Image

സിനിമാ നിര്‍മാണത്തിനും തിയേറ്റര്‍ നവീകരണത്തിനും കെ.എഫ്.സി വായ്പ

Published on 07 July, 2012
 സിനിമാ നിര്‍മാണത്തിനും തിയേറ്റര്‍ നവീകരണത്തിനും കെ.എഫ്.സി വായ്പ
തിരുവനന്തപുരം: സിനിമ, സീരിയല്‍ നിര്‍മാണത്തിനും തിയേറ്റര്‍ നവീകരണത്തിനും ധനസഹായം നല്‍കാനുള്ള കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പദ്ധതികള്‍ക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും ധനസഹായ വിതരണവും മന്ത്രി കെ.എം. മാണി നിര്‍വഹിച്ചു. കാളിദാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മിക്കുന്ന 'ഹൈഡ് ആന്‍ഡ് സീക്ക്' എന്ന സിനിമയുടെ നിര്‍മാതാക്കളായ രാജേന്ദ്രനും സന്ധ്യാരാജേന്ദ്രനും ചേര്‍ന്ന് ആദ്യ ധനസഹായം ഏറ്റുവാങ്ങി.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശശി അയ്യന്‍ചിറ, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.സി. ബോബി എന്നിവര്‍ പദ്ധതി രേഖകള്‍ ഏറ്റുവാങ്ങി. കെ. എഫ്.സി. മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, ജനറല്‍ മാനേജര്‍ എന്‍. അശോക് കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുസ്താഖ് അഹമ്മദ്, കേരള ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി അനില്‍ വി.തോമസ് എന്നിവര്‍ സംസാരിച്ചു. 

സിനിമ  സീരിയല്‍ നിര്‍മാണത്തിന് രണ്ടുകോടി രൂപവരെ വായ്പ നല്‍കുന്നതാണ് പദ്ധതികളിലൊന്ന്.പദ്ധതി തുകയുടെ 50 ശതമാനമാണ് വായ്പ നല്‍കുക.18 മാസത്തെ തിരിച്ചടവ് കാലാവധിയില്‍ 50 ശതമാനം തുക മുന്‍കൂറായും70 ശതമാനം പൂര്‍ത്തിയായ ശേഷവും ആണ് അനുവദിക്കുക. ടി.വി. റൈറ്റ്‌സ്, മ്യൂസിക് റൈറ്റ്‌സ്, ഓവര്‍സീസ് റൈറ്റ്‌സ് എന്നിവ ജാമ്യമായും വായ്പയുടെ നൂറ് ശതമാനം അധികജാമ്യമായും നല്‍കണം. 

നിലവിലുള്ള തിയേറ്ററുകള്‍ നവീകരിക്കാനും മള്‍ട്ടിപ്ലക്‌സുകള്‍ നിര്‍മിക്കാനും മറ്റുമായി കമ്പനികള്‍ക്ക് 20 കോടി വരെ വായ്പ നല്‍കുന്ന മറ്റൊരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. വ്യക്തികള്‍ക്ക് എട്ടു കോടി വായ്പ ലഭിക്കും. തിയേറ്ററിലെ ദിവസേനയുള്ള കളക്ഷന്റെ ഒരുഭാഗം തിരിച്ചടവായി നല്‍കാനും വ്യവസ്ഥയുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക