Image

വളര്‍ന്നു പന്തലിക്കുന്ന ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് (ചാന്‍സലര്‍, സെന്റ് തോമസ് സീറോ മലബാര്‍ രൂപത, ഷിക്കാഗോ) Published on 08 July, 2012
വളര്‍ന്നു പന്തലിക്കുന്ന ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത
രണ്ടായരിഒന്നാമാണ്ട് (2001) മാര്‍ച്ച് മാസം പതിമൂന്നാം തീയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച ഡിക്രിയിലൂടെ സ്ഥാപിതമായ അമേരിക്കയിലെ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത ദൈവപരിപാലനയുടെ കൈത്താങ്ങുമായി അത്ഭുതകരമായ വളര്‍ച്ചയുടെ 11 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ നേതൃത്വത്തില്‍ രൂപതയുടെ വളര്‍ച്ചയ്ക്കായി അത്യധ്വാനം ചെയ്യുന്ന 56 ബഹുമാനപ്പെട്ട വൈദീകരുടേയും, മാതൃസഭയെ സ്‌നേഹിക്കുകയും, അവളുടെ തനിമയില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നതോടൊപ്പം, സഭയുടെ വളര്‍ച്ചയ്ക്കായി അര്‍ത്ഥവും സമയവും ചെലവഴിക്കുന്ന പതിനായിരക്കണക്കിന് അത്മായ സഹോദരങ്ങളുടേയും അക്ഷീണമായ പ്രയത്‌നത്തിന്റേയും വിയര്‍പ്പിന്റേയും ഫലമായി ഈ രൂപതയ്ക്ക് ഇന്ന് വടക്കേ അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി 29 ഇടവകകളും 36 മിഷന്‍ സ്റ്റേഷനുകളുമുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം വിശ്വാസികള്‍ ഉള്‍ക്കൊള്ളുന്ന രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലുമായി ആറായിരത്തില്‍പ്പരം കുട്ടികള്‍ വിശ്വാസ പരിശീലനം നടത്തുന്നു. യുവജനങ്ങളുടേയും കുടുംബങ്ങളുടേയും രൂപീകരണത്തിനായി വ്യത്യസ്തങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടുന്നു. നിസ്വാര്‍ത്ഥതയുടേയും അര്‍പ്പണ മനോഭാവത്തിന്റേയും മുഖമുദ്രയുമായി വിശ്വാസ പരിശീലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരത്തില്‍പ്പരം വിശ്വാസ പരിശീലകര്‍ തോമാശ്ശീഹായിലൂടെ ലഭിച്ച വിശ്വാസാനുഭവം ഇളം തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ ബദ്ധശ്രദ്ധരാണ്. വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സിന്റെ സേവനം വിശ്വാസ പരിശീലന രംഗത്ത് വിലമതിക്കാനാവാത്തതാണ്.

കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന കൊച്ചു കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ വ്യത്യാസങ്ങളും പ്രത്യേകതകളും സ്വന്തമാക്കി വിവിധ രൂപതകളില്‍ നിന്നും എത്തിയിരിക്കുന്ന ഈ രൂപതയിലെ വിശ്വാസികളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ബഹുമാനപ്പെട്ട വൈദീകരും അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിനോട് ചേര്‍ന്ന് ആരാധനക്രമ സംബന്ധമായ കാര്യങ്ങളില്‍ സീറോ മലബാര്‍ സഭാ സിനഡിന്റെ പൊതുവായ തീരുമാനങ്ങള്‍ക്ക് വിധേയരായി ഒരേ മനസോടെ കൂട്ടായ്മയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിലും വ്യക്തികള്‍ക്കിടയിലും നിറഞ്ഞുനില്‍ക്കുന്ന വ്യത്യസ്തതകളോട് അസഹിഷ്ണുത പുലര്‍ത്താതെ, നശിപ്പിക്കാന്‍ ശ്രമിക്കാതെ, അവയെ ഉള്‍ക്കൊള്ളാനും സ്‌നേഹത്തിന്റേയും സമഭാവനയുടേയും ഐക്യത്തിന്റേയും ചരടില്‍ കോര്‍ത്തിണക്കി ദൈവമഹത്വത്തിനും സമൂഹ നന്മയ്ക്കുമായി സമര്‍പ്പിക്കാനുമാണ് മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. വിവിധ ഭാഷകളുടേയും സംസ്‌കാരങ്ങളുടേയും വ്യത്യാസങ്ങളെ നെഞ്ചിലേറ്റി പന്തക്കുസ്ത തിരുനാളില്‍ ജറുസലേമില്‍ തടിച്ചുകൂടിയ ജനസഞ്ചയത്തെ അപ്പസ്‌തോലന്മാര്‍ സംസാരിച്ച കാര്യങ്ങള്‍ തങ്ങളുടെ ഭാഷയില്‍ മനസിലാക്കുവാന്‍ തക്കവിധം ഒരുമിപ്പിക്കുവാന്‍ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം വ്യക്തികളിലും കുടുംബങ്ങളിലും സഭാ സമൂഹങ്ങളിലും നിറയുമ്പോള്‍ മാത്രമെ ഐക്യത്തിന്റെ അനുഭവം സംജാതമാകൂ. കാല-ദേശ-സംസ്‌കാര വ്യത്യാസങ്ങളെ സമന്വയിപ്പിക്കുന്ന പരിശുദ്ധാത്മാവിന്റെ വലിയ പ്രവര്‍ത്തനമാണ് വ്യത്യസ്തകള്‍ മുഖമുദ്രയായുള്ള ഈ രൂപതയുടെ ഐക്യത്തിന്റേയും വളര്‍ച്ചയുടേയും ശക്തിയും ഉറവിടവും.

ഈ രൂപതയുടെ അത്ഭുതകരമായ വളര്‍ച്ചയ്ക്ക് പിന്നിലുള്ള രഹസ്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ദൈവം അബ്രഹാമിനോട് പറഞ്ഞ വചനങ്ങളാണ് മനസില്‍ തെളിയുന്നത്. 'നിന്റെ ദേശത്തേയും ബന്ധുക്കളേയും പിതൃഭവനത്തേയും വിട്ട്, ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോകുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും'. (ഉത്പ 12:1-2). അമേരിക്കയിലെ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയേയും അതിലെ അംഗങ്ങളേയും സംബന്ധിച്ച് എത്രയോ ആധികാരികവും അര്‍ത്ഥപൂര്‍ണവുമായ വചനങ്ങളാണിവ. ജീവിതത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങളില്‍, ജനിച്ച നാടും വീടും വിട്ട്, ബന്ധുക്കളേയും സ്വന്തക്കാരേയും അകന്ന് ഈ രാജ്യത്ത് ചേക്കേറിയവര്‍ ശക്തമായ ദൈവ പരിപാലനയുടെ തണലില്‍ സ്വന്തമായ ഒരു രൂപതയുടെ കീഴില്‍ വളര്‍ന്ന് വലുതായി ഒരു വലിയ സമൂഹമായി മാറിയിരിക്കുന്നു. സ്വന്തം കുടുംബത്തിനും സമൂഹത്തിനും മാത്രമല്ല ഈ രാജ്യത്തിനു മുഴുവനും അനുഗ്രഹമായി മാറിയിരിക്കുന്നു. അമേരിക്കയിലെ കത്തോലിക്കാ സഭയുടെ വളര്‍ച്ചയ്ക്കായി വിവിധ ലത്തീന്‍ രൂപതകളില്‍ സേവനം ചെയ്യുന്ന സീറോ മലബാര്‍ റീത്തില്‍പ്പെട്ട ബഹുമാനപ്പെട്ട വൈദീകരുടേയും സന്യസ്തരുടേയും കഠിനാധ്വാനവും ദൈവം തങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന വ്യത്യസ്തങ്ങളായ കഴിവുകളിലൂടെ ഈ രാജ്യത്തിന്റെ അഭിവൃദ്ധിക്കായി അധ്വാനിക്കുന്ന ലക്ഷക്കണക്കിന് സീറോ മലബാര്‍ സഭാ തനയരുടെ സേവനവും ജനകോടികള്‍ക്ക് അനുഗ്രഹവുമായിരിക്കുന്നു.

അമേരിക്കയിലെ കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ വലിയ സാന്നിധ്യമായി മാറിയിരിക്കുന്ന പൗരസ്ത്യ കത്തോലിക്കാ സഭയിലെ മെത്രാന്മാര്‍ അദ്‌ലിമിനാ സന്ദര്‍ശനത്തിനായി ഈ വര്‍ഷം റോമിലെത്തിയപ്പോള്‍ അവരോട് പൗരസ്ത്യ തിരുസംഘത്തിന്റെ പ്രിഫെക്ട് കാര്‍ഡിനല്‍ സാന്‍ഡ്രി പറഞ്ഞ വാക്കുകള്‍ ഏവരുടേയും സവിശേഷമായ ശ്രദ്ധയെ ആകര്‍ഷിക്കേണ്ടതാണ്. ''അമേരിക്കന്‍ ഐക്യനാടുകളേയും അവിടുത്തെ കത്തോലിക്കാ സഭയേയും തങ്ങളുടെ ആഴമേറിയ ആത്മീയതയാല്‍ ശക്തിപ്പെടുത്തുന്നതില്‍ പൗരസ്ത്യ റീത്തുകള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ട്. (യൂറോപ്പിനെ എന്നപോലെ) അമേരിക്കയേയും ബാധിച്ചിരിക്കുന്ന ധാര്‍മികവും കുടുംബപരവുമായ മൂല്യച്യുതിയില്‍ നിന്ന് മാറിനിന്നുകൊണ്ട് ഈ മേഖലയില്‍ ശക്തമായ സാക്ഷ്യംകൊടുക്കുവാന്‍ പൗരസ്ത്യ സഭകള്‍ വിളിക്കപ്പെട്ടിരിക്കുന്നു. താന്താങ്ങളുടെ സാംസ്‌കാരികവും മതപരവുമായ തനിമയാല്‍ അമേരിക്കന്‍ ഐക്യനാടുകളെ നിങ്ങള്‍ സമ്പുഷ്ടീകരിക്കണം. അതേസമയം സ്വന്തം സമൂഹങ്ങളുടെ പുതിയ തലമുറയെ മ്യൂല്യച്യുതിയില്‍ നിന്ന് സംരക്ഷിക്കുകയും ദൈവവിളി തിരിച്ചറിയുവാന്‍ സഹായിക്കുകയും വേണം''. കര്‍ദ്ദിനാളിന്റെ വാക്കുകളുടെ വെളിച്ചത്തില്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പൗരസ്ത്യ കത്തോലിക്കാ സഭയിലെ അംഗങ്ങളും അമേരിക്കയില്‍ താമസക്കാരുമായ സീറോ മലബാര്‍ സഭാ മക്കള്‍ ഈ രാജ്യത്തിന്റെ ആദ്ധ്യാത്മികവും ധാര്‍മികവുമായ ഉന്നമനത്തിനുവേണ്ടി തങ്ങള്‍ക്ക് ചെയ്യാനുള്ള വലിയ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം.

ആഴമായ ദൈവാനുഭവവും ബോധ്യങ്ങളും ഉള്ളവര്‍ക്ക് മാത്രമേ സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കും മ്യൂല്യശോഷണങ്ങള്‍ക്കുമെതിരേ പ്രവര്‍ത്തിക്കുവാനും നന്മയുടെ പ്രവാചകരായി സത്യത്തിനു സാക്ഷ്യം വഹിക്കാനും സാധിക്കുകയുള്ളൂ. അധര്‍മ്മത്തിന്റേയും അരാജകത്വത്തിന്റേയും വഴിയിലൂടെ നീങ്ങുന്നവര്‍ക്ക് സത്യത്തിന്റെ യഥാര്‍ത്ഥ വഴിവിളക്കുകളാകാന്‍ സാധിക്കണമെങ്കില്‍ വഴിയും സത്യവും ജീവനുമായ ഈശോ മിശിഹായെ തങ്ങളുടെ ജീവിതത്തിന്റെ കര്‍ത്താവും നാഥനുമായി സ്വീകരിക്കണം. അവന്റെ വെളിച്ചം നമ്മില്‍ നിറയുമ്പോള്‍ അത് മറ്റുള്ളവര്‍ക്ക് പ്രകാശമായി മാറും. വിശ്വാസത്തില്‍ നമ്മുടെ പിതാവായ മാര്‍ത്തോമാശ്ശീഹായുടെ ജീവിതവും ദൈവാനുഭവവുമാണ് നമുക്കിവിടെ മാതൃക.

നടക്കേണ്ട വഴിയെക്കുറിച്ച് വ്യക്തതകുറഞ്ഞപ്പോള്‍, ശരിയായ വഴിയില്‍ നിന്ന് ഇടറി വീഴാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാര്‍ത്തോമാശ്ശീഹാ യഥാര്‍ത്ഥ വഴിയായ ഈശോയെ തന്റെ ജീവിതത്തിന്റെ വഴിയായി തിരിച്ചറിഞ്ഞു. ആ വഴിയിലൂടെ നടന്ന് ദൈവാനുഭവത്തിന്റെ ജീവിക്കുന്ന സാക്ഷിയായി മാറി. മാര്‍ഗ്ഗഭ്രംശം സംഭവിച്ചിരിക്കുന്ന ഇന്നത്തെ തലമുറയെ ശരിയായ മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ സീറോ മലബാര്‍ സഭാ മക്കള്‍ക്ക് സാധിക്കണമെങ്കില്‍, ഈശോ മിശിഹായാകുന്ന വഴിയിലേക്ക് നമ്മെ നയിക്കുന്ന തോമാ മാര്‍ഗ്ഗത്തിന്റെ ആഴങ്ങള്‍ മനസിലാക്കി, ശ്ശീഹാ തൊട്ടറിഞ്ഞ ദൈവാനുഭവത്തില്‍ ജീവിക്കാന്‍ സാധിക്കണം. ഈശോ മിശിഹായുടെ തുടര്‍ച്ചയായ സഭയെ സ്‌നേഹിക്കുമ്പോള്‍, സഭയോടൊത്ത് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍, അവളുടെ ജീവനായ വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ ജീവിതം നയിക്കുമ്പോള്‍, തോമാശ്ശീഹാ അനുഭവിച്ചറിഞ്ഞ ദൈവാനുഭവം ജീവിതത്തിലുണ്ടാവുകയും ശ്ശീഹായെപ്പോലെ നാം ഈശോയുടെ യഥാര്‍ത്ഥസാക്ഷികളായി മാറുകയും ചെയ്യും. വി. തോമാശ്ശീഹായുടെ നാമത്തില്‍ അമേരിക്കയില്‍ സ്ഥാപിതമായിരിക്കുന്ന സീറോ മലബാര്‍ രൂപതയുടെ പ്രഥമവും പ്രധാനവുമായ കടമയും ഉത്തരവാദിത്വവും ഇതല്ലാതെ മറ്റൊന്നല്ല.

ഈ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ കുടുംബങ്ങള്‍ ദൈവത്തിന്റെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന പ്രാര്‍ത്ഥനയുടെ ആലയങ്ങളായി മാറണം. അടിയുറച്ച ദൈവ വിശ്വാസത്തിലും ധാര്‍മ്മികമൂല്യങ്ങളിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിവുറ്റവിധം മാതാപിതാക്കള്‍ ആഴമായ ദൈവാനുഭവത്തിന്റെ മാതൃകകളായി പ്രശോഭിക്കണം. സഭാ മക്കള്‍ ഇടുങ്ങിയ ചിന്താഗതികളും സങ്കുചിത മനോഭാവങ്ങളും കൈവെടിഞ്ഞ്, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് അര്‍പ്പണ മനോഭാവത്തോടും ത്യാഗമനോസുംകൂടി സഭാഗാത്രത്തെ പണിതുയര്‍ത്താന്‍ തയാറാവണം.
വളര്‍ന്നു പന്തലിക്കുന്ന ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക