Image

എയ്ഡഡ് സ്കൂള്‍ വിവാദം: നിയമസഭയില്‍ ചൂടേറിയ വാഗ്വാദം

Published on 26 June, 2012
എയ്ഡഡ് സ്കൂള്‍ വിവാദം: നിയമസഭയില്‍ ചൂടേറിയ വാഗ്വാദം
തിരുവനന്തപുരം: മലപ്പുറത്ത് കേന്ദ്രസഹായത്തോടെ ആരംഭിച്ച 35 സ്കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള തീരുമാനത്തിനെതിരേ നിയമസഭയില്‍ ചൂടേറിയ വാഗ്വാദം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് സബ്മിഷനായി വിഷയം ഉന്നയിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം മുഖ്യമന്ത്രി ഇന്നലെ തിരുത്തിയിരുന്നുവെന്നും ഇതിലെ നിജസ്ഥിതി അറിയണമെന്നും വി.എസ് ആവശ്യപ്പെട്ടു. മന്ത്രിസഭായോഗത്തിന് ശേഷം സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രസ്താവിച്ചിരുന്നതെന്ന് വി.എസ് ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് രണ്ട് മുഖ്യമന്ത്രിമാരുണ്ടോയെന്നും മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കുമോയെന്നും വി.എസ് ചോദിച്ചു. എന്നാല്‍ സബ് മിഷന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. ഈ മാസം 13 ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഈ സ്കൂളുകള്‍ എയ്ഡഡ് ആക്കണമെന്ന നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്ന് വന്നത്. പക്ഷെ ഇത് ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. എല്ലാ കാര്യങ്ങളും പരിഗണിച്ച ശേഷമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഈ സ്കൂളുകള്‍ എയ്ഡഡ് ആക്കാനുള്ള നീക്കം ആരംഭിച്ചിരുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയാണ് ഇത് സംബന്ധിച്ച ഫയലുകള്‍ നീക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനിടെ മുസ്ലീം ലീഗിനെ ലക്ഷ്യം വെയ്ക്കുകയാണെന്നും ഏത് വിഷയത്തിനും സാമുദായിക നിറം നല്‍കാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞ് മന്ത്രി കുഞ്ഞാലിക്കുട്ടിയും ചര്‍ച്ചയില്‍ ഇടപെട്ടു. ലീഗിനെ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കേണ്ടെന്നും ലീഗ് ഓടിളക്കിയല്ല വന്നതെന്നും ജനങ്ങള്‍ വോട്ട് ചെയ്തു തന്നെയാണ് നിയമസഭയില്‍ എത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഞങ്ങളും ഓടിളക്കിയല്ല സഭയില്‍ എത്തിയതെന്ന് വി.എസും തിരിച്ചടിച്ചു. ചര്‍ച്ചയ്ക്കൊടുവില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം രണ്ടാം തവണയും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക