Image

ഭൂമിയുടെ അവകാശികള്‍

Published on 03 July, 2012
ഭൂമിയുടെ അവകാശികള്‍
രാമചന്ദ്രന്‍. വര്‍ഷങ്ങളായി അഹമ്മദാബാദിലായിരുന്നു. പക്ഷേ, സമീപകാലത്ത് നടന്ന വര്‍ഗീയ കലാപത്തിനിടയില്‍ മുന്നിലെത്തിയ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് അഭയം നല്‍കിയതിന്റെ പേരില്‍ ഉണ്ടായിരുന്ന മെച്ചപ്പെട്ട ജോലി നഷ്ടപ്പെട്ടു. പിന്നെ അവിടെ നില്‍ക്കാന്‍ സാഹചര്യമില്ലാത്തതിനാല്‍ രാമചന്ദ്രന്‍ നാട്ടിലേക്ക് യാത്ര തിരിച്ചു.

ട്രെയിനിലായിരുന്നു യാത്ര. പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ കാശില്ലാത്തതിനാല്‍ ടിക്കറ്റ് എടുത്തിരുന്നില്ല. അതുകൊണ്ടുതന്നെ നാട്ടിലെത്തുന്നതിനു മുമ്പുതന്നെ പാലക്കാട് സ്റ്റേഷനില്‍വച്ച് ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥന്മാര്‍ രാമചന്ദ്രനെ ഇറക്കിവിട്ടു.

അപരിചിതമായ സ്ഥലം. സ്വന്തം അസ്ഥിത്വം നഷ്ടപ്പെട്ട സാഹചര്യം. ഇനിയെന്ത് എന്ന് ചിന്തിച്ചുനടന്ന രാമചന്ദ്രന്‍, ബീരാന്‍ കാക്കയെ കണ്ടുമുട്ടുന്നു. ബീരാന്‍ രാമചന്ദ്രന് അഭയം നല്‍കുന്നു. നഗരത്തില്‍ ഒരു സ്റ്റേഷനറിക്കട നടത്തുന്ന ബീരാന് പ്രധാന ഹോബി കൂട്ടുകാര്‍ക്കെല്ലാം ബാബുരാജിന്റെ പഴയ സുന്ദരഗാനങ്ങള്‍ പാടുകയെന്നതാണ്.

ബീരാന്‍ സംഘത്തിലെ ജീവിത യാഥാര്‍ഥ്യങ്ങളുമായി രാമചന്ദ്രന്‍ അലിഞ്ഞുചേരുന്നു. കൂട്ടുകാര്‍മൂലം ബോംബെയില്‍ മറ്റൊരു ജോലി തരപ്പെടുത്തിയെങ്കിലും രാമചന്ദ്രന്‍ അത് നിരസിക്കുന്നു. തുടര്‍ന്ന് രാമചന്ദ്രന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

യെസ് സിനിമയുടെ ബാനറില്‍ ടി.വി. ചന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രത്തില്‍ രാമചന്ദ്രന്‍ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. മൈഥിലിയാണ് സുനന്ദ ടീച്ചറാകുന്നത്. ആനന്ദ്കുമാര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാമചന്ദ്രബാബു നിര്‍വഹിക്കുന്നു.

കൈലാഷ്, അരുണ്‍, ടിനി ടോം, ഇന്ദ്രന്‍സ്, ഭഗത്, മാമുക്കോയ, സന്തോഷ്, ഇ.ഐ. രാജേന്ദ്രന്‍, സി.കെ. ബാബു, രാഘവന്‍, മണികണ്ഠന്‍ പട്ടാമ്പി, സരയു, ഗോപിക, അനില്‍, ഊര്‍മിള ഉണ്ണി എന്നിവര്‍ക്കൊപ്പം സംഗീത സംവിധായകന്‍ ഷഹബാസ് അമനും അഭിനയിക്കുന്നു.

കല- സാലു കെ. ജോര്‍ജ്, മേക്കപ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- രാധാകൃഷ്ണന്‍ മങ്ങാട്ട്, സ്റ്റില്‍സ്- ലിജോ കുഞ്ഞപ്പന്‍, എഡിറ്റിംഗ്- ജോസുകുട്ടി, പ്രൊഡ. കണ്‍ട്രോളര്‍- ഷാജി പട്ടിക്കര.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക