Image

വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)

Published on 07 March, 2021
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
സന്തോഷ് ഈപ്പന്‍ ഒരു പാവം വ്യവസായി, ലൈഫ് മിഷനില്‍ കുറച്ച് വീട് പണിയുന്നതിനുള്ള പദ്ധതി തരപ്പെടുത്തി കിട്ടിയതിന്റെ സന്തോഷത്തില്‍ ആറ് ഐഫോണ്‍ വാങ്ങി 'ചില പാവങ്ങള്‍ക്കായി' നല്‍കി. പിന്നീട് നടന്ന കണക്കെടുപ്പില്‍ അഞ്ചെണ്ണത്തിന്റെ ഉപഭോക്താക്കളെ കണ്ടുപിടിച്ചു. എന്നാല്‍ ആറാമത്തേതും, കൂട്ടത്തില്‍ മുന്തിയതുമായ ഐഫോണ്‍ കിട്ടിയ ആളെ മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. സംഭവം വാര്‍ത്തയായപ്പോള്‍, അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്, ആ ഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കിട്ടിയെന്നാണ്. എന്നാല്‍ "താന്‍ അത്തരക്കാരനല്ലെന്നും, തന്നെ അത്ര ചെറുതായി കാണരുതെന്നും' ചെന്നിത്തല ആണയിട്ട് പറഞ്ഞതോടെ തത്കാലത്തേക്ക് 'ആറാം ഫോണ്‍' വിവാദം കെട്ടടങ്ങി. അപ്പോഴും അതിന്റെ ഉപഭോക്താവ് ഇരുളിന്റെ മറവില്‍ ഫോണില്‍ കുത്തി രസിച്ചുകൊണ്ടിരിക്കുകയായിരുന്നു!!

ഇപ്പോഴിതാ കസ്റ്റംസ് വെളിപ്പെടുത്തിയിരിക്കുന്നു; സന്തോഷ് ഈപ്പന്റെ ആറാമത്തെ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്നത് നമ്മുടെ കൊടിയേരി സഖാവിന്റെ ഭാര്യ 'പാവം' വിനോദിനിയാണെന്ന്! വിനോദിനി ചേച്ചിക്ക് ഈ ഫോണ്‍ കൊടുത്തത് ഭര്‍ത്താവ് കൊടിയേരിയാണോ, അതോ മകന്‍ ബിനീഷ് ആണോ, അതുമല്ലെങ്കില്‍ സാക്ഷാല്‍ സന്തോഷ് ഈപ്പന്‍ നേരിട്ടാണോ എന്ന് ചോദിച്ചറിയാന്‍ ചേച്ചിയെ കസ്റ്റംസ് അടുത്തയാഴ്ച ഓഫീസിലേക്ക് വിളിച്ചിരിക്കുകയാണ്.

ഏതൊരു പുരുഷന്റേയും വിജയത്തിനു പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ കൊടിയേരി ബാലകൃഷ്ണന്റെ "ഇറക്കത്തിന്റെ' പിന്നില്‍ അദ്ദേഹത്തിന്റെ ഭാര്യയും, 'ഘജാ ഘടികന്മാരായ' രണ്ടു പുത്രന്മാരുമാണ്! ഒരു പക്ഷെ പിണറായിക്കുശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ട വ്യക്തിക്ക്, മക്കളുടെ കൈയ്യിലിരുപ്പ് മൂലം പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോലും ഉപേക്ഷിച്ച് പടിയിറങ്ങേണ്ടിവന്നു.

കൊടിയേരി ബാലകൃഷ്ണന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ സൗമ്യനായ വ്യക്തി എന്നാണ് പരക്കെ അറിയപ്പെടുന്നത്. ആഭ്യന്തര മന്ത്രി എന്ന നിലയിലും അദ്ദേഹം വിജയമായിരുന്നു.

പക്ഷെ അദ്ദേഹത്തിന്റെ അധികാരബലത്തില്‍ മക്കള്‍ രണ്ടുപേരും ചെയ്തുകൂട്ടിയതും, കേരളത്തില്‍ നടത്തിയ കച്ചവട ഇടനിലകള്‍ക്കും സമാനതകളില്ല! അതിലൂടെ ഉണ്ടാക്കിയ സാമ്പത്തികത്തിന് ഒരു കയ്യും കണക്കുമില്ല. ആഢംബര ജീവിതത്തോടുള്ള കൊടിയേരിയുടെ കുടുംബത്തിന്റെ അമിത താത്പര്യം രാഷ്ട്രീയ ഇടനാഴികളില്‍ പാട്ടായിരുന്നു.ഇപ്പോഴിതാ അതൊരു വലിയ നാണക്കേടില്‍ കൊടിയേരിയെ മാത്രമല്ല, പാര്‍ട്ടിയെ ഒന്നായി കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു.

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന പാര്‍ട്ടിക്കും, പ്രവര്‍ത്തകര്‍ക്കും കസ്റ്റംസിന്റേയും, ഇ.ഡിയുടേയുമൊക്കെ കടന്നുകയറ്റങ്ങള്‍ക്ക് മറുപടി പറയുവാനുണ്ടാകും. എന്നാല്‍, ഇട്ടുമൂടാന്‍ സാമ്പത്തികസ്ഥിതിയുണ്ടായിട്ടും, കണ്ടവന്റെ 'മൊതലിനോടുള്ള' നേതാക്കളുടെ കുടുംബങ്ങളുടെ അത്യാര്‍ത്തിയെ എന്തു പറഞ്ഞു ന്യായീകരിക്കും. ? തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കേ, എല്‍.ഡി.എഫ് ഇതിനു വലിയ വില കൊടുക്കേണ്ടിവരും!! അത് കേവലമൊരു മുന്തിയ ഐ ഫോണിന്റെ വിലയേക്കാള്‍ എത്രയോ വലുതായിരിക്കും.!!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക