Image

ഡോ. റേയ്‌ച്ചല്‍ സഖറിയയ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 23 July, 2011
ഡോ. റേയ്‌ച്ചല്‍ സഖറിയയ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍കി
ഡിട്രോയിറ്റ്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ മിഷിഗണിന്റെ (ഇനാം) ആഭിമുഖ്യത്തില്‍, അസോസിയേഷന്റെ സ്ഥാപകയും, ആദ്യ പ്രസിഡന്റുമായിരുന്ന ഡോ. റേയ്‌ച്ചല്‍ സഖറിയയ്‌ക്ക്‌ സമുചിതമായ യാത്രയയപ്പ്‌ നല്‍കി. വെയില്‍സ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിരമിച്ച്‌, ബോസ്റ്റണിലേക്ക്‌ താമസം മാറ്റുകയാണ്‌ ഡോ. റേയ്‌ച്ചല്‍.

പ്രിയ റെസ്റ്റോറന്റില്‍ വെച്ചുകൂടിയ യാത്രയയപ്പ്‌ യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ സോഫി വര്‍ഗീസ്‌ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയിനാ ഇലക്കാട്ട്‌ സ്വാഗത പ്രസംഗം നടത്തി. സരജാ സാമുവേല്‍, കെ.സി. ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.ആര്‍.ഒ അന്നമ്മ മാത്യൂസ്‌ നന്ദി പറഞ്ഞു.

2008-ല്‍ അസോസിയേഷന്റെ ഉദ്‌ഘാടനവും, സുവനീറിന്റെ പ്രകാശനകര്‍മ്മവും നടത്തുന്നതിന്‌ ഡോ. റേയ്‌ച്ചല്‍ നടത്തിയ നേതൃപാടവവും, സംഘടനയുടെ ഇതുവരെയുള്ള വളര്‍ച്ചയില്‍ നല്‍കിയ സംഭാവനകളും, പ്രസിഡന്റ്‌ തന്റെ അധ്യക്ഷപ്രസംഗത്തില്‍ പ്രത്യേകം അനുസ്‌മരിച്ചു. അതുപോലെ അസോസിയേഷന്റെ ലൈഫ്‌ മെമ്പറുകൂടിയായ ഡോ. റെയ്‌ച്ചലിന്റെ സഹകരണവും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഭാവിയിലും പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ്‌ തുടര്‍ന്നുപറഞ്ഞു.

യോഗത്തില്‍ വെച്ച്‌ അസോസിയേഷന്റെ പ്രശംസാ ഫലകവും, പാരിതോഷികവും ഡോ. റെയ്‌ച്ചല്‍ സഖറിയയ്‌ക്ക്‌ നല്‍കി. നഴ്‌സുമാരുടെ ദേശീയ സംഘടനയായ നൈനയുടെ (എന്‍.എ.ഐ.എന്‍.എ) വൈസ്‌ പ്രസിഡന്റുകൂടിയായ ഡോ. റെയ്‌ച്ചല്‍, തനിക്കു നല്‍കിയ സ്‌നേഹോഷ്‌മളമായ യാത്രയയപ്പിനും, സമ്മാനങ്ങള്‍ക്കും, പ്രത്യേകിച്ച്‌ നാളിതുവരേയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കിയ സഹകരണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്‌ മറുപടി പ്രസംഗം നടത്തി.

ജെയിനാ ജോസഫ്‌ സംഗീതം ആലപിച്ചു. സ്‌നേഹവിരുന്നോടെ യോഗം സമാപിച്ചു. പി.ആര്‍.ഒ അന്നമ്മ മാത്യൂസ്‌ അറിയിച്ചതാണിത്‌.
ഡോ. റേയ്‌ച്ചല്‍ സഖറിയയ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക