Image

മൂന്ന് ഇന്ത്യക്കാരെ കൊന്ന ഓസ്‌ട്രേലിയക്കാരന് മൂന്ന് ജീവപര്യന്തം

Published on 05 July, 2012
മൂന്ന് ഇന്ത്യക്കാരെ കൊന്ന ഓസ്‌ട്രേലിയക്കാരന് മൂന്ന് ജീവപര്യന്തം
 മെല്‍ബണ്‍: ഇന്ത്യക്കാരിയായ കാമുകിയേയും അവരുടെ രണ്ടു സഹോദരങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ സ്വദേശിക്ക് കോടതി 35 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു. കാമുകി നീല്‍മ സിങ്(24), കുനാല്‍(18), സിധി(12) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ 42 കാരനായ മാസ്സിമോ മാക്‌സ് സികയ്ക്ക് ക്യൂന്‍സ്‌ലന്‍ഡ് സുപ്രീംകോടതി മൂന്നു ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. പരോളില്ലാത്ത ഈ ജയില്‍ശിക്ഷ ക്യൂന്‍സ്‌ലന്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. 

ബ്രിസ്‌ബെയ്‌നില്‍ ബ്രിഡ്ജ്മാന്‍ ഡൗണ്‍സിലുള്ള മാതാപിതാക്കളുടെ വസതിയിലെ സ്പായില്‍ 2003 ഏപ്രില്‍ 22നാണ് നീല്‍മയെയും സഹോദരങ്ങളെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. നിഷ്ഠൂരമായ ഈ കൃത്യം ചെയ്യുമ്പോള്‍ സികയ്ക്ക് യാതൊരു മനോവേദനയും ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതായി ജസ്റ്റിസ് ബൈര്‍നീ പറഞ്ഞു. ശിക്ഷ വായിച്ചുകേള്‍പ്പിക്കുമ്പോഴും സിക വികാരപ്രകടനങ്ങളൊന്നും നടത്തിയില്ല. 12ഉം 18ഉം വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തിയ സികയ്ക്ക് 45 വര്‍ഷത്തെ തടവുശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. 

കൊലപാതകത്തിനുശേഷമുള്ള ദിനങ്ങളില്‍ സാധാരണ ജീവിതം നയിച്ച സികയ്ക്ക് ഞെട്ടിക്കുന്ന ക്രിമിനല്‍ ചരിത്രമാണുള്ളതെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. 2008ല്‍ നടത്തിയ ഫോറന്‍സിക് പരിശോധനയിലൂടെയാണ് കേസന്വേഷണം പൂര്‍ത്തിയായത്. എന്നാല്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ സിക കോടതി വിധിയിലും എതിര്‍പ്പ് പ്രകടിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക