Image

നയം മാറ്റിയാല്‍ കുറയില്ല മദ്യക്കച്ചവടം

ജി.കെ Published on 26 July, 2011
നയം മാറ്റിയാല്‍ കുറയില്ല മദ്യക്കച്ചവടം
`കഴിഞ്ഞ അഞ്ചു കൊല്ലം കൊണ്‌ട്‌ കേരള ജനത കുടിച്ചു തീര്‍ത്തത്‌ 21,717 കോടി രൂപയുടെ മദ്യം. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകളില്‍ നിന്ന്‌ കണെ്‌ടത്തിയത്‌ ഒരു ലക്ഷം കോടിയുടെ ആസ്‌തി, അതായത ഈ നിധി നമുക്ക്‌ വെറും 20 കൊല്ലം വെള്ളമടിക്കാന്‍ മാത്രമേ തികയൂ. നിധിയാണ്‌ പോലും വല്ല്യ നിധി'. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ച ഒരു ഇമെയില്‍ സന്ദേശമാണ്‌ ഇത്‌. ഒരു തമാശ സന്ദേശം മാത്രമായി ഇതിനെ തള്ളിക്കളയാമെങ്കിലും ഇതിനു പിന്നിലെ കണക്കുകള്‍ അത്ര തമാശയല്ല എന്നതാണ്‌ വസ്‌തുത. ആഘോഷവേളകള്‍ കൊഴുപ്പിക്കാന്‍ മാത്രമല്ല മലയാളിക്ക്‌ ഇന്ന്‌ മദ്യം ആവശ്യമുള്ളത്‌. വൈകിട്ടെന്താ പരിപാടി എന്ന സൂപ്പര്‍ താരചോദ്യംപോലെ എല്ലാ വൈകുന്നേരങ്ങളും മലയാളി മദ്യത്തില്‍ ആറാടുന്നു. ഇതിന്റെ ഫലമായി തകരുന്നതോ ആയിരക്കണക്കിനു കുടുംബങ്ങളും.

എന്നാല്‍ മാറി മാറിവരുന്ന സര്‍ക്കാരുകളാവട്ടെ ഖജനാവിനു സഹസ്രകോടികള്‍ സമ്മാനിക്കുന്ന പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ ഇതുവരെ തയാറായിട്ടുമില്ല. സര്‍ക്കാരുകള്‍ കൈയയച്ചു പ്രോത്സാഹിപ്പിച്ചതിനാല്‍ ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ ആളോഹരി മദ്യപാനം നടത്തുന്ന ജനവിഭാഗമായി മലയാളി മാറുകയും ചെയ്‌തു. മദ്യപാനത്തില്‍ മുന്‍നിരയിലുള്ള അമേരിക്ക, പോളണ്‌ട്‌, ഇറ്റലി തുടങ്ങിയ രാജ്യങ്ങളെക്കാള്‍ കൂടുതലാണു കേരളത്തിലെ ശരാശരി ആളോഹരി മദ്യ ഉപഭോഗമെന്നാണു കണക്ക്‌.

വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇക്കാര്യത്തില്‍ പഞ്ചാബിനെ പിന്തള്ളി ഇന്ത്യയിലെ ഒന്നാം സ്ഥാനം നമ്മള്‍ നേടിയെടുത്തിട്ടുണ്‌ട്‌. ഒന്നാം സ്ഥാനത്തിന്‌ വെല്ലുവിളി ഉയര്‍ത്താന്‍ നമുക്ക്‌ അടുത്തെങ്ങും ആരുമില്ല എന്നത്‌ നമുക്ക്‌ ഒട്ടും അഭിമാനിക്കാന്‍ പോന്ന നേട്ടമല്ല. മലയാളിയുടെ പ്രതിവര്‍ഷ ശരാശരി ആളോഹരി മദ്യഉപഭോഗം ഇന്ന്‌ ഒന്‍പതു ലിറ്ററിനോട്‌ അടുത്താണ്‌. ഏതു പ്രായത്തിലുള്ളവര്‍ക്കും ഏതു നേരത്തും എവിടെയും മദ്യസേവ ആകാം എന്നതാണ്‌ അവസ്ഥ. വീടുകളില്‍പ്പോലും മദ്യസേവ ആഡംബരത്തിന്റെയോ ആഘോഷങ്ങളുടെയോ അടയാളമാണ്‌. ഈ സാഹചര്യത്തിലാണ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ മദ്യനയം വിലയിരുത്തപ്പെടേണ്‌ട്‌ത്‌

മദ്യക്കച്ചവടത്തിനു കാര്യമായ മൂക്കുകയറിട്ടത്‌ എ.കെ. ആന്‍റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌. 1996ല്‍ ആന്റണി സര്‍ക്കാര്‍ ചാരായ വില്‍പ്പന നിരോധിച്ചു. നിരോധനം നടപ്പായി പതിനഞ്ചു വര്‍ഷം കഴിഞ്ഞെങ്കിലും അന്നുണ്‌ടായിരുന്നതിന്റെ എത്രയോ ഇരട്ടിയായി കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗം. തൊഴിലാളികളോടുള്ള അനുഭാവത്തിന്റെ പേരില്‍ ചാരായ നിരോധനം പിന്‍വലിക്കാന്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ആലോചിച്ചതാണ്‌. അതു കൂടി സംഭവിച്ചിരുന്നെങ്കില്‍ ആളോഹരി ഉപഭോഗത്തില്‍ കേരളം എവിടെ എത്തുമായിരുന്നു?.

മദ്യത്തിന്റെ ലഭ്യതയും വിതരണവും നിയന്ത്രിച്ചു മദ്യപാനാസക്തി കുറച്ചു കൊണ്‌ടുവരുന്നതിനുള്ള സാധ്യതകളാണ്‌ യുഡിഎഫ്‌ സര്‍ക്കാരിന്റെ മദ്യനയം മുന്നോട്ടുവെക്കുന്നത്‌. യുവാക്കളിലാണു മദ്യപാനാസക്തി എന്നതുകൊണ്‌ടു തന്നെ മദ്യം വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാനുള്ള കുറഞ്ഞ പ്രായം 18ല്‍ നിന്ന്‌ 21 ആക്കി ഉയര്‍ത്തണമെന്നാണ്‌ മദ്യനയത്തിന്റെ കരടില്‍ പറയുന്നത്‌. ബാര്‍ ഹോട്ടലുകള്‍ തമ്മിലുള്ള അകലം 200 മീറ്ററില്‍ നിന്ന്‌ ഒരു കിലോ മീറ്റര്‍ മൂന്നു കിലോമീറ്റര്‍ വരെയായി കൂട്ടുകയും തുറന്നു പ്രവര്‍ത്തിക്കുന്ന സമയം കുറയ്‌ക്കുകയും ചെയ്യുമെന്നും കരടില്‍ പറയുന്നു.

തീരുമാനങ്ങളുടെ ഉദ്ദേശ്യശുദ്ധി സ്വാഗതാര്‍ഹമാണെങ്കിലും അത്‌ മദ്യോപയോഗവും മദ്യപാനശീലവും കുറയ്‌ക്കാന്‍ എത്രമാത്രം സഹായകമാകുമെന്ന്‌ കണ്‌ടു തന്നെ അറിയേണ്‌ട കാര്യമാണ്‌. ആവശ്യക്കാര്‍ക്ക്‌ ഈ രണ്‌ടു നിബന്ധനകളും അനായാസം മറികടക്കാന്‍ കഴിയും. നിയമമില്ലാത്തതുകൊണ്‌ടല്ല അവ കര്‍ശനമായി നടപ്പാക്കത്തതുകൊണ്‌ടാണ്‌ നമ്മുടെ നാട്ടില്‍ പല അതിക്രമങ്ങളും നടക്കുന്നതെന്ന കാര്യം സര്‍ക്കാര്‍ മറന്നുകൂടാ.

സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന വിദേശമദ്യ വില്‍പ്പന കേന്ദ്രങ്ങളുടെ എണ്ണം നിയന്ത്രിക്കുമെന്നാണു മറ്റൊരു പ്രധാന നിര്‍ദേശം. അടുത്ത ഒരു വര്‍ഷം ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 2014 മുതല്‍ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും മാത്രമേ ലൈസന്‍സ്‌ നല്‍കൂ. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്‌ടുവരാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കിലും നിബന്ധനകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരില്ലെന്നതിനാല്‍ അതിനുമുന്‍പുതന്നെ ലൈസന്‍സ്‌ നേടാന്‍ ഇത്‌ പല ഹോട്ടലുകള്‍ക്കും അവസരമൊരുക്കും. കേരളത്തില്‍ മദ്യവില്‍പ്പന ഒരിക്കലും വകൈപൊള്ളാത്ത കച്ചവടമായതിനാല്‍ അതിനായി നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്യും.

കള്ളുഷാപ്പ്‌ നടത്തിപ്പ്‌ സൊസൈറ്റികളില്‍നിന്ന്‌ മാറ്റാനുള്ള നിര്‍ദേശം കൊള്ളലാഭംമാത്രം ആഗ്രഹിക്കുന്നവര്‍ ഈ രംഗത്തേക്ക്‌ കടന്നുവരാനും കൂടുതല്‍ കുഴപ്പങ്ങള്‍ സംഭവിക്കാനും ഇടയാക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.


വിനോദസഞ്ചാര വ്യവസായത്തില്‍ വളരെക്കൂടുതല്‍ സാധ്യതകളുള്ള സംസ്ഥാനമാണു കേരളം. ടൂറിസം മേഖലയില്‍ മദ്യം അനിവാര്യവും. എന്നാല്‍, ടൂറിസം വിട്ട്‌ ഓരോ വീടിന്റെയും സ്വീകരണ മുറികളില്‍ ഒരു മറയുമില്ലാതെ വിളമ്പാന്‍ കഴിയുന്ന നിലയിലേക്കു മദ്യാസക്തി വളര്‍ന്നു എന്നതാണ്‌ ഈ നാട്‌ നേരിടുന്ന ഏറ്റവും വലിയ ദുരന്തം എന്ന്‌ അധികാരികള്‍ തിരിച്ചറിയണം. മൂന്നേകാല്‍ക്കോടി വരുന്ന മലയാളികളില്‍ അരക്കോടിയോളം പേര്‍ വിദേശത്താണ്‌. ഒരു കോടിയിലധികം സ്‌ത്രീകള്‍. കുട്ടികളും വൃദ്ധരുമായി മറ്റൊരു അരക്കോടി വരും. ബാക്കി വരുന്ന ഒരു കോടിയില്‍പ്പരം യുവാക്കളും മധ്യവയസ്‌കരും ചേര്‍ന്നാണ്‌ ഏതാണ്‌ടു മുന്നൂറു ലക്ഷം കെയ്‌സ്‌ (ഏകദേശം 36 കോടി കുപ്പി) മദ്യം അകത്താക്കുന്നത്‌.

പതിനായിരം കോടി രൂപയുടെ നികുതി മോഹിച്ച്‌ സര്‍ക്കാര്‍ നടത്തുന്ന മദ്യക്കച്ചവടം കേരളീയരിലുണ്‌ടാക്കുന്ന സാമൂഹിക, സാമ്പത്തിക, ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ വലുതാണ്‌. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുക അസാധ്യമെന്ന്‌ സമ്മതിക്കുമ്പോള്‍ പോലും ഏതു പെട്ടിക്കടയിലും വാങ്ങാന്‍ കിട്ടുന്ന പാനീയമാണു മദ്യം എന്ന നില എത്രയോ വലിയ ദുരന്തമാണെന്നും മറക്കരുത്‌. ആളോഹരി വിതരണത്തിലും ഉപഭോഗത്തിലും വളരെ മുന്‍പന്തിയിലുള്ള മദ്യം ഇനി ഒരു തുള്ളിപോലും കൂടുതല്‍ വേണ്‌ട എന്ന ദൃഢനിശ്ചയമെടുക്കേണ്‌ടത്‌ സര്‍ക്കാരാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക