Image

ഹോളിവുഡ് നിര്‍മാതാവ് റിച്ചാര്‍ഡ് സനൂക്ക് അന്തരിച്ചു

Published on 14 July, 2012
ഹോളിവുഡ് നിര്‍മാതാവ് റിച്ചാര്‍ഡ് സനൂക്ക് അന്തരിച്ചു
ലോസ്ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് സിനിമ നിര്‍മാതാവ് റിച്ചാര്‍ഡ് സനൂക്ക്(77) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടര്‍ന്ന് ബവേര്‍ലി ഹില്‍സിലെ സ്വവസതിയിലായിരുന്നു അന്ത്യം. 1989ല്‍ സനൂക്ക് നിര്‍മിച്ച 'ഡ്രൈവിംഗ് മിസ് ഡെയ്‌സി' എന്ന സിനിമ ആ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയിരുന്നു. 

ഹോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ട്വന്റീത്ത് സെഞ്ചുറി ഫോക്‌സിന്റെ സഹസ്ഥാപകനായ ഡാരിയല്‍ സനൂക്ക്- ഹോളിവുഡ് നടി വിര്‍ജീനിയ ഫോക്‌സ് ദമ്പതികളുടെ മകനായി ലോസ് ആഞ്ചല്‍സിലാണ് റിച്ചാര്‍ഡ് സനൂക്കിന്റെ ജനനം. ഡിക് സനൂക്ക് എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം 'ദ സൗണ്ട് ഓഫ് മ്യൂസിക്', 'ഡ്രൈവിംഗ് മിസ് ഡെയ്‌സി', 'ജൂസ്' എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ അറിയപ്പെടുന്ന നിര്‍മാതാവായി. ട്വന്റീത്ത് സെഞ്ചുറി ഫോക്‌സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കുമ്പോള്‍ സനൂക്കിനു പ്രായം വെറും 28. ഹോളിവുഡിന്റെ ചരിത്രത്തില്‍ ഫോക്‌സ് കമ്പനിയുടെ തലപ്പത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതിയും സനൂക്കിനെ തേടിയെത്തി. 1971 വരെ സനൂക്ക് കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നു. 

പിന്നീട് സ്വതന്ത്രമായി ചിത്രങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ന്ന് ഹോളിവുഡില്‍ തരംഗം സൃഷ്ടിച്ച നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ഹോളിവുഡിന്റെ നാഴികകല്ല് എന്നാണ് സനൂക്കിനെ അദ്ദേഹത്തിന്റെ സുഹൃത്തായ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വിശേഷിപ്പിച്ചത്. ഈ വര്‍ഷം മേയില്‍ പ്രദര്‍ശനത്തിനെത്തിയ ഡാര്‍ക്ക് ഷാഡോസാണ് അദ്ദേഹം ഏറ്റവുമൊടുവില്‍ നിര്‍മിച്ച ചിത്രം. 'ക്ലാഷ് ഓഫ് ദ ടൈറ്റന്‍സ്', 'ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്', 'ബിഗ് ഫിഷ്', 'റെയിന്‍ ഓഫ് ഫയര്‍', 'റഷ്', 'ദ വെര്‍ഡിക്ട്' തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ അദ്ദേഹത്തിന്റെ പേരിലുള്ളതാണ്.


ഹോളിവുഡ് നിര്‍മാതാവ് റിച്ചാര്‍ഡ് സനൂക്ക് അന്തരിച്ചുഹോളിവുഡ് നിര്‍മാതാവ് റിച്ചാര്‍ഡ് സനൂക്ക് അന്തരിച്ചുഹോളിവുഡ് നിര്‍മാതാവ് റിച്ചാര്‍ഡ് സനൂക്ക് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക