Image

എന്‍എസ്‌എസും, എസ്‌എന്‍ഡിപിയും സര്‍ക്കാരിനെതിരേ പോരാടും: സുകുമാരന്‍ നായര്‍

Published on 27 June, 2012
എന്‍എസ്‌എസും, എസ്‌എന്‍ഡിപിയും സര്‍ക്കാരിനെതിരേ പോരാടും: സുകുമാരന്‍ നായര്‍
കോട്ടയം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂരിപക്ഷ സമുദായങ്ങളെ തഴഞ്ഞ്‌ ന്യൂനപക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന്‌ ആരോപിച്ച്‌ എന്‍എസ്‌എസും, എസ്‌എന്‍ഡിപിയും സര്‍ക്കാരിനെതിരേ പോരാടുമെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇതിന്റെ മുന്നോടിയായി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ഫാണിലൂടെ ആദ്യഘട്ട ചര്‍ച്ച നടത്തി.

ചര്‍ച്ചകളുടെ തുടക്കമെന്ന നിലയില്‍ ഇന്നലെ രാവിലെ എസ്‌എന്‍ഡിപി യോഗത്തിന്റെ ഒരു പ്രതിനിധി പെരുന്ന ആസ്‌ഥാനത്ത്‌ എത്തിയിരുന്നു. ഇദ്ദേഹമാണ്‌ വെള്ളാപ്പള്ളി നടേശനെ ഫോണില്‍ ബന്ധപ്പെട്ടത്‌. തുടര്‍ന്നു വെള്ളാപ്പള്ളി നടേശനുമായി സുകുമാരന്‍ നായര്‍ കാല്‍ മണിക്കൂറോളം നേരം ചര്‍ച്ച നടത്തി. ഏതാനും വര്‍ഷങ്ങളായുണ്ടായിരുന്ന അകല്‍ച്ചയും തെറ്റിദ്ധാരണയും അവസാനിച്ചെന്നു പിന്നീട്‌ സുകുമാരന്‍ നായര്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

ഭൂരിപക്ഷ സമുദായത്തിന്റെ വളര്‍ച്ചയ്‌ക്കുവേണ്ടി എന്‍എസ്‌എസും എസ്‌എന്‍ഡിപിയും ഒന്നിക്കുകയാണ്‌. ഇതിന്‌ കാരണമായത്‌ ഈ സര്‍ക്കാരിന്റെ നടപടികളാണ്‌. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നീതി നിഷേധം തുടര്‍ന്നാല്‍ വെള്ളാപ്പള്ളി നടേശനുമായി നേരില്‍ കണ്ട്‌ ചര്‍ച്ച നടത്തും. വേണ്ടി വന്നാല്‍ സമരമുഖത്ത്‌ വരും - സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി.

എന്‍എസ്‌എസുമായി യോജിക്കാനുള്ള സാധ്യതകള്‍ വര്‍ധിക്കുകയാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക