Image

കുക്കിലിയാര്‍

Published on 21 July, 2012
കുക്കിലിയാര്‍
തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനു ശേഷം മനോജ് കെ.ജയന്‍ രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുക്കിലിയാര്‍. ബനാറസിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന കുക്കിലിയാറില്‍ നാല്പത്തിയഞ്ചുകാരനായ സിംഗപ്പൂര്‍ മലയാളി രാഘവന്‍ നായരായും പ്രാകൃതനായ എഴുപതുകാരന്‍ കുക്കിലിയാറായും മനോജ്. കെ.ജയന്‍ അഭിനയിക്കുന്നു. 

വിഷ്ണു ക്രിയേഷന്‍സിന്റെ ബാറില്‍ പ്രേംജി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ചു നടന്നു. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിലവിളക്കിലെ ആദ്യ തിരിതെളിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ടൂറിസം മന്ത്രി അനില്‍കുമാര്‍, എന്‍. വേണുഗോപന്‍, കെ.എസ് രാധാകൃഷ്ണന്‍, മണിയന്‍പിള്ളരാജു, ഇന്ദ്രന്‍സ്, എം.ജയചന്ദ്രന്‍, എം.ജെ രാധാകൃഷ്ണന്‍, എം.രഞ്ജിത്ത്, കാനായി കുഞ്ഞുരാമന്‍, വിജയ് തോമസ്, സജിത്ത് രാജ്, ശശികലാ മേനോന്‍, അര്‍ച്ചനാ കവി തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹതരായിരുന്നു. 

മനോജ് കെ.ജയനെ കൂടാതെ മധു, സജിത്ത് രാജ്, സുധീഷ്, വിജയരാഘവന്‍, മണിയന്‍പിള്ളരാജു, മാള അരവിന്ദന്‍, ഇന്ദ്രന്‍സ്, ഉല്ലാസ് പന്തളം, സീത, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

എങ്ങോ നിന്നെത്തിയ പേരും ഊരുമില്ലാത്തതിനാല്‍ നാട്ടുകാര്‍ അയാളെ കുക്കിലിയാര്‍ എന്ന് പേരിട്ട് വിളിച്ചു. അമ്പലപ്പറമ്പില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന എഴുപതു വയസ് പ്രായം തോന്നിക്കുന്ന തരത്തില്‍ പ്രാകൃതനായ കുക്കിലിയാറിന്റെ രീതി സുധിക്ക് ഇഷ്ടമായിരുന്നില്ല. അതിന്റെ പേരില്‍ സുധി പലപ്പോഴും നീരസം പ്രകടിപ്പിച്ചിരുന്നു. നാട്ടില്‍ ചെറുപ്പക്കാരുടെ നേതാവാണ് സുധി. എല്ലാകാര്യത്തിലും എവിടെയും സുധിയുടെ സാന്നിദ്ധ്യമുണ്ടാകും. സുധിക്ക് ഒരു കാമുകിയുണ്ട്. കോളജ് വിദ്യാര്‍ഥിനിയായ സരയു. 

ഒരിക്കല്‍ തന്റെ കൈപ്പിഴയാല്‍ പറ്റിയ അബദ്ധത്തിന്റെ പുറത്ത് കുക്കിലിയാറിനെ സുധിക്ക് സഹായിക്കേണ്ടി വന്നു. തുടര്‍ന്ന് കുക്കിലിയാറിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞപ്പോള്‍ സുധി മറ്റൊരു സത്യം തിരിച്ചറിഞ്ഞു. 

കുക്കിലിയാര്‍ രാഘവന്‍നായരാണ്, സിംഗപ്പൂര്‍ മലയാളിയാണ്. ഭാര്യയും കുട്ടിയുമുണ്ട്. പിന്നെ കുക്കിലിയാറിന് എന്താണ് സംഭവിച്ചത്. കുക്കിലിയാറിന്റെകഥ ഇവിടെ തുടങ്ങുകയാണ്. സജിത്ത് രാജ് സുധിയാകുമ്പോള്‍ സരയുവായി അര്‍ച്ചനകവി എത്തുന്നു. പ്രേംജിയുടെ കഥക്ക് മാടമ്പുകുഞ്ഞുക്കുട്ടന്‍ തിരക്കഥ, സംഭാഷണമെഴുതുന്നു. 

എം.ജെ രാധാകൃഷ്ണനാണ് ക്യാമറമാന്‍. എന്‍.രമേശന്‍ നായര്‍, ശശികലാമേനോന്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സജി കോട്ടയം, കല- സുജിത്ത് വാസുദേവ്, കുട്ടനാട്, പന്തളം എന്നീ സ്ഥലങ്ങളിലായാണ് കുക്കിലിയാറിന്റെ ചിത്രീകരണംപൂര്‍ത്തിയാകുക. 

കുക്കിലിയാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക