മുന്നണിയിലും, യു. ഡി എഫ് ലും നടക്കുന്ന സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള തർക്കങ്ങൾ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി ജെ പി ക്കു കാര്യമായ നേട്ടമുണ്ടക്കുമെന്നതിൽ സംശയം ഒട്ടും വേണ്ടാ. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക