Image

ചെന്നിത്തലയുടെ തിരിച്ചറിവുകള്‍

Published on 21 May, 2011
ചെന്നിത്തലയുടെ തിരിച്ചറിവുകള്‍
ജി.കെ.

മുഖ്യമന്ത്രിയാവാനില്ലെന്ന്‌ ഒടുവില്‍ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല അസന്നിഗ്‌ദമായി പ്രഖ്യാപിച്ചിരിക്കുന്നു. നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാനായി ഹൈക്കമാന്‍ഡ്‌ നിരീക്ഷകര്‍ തിരുവനന്തപുരത്ത്‌ ലാന്‍ഡ്‌ ചെയ്യുന്നതിന്‌ തൊട്ടുമുമ്പാണ്‌ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന്‌ ചെന്നിത്തല ഏകപക്ഷീയമായി പിന്‍മാറുകയാണെന്ന്‌ നാടകീയമായി പ്രഖ്യാപിച്ചത്‌. ചെന്നിത്തലയുടെ പിന്‍മാറ്റം ഉമ്മന്‍ ചാണ്‌ടിയുടെ തെരഞ്ഞെടുപ്പ്‌ സുഗമമാക്കിയെങ്കിലും കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെയും മുന്നോട്ടുള്ള പോക്ക്‌ അത്രസുഗമമാവാനിടയില്ല.

താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ മത്സരിക്കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളുടെ കുപ്രചാരണമെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ്‌ ആണ്‌ തീരുമാനമെടുക്കേണ്‌ടത്‌ എന്നതിനാലാണ്‌ ഇക്കാര്യം ഇതുവരെ പരസ്യമായി പ്രഖ്യാപിക്കാതിരുന്നതെന്നും ചെന്നിത്തല പറയുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ഉമ്മന്‍ ചാണ്‌ടിയെ പിന്തുണയ്‌ക്കുമെന്ന്‌ നേരത്തെ പറയാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ അത്തരമൊരു പ്രഖ്യാപനം നടത്താന്‍ അവസാന മണിക്കൂര്‍ വരെ എന്തിന്‌ കാത്തിരുന്നതെന്തിനെന്ന ചോദ്യത്തിന്‌ ചെന്നിത്തലയ്‌ക്ക്‌ ഉത്തരമില്ല. മുഖ്യമന്ത്രിസ്ഥാനം തല്‍ക്കാലം സ്വപ്‌നം കാണേണ്‌ടെന്ന ഹൈക്കമാന്‍ഡിന്റെ കര്‍ശന നിര്‍ദേശം ലഭിച്ചതോടെയാണ്‌ മുഖ്യമന്ത്രിയാകാനില്ലെന്ന പരസ്യ പ്രഖ്യാപനവുമായി രംഗത്തുവരാന്‍ ചെന്നിത്തല തയാറായതെന്നാണ്‌ വസ്‌തുത.

പ്രഖ്യാപനത്തിന്‌ മുന്നോടിയായി തിരുവനന്തപുരത്തെ ചെന്നിത്തലയുടെ ഫ്‌ളാറ്റില്‍ വിശാല ഐ ഗ്രൂപ്പ്‌ രഹസ്യ യോഗം ചേര്‍ന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ ചെന്നിത്തല മത്സരിക്കേണ്‌ടെന്നായിരുന്നു ഈ യോഗത്തിലെയും പൊതു അഭിപ്രായം. മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ മത്സരിക്കാതെ പരമാവധി മന്ത്രിമാരെയും സുപ്രധാന വകുപ്പുകളും വിലപേശി നേടാനും സമ്മര്‍ദ്ദ ഗ്രൂപ്പായി നിലനില്‍ക്കാനും യോഗം തീരുമാനിച്ചതോടെയാണ്‌ മുഖ്യമന്ത്രിയാവാനില്ലെന്ന പരസ്യ പ്രസ്‌താവനയ്‌ക്ക്‌ ചെന്നിത്തല തയാറായത്‌.

കെപിസിസി അധ്യക്ഷ പദവി വിട്ട്‌ മന്ത്രിയാവാന്‍ പോകുന്നത്‌ ആത്മഹത്യാപരമായിരിക്കുമെന്നും കെ.മുരളീധരന്റെ ഉദാഹരണം ചൂണ്‌ടിക്കാട്ടി വിശാല ഐ ഗ്രൂപ്പ്‌ യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്‌ടിക്കാട്ടിയിരുന്നു. അതുകൊണ്‌ടു തന്നെ തല്‍ക്കാലത്തേക്ക്‌ മാറി നിന്ന്‌ സംഘടനയില്‍ പിടിമുറുക്കിയശേഷം അവസരം വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കുക എന്ന തന്ത്രമാണ്‌ വിശാല ഐ ഗ്രൂപ്പ്‌ മെനഞ്ഞത്‌. നിയമസഭാ കക്ഷിയോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ മത്സരം ഉണ്‌ടാവുകയാണെങ്കില്‍ 17 എം.എല്‍.എമാരുടെ പിന്തുണ ചെന്നിത്തല നേരത്തെ ഉറപ്പാക്കിയിരുന്നു. ഇതിനു പുറമെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ലാത്ത കെ.മുരളീധരനെയും കെ.അച്യുതനെയും പോലുള്ളവരെയും കൂടെ നിര്‍ത്താനാവുമെന്നും ചെന്നിത്തല കണക്കുക്കൂട്ടിയിരുന്നു.

എന്നാല്‍ കേവല ഭൂരിപക്ഷത്തില്‍ നിന്ന്‌ ഒരംഗത്തിന്റെ മാത്രം ഭൂരിപക്ഷമുള്ള സര്‍ക്കാരില്‍ ഇപ്പോള്‍ മുഖ്യമന്ത്രയായി ഇരിക്കുന്നത്‌ മുങ്ങാന്‍ പോകുന്ന കപ്പലിലെ കപ്പിത്താനാവുന്നതിന്‌ തുല്യമാണെന്ന്‌ ചെന്നിത്തല തിരിച്ചറിഞ്ഞു. ഇത്തരമൊരു സര്‍ക്കാരിനെ നയിക്കുക എന്നത്‌ ഞാണിന്‍മേല്‍ കളിയ്‌ക്ക്‌ നിന്നു കൊടുത്താല്‍ ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനം അടഞ്ഞ അധ്യായമായിരിക്കും എന്നും രമേശ്‌ മനസ്സിലാക്കി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്‌ മാണി വിഭാഗം ഉമ്മന്‍ ചാണ്‌ടിയെ പിന്തുണയ്‌ക്കുന്നില്ലെങ്കിലും ഐസ്‌ക്രീം കേസില്‍ പ്രതിച്ഛായ നഷ്‌ടമായ മുസ്‌ലീം ലീഗ്‌, എത്രയും പെട്ടന്ന്‌ അധികാരത്തില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെ എന്തു വിട്ടുവീഴ്‌ചയ്‌ക്കും തയാറായി ഉമ്മന്‍ ചാണ്‌ടിക്ക്‌ പിന്നില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ചെന്നിത്തലയുടെ പിന്‍മാറ്റത്തിന്‌ കാരണമായി. എന്നാല്‍ ഉമ്മന്‍ ചാണ്‌ടിക്ക്‌ ലീഗ്‌ ഇപ്പോള്‍ നല്‍കുന്ന പിന്തുണ അന്തിമമല്ലെന്നും രമേശ്‌ ഗ്രൂപ്പ്‌ തിരിച്ചറിയുന്നു.

യഥാര്‍ത്ഥത്തില്‍ ചെന്നിത്തലയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ ഹൈക്കമാന്‍ഡ്‌ ലക്ഷ്യമിട്ടത്‌ ഭൂരിപക്ഷ വോട്ടുകളുടെ ധ്രവീകരണം തടയുക എന്നത്‌ മാത്രമായിരുന്നു. യുഡിഎഫ്‌ അധികാരത്തില്‍ വരുമ്പോഴെല്ലാം ക്രിസ്‌ത്യന്‍ മതവിഭാഗത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാവുന്നുവെന്ന ഭൂരിപക്ഷ സമുദായത്തിന്റെ ആക്ഷേപത്തിന്‌ തടയിടാന്‍ രമേശും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന പുകമറ സൃഷ്‌ടിച്ചാല്‍ മതിയെന്ന്‌ ഹൈക്കമാന്‍ഡ്‌ കരുതി.

എന്‍എസ്‌എസ്‌ അടക്കമുള്ള സമുദായ സംഘടനകളെ ഇത്തരമൊരു പുകമറ സൃഷ്‌ടിച്ച്‌ തെറ്റിദ്ധരിപ്പിക്കാം എന്നും ഹൈക്കമാന്‍ഡ്‌ കണക്കുക്കൂട്ടി. എന്നാല്‍ ആവസരം ചെന്നിത്തല ഭംഗിയായി മുതലെടുക്കുകയായിരുന്നു.

അണികള്‍ക്കിടയിലും കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കിടയിലും മുഖ്യമന്ത്രിയാവാന്‍ താനും യോഗ്യനാണെന്നൊരു ധാരണ പരത്താന്‍ ചെന്നിത്തല പരമാവധി ശ്രമിച്ചു. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ യഥാര്‍ഥ ഹൈക്കമാന്‍ഡായ എ.കെ.ആന്റണിയുടെ പിന്തുണ ചാണ്‌ടിക്കൊപ്പം നിന്നതോടെ തല്‍ക്കാലത്തേയ്‌ക്കെങ്കിലും മുഖ്യമന്ത്രി പദമെന്ന മോഹം മാറ്റിവെയ്‌ക്കാന്‍ ചെന്നിത്തല ഒടുവില്‍ തയാറാവുകയായിരുന്നു. എങ്കിലും ഒരു ചുവട്‌ പിന്നോട്ടെടുത്ത്‌ രണ്‌ടു ചുവട്‌ മുന്നിലേക്ക്‌ കുതിക്കാനുള്ള ചെന്നിത്തലയുടെ അടവ്‌ നയം മാത്രമാണിതെന്നാണ്‌ പൊതുവെയുള്ള വിലയിരുത്തല്‍.
ചെന്നിത്തലയുടെ തിരിച്ചറിവുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക