Image

പരമ..സഹോദരങ്ങളേ!... (ബിനോയി സെബാസ്റ്റ്യന്‍)

ബിനോയി സെബാസ്റ്റ്യന്‍ Published on 17 June, 2012
പരമ..സഹോദരങ്ങളേ!... (ബിനോയി സെബാസ്റ്റ്യന്‍)
എട്ടുംപൊട്ടും തിരിയാത്ത കേരളത്തിലെ പല രാഷ്‌ട്രീയക്കാരുടെയും വികല മനോഭാവത്തോടെ ബഹുമാനം ആര്‍ജിക്കേണ്ട സമുദായിക നേതാക്കള്‍ പ്രസ്‌താവനായുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വിവിധ സമുദായങ്ങള്‍ ഉള്‍പ്പെട്ട കേരള ജനതയ്‌ക്കെന്തു തോന്നും? കാലം മാറിയതോടുകൂടി ആര്‍ക്ക്‌ എന്തു തോന്നിയവാസം തോന്നിയാലും, പറഞ്ഞാലും കുഴപ്പമില്ല എന്നതാണ്‌ ഇപ്പോഴത്തെ പൊതു മലയാളമാനസികസ്ഥിതി! സാംസ്‌ക്കാരികനേതാക്കളും രാഷ്‌ട്രീയനേതാക്കളുമെല്ലാം വര്‍ത്തമാനകാലത്തില്‍ പ്രസംഗമദ്ധ്യത്തില്‍പോലും വിരോധികളെ അവന്‍ അവള്‍ എന്നൊക്കെയല്ലേ ഇപ്പോള്‍ വിളിക്കുന്നത്‌. വടകരയില്‍ ഒരു ഇടതുപക്ഷന്‍ പ്രസംഗത്തിനിടയില്‍ പരമ.....`മോനേ'....എന്നാണ്‌ കണ്ണൂര്‍ എംപിയായ സുധാകരനെ പരമ സ്‌നേഹപൂര്‍വ്വം വിളിച്ചത്‌. എന്തൊരു നല്ല സ്വരാജ്യ സ്വാതന്ത്ര്യം! ശിവശിവ! കലികാലം!

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ ഇടത്തു നിന്നും കാലുവാരി വലത്തേക്കു വന്ന ആര്‍.ശെല്‍വരാജിന്റെ ദയനീയവിജയം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെക്കുറിച്ചു യഥാര്‍ത്‌ഥത്തില്‍ ഇടതു വലതന്മാര്‍ കാര്യമായി പര്യാലോചിക്കുമോ എന്നു കണ്ടറിയണം. അതിനു സമമാണ്‌ മലപ്പുറം സംസ്ഥാന തലസ്ഥാനമായി ഗണിച്ചു കേരളഭരണത്തെ നിന്ത്രിക്കുന്ന മുസ്‌ളീം ലീഗ്‌ നേതൃത്വത്തിനു വഴങ്ങി ഭരണം നിലനിര്‍ത്തുവാന്‍ രാഷ്‌ട്രീയ കാബറേ നൃത്തം പോലും ചെയ്യുന്ന കോണ്‍ഗ്രസിന്റെയും മുഖ്യമന്ത്രിയുടെയും അഗ്‌നിയിലകപ്പെട്ട അവസ്ഥ! ഇനി എന്തെല്ലാം അനര്‍ത്‌ഥങ്ങള്‍!

കൊച്ചിയിലെ മെട്രോറെയില്‍ മുതല്‍ സ്‌മാര്‍ട്ട്‌ സിറ്റി വരെ നടപ്പിലായില്ലെങ്കിലും വേണ്ടില്ല കുടിക്കുവാന്‍ ശുദ്ധജലവും മാലിന്യനിര്‍മ്മാര്‍ജനവും മാത്രം മതിയെന്നു മുപ്പത്തിമുക്കോടി ദേവഗണങ്ങള്‍ക്കും അറിയാവുന്ന എല്ലാ പ്രാര്‍ത്‌ഥനകളും ശുദ്ധിയോടെ ചൊല്ലി വിലപിക്കുന്ന കേരളത്തിലെ ജനങ്ങളേക്കാള്‍ പ്രാധാന്യമുണ്ടായിരുന്നോ നഗരശുചികരണ മന്ത്രിയായി വേഷം കെട്ടിയ മുസ്‌ളംലീഗിന്റെ അഞ്ചാം മന്ത്രിയായ മണഞ്ഞളാംകുഴി അലിക്ക്‌? അയാളെക്കൊണ്ടു എന്തു പ്രയോജനമാണ്‌ ഇന്നു കേരളജനതയ്‌ക്കുള്ളതെന്ന്‌ ലീഗ്‌ നേതാക്കളും മുഖ്യമന്ത്രിയും ജനങ്ങളോടു കുറ്റതമ്മതത്തോടെ പറയേണ്ടതല്ലേ?

നായര്‍സര്‍വ്വീസ്‌ സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്‌എന്‍ഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമൊക്കെ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിനു മുമ്പ്‌ മൈക്കിനു മുമ്പില്‍ ഒലിപ്പിച്ച വാക്കുകള്‍ ഓര്‍മ്മിച്ചുപോകുകയാണ്‌! യുഡിഎഫിനു ശക്തമായ താക്കീതുകള്‍ നല്‍കി ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും നന്മകളുമൊക്കെ പുകഴ്‌ത്തിപറഞ്ഞ ഈ നേതാക്കള്‍ ടി.പി.ചന്ദ്രശേഖരന്റെ വധത്തിനുശേഷം യൂഡിഎഫിന്‌ അനുകൂലമായി കാറ്റു വീശുന്നു എന്നു കണ്ടപ്പോള്‍ വെറും മിണ്ടാപ്രാണികളായി. തിരഞ്ഞെടുപ്പു ഗോദായില്‍ ശെല്‍വരാജ്‌ വിജയിച്ചപ്പോള്‍ സുകുമാരന്‍ നായര്‍ മലക്കം കടത്തനാടന്‍ യോദ്ധാക്കളെപ്പോലെ മലക്കം മറിഞ്ഞു പറഞ്ഞു എന്‍എസ്‌ എസിന്റെ സമദൂരം കൊണ്ടാണ്‌ ശെല്‍വരാജ്‌ ജയിച്ചതെന്ന്‌. കിടങ്ങൂര്‍ ഗോപലപിള്ളയും പണിക്കരുസാറുമൊക്കെ ഇരുന്ന കസേരയിലാണ്‌ ഈ ദേഹവും ഇരിക്കുന്നതെന്നു അറിയാതെ മറക്കുകയാണ്‌ ഈ ദേഹം. സമുദായിക ധ്രൂവീകരണം നടന്നുവെന്നും ഇടതുപക്ഷത്തിന്‌ ഇപ്പോള്‍ ശനിയുടെ അപഹാരമാണെന്നും നടേശന്‍ മുതലാളി പറഞ്ഞു. സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയം നെയ്യാറ്റിന്‍കരക്കാര്‍ക്കു പിടിക്കാത്തതുകൊണ്ടാണ്‌ നല്ലൊരു പാഠം കമ്യൂണിസ്റ്റുകാരെ അവര്‍ പഠിപ്പിച്ചതെന്ന്‌ മലപ്പുറത്തിരുന്നു ലീഗ്‌ മുതലാളിയും മൊഴിഞ്ഞു. എന്തോ ക്രിസ്‌തുവിന്റെ പ്രധാനപുരോഹിതന്മാരാരും ഇത്തവണ പ്രതികരിച്ചില്ല!

ഇനി നഗരമാലിന്യത്തിന്റെയും പകര്‍ച്ചവ്യാധികളുടെയും സര്‍ക്കാര്‍ വാര്‍ഷികസുവനീറിന്റെയും കഥ! തിരുവനന്തപുരം കോര്‍പറേഷനും സംസ്ഥാനസര്‍ക്കാരും തമ്മില്‍ നഗരമാലിന്യം നിക്കം ചെയ്യുന്നതു സംബന്ധിച്ചു പൊതുവഴിയില്‍ വച്ചുതന്നെ അടികൂടുന്ന കഥയാണ്‌ ഇന്നു മാദ്ധ്യങ്ങള്‍ പറയുന്നത്‌. അകമ്പടിയായി കേരളം മുഴുവന്‍ പടരുന്ന സാംക്രമികരോഗങ്ങള്‍! എന്തു നടപടിയാണ്‌ പ്രിയ സര്‍ക്കാര്‍ ഇതൊക്കെ തടയുവാന്‍ സമയോചിതമായി സ്വീകരിച്ചിരിക്കുന്നത്‌? ഒന്നുമില്ല. ഒന്നും! ഇതോടൊപ്പം വിവിധ സമുദായങ്ങള്‍ സ്വരുമയോടെ പാര്‍ക്കുന്ന കേരളത്തില്‍ ലീഗ്‌ ഉയര്‍ത്തുന്ന ന്യൂനപക്ഷവര്‍ഗീയതയുടെ കടുംപിടുത്തം കേരളരാഷ്‌ട്രീയത്തില്‍ തുടര്‍ താപതരംഗങ്ങളുണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല! തീര്‍ന്നില്ല! മന്ത്രിസഭയുടെ ഒന്നാം വാര്‍ഷീകാഘോഷത്തിന്റെ ഭാഗമായി നേട്ടങ്ങളുടെ ഗുണിതങ്ങള്‍ വിശദീകരിച്ചു സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ഷീക പതിപ്പില്‍ പ്രോട്ടോക്കോള്‍ അനുസരിച്ചു നാലാമതായി ചേര്‍ത്ത ലീഗിന്റെ വ്യവസായമന്ത്രിയായ കുഞ്ഞാലിക്കുട്ടിയുടെ ലേഖനം രണ്ടാമതായി ചേര്‍ക്കാത്തതില്‍ ലീഗ്‌ പ്രതിഷേധിച്ചു. ഉടനേ മുഖ്യന്‍ ആ പതിപ്പു പിന്‍വലിച്ച്‌ ലീഗ്‌ മന്ത്രിയുടെ ലേഖനം രണ്ടാമതായി ചേര്‍ത്ത്‌ പിറ്റേ ദിവസം സ്വകാര്യ പ്രസില്‍ അയ്യായിരം കോപ്പിയടിച്ചു വിതരണം ചെയ്‌തു. നികുതിദായകരുടെ പണമെടുത്തു ഇത്രയും ഉത്തരവാദിത്വമില്ലാതെ ധൂര്‍ത്തടിക്കുന്നതിനാണോ വികസനവും കരുതലുമുള്ള ഭരണമെന്നു യൂഡിഎഫ്‌ വിളിക്കുന്നത്‌? കേരളത്തിന്റെ പൊതുകടം തൊണ്ണൂറായിരം കോടിയാണെന്ന കാര്യം മുഖ്യനുള്‍പ്പെടെയുള്ളവര്‍ മറന്നതുപോലെ!

സത്യത്തില്‍ കേരളമെന്ന ഒരു മഹാസാംസ്‌ക്കാരികസത്യത്തെ ഇവന്മാരെല്ലാവരുംകൂടി കൊന്നു വെട്ടിക്കീറി കശാപ്പു കടയില്‍ അരക്കിലോ മുക്കാല്‍ കിലോ കണക്കിനു വില്‌ക്കുകയല്ലേ? ഇതാണ്‌ നമ്മുടെ നാണണകെട്ട ജനാധിപത്യം! സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും പാണക്കാടു തങ്ങളും മെത്രാന്മാരുമൊക്കെ വീട്ടില്‍ അടങ്ങിയിരുന്നാലും ഇല്ലെങ്കിലും കേരളത്തിലെ രാഷ്‌ട്രീയവിവരമില്ലാത്ത പാര്‍ട്ടി നേതാക്കള്‍ ഇവന്മാരുടെയൊക്കെ കാലു പിടിക്കുവാന്‍ അവരുടെയൊക്കെ വീടുകള്‍ ഇനിയും കയറി നടക്കും. അതാണ്‌ നമ്മുടെ ഇന്നത്തെ രാഷ്‌ട്രീയ സംസ്‌ക്കാരം. ഇതിനൊരു മാറ്റം വരണമെങ്കില്‍ കേരളമില്ലാതെയാകണം. അല്ലെങ്കില്‍ കേരളീയരില്ലാതാകണം. അതല്ലേ ശരി?

ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ ഭരിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായിരുന്നോ? കേരളത്തില്‍ രാജഭരണങ്ങള്‍ നിലനിന്നിരുന്ന കാലത്ത്‌ കാര്യങ്ങള്‍ ഇതിലും മെച്ചമായിരുന്നില്ലേ? ഇന്നത്തെ കാലാള്‍പട മന്ത്രിമാരേക്കാള്‍ അവര്‍ രാജ്യത്തെയും ജനങ്ങളേയും സ്‌നേഹിച്ചിരുന്നില്ലേ? ഒരു പഞ്ചാംഗത്തിനുവേണ്ടി ഒരു സ്വരാജ്യംപോലും ഇന്‍ഡ്യന്‍ യൂണിയനില്‍ ചേര്‍ക്കുവാന്‍ സന്തോഷത്തോടെ അനുവാദം നല്‍കിയ കൊച്ചി മഹാരാജാവിന്റെ മഹിമ ഓര്‍ത്തുപോകുകയാണ്‌! ജനപ്രതിനിധികള്‍ വെറും സംശയങ്ങള്‍ക്കുപോലും അതീതരായിരിക്കണം എന്ന സീസര്‍ സിദ്ധാന്തവും മനോമുകുരത്തില്‍ തെളിയുന്നു. ഒന്നേ പറയുവാനുള്ള! രാഷ്‌ട്രീയചിന്തകനായ ജോണ്‍ ലോക്ക്‌ പറഞ്ഞു ജനാധിപത്യത്തിന്റെ വിജയത്തിനു ജനങ്ങള്‍ സദാ ജാഗ്രതയുള്ളവരായിരിക്കണമെന്ന്‌! നോക്കൂ! കേരളത്തിലെ മൂന്നരക്കോടിയോളം വരുന്ന ജനങ്ങള്‍ സ്വന്തം പൂര്‍വ്വപിതാക്കള്‍ സഹനസമരത്തിലൂടെ നേടിയ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ജാഗ്രതയുള്ളവരാണോ?
പരമ..സഹോദരങ്ങളേ!... (ബിനോയി സെബാസ്റ്റ്യന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക