Image

മല്ലപ്പള്ളിക്ക്‌ റോട്ടറി ക്ലബിന്റെ ആംബുലന്‍സ്‌

ജോയിച്ചന്‍ പുതുക്കുളം Published on 20 July, 2011
മല്ലപ്പള്ളിക്ക്‌ റോട്ടറി ക്ലബിന്റെ ആംബുലന്‍സ്‌
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ലേക്ക്‌ വുഡിലുള്ള റോട്ടറി ക്ലബ്‌ സ്‌പോണ്‍സര്‍ ചെയ്‌ത അത്യാധുനിക ആംബലന്‍സ്‌, മല്ലപ്പള്ളിയിലെ ജോര്‍ജ്‌ മാത്തന്‍ മിഷന്‍ ഹോസ്‌പിറ്റലിന്‌ കൈമാറിയതായി അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.

ലേക്ക്‌ വുഡിലെ റോട്ടേറിയനായ ഡോ. മാത്യു കണ്ടത്തില്‍, മല്ലപ്പള്ളി റോട്ടേറിയന്മാരായ ജോസഫ്‌ ഇമ്മാനുവേല്‍, അനിയന്‍ ജോര്‍ജ്‌ (ന്യൂജേഴ്‌സി), ഡോ. ഷോണ്‍ ഡേവിസ്‌ (ന്യൂജേഴ്‌സി), ജോണ്‍ ജോര്‍ജ്‌ (ന്യൂജേഴ്‌സി), പ്രഫ. നൈനാന്‍ തോമസ്‌ തുടങ്ങിയവരുടെ ശ്രമഫലമാണ്‌ 15 ലക്ഷത്തില്‍പ്പരം രൂപ വിലയുള്ള എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയുള്ള ആംബുലന്‍സ്‌ ജോര്‍ജ്‌ മാത്തന്‍ ഹോസ്‌പിറ്റലിന്‌ നല്‍കിയത്‌.

ജൂണ്‍ 26-ന്‌ മല്ലപ്പള്ളി ടൗണില്‍ കൂടിയ പൊതുസമ്മേളനത്തില്‍ വെച്ച്‌ പി.ജെ. കുര്യന്‍ എംപി ആംബുലന്‍സിന്റെ താക്കോല്‍ ഹോസ്‌പിറ്റല്‍ പ്രസിഡന്റ്‌ ഡോ. കെ. മാത്യൂസ്‌ ഇലഞ്ഞിക്കലിനെ ഏല്‍പിച്ചു. മല്ലപ്പള്ളി താലൂക്കിലേയും പ്രാന്തപ്രദേശങ്ങളിലേയും പാവപ്പെട്ട രോഗികളെ സഹായിക്കാനായി, അമേരിക്കന്‍ മലയാളികളുടെ സഹകരണത്തോടെ നടത്തുന്ന ഉദ്യമത്തെ പി.ജെ. കുര്യന്‍ എംപി പ്രകീര്‍ത്തിച്ചു.

തദവസരത്തില്‍ കല്ലൂപ്പാറ എംഎല്‍എ ജോസഫ്‌ പുതുശ്ശേരി, റോട്ടറി ഗവര്‍ണ്ണര്‍ സ്‌കറിയ ജോസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റെജി തോമസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എലിസബത്ത്‌ ജേക്കബ്‌, റോട്ടറി പ്രസിഡന്റ്‌ ജോണ്‍ വര്‍ഗീസ്‌, മുന്‍ പ്രസിഡന്റുമാരായ രാധാകൃഷ്‌ണന്‍ നായര്‍, പി.സി. കുര്യന്‍, ജോസഫ്‌ ഇമ്മാനുവേല്‍ തുടങ്ങിയവര്‍ റോട്ടറി ക്ലബിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു.

ന്യൂജേഴ്‌സിയിലെ വിവിധ റോട്ടറി ക്ലബുകളുമായി സഹകരിച്ച്‌ കേരളത്തിലെ പാവപ്പെട്ട രോഗികള്‍ക്കുവേണ്ടി തുടര്‍ന്നും പ്രയോജനകരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കുമെന്ന്‌ അനിയന്‍ ജോര്‍ജ്‌ അറിയിച്ചു.
മല്ലപ്പള്ളിക്ക്‌ റോട്ടറി ക്ലബിന്റെ ആംബുലന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക