Image

ആദ്യ ഹിറ്റുമായി ഉണ്ണി മുകുന്ദന്‍

Published on 30 June, 2012
ആദ്യ ഹിറ്റുമായി ഉണ്ണി മുകുന്ദന്‍
പ്രേക്ഷകര്‍ക്ക്‌ ഒരിഷ്‌ടം തോന്നുന്ന ചെറുപ്പക്കാരൊന്നും സമീപകാലത്ത്‌ സിനിമയിലേക്ക്‌ കടന്നു വന്നിരുന്നില്ല. അതുകൊണ്ടു തന്നെ പൃഥ്വിരാജും, ഇന്ദ്രജിത്തും ജയസൂര്യയുമൊക്കെ പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും യുവതാരങ്ങളായി തുടര്‍ന്നു. എന്നാല്‍ അടുത്തിടെ അതിനൊരു മാറ്റമുണ്ടായിരുന്നു. ദുള്‍ക്കല്‍ സല്‍മാന്‍, ഫഹദ്‌ ഫാസില്‍, ആസിഫ്‌ അലി, ഉണ്ണിമുകുന്ദന്‍ തുടങ്ങിയവര്‍ മലയാള സിനിമയിലെ പുതിയ തരംഗമായി മാറിയിരിക്കുന്നു.

ഉണ്ണി മുകുന്ദനെ മല്ലുസിംഗില്‍ കണ്ടവര്‍ ഒരു ക്ഷോഭിക്കുന്ന ചെറുപ്പക്കാരനെയാവും കണ്ടിരിക്കുക. എന്നാല്‍ അതിനു തൊട്ടു മുമ്പുള്ള തല്‍സമയം പെണ്‍കുട്ടിയില്‍ ഉണ്ണി വെറുമൊരു പയ്യന്‍ ലുക്കിലാണ്‌. കോളജില്‍ പഠിക്കുന്ന ഒരു ചെത്തുപയ്യന്‍. സത്യത്തില്‍ കോളജ്‌ പ്രായം കഴിഞ്ഞിട്ടേയുള്ളു ഉണ്ണിക്ക്‌. പ്രായം വെറും 24. ഈ പ്രായത്തില്‍ തന്നെ ആക്ഷന്‍ ഹീറോയായി തിളങ്ങിനില്‍ക്കാന്‍ ഉണ്ണിക്ക്‌ കഴിഞ്ഞുവെന്നത്‌ ചെറിയ നേട്ടവുമല്ല.

തമിഴില്‍ സ്വീഡന്‍ എന്ന സിനിമയിലാണ്‌ ഉണ്ണി ആദ്യമായി അഭിനയിക്കുന്നത്‌. പിന്നീട്‌ ബാങ്കോക്ക്‌ സമ്മര്‍, ബോംബെ മാര്‍ച്ച്‌ 12, തല്‍സമയം ഒരു പെണ്‍കുട്ടി എന്നീ ചിത്രങ്ങള്‍. ഇപ്പോള്‍ മല്ലുസിംഗില്‍ എത്തുമ്പോള്‍ മലയാള സിനിമയില്‍ പുതിയൊരു താരോദയമാണ്‌ പ്രേക്ഷകര്‍ കാണുന്നത്‌.

മല്ലുസിംഗ്‌ ഉണ്ണിമുകുന്ദനെ ഒരു താരമാക്കി മാറ്റിയെന്ന്‌ പ്രേക്ഷകര്‍ പറയുന്നു?

വലിയൊരു ലക്കാണ്‌ എനിക്ക്‌ മല്ലുസിംഗ്‌. പൃഥ്വിരാജിനെ നായകനായി തീരുമാനിച്ചിരുന്ന സിനിമയാണിത്‌. പൃഥ്വിക്ക്‌ ഡേറ്റ്‌ക്ലാഷ്‌ വന്നതുകൊണ്ടു മാത്രമാണ്‌ എനിക്ക്‌ ഈ സിനിമ ലഭിച്ചത്‌. ഒരു പക്ഷെ പൃഥ്വി സിനിമയിലേക്ക്‌ തിരിച്ചു വന്നാല്‍ എന്റെ അവസരം നഷ്‌ടപ്പെടുമെന്ന്‌ എനിക്കറിയാമായിരുന്നു. കാരണം എന്നോട്‌ മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ ഞാന്‍ മാറി നിന്നേ മതിയാവു. എനിക്ക്‌ സിനിമയില്‍ വലിയ പരിചയങ്ങളില്ല, ആരുമായും വ്യക്തിപരമായി ബന്ധങ്ങളില്ല. ശരിക്കും ഒരു തുടക്കക്കാരന്‍. പക്ഷെ ഭാഗ്യം എനിക്കായി ഒരു വഴി തുറന്നു എന്നു വേണം കരുതാന്‍. അങ്ങനെയാണ്‌ മല്ലുസിംഗിലേക്ക്‌ ഞാന്‍ വരുന്നത്‌. പകരക്കാരനായി വന്ന സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ ഇരട്ടഭാഗ്യം ലഭിച്ചത്‌ പോലെ.

ഇപ്പോള്‍ വലിയ സന്തോഷത്തിലാണോ?

അധികം സന്തോഷിക്കരുത്‌ എന്നാണ്‌ എന്റെ അനുഭവം. ഇപ്പോള്‍ ഒരു സിനിമയുടെ വിജയമാണ്‌. അടുത്ത സിനിമ എങ്ങനെയാകും എന്ന്‌ ഇപ്പോള്‍ പ്രവചിക്കാന്‍ പറ്റില്ല. ഒരു അഞ്ചോ, ആറോ സിനിമകള്‍ വിജയിച്ചു കിട്ടിയാല്‍ ഞാന്‍ അല്‌പം അടിച്ചു പൊളിക്കും. ഞാന്‍ ആഗ്രഹിച്ച പല സിനിമകളും എനിക്ക്‌ കിട്ടിയിട്ടില്ല. അവസാന നിമിഷം പ്രതീക്ഷകള്‍ അവസാനിച്ചു പോയ അവസരങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്‌. സംവിധായകരുടെ അടുത്തൊക്കെ ചാന്‍സ്‌ ചോദിച്ച്‌ പോകുമ്പോള്‍ നമ്മളെക്കാള്‍ മിടുക്കന്‍മാരായ ആളുകളൊക്കെ അവിടെ വേറെ വന്നിട്ടുണ്ടാകും. എന്നാലും അവസാനം ഞാന്‍ ആഗ്രഹിച്ചതുപോലെ ഒരു തുടക്കം ലഭിച്ചു.

അപ്പോള്‍ സിനിമയിലേക്ക്‌ ശ്രമിക്കാന്‍ തുടങ്ങിയിട്ട്‌ ഒരുപാടു കാലമായിരുന്നോ?

തീര്‍ച്ചയായും കോളജില്‍ പഠിക്കുമ്പോള്‍ മുതല്‍ സിനിമയായിരുന്നു എന്റെ വലിയ ആഗ്രഹം. കൂട്ടുകാരുടെ ഇടയില്‍ എന്റെ കരിയര്‍ സിനിമ തന്നെയായിരിക്കുമെന്ന്‌ ഉറപ്പിച്ചു പറയുമായിരുന്നു. ഏതെങ്കിലും ഒരു വേഷം സംഘടിപ്പിച്ച്‌ മുമ്പോട്ടു പോകണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചിട്ടില്ല. മറിച്ച്‌ ഹീറോയാകണം എന്നു തന്നെയായിരുന്നു ആഗ്രഹം. അത്‌ തുറന്നു പറയുന്നതില്‍ മടിയൊന്നുമില്ല. ഒരു ഹീറോയായി സിനിമയിലെത്തണം എന്നു തന്നെയാണ്‌ ഞാന്‍ ആഗ്രഹിച്ചത്‌.

ആദ്യമായി അവസരം തന്നത്‌ ആരാണ്‌?

ഒരു സിനിമയില്‍ വേഷം തരാമെന്ന്‌ ആദ്യം പറഞ്ഞത്‌ ലോഹിതദാസാണ്‌. ഭീഷ്‌മര്‍ എന്ന സിനിമക്കു വേണ്ടി അദ്ദേഹം തിരക്കഥയെഴുതുമ്പോഴായിരുന്നു അത്‌. അതിനും മുമ്പു മുതല്‍ തന്നെ ഞാന്‍ സിനിമക്കായി ശ്രമിക്കുന്നുണ്ടായിരുന്നു. ഭീഷ്‌മരില്‍ ലോഹിസാറ്‌ ഒരു വേഷമുണ്ടെന്ന്‌ പറഞ്ഞിരുന്നു. നല്ലൊരു കഥാപാത്രം തന്നെയായിരുന്നു ലോഹിസാര്‍ മനസില്‍ കണ്ടിരുന്നത്‌. പിന്നെ ഞാന്‍ സ്ഥിരമായി ലോഹിസാറിനെ വീട്ടില്‍ പോയി കാണും. ലോഹിസാറിന്റെ സിനിമയിലൂടെ ഒരു തുടക്കം ഞാന്‍ വല്ലാതെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അപ്പോഴാണ്‌ സാറ്‌ വിടപറഞ്ഞു പോയത്‌. അതൊരു വലിയ ഷോക്കായിരുന്നു. ഒരുപാട്‌ അടുപ്പമുള്ള ഒരാള്‍ വേര്‍പിരിഞ്ഞു പോകുമ്പോഴുള്ള നഷ്‌ടമായിരുന്നു എനിക്ക്‌ ലോഹിസാര്‍.

പിന്നെ സ്വീഡന്‍ എന്ന തമിഴ്‌ സിനിമയിലൂടെയാണ്‌ ഞാന്‍ ആദ്യമായി സിനിമയിലെത്തുന്നത്‌. മലയാളത്തിലെ നന്ദനം സിനിമയാക്കിയതായിരുന്നു സ്വീഡന്‍. ധനുഷായിരുന്നു നായകന്‍.

തല്‍സമയത്തില്‍ ഒരുപാവം പയ്യന്‍ ഇപ്പോള്‍ മല്ലുസിംഗില്‍ ആക്ഷന്‍ ഹീറോ. ആക്ഷന്‍ വേഷങ്ങള്‍ തന്നെയാണോ താത്‌പര്യം?

ബാങ്കോക്ക്‌ സമ്മറിലും ഞാന്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌. അതുകണ്ടിട്ടാണ്‌ മല്ലുസിംഗിലേക്ക്‌ പരിഗണിച്ചത്‌. എനിക്ക്‌ ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ്‌ താത്‌പര്യം. പക്ഷെ എനിക്കൊരു ആക്ഷന്‍ ചിത്രം ലഭിക്കുമെന്ന്‌ തന്നെ ഞാന്‍ കരുതിയതല്ല. സ്വീഡനില്‍ ഒരു ഹോംലി കാരക്‌ടര്‍ ആയിരുന്നല്ലോ. ഈയൊരു ഇമേജ്‌ മാറ്റിയിയെടുക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോള്‍ മല്ലുസിംഗ്‌ ഒരു ആക്ഷന്‍ ഇമേജ്‌ തന്നിട്ടുണ്ട്‌. പുതുതായി വരുന്ന സിനിമകളൊക്കെ ആക്ഷന്‍ പാക്കേജ്‌ സിനിമകളാണ്‌.

എനിക്ക്‌ ആക്ഷന്‍ സിനിമകളോടാണ്‌ പൊതുവേ ഇഷ്‌ടം. തീയേറ്ററില്‍ എന്റര്‍ടെയിന്റ്‌മെന്റിന്‌ വേണ്ടി പോകുന്നയാളാണ്‌ ഞാന്‍. പാട്ടും ഡാന്‍സും ആക്ഷനുമൊക്കെ ചേര്‍ന്ന സിനിമകളുടെ ഭാഗമാകാനാണ്‌ ആഗ്രഹിക്കുന്നത്‌.

സിനിമയിലേക്ക്‌ ഏറ്റവും പ്രോല്‍സാഹനം തന്നത്‌ ആരായിരുന്നു?

അച്ഛന്‍ തന്നെയായിരുന്നു ഏറ്റവും വലിയ പ്രോല്‍സാഹനം. സമ്പത്ത്‌ ഏറെയുണ്ടായിരുന്നിട്ടും പതിയെ തകര്‍ന്നു പോയ ഒരു കുടുംബമായിരുന്നു എന്റേത്‌. എനിക്ക്‌ പ്രായമായപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ കൂടുതലായിരുന്നു. ചെറുപ്പത്തില്‍ തന്നെ ജോലിക്ക്‌ കയറേണ്ടി വന്നു. അതിനിടയില്‍ സിനിമ മോഹവുമായി കറക്കം. എന്നിട്ടും അതിനെ അച്ഛന്‍ പ്രോല്‍സാഹിപ്പിച്ചു. സിനിമക്കായി ഞാന്‍ സമയം കളയുകയാണെന്ന്‌ പറഞ്ഞവരോട്‌ അവന്‌ അതിന്‌ കഴിയുമെന്ന്‌ വിശ്വാസമുണ്ടെന്ന്‌ പറഞ്ഞത്‌ അച്ഛനാണ്‌. ഇപ്പോള്‍ എന്റെ സിനിമ വിജയിച്ചപ്പോള്‍ അതൊരു വലിയ വിജയമായി എനിക്ക്‌ തോന്നുന്നതും ഇതുകൊണ്ടൊക്കെയാണ്‌.

ഇനി ഒരു ആക്ഷന്‍ നായകനായി മലയാളത്തില്‍ ഉണ്ണി മുകുന്ദന്‍ തുടരുമോ?

തീര്‍ച്ചയായും ഉണ്ടാവും. എന്തായാലും ഒരു റൗണ്ട്‌ ആക്ഷന്‍ സിനിമകള്‍ ഞാന്‍ ചെയ്യും എന്നുറപ്പാണ്‌. എല്ലാത്തരം സിനിമകളിലും അഭിനയിക്കണമെന്നുണ്ട്‌. എന്നാലും ആക്ഷന്‍ സിനിമകളോട്‌ അല്‌പം ഇഷ്‌ടക്കൂടുതലുണ്ട്‌.
ആദ്യ ഹിറ്റുമായി ഉണ്ണി മുകുന്ദന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക