Image

ഒരു ആശംസാ കവിത (ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)

Published on 06 July, 2012
ഒരു ആശംസാ കവിത (ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
(ഈ തവണ നാട്ടിലെത്തിയപ്പോള്‍ ജ്യേഷ്‌ഠ സഹോദരന്റെ അമ്പതാം വിവാഹ വാര്‍ഷികമായിരുന്നു. അദ്ദേഹത്തെ ആശംസിച്ചുകൊണ്ടെഴുതിയ ഒരു കവിത.)

അമ്പത്‌ സംവത്സരങ്ങളിലെത്തുന്നീ ദാമ്പത്യബന്ധം
അനുഗ്രഹീതമായൂട്ടിയുറപ്പിച്ചു ഇന്ദിരാ-ഗംഗാധരരന്യോന്യം
വിസ്‌മയമൂറും പൊരുത്തത്തിന്‍ പൊരുള്‍ ശീലത്തിലോ?
നാളിലോ, മുജ്‌ജന്മ സുകൃതത്തിലോ!
ജാതകചേര്‍ച്ചപോല്‍, തുണക്കായെത്തീലയോ
അക്ഷരചേര്‍ച്ചയും മടിയാതെ

ഇരുനാമങ്ങളിലുമുള്ളോരു `ര'കാരം
രക്ഷിപ്പൂ, പരസ്‌പര പൂരകമായ്‌ രമിപ്പിപ്പൂ
ക്ലേശപീഡാദികളെത്രയോ സഹിച്ചു ശിവ ശിവ !
നക്ഷത്രമാം ഉത്രട്ടാതി ചമച്ചൊരു
വിനകളനവധി - കുന്ത്രട്ടാതികളിവയെന്നു നിനച്ചിടാം
വിജ്‌ഞാനദാഹി ഭവാന്‍ , ശാസ്ര്‌തവിശാരദന്‍
ജീവല്‍ ത്യാഗേന ജനിതക ക്രാന്തിക്കായ്‌
ക്ലേശിച്ചു ക്ലേശിച്ചു കണ്ടെത്തിയീലേ `കല്യാണി'
എന്നൊരു വിത്തിനം, വെറും അറുപതില്‍
കൊയ്യുമാറ്‌ വരുത്തീലേ
നെല്‍കൃഷിയിലുമൊരു കല്യാണം!
സഫലമായില്ലേയീ ദാമ്പത്യം തങ്കക്കുടങ്ങളാ-
യുള്ളൊരു സന്താന ഭാഗ്യത്താലതും
`ഉഷ'സ്സിനെ വെച്ചുമാറുള്ളൊരു സുപുത്രിയും
ഹൃദ്രോഗ രോഗികള്‍ക്കത്താണിയായെത്തും
ഭിഷഗ്വര ശ്രേഷ്‌ഠനാം തനയന്‍ രഘുവരനും
ജാമാതാവായ്‌ രാമകൃഷണനും, പുത്രപത്‌നിയായ്‌
അംബികാദേവിയും പൗത്രരായ്‌ ആദിത്യദേവനും
സാക്ഷാല്‍ ഹരിയും ചാരെ വസിച്ചീടുമ്പോള്‍

ആനന്ദ ലബ്‌ധിക്കിനിയെന്ത്‌ വേണം വിഭോ
ദാമ്പത്യ ജീവിതത്തിന്‍ സുവര്‍ണ്ണ കാന്തി താണ്ടീടവേ
ഗംഗാധരപ്രിയേ, ഇന്ദിരാകാന്താ ഇരുവര്‍ക്കും നേരുന്നൂ
മംഗളാശംസകള്‍ പുത്രകളത്രാദികളും, സപത്‌നീകരായ്‌ ഭ്രാതാക്കള്‍
ഞങ്ങളൈവരും ആയുരാരോഗ്യസൗഖ്യങ്ങള്‍ക്കായ്‌, ശാന്തിക്കായ്‌!
ഒരു ആശംസാ കവിത (ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക