Image

ബാങ്കിള്‍സ്: പൂനം കൗര്‍ മലയാളത്തിലെത്തുന്നു

Published on 05 July, 2012
ബാങ്കിള്‍സ്: പൂനം കൗര്‍ മലയാളത്തിലെത്തുന്നു
പ്രമുഖ ദക്ഷിണേന്ത്യന്‍ താരസുന്ദരി പൂനം കൗര്‍ മലയാളത്തിലെത്തുന്നു. ഡോ. സുവീദ് വില്‍സണ്‍ സംവിധാനം ചെയ്യുന്ന ബാങ്കിള്‍സ് എന്ന ചിത്രത്തിലൂടെയാണു പൂനത്തിന്റെ മലയാളപ്രവേശം. ചലച്ചിത്ര കാമറാമാനായ വിവേകിന്റെയും അവന്തികയുടെയും ജീവിതത്തിലൂടെയാണു ബാങ്കിള്‍സിന്റെ കഥ മുന്നോട്ടു പോകുന്നത്. അടുത്ത കാലത്തു വിവാഹിതരായ ഇവര്‍ സിനിമാജീവിതത്തിന്റെ തിരക്കില്‍ നിന്നു കിട്ടിയ ഒഴിവുദിവസങ്ങള്‍ ഹണിമൂണിനായി ചെലവഴിക്കാന്‍ തീരുമാനിച്ചു. പോകേണ്ട സ്ഥലത്തെക്കുറിച്ചു ചര്‍ച്ച ചെയ്തപ്പോള്‍ വിവേകിന്റെ തറവാട്ടുവകയിലുളള പഴയ വീട്ടില്‍ പോകാനാണ് അവന്തിക താത്പര്യം പ്രകടിപ്പിച്ചത്. വിവേകിന്റെ സംസാരത്തിലൂടെയാണ് ആ സ്ഥലത്തോട് അവന്തികയ്ക്കു പ്രിയം തോന്നിയത്. അങ്ങനെ ആള്‍ത്താമസമില്ലാത്ത പഴയ വീട്ടിലെത്തി അവര്‍ താമസം തുടങ്ങി. 

അവര്‍ അവിടെ താമസം തുടങ്ങിയതോടെ ആ വീട്ടിലും പരിസരപ്രദേശത്തും ദുരൂഹമായ ചിലതു സംഭവിക്കുന്നു. ഈ ദുരൂഹസംഭവങ്ങള്‍ക്കെല്ലാം തെളിവായി അവര്‍ക്കു ലഭിച്ചതു വളകള്‍ മാത്രമാണ്. തുടര്‍ന്നുളള സംഭവവികാസങ്ങളാണു പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. വിവേകായി അജ്മല്‍ എത്തുമ്പോള്‍ അവന്തികയായി പൂനം കൗര്‍ അഭിനയിക്കുന്നു. കുറച്ചു കാലമായി മലയാളത്തില്‍ കാണാനില്ലായിരുന്ന നടി അര്‍ച്ചനാ കവി ഈ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിലെ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് അര്‍ച്ചന എത്തുന്നത്. കോക്ടെയിലിനു ശേഷം ശ്യാം മേനോന്‍ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ ഉടന്‍ ആരംഭിക്കും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക