Image

ഹ്യൂസ്റ്റണില്‍ ഇങ്ങനെയും ഒരാള്‍

Published on 06 July, 2012
ഹ്യൂസ്റ്റണില്‍ ഇങ്ങനെയും ഒരാള്‍
ഹ്യൂസ്റ്റണ്‍: ഫൊക്കാനാ കണ്‍വെന്‍ഷനിലെ സമാപന ദിനത്തിലെ ബാങ്ക്വറ്റ്‌. കണ്‍വെന്‍ഷന്‍ ഹ്യൂസ്റ്റണിലെത്തുന്നതിന്‌ പ്രധാന കാരണം തോമസ്‌ മാത്യുവായിരുന്നുവെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള അടക്കം പലരും ചൂണ്ടിക്കാട്ടി.

അങ്ങനെയൊരു ഫൊക്കാനാ നേതാവിനെപ്പറ്റി പത്രപ്രവര്‍ത്തകര്‍ക്കടക്കം ആര്‍ക്കുംതന്നെ ഒരു രൂപവുമില്ലായിരുന്നു. യാരോ ഒരാള്‍.....എന്നു നിനച്ചിരിക്കെ പ്ലാക്ക്‌ അഥവാ ഫലകം (പലകയില്‍ അക്ഷരങ്ങള്‍ കൊത്തിയത്‌ എന്ന്‌ അര്‍ത്ഥം) കൊടുക്കാന്‍ നേരമായി. നേതാവായും മാധ്യമ പ്രവര്‍ത്തകരായുമൊക്കെ വിലസിയ ഒട്ടേറെ പേര്‍ ഫലകം ഏറ്റുവാങ്ങി. (ഇ മലയാളിക്കും ഒരെണ്ണെം ഉണ്ടായിരുന്നു....)

ഒടുവില്‍ തോമസ്‌ മാത്യുവിനേയും ഫലകം സ്വീകരിക്കാന്‍ ക്ഷണിച്ചു. ആള്‍ സ്ഥലത്തില്ലെന്നു കണ്ടതുകൊണ്ടോ, വരില്ലെന്നു കണ്ടതുകൊണ്ടോ വീണ്ടും അനൗണ്‍സ്‌മെന്റ്‌ വന്നു. സ്റ്റേജിനു പിന്നില്‍ തോമസ്‌ മാത്യുവിന്റെ സേവനം അത്യാവശ്യമായി വേണം. അദ്ദേഹം മുന്നോട്ടുവരണം.

ജനമധ്യത്തില്‍ നിന്ന്‌ ചെന്ന തോമസ്‌ മാത്യുവിന്‌ പലകയ്‌ക്ക്‌ പകരം ഗ്ലാസില്‍ അക്ഷരം കൊത്തിയ മനോഹരമായ പ്ലാക്ക്‌ കൊടുത്തു. അദ്ദേഹം അത്‌ ഏറ്റുവാങ്ങി സ്ഥലംവിട്ടു.

ചെറുപ്പത്തിലെ അമേരിക്കയിലെത്തിയ ഈ കുട്ടനാട്ടുകാരന്‍ ഇതേവരെ ഒരു സംഘടനയുടേയും ഭാരവാഹിയായിരുന്നിട്ടില്ലെന്നാണ്‌ ഫൊക്കാനയുടെ മുന്‍ ട്രഷറററും ഇപ്പോള്‍ വൈസ്‌ പ്രസിഡന്റുമായ ഷാജി ജോണിന്റെ അഭിപ്രായം. എന്നാലോ ഏതെങ്കിലുമൊരു കാര്യം ഏറ്റാല്‍ അത്‌ വിജയിപ്പിക്കാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ച്‌ അഹോരാത്രം പണിപ്പെടും.

അതിനിടയില്‍ സ്റ്റേജില്‍ കയാറനോ മാധ്യമങ്ങള്‍ ഫോട്ടോയെടുക്കാന്‍ പാകത്തില്‍ നിന്നുകൊടുക്കാനോ തോമസ്‌ മാത്യുവിനെ കിട്ടില്ല.

നേരത്തെ ഹ്യൂസ്റ്റണിലെ ഏറ്റവും വലിയ ഗ്രോസറി സ്റ്റോര്‍ നടത്തിയിരുന്ന തോമസ്‌ മാത്യു ഇപ്പോള്‍ ഹോള്‍ സെയില്‍ രംഗത്താണ്‌ പ്രവര്‍ത്തനം. ഡിവൈന്‍ ചാരിറ്റീസ്‌ എന്ന പേരില്‍ ഒരു സേവന സംഘടന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. സ്വന്തം കൈയ്യില്‍ നിന്നും പിരിച്ചും മറ്റും ഒട്ടറെ തുക ഇദ്ദേഹം നാട്ടിലുള്ളവരെ സഹായിക്കാന്‍ നല്‍കുകയുണ്ടായി.

ആളൊഴിഞ്ഞ തറവാട്ടുവീട്ടില്‍ 10-12 അനാഥ കുട്ടികളെ സ്വന്തം ചെലവില്‍ പാര്‍പ്പിച്ചിരിക്കുന്നതായും ഷാജി ജോണ്‍ പറഞ്ഞു.

എന്തായാലും ഇതൊരു വ്യത്യസ്‌ത കഥ. അമേരിക്ക മുഴുവന്‍ നേതാക്കളാണ്‌. അനുയായികളില്ല. എല്ലാവര്‍ക്കും സ്റ്റേജില്‍ സ്ഥാനം വേണം. ഫൊക്കാന പത്രസമ്മേളനത്തിനു സെക്രട്ടറിക്ക്‌ തന്നെ വിദൂരത്തിലാണ്‌ ആദ്യം ഇടം കിട്ടിയത്‌. മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചാണ്‌ നടുവില്‍ കൊണ്ടുവന്നത്‌.

നേതാക്കളല്ലാത്തവര്‍ എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമാണ്‌. വായനക്കാരില്ല.

ആരെങ്കിലും നമ്മോട്‌ ലോഹ്യം കൂടുന്നുവെങ്കില്‍ എന്തെങ്കിലും ദുരുദ്ദേശ്യം കാണും. ഒന്നുകില്‍ കാര്യസാധ്യം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും.

വെറും സ്‌നേഹം, ഒന്നിനും വേണ്ടിയല്ലാത്ത സ്‌നേഹം അത്‌ അമേരിക്കയിലില്ല. നാട്ടിലോ? ഒന്നിനും വേണ്ടിയല്ലാതെ സഹായിക്കാനും ഓടി നടക്കാനുമൊക്കെ ധാരാളം സുഹൃത്തുക്കള്‍ പലര്‍ക്കും കാണും. ഭൗതികതയിലധിഷ്‌ഠിതമായ (മെറ്റിരിയലിസം) ജീവിതം നയിക്കുന്ന അമേരിക്കയില്‍ ഞാന്‍ എന്റേത്‌, എന്റെ സുഖം. മറ്റുള്ളവര്‍ക്ക്‌ എന്തുവന്നാലും പ്രശ്‌നമില്ല എന്ന ചിന്താഗതി നിലനില്‍ക്കുന്നത്‌ മലയാളികളിലും വ്യാപിക്കുകയാണോ? പക്ഷെ ഇവിടുത്തെ ജനം നിയമം വിട്ട കളിക്കൊന്നും പോകില്ല.

ഏറെ ശ്രദ്ധേയമായ `അറബിക്കഥ' എന്ന സിനിമയില്‍ ഗള്‍ഫില്‍ എല്ലാവരേയും സഹായിക്കുക എന്ന ദൗത്യമായി കരുതുന്ന ഒരു കഥാപാത്രമുണ്ട്‌- ശ്രീനിവാസന്‍ അവതരിപ്പിച്ചത്‌. ബിസിനസ്‌ പോലും മറ്റുള്ളവരെ ഏല്‍പിച്ച്‌ മറ്റുള്ളവര്‍ക്കുവേണ്ടി ഓടിനടക്കുന്ന കഥാപാത്രത്തിന്റെ അമ്മ മരിച്ചപ്പോള്‍ നാട്ടില്‍ പോകാന്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞിരിക്കുന്നു. സഹായം നല്‍കിയ ഒരാള്‍ പ്രതിഫലമായി കുറച്ചു പണം നല്‍കുമ്പോള്‍ ശ്രീനിവാസന്റെ മറുപടിയുണ്ട്‌ `അങ്ങനെ പ്രതിഫലം വാങ്ങിയിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഒരു കോടീശ്വരനാകുമായിരുന്നു' എന്ന്‌.

എന്തായാലും അത്തരം സ്ഥിതിയൊന്നും അമേരിക്കയിലില്ല. അതിനാല്‍ കൂടുതല്‍ തോമസ്‌ മാത്യുമാരെ നമുക്ക്‌ ആവശ്യമുണ്ട്‌.
ഹ്യൂസ്റ്റണില്‍ ഇങ്ങനെയും ഒരാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക