Image

ഫൊക്കാനാ കണ്‍വെന്‍ഷന്‌ വിജയകരമായ പരിസമാപ്‌തി

Published on 04 July, 2012
ഫൊക്കാനാ കണ്‍വെന്‍ഷന്‌ വിജയകരമായ പരിസമാപ്‌തി
ചിത്രങ്ങള്‍: വിന്‍സന്റ് ഇമ്മാനുവല്‍, മൊയ്തീന്‍ പുത്തന്‍ ചിറ (more photos below)

ഹ്യൂസ്റ്റണ്‍: പതിനഞ്ചാമത് ഫൊക്കാന കണ്‍വന്‍ഷനു ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസയില്‍ (അനന്തപുരി) വിജയകരമായ പരിസമാപ്തി..

മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ മേനോന്‍ റാവു കേരളത്തിന്റെ ചരിത്രപരമായ പ്രാധാന്യവും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ നേട്ടങ്ങളും എടുത്തുപറഞ്ഞു.

മലയാളി സമൂഹത്തിന്റെ വിജയകഥകള്‍ ഹ്യൂസ്റ്റണിലെ കോണ്‍സല്‍ ജനറല്‍ സഞ്‌ജീവ്‌ അറോറ അനുസ്‌മരിച്ചു.

ഫൊക്കാന കണ്‍വെന്‍ഷനില്‍ പതിവായി എത്തുന്ന ഒരാളാണ്‌ താന്‍ എന്നും ജനങ്ങളോടൊത്ത്‌ ആഹ്ലാദവേള പങ്കിടുകയാണ്‌ തന്റെ ലക്ഷ്യമെന്നും ഓര്‍ത്തഡോക്‌സ്‌ സഭാ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ സഖറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു.

ഫൊക്കാനയ്‌ക്ക്‌ എല്ലാവിധ മംഗളങ്ങളും സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനാധിപന്‍ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാപ്പോലീത്ത നേര്‍ന്നു.

രണ്ടു വര്‍ഷത്തിനിടയില്‍ ഒട്ടേറെ നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെയ്‌ക്കാനായതായി പ്രസിഡന്റ്‌ ജി.കെ. പിള്ള പറഞ്ഞു. സഹപ്രവര്‍ത്തകരായിരുന്നു തന്റെ ശക്തി. പ്രശ്‌നങ്ങളുടെ കാലമൊക്കെ ഫൊക്കാന പിന്നിട്ടിരിക്കുന്നു.

ചാരിതാര്‍ത്ഥ്യത്തോടെയാണ്‌ സ്ഥാനമൊഴിയുന്നതെന്ന്‌ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്‌ പറഞ്ഞു. ജി.കെ. പിള്ളയുടെ നേതൃത്വത്തില്‍ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ്‌ തങ്ങള്‍ കാഴ്‌ചവെച്ചതെന്ന്‌ ട്രഷറര്‍ ഷാജി ജേക്കബ്‌ അനുസ്‌മരിച്ചു.

ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍ പോള്‍ കറുകപ്പള്ളില്‍ മികച്ച കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചതിന്‌ ജി.കെ. പിള്ളയെ അഭിനന്ദിച്ചു. അടുത്ത കണ്‍വെന്‍ഷന്‍ ചിക്കാഗോയിലാണെങ്കിലും വാഷിംഗ്‌ടണ്‍ ഡി.സിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്‌.

അനില്‍ ആറന്മുള, ഡോ.
മോളി മാത്യു എന്നിവരായിരുന്നു എം.സിമാര്‍. ഡോ. എം. അനിരുദ്ധന്‍, കെ.ജി. മന്മഥന്‍ നായര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പി.ടി. ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബോബന്‍ കൊടുവത്ത്‌ നന്ദി പറഞ്ഞു.

സ്‌പെല്ലിംഗ്‌ ബീ ജേതാവിന്‌ 5000 ഡോളര്‍ ക്യാഷ്‌ പ്രൈസ്‌ പി.വി. ചെറിയാന്‍ (ഫ്‌ളോറിഡ) സ്‌പോണ്‍സര്‍ ചെയ്‌തത്‌, ജോസ്‌ ഐസക്ക്‌, ഫൗണ്ടേഷന്‍ ചെയര്‍ ഡോ. അനിരുദ്ധനെ ഏല്‍പിച്ചു.

മിസ്‌ ഫൊക്കാന പട്ടം നേടിയ അലീഷ റോയിയെ ചടങ്ങില്‍ കിരീടമണിയിച്ചു. ഹ്യൂസ്റ്റണില്‍ നിന്നുള്ള മന്ത കുമാര്‍ (ഹ്യൂസ്റ്റണ്‍), അലീഷ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജോയി ചെമ്മാച്ചേല്‍, രാജീവ്‌ ജോസഫ്‌, ഷൈനി ജോണ്‍ എന്നിവരായിരുന്നു ജഡ്‌ജിമാര്‍.

മിസ്‌ ഫൊക്കാന ആഷ്‌ലി ഡാളസിലുള്ള റോയി കൊടുവത്തിന്റേയും ഷേര്‍ലിയുടേയും പുത്രിയാണ്‌. 

മിസ്റ്റര്‍ ഫൊക്കാനയായി ഷിജിമോന്‍ ജേക്കബ്‌ കിരീടമണിഞ്ഞു. ഹ്യൂസ്റ്റണില്‍ ബിസിനസ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഷിജിമോന്‍ തൊടുപുഴ
ഇഞ്ചനാട് ജോസ്‌ മാത്യുവിന്റെ പുത്രനാണ്‌. ഭാര്യ നിഷ.

റെനി കവലയില്‍, സണ്ണി കൂട്ടുകാല്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സമ്മാന വിതരണത്തിന്‌ ഷീല ചെറു നേതൃത്വം നല്‍കി.

കലാതിലകപ്പട്ടമണിഞ്ഞ നാന്‍സി വര്‍ഗീസ്‌ ന്യൂയോര്‍ക്ക്‌ സ്റ്റാറ്റന്‍ഐലന്റിലുള്ള കോട്ടയം സ്വദേശി ജോര്‍ജ്‌ വര്‍ഗീസിന്റേയും ബിനുവിന്റേയും ഏക പുത്രിയാണ്‌. ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി. ഫോക്‌ ഡാന്‍സ്‌, കുച്ചിപ്പുടി, സിനിമാറ്റിക്‌ ഡാന്‍സ്‌, ലൈറ്റ്‌ മ്യൂസിക്‌, ക്ലാസിക്കല്‍ മ്യൂസിക്‌, മലയാളം പ്രസംഗം എന്നിവയിലെല്ലാം വിജയം നേടിയാണ്‌ നാന്‍സി കലാതിലകമായത്‌.

മലയാളി മങ്ക മത്സരത്തില്‍ ബ്രിജിറ്റ്‌ ജോര്‍ജ്‌ കിരീടമണിഞ്ഞു. ഷൈനി ഫിലിപ്പ്‌ (ഡാളസ്‌), ഷീലാ ചാക്കോ (ഹ്യൂസ്റ്റണ്‍) എന്നിവര്‍ക്കാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍.

ചരിത്രത്തിലാദ്യമായി ഭാഷയ്‌ക്കൊരു ഡോളര്‍ പ്രകാരം 5842 ഡോളര്‍ സമാഹരിച്ചതായി ഡാളസില്‍ നിന്നുള്ള ഐ വര്‍ഗീസ്‌, വാഷിംഗ്‌ടണ്‍ ഡി.സിയില്‍ നിന്നുള്ള ഡോ. പാര്‍ത്ഥസാരഥി പിള്ള, സണ്ണി വൈക്ലിഫ്‌ എന്നിവര്‍ അറിയിച്ചു. 4000 ഡോളര്‍ സമാഹരിക്കുകയായിരുന്നു ലക്ഷ്യം.

ചടങ്ങിന്റെ അവസാന ഇനമായി പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. മുഖ്യ ഇലക്ഷന്‍ കമ്മീഷണര്‍ രാജന്‍ പടവത്തില്‍ പുതിയ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയ്‌ക്കും മറ്റുള്ളവര്‍ക്കും സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ഫൊക്കാനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും ജനകീയ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും പ്രഖ്യാപിച്ച മറിയാമ്മ പിള്ള തന്നില്‍ ജനങ്ങളര്‍പ്പിച്ച വിശ്വാസത്തിനു നന്ദി പറഞ്ഞു.
ഫൊക്കാനാ കണ്‍വെന്‍ഷന്‌ വിജയകരമായ പരിസമാപ്‌തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക